കരുതലിന്റെ കരുത്തിൽ ഇന്ന്‌ കീം; 1.10 ലക്ഷം കുട്ടികൾ എൻജി.‌ പ്രവേശന പരീക്ഷ എഴുതും

കരുതലിന്റെ കരുത്തിൽ ഇന്ന്‌ കീം; 1.10 ലക്ഷം കുട്ടികൾ എൻജി.‌ പ്രവേശന പരീക്ഷ എഴുതും

തിരുവനന്തപുരം > കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച്‌ 1,10,250 വിദ്യാർഥികൾ സംസ്ഥാനത്ത്‌ എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം എഴുതും. സംസ്ഥാനത്തും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 342 സെന്ററുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെയും ഉച്ചയ്‌ക്കുമായാണ്‌ പരീക്ഷ.

രജിസ്‌റ്റർ ചെയ്‌ത മൂന്ന്‌ കുട്ടികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇവർക്ക് ആശുപത്രിയിൽ പരീക്ഷ എഴുതാനുള്ള സജ്ജീകരണം ഒരുക്കി‌. പരീക്ഷാ കേന്ദ്രങ്ങൾ ബുധനാഴ്‌ച അഗ്‌നിശമന സേന അണുവിമുക്തമാക്കി. പനി പരിശോധന, സമൂഹ അകലം എന്നിവ ഉറപ്പാക്കിയാണ്‌ ഹാളിലേക്ക്‌ പ്രവേശിപ്പിക്കുക. പനിയോ മറ്റ്‌ അസുഖങ്ങളോ ഉള്ളവർക്ക്‌ പരീക്ഷയ്‌ക്ക്‌ പ്രത്യേക മുറികളുണ്ട്‌.

തിരുവനന്തപുരം പൂന്തുറ മേഖലയിലെ 60 കുട്ടികൾ വലിയതുറ സെന്റ്‌ ആന്റണീസ്‌ എച്ച്എച്ച്എസിൽ പരീക്ഷ എഴുതും. ഇവിടെ ഇൻവിജിലേറ്റർമാരും സഹായികളും പിപിഇ കിറ്റ്‌ ധരിക്കും. കുട്ടികൾ പരമാവധി രാവിലെ പരീക്ഷാ കേന്ദ്രങ്ങളിലെത്തണമെന്ന്‌ എൻട്രൻസ്‌ കമീഷണർ എ ഗീത അഭ്യർഥിച്ചു.

രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്നായ ഫിസിക്‌സ്‌, കെമിസ്‌ട്രി പരീക്ഷ നടക്കും. ഉച്ചയ്‌ക്ക്‌ 2.30 മുതൽ അഞ്ചുവരെ മാത്‌സ്‌ പേപ്പറാണ്‌. 12,000 ഇൻവിജിലേറ്റർമാർക്കുപുറമെ 4,000 സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊലീസ്‌, ഫയർഫോഴ്‌സ്‌ എന്നിവയടക്കം 25,000 പേർ കുട്ടികളുടെ‌ കരുതലിനായുണ്ട്‌.

Share this story