ചൂലുമായി വനിതാ പ്രവർത്തകർ ഇറങ്ങും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ

പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപിയും ഡിവൈഎഫ്‌ഐയും. ചൂലുമായി വനിതാ പ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. സിപിഎം പ്രതിഷേധിക്കില്ലെന്ന് നേരത്തെ എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിക്കുന്നത്. പരിപാടികൾ നടക്കുന്നിടത്ത് ചൂലുമായി വനിതാ പ്രവർത്തകരെ എത്തിക്കാനാണ് നീക്കം.
ബിജെപിയും രാഹുലിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അറിയിച്ചു. രാഹുലിന്റെ പൊതുപരിപാടികൾക്ക് നേരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. പുറകെ ഓടി പ്രതിഷേധിക്കാൻ പറ്റില്ല. അതുകൊണ്ട് പ്രതിഷേധം ഭയന്ന് രാഹുൽ ഓടി നടക്കുകയാണെന്ന് പ്രശാന്ത് പറഞ്ഞു.
ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു. അതേസമയം രാഹുലിന്റെ മണ്ഡലത്തിലേക്കുള്ള വരവ് ഡിസിസി അറിവൊടെയല്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു.