ദീപകിനെ വീഡിയോ പകർത്തി അപമാനിച്ച യുവതി കേസെടുത്തതിന് പിന്നാലെ ഒളിവിൽ; പരിശോധന തുടരുന്നു
ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ഇൻസ്റ്റഗ്രാമിലൂടെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തെരച്ചിൽ ഊർജിതമാക്കി. ദീപകിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഷിംജിത ഒളിവിൽ പോയത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്
ബസ് യാത്രക്കിടെയുണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര പോലീസ് വെളിപ്പെടുത്തിയതോടെ യുവതിയുടെ ഈ വാദവും പൊളിഞ്ഞു. സംഭവത്തിൽ ഉത്തരമേഖല ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്.
