ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം; കാരണം ഭർത്താവിന്റെ ക്രൂരമായ പീഡനമെന്ന് കുടുംബം: വനിതാ കമ്മീഷൻ കേസെടുത്തു

ചിറമുക്ക്

തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ താമസിച്ചിരുന്ന 27-കാരിയായ യുവതി ജീവനൊടുക്കിയ സംഭവം ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ കാരണമാണെന്ന് കുടുംബം. വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതിയാണ് ആറ്റുകാൽ ചിറമുക്കിലെ വാടകവീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടി.

​വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഭർത്താവ് അതുൽ പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ആരതിയുടെ അമ്പത് പവനിലധികം വരുന്ന സ്വർണം അതുൽ പണയം വെച്ചിരുന്നതായും ഇയാൾക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നതായും കുടുംബം പറയുന്നു.

​മരണത്തിന് തൊട്ടുമുമ്പ് ഭർത്താവ് ക്രൂരമായി മർദിച്ചതിനെത്തുടർന്ന് മുഖത്തും കൈയിലും പരിക്കേറ്റ ചിത്രങ്ങൾ ആരതി വാട്സ്ആപ്പിലൂടെ സ്വന്തം അമ്മയ്ക്ക് അയച്ചു നൽകിയിരുന്നു. തുടർന്ന് ഫോണിൽ വിളിച്ച് സംസാരിച്ച ശേഷമാണ് ആരതി മുറിയിൽ കയറി വാതിലടച്ചത്. തുടർന്ന് അതുൽ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് മുറിയുടെ വാതിൽ തുറന്നത്. പൊലീസ് എത്തിയപ്പോഴേക്കും ആരതി മരണപ്പെട്ടിരുന്നു.

​സംഭവസ്ഥലത്തുനിന്നും ആരതിയുടെ ഡയറിയും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡയറിയിൽ അതുൽ നടത്തിയിരുന്ന ക്രൂരതകളെക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags

Share this story