മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 ന് ഇവരുടെ വീട്ടുവളപ്പിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
മാങ്ങ പറിക്കുന്നതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. രമണിയുടെ നിലവിളി കേട്ട് സമീപത്ത് അയൽവാസിയുമായി സംസാരിച്ചുനിന്നിരുന്ന കാഴ്ചപരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അനിരുദ്ധനും വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീണു.
തുടർന്ന് ഓടിയെത്തിയ സമീപവാസി വീട്ടമ്മയെ തോട്ടിയിൽ നിന്ന് വേർപെടുത്തുകയായിരുന്നു. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
