കാട്ടാക്കടയിലെ യുവതിയുടെ മരണം: വീട്ടിൽ സ്ഥിരമായി വരാറുള്ള ഒരാളെയും പോലീസ് അന്വേഷിക്കുന്നു

MAYA

കാട്ടാക്കടയിൽ വാടകവീട്ടിൽ മായ(39) എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മായയുടെ ഒപ്പം താമസിച്ചിരുന്ന ആളെ കൂടാതെ സ്ഥിരമായി വീട്ടിൽ വന്നുപോയിരുന്ന ഒരാളെയും തെരയുന്നതായി പോലീസ് അറിയിച്ചു. യുവതിക്കൊപ്പം താമസിച്ചിരുന്ന പേരൂർക്കട സ്വദേശി രഞ്ജിത്ത്(31) യുവതിയെ കൊലപ്പെടുത്തി മുങ്ങിയെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം

എന്നാൽ മറ്റൊരാളെ കൂടി സംശയിക്കുന്നുണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പേരൂർക്കട ഹാർവിപുരം ഭാവന നിലയിൽ മായ മുരളിയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മായയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപം താക്കോൽക്കൂട്ടവും ബീഡിയും കിട്ടിയിട്ടുണ്ട്. ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ട്. കണ്ണിനും മൂക്കിനുമെല്ലാം ക്ഷതമേറ്റ നിലയിലായിരുന്നു

ഓട്ടോ ഡ്രൈവറായ രഞ്ജിത്തും മായയും ജനുവരിയിലാണ് വീട്ടിൽ താമസത്തിനെത്തിയത്. മായയുടെ ആദ്യ ഭർത്താവ് എട്ട് വർഷം മുമ്പ് മരിച്ച് പോയതാണ്. രണ്ട് പെൺമക്കളെ മായയുടെ വീട്ടുകാരാണ് നോക്കുന്നത്. മൂത്ത മകൾ ഓട്ടിസം ബാധിതയാണ്. ഈ കുട്ടിയെ അടുത്തിടെ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കാണാനെത്തിയ മായയെ കുട്ടികളുടെ മുന്നിൽ വെച്ച് രഞ്ജിത്ത് മർദിച്ചിരുന്നു. രഞ്ജിത്ത് മായയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു
 

Share this story