കോട്ടയം, ഇടുക്കി ജില്ലകളില്‍ സാധാരണ ജീവിതം അനുവദിക്കും; ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല

കോട്ടയം, ഇടുക്കി ജില്ലകളില്‍ സാധാരണ ജീവിതം അനുവദിക്കും; ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല

ഏപ്രില്‍ 20 ന് ശേഷം കോട്ടയം, ഇടുക്കി ജില്ലകളില്‍ സാധാരണ ജീവിതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയവും ഇടുക്കിയും മറ്റൊരു മേഖലയായി തിരിക്കും. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകും. സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്‌ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിച്ചാകും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുക. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടായി ഉള്‍പ്പെടുത്തിയിരിക്കുന്ന ആറ് ജില്ലകളില്‍ പത്തനംതിട്ടയും എറണാകുളവും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇവിടെ രോഗികളുടെ എണ്ണം കുറവാണ്. അതിനാല്‍ ഈ രണ്ട് ജില്ലകളെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്രം ഇത് അനുവദിക്കുകയാണെങ്കില്‍ പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരും. അതിനുശേഷം ഇളവുകള്‍ അനുവദിക്കും

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരും. കേന്ദ്രസര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടുകളായി കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന ആറ് ജില്ലകളില്‍ ചിലതില്‍ നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഹോട്ട് സ്‌പോട്ട് അല്ലാതിരുന്ന കോഴിക്കോട് ജില്ലയില്‍ നിലവില്‍ രോഗികളുടെ എണ്ണം കൂടുതലുണ്ട്. അതിനാല്‍ നിലവില്‍ രോഗികള്‍ കൂടുതലുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളാക്കി നിലനിര്‍ത്താനും രോഗികള്‍ കുറവുള്ള ജില്ലകളെ ഒഴിവാക്കാനും കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് അംഗീകരിക്കുകയാണെങ്കില്‍ മെയ് മൂന്നുവരെ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരും.

 

ഏപ്രില്‍ 20 ന് ശേഷം ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. ഈ ജില്ലകളില്‍ നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഏപ്രില്‍ 20 ന് ശേഷം ഈ ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. കൂട്ടംകൂടല്‍, പൊതുസ്വകാര്യ പരിപാടികള്‍, വിവിധ കൂടിച്ചേരലുകള്‍ (പാര്‍ടി) മെയ് മൂന്ന് വരെ നിരോധിക്കും. ഹോട്ട്‌സ്‌പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിര്‍ത്തിയില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ വൈകുന്നേരം ഏഴ് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.

Share this story