തിരൂരിലെ വീട്ടമ്മയുടെ മരണം ആശുപത്രിയിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ചതിനെ തുടർന്നെന്ന് പരാതി

suicide

മലപ്പുറം തിരൂരിൽ വീട്ടമ്മയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്ത്. തിരൂർ ആലത്തിയൂർ പൊയിലിശ്ശേരി സ്വദേശി പെരുവള്ളി പറമ്പിൽ ആയിശുമ്മയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തുവന്നത്. ആശുപത്രി ഫാർമസിയിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ചാണ് ആയിശുമ്മ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു

ബന്ധുക്കളുടെ പരാതിയിൽ തിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ആയിശുമ്മ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഡോക്ടർ എഴുതി നൽകിയ മരുന്നല്ല ഫാർമസിയിൽ നിന്ന് ആയിശുമ്മക്ക് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം

മരുന്ന് മാറി നൽകിയത് അറിയാതെ അഞ്ച് ദിവസത്തോളം വീട്ടമ്മ ഗുളിക കഴിച്ചെന്നും ഇതോടെയാണ് വയറിലും വായിലും അലർജി ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലും കോഴിക്കോടുമായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
 

Share this story