നിലമ്പൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കളുടെ പരാതി
Wed, 15 Feb 2023

നിലമ്പൂർ മമ്പാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ സ്വദേശിനി സുൽഫത്തിനെയാണ് ബുധനാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ സുൽഫത്തിന്റെ ഭർത്താവ് ഷമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
പൊങ്ങല്ലൂരിലെ ഭർതൃവീട്ടിലാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടത്. സുൽഫത്ത് തൂങ്ങിമരിച്ചെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചത്. മരണവിവരം അറിഞ്ഞ് നാട്ടുകാർ എത്തുമ്പോഴേക്കും മൃതദേഹം നിലത്ത് കിടത്തിയ നിലയിലായിരുന്നു. പുലർച്ചെ വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നുവെങ്കിലും ഇത് പതിവായതിനാൽ നാട്ടുകാർ ആദ്യം കാര്യമാക്കിയില്ല. പിന്നീടാണ് മരണവിവരം പുറത്തായത്