സയണിസ്റ്റുകളും ആർഎസ്എസും ഇരട്ട പെറ്റ സഹോദരങ്ങൾ; ആർഎസ്എസ് ഭീകരപ്രവർത്തനങ്ങൾക്കൊപ്പം: മുഖ്യമന്ത്രി
Jun 30, 2025, 17:10 IST
ഇസ്രായേലിലെ സയണിസ്റ്റുകളും ഇന്ത്യയിലെ ആർ എസ് എസും ഇരട്ട പെറ്റ സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകെ നടക്കുന്ന ഭീകര പ്രവർത്തനങ്ങളോടൊപ്പമാണ് ആർഎസ്എസ് നിലകൊള്ളുന്നത്. ജൂതരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്‌ലറെ ലോകത്തെ ഒരു കൂട്ടരും അംഗീകരിക്കാതിരുന്നപ്പോൾ അത് അനുകരണീയ മാതൃകയെന്ന് പ്രഖ്യാപിച്ചവരാണ് ആർ എസ് എസെന്നും മുഖ്യമന്ത്രി പറഞ്ഞു എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുസോളനിയുടെ ഫാസിസ്റ്റ് സംഘടനാരൂപവും ഹിറ്റ്‌ലറുടെ നാസിസത്തിന്റെ ആശയവുമാണ് ആർ എസ് എസിനുള്ളത്. അവരുടെ ഗുരുജി താത്വിക ഗ്രന്ഥമായ വിചാരധാരയിൽ ആഭ്യന്തര ശത്രുക്കളായി എഴുതി വെച്ചത് മുസ്ലീങ്ങളെയും ക്രൈസ്തവരെയും കമ്മ്യൂണിസ്റ്റുകാരെയുമാണ്. ഈ ആശയം ഹിറ്റ്‌ലറുടേതാണ്. ഇത് ഇന്ത്യയുടെ പൈതൃകത്തിൽ നിന്ന് കിട്ടിയതല്ല. ഹിറ്റ്‌ലർ ജർമനിയിലെ ആഭ്യന്തര ശത്രുക്കളായി രേഖപ്പെടുത്തിയത് അവിടുത്തെ ജൂതരെയും അക്കാലത്തെ കമ്മ്യൂണിസ്റ്റുകാരായ ബോൾഷെവിക്കുകളെയുമാണ്. പലസ്തീന് നേരെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളെ യുഎൻ ജനറൽ അസംബ്ലിയിൽ ഭൂരിഭാഗം രാഷ്ട്രങ്ങളും അപലപിച്ചപ്പോൾ ഇന്ത്യ അവർക്കൊപ്പം നിന്നില്ല. ഇസ്രായേലിന്റെ ആക്രമണത്തെ പരസ്യമായി അംഗീകരിച്ച പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി. ഇറാന് നേരെ ഇസ്രായേൽ അഴിച്ചുവിട്ട ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ പോലും നമ്മുടെ രാജ്യത്തിനായില്ല. അമേരിക്കൻ പക്ഷപാതിത്വ നിലപാടിനാൽ ഇസ്രായേലിനെതിരെ അരയക്ഷരം സംസാരിക്കാനാകാത്ത അവസ്ഥയിൽ ഇന്ത്യ മാറി. ഇത് രാജ്യത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
