പാലത്തായി പീഡനക്കേസ്; എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും: മുഖ്യമന്ത്രി

പാലത്തായി പീഡനക്കേസ്; എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും: മുഖ്യമന്ത്രി

കണ്ണൂർ പാലത്തായി പീഡനക്കേസിൽ പോക്സോ ചുമത്താത്തതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുമായി ബന്ധപ്പെട്ട് നാട്ടിൽ വ്യത്യസ്ഥ അഭിപ്രായമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂർ പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പോക്‌സോ വകുപ്പ് ഉൾപ്പെടുത്താതെ ദുർബലമായ വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നെന്നും അങ്ങനെ സംഭവിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

കേസിൽ കുട്ടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നേത്രത്വം നൽകിയ ഐ.ജി ശ്രീജിത് പറയുന്നതായുള്ള ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേസിലെ പ്രതി പദ്മരാജനെതിരെ പോക്സോ ചുമത്താനാവശ്യമായ തെളിവുകൾ പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.

Share this story