കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം രോഗി മരിച്ചതായി പരാതി. ഗർഭാശയ പരിശോധനക്കെത്തിയ കോതനല്ലൂർ സ്വദേശിനി ശാലിനി അംബുജാക്ഷനാണ്(49)മരിച്ചത്. ആശുപത്രിയുടെ വീഴ്ചയാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി
എന്നാൽ പരിശോധനക്കിടെ ഹൃദയാഘതമുണ്ടായതാണ് ശാലിനിമയുടെ മരണകാരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഒരു മാസം മുമ്പാണ് ശാലിനി കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സക്ക് എത്തിയത്. അന്ന് പ്രാഥമിക പരിശോധന നടത്തി. തുടർന്ന് വിശദമായ പരിശോധനക്കായി കഴിഞ്ഞ ബുധനാഴ്ച എത്താൻ നിർദേശിച്ചു
ബുധനാഴ്ച ശാലിനി വീണ്ടും ആശുപത്രിയിലെത്തി. ഏഴ് മണിയോടെ പരിശോധനയുടെ ഭാഗമായുള്ള മരുന്ന് നൽകി. സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി മരുന്ന് കൊടുത്തതാണ് മരണ കാരണമെന്നാമ് കുടുംബം ആരോപിക്കുന്നത്.
