വൈറ്റിലയിൽ യുവതിയെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ
വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. കൊച്ചി സ്വദേശിയായ ഷാജിയെന്ന ആളാണ് പിടിയിലായത്. പ്രതിയെ മരട് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. കോട്ടയം സ്വദേശിനിയായ സുധ ബാബുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വൈറ്റിലയിലെ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടത്
ഇരുവരും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ട്രാക്കിന് സമീപത്ത് നിന്ന് ലഭിച്ച മറ്റൊരു സിസിടിവി ദൃശ്യങ്ങളിൽ ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറയുണ്ടായിരുന്നു
സ്ത്രീയുടെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ട്. മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയിൽവേയിലും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
