ജീവനൊടുക്കില്ല, കൊല്ലപ്പെട്ടാൽ ഉത്തരവാദി വൈശാഖൻ: നിർണായകമായി യുവതിയുടെ അവസാന സന്ദേശം

vaishakh

കോഴിക്കോട് മാളിക്കടവിൽ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശം. ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാൽ അതിന് കാരണം വൈശാഖൻ ആയിരിക്കുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തിൽ യുവതി പറഞ്ഞത്. 

മരിക്കുന്ന ദിവസം രാവിലെ 9.20ന് വാട്ട്സ്ആപ്പിലൂടെയാണ് യുവതി സൈക്കോളജസ്റ്റിന് സന്ദേശമയച്ചത്. 16 വയസ് മുതൽ താൻ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തിൽ പറഞ്ഞു. കേസിൽ സൈക്കോളജിസ്റ്റ് മുഖ്യസാക്ഷിയാകും. കഴിഞ്ഞ ദിവസം കൗൺസിലറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് ഇത്തരമൊരു വാട്ട്സാപ്പ് സന്ദേശം വന്ന കാര്യം അവർ പോലീസിനോട് പറഞ്ഞത്. 

ഔദ്യോഗിക നമ്പറിലേക്കാണ് സന്ദേശം വന്നത്. നിർഭാഗ്യവശാൽ അത് കാണാൻ വൈകിപ്പോയി. വൈകുന്നേരമാണ് മൊബൈൽ നോക്കിയത്. അപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. ഒരു മാസമായി ഇയാളിൽ നിന്ന് താൻ അകലാൻ ശ്രമിക്കുകയാണെങ്കിലും ഇതിന്റെ വിരോധത്തിൽ വൈശാഖൻ കൊല്ലാൻ സാധ്യതയുണ്ടെന്നുമാണ് യുവതി സന്ദേശത്തിൽ പറയുന്നത്.
 

Tags

Share this story