ആലുവ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം മേൽക്കൂരയിൽ കയറി യുവാവിന്റെ ആത്മഹ്യാ ഭീഷണി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ആലുവ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആർപിഎഫ് ഉദ്യോഗസ്ഥർ യുവാവിനെ താഴെയിറക്കി. പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവാണ് പ്ലാറ്റ്‌ഫോമിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
സംഭവത്തെ തുടർന്ന് ആലുവ വഴി ട്രെയിൻ ഗതാഗതം അൽപ്പനേരം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് യുവാവ് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ മേൽക്കൂരക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. റെയിൽവേയുടെ വൈദ്യുതി ലൈനിലേക്ക് ചാടുമെന്നായിരുന്നു ഭീഷണി. അനുനയ ശ്രമം പാളിയതോടെ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഇതോടെ ആലുവ വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അഗ്നിരക്ഷ സേനാംഗങ്ങളും പോലീസും ശ്രമിച്ചെങ്കിലും യുവാവിനെ താഴെയിറക്കാനായില്ല. യുവാവിന്റെ ശ്രദ്ധ മാറിയ സമയം ആർപിഎഫ് ഉദ്യോഗസ്ഥർ പാലത്തിൽ നിന്ന് മേൽക്കൂരയിലേക്ക് ചാടിയിറങ്ങി യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.
