അതിരപ്പിള്ളി വനത്തിൽ യുവതിയുടെ മൃതദേഹം ലഭിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ

athira

അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊലപ്പെടുത്തി തള്ളിയ പ്രതി പിടിയിൽ. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയാണ്(26) കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ് ആതിര. കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്.

അഖിലിനൊപ്പം ആതിര കാറിൽ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതും. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. പ്രതി കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചിരുന്നു.

സാമ്പത്തിക തർക്കങ്ങൾ രൂക്ഷമായപ്പോൾ വെറ്റിലപ്പാറ പത്ത് ആറ് വനത്തിൽ ആതിരയെ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ സ്വർണമടക്കം ഇയാൾ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
 

Share this story