Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 103

രചന: റിൻസി പ്രിൻസ്

അത് മോനെ ഞാനൊരു കാര്യം പറഞ്ഞാൽ നീ സമാധാനപൂർവ്വം കേൾക്കണം, അവൻ മനസ്സിലാവാത്ത ഭാവത്തിൽ അവരുടെ മുഖത്തേക്ക് നോക്കി, ശ്രീജിത്തിന് ഒരു അത്യാവിശം വന്നപ്പോൾ ഞാനാ പണം കെഎസ്എഫ്ഇയിൽ നിന്ന് എടുത്ത അവന് കൊടുത്തു. അവൻ ഉടനെ തിരിച്ചു തരാം എന്ന് പറഞ്ഞിരിക്കുന്നത്, നീ പേടിക്കേണ്ട ഒരു രൂപ പോലും കുറയാതെ അവൻ തിരിച്ചു തരും. അവരുടെ ആ വെളിപ്പെടുത്തലിൽ ഒരുപോലെ മീരയും ശ്രുതിയും ഞെട്ടി പോയിരുന്നു.. സുധിക്ക് ഹൃദയം തകരുന്നത് പോലെയാണ് തോന്നിയത്.

” അമ്മ എന്ത് വർത്തമാനം ആണ് ഈ പറയുന്നത്..? ഞാൻ എത്ര കൊല്ലം അവിടെ കിടന്നു ചോര നീരാക്കി ഉണ്ടാക്കിയ പൈസയാണെന്ന് അറിയോ..? അത് എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ അമ്മയെടുത്ത് ശ്രീജിത്തിന് കൊടുത്തു എന്ന് പറഞ്ഞാൽ ഞാനിപ്പോൾ എന്താ ഇതിനു മറുപടി പറയേണ്ടത്..? അവന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു തുടങ്ങിയിരുന്നു. അത് കാണെ മീരയ്‌ക്ക് വല്ലാത്ത വേദന തോന്നിയിരുന്നു. ആ നിമിഷം ജീവിതത്തിൽ ഇതുവരെ തോന്നിയിട്ടില്ലെങ്കിലും അവൾക്ക് അവരോട് വല്ലാത്ത ഒരു ദേഷ്യം തോന്നിയിരുന്നു. സ്വന്തം മക്കളെ രണ്ട് തട്ടിൽ കാണാൻ എങ്ങനെയാണ് ഒരു അമ്മയ്ക്ക് സാധിക്കുന്നത്.? അതായിരുന്നു ആ നിമിഷം അവൾ ചിന്തിച്ചിരുന്നത്.

” മോനെ നീ വിചാരിക്കുന്നത് പോലെ അവനായിട്ട് കൊടുത്തതൊന്നുമല്ല. അവന് ഒരു അത്യാവശ്യം വന്നപ്പോൾ ഞാൻ കൊടുത്തതാ, അത് അത്ര വലിയ പ്രശ്നമൊന്നുമല്ലല്ലോ. അവൻ തിരിച്ചു തരും. ഈ ആഴ്ച തന്നെ തിരിച്ചു തരും. നീ തൽക്കാലം ഒന്ന് സമാധാനപ്പെട്, പിന്നെ നിന്നെപ്പോലെ തന്നെ അവനുമെന്റെ മോനല്ലേ, അവനൊരു ആവശ്യം വന്nalb ഞാനല്ലാതെ വേറെ ആരാണ് സഹായിക്കാൻ ഉള്ളത്..?

പെട്ടെന്ന് ആ ഒരു വാക്കിൽ തന്റെ എല്ലാ ഉത്തരവാദിത്വവും തീർത്തത് പോലെ അവർ സംസാരിച്ചു.. ഇതിനൊക്കെ എന്ത് മറുപടി പറയണം എന്ന് പോലും ആ നിമിഷം സുധിയ്ക്ക് അറിയുമായിരുന്നില്ല. അവരുടെ ആ ഒരു വെളിപ്പെടുത്തലിൽ തന്നെ അവൻ തകർന്നു പോയി എന്ന് പറയുന്നതായിരിക്കും സത്യം.

“അമ്മ ഇത് എത്ര എളുപ്പത്തിൽ പറഞ്ഞു..? അമ്മയ്ക്ക് രണ്ടുപേരും ഒരുപോലെ ആയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ അമ്മ ചെയ്യുമായിരുന്നില്ല..എന്നോട് അതൊന്നു ചോദിക്കാനുള്ള മര്യാദ പോലും അമ്മ കാണിച്ചില്ല. ഞാൻ അവിടെ ഉണ്ണാതെയും ഉടുക്കാതെയും ഉണ്ടാക്കിയ പണമാണത്. നാളെ നാട്ടിലേക്ക് വരുമ്പോൾ നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കാതെ എനിക്ക് എന്തെങ്കിലും ഒരു സേവിങ്സ് വേണമെന്നുള്ള ലക്ഷ്യത്തോടെ മാത്രം. അതിന് അമ്മയുടെ പേരിൽ തന്നെ ഞാൻ ചിട്ടി തുടങ്ങിയതും. ആ ചിട്ടി അടയ്ക്കാനുള്ള പണം അമ്മയുടെ അക്കൗണ്ടിൽ ഇട്ടു തന്നതും, അമ്മയോടുള്ള വിശ്വാസം കൊണ്ട് ആണ്.. മറ്റാരെക്കാളും അമ്മയുടെ കയ്യിൽ ആ പണം സുരക്ഷിതമായിരിക്കുമെന്ന വിശ്വാസമുണ്ടാരുന്നു. അമ്മയപ്പോൾ അത് ഇളയ മകനു വേണ്ടി ഉപയോഗിച്ചു. അമ്മയ്ക്ക് അല്ലെങ്കിലും എപ്പോഴും ഇഷ്ടം അവനോട് ആയിരുന്നല്ലോ. ഞാൻ ഗൾഫിൽ നിന്ന് വിളിക്കുമ്പോൾ അമ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നത് മുഴുവൻ അവന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ആയിരുന്നു. അവനിവിടെ ഭക്ഷണമില്ലാതെ ടെൻഷൻ അടിച്ചിരിക്കുന്നു ബിസിനസ് തുടങ്ങാൻ പറ്റുന്നില്ല അങ്ങനെയുള്ള കാര്യങ്ങൾ. എന്നോട് ഒന്ന് കഴിച്ചോ എന്ന് ചോദിക്കാൻ പോലും അമ്മ മനസ്സ് കാണിച്ചിട്ടില്ല. അമ്മയുടെ സ്വരം ഒന്ന് കേൾക്കാൻ വേണ്ടി ഞാൻ വിളിക്കുമ്പോൾ അമ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നത് മുഴുവൻ കഷ്ടപ്പാടുകളെ കുറിച്ച് ആയിരുന്നു. ഫോൺ വയ്‌ക്കുന്ന അവസാന നിമിഷമെങ്കിലും ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട് നീ കഴിച്ചോ എന്ന് അമ്മ ചോദിക്കുമെന്ന്. ഒരിക്കൽ പോലും അത് ഉണ്ടായില്ല എന്ന് മാത്രമല്ല എന്റെ വിശേഷങ്ങളൊന്നും അമ്മക്ക് അറിയണ്ടായിരുന്നു..മാത്രമല്ല ശ്രീജിത്തിന്റെ കല്യാണം വന്ന സമയത്ത് അമ്മയ്ക്ക് നടത്താൻ വലിയ ഉത്സാഹം ആയിരുന്നു. ആ സമയത്തും അമ്മ എന്നോട് വിവാഹ കാര്യത്തെപ്പറ്റി പറഞ്ഞില്ല. ചേട്ടൻ നിൽക്കുമ്പോൾ അനിയൻ കല്യാണം കഴിക്കുന്നത് എന്താണെന്ന് അമ്മാവൻ ചോദിച്ചപ്പോഴും അമ്മ പറഞ്ഞത് നമ്മളല്ലേ അതൊക്കെ തീരുമാനിക്കുന്നതെന്ന് ആണ്.. അപ്പോഴും എനിക്ക് പരാതികൾ ഒന്നുമില്ലായിരുന്നു. കാരണം അവൻ എന്റെ അനിയൻ അല്ലേ..? ഞാൻ അവനെ വേറെ ആയിട്ട് കണ്ടിട്ടില്ല. അവന്റെ കല്യാണം കഴിഞ്ഞ് അവൻ ഒരു കുടുംബം ആയപ്പോഴും ഞാൻ വിവാഹം കഴിക്കണം എന്നുള്ള ഒരു മനസ്സ് അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. രണ്ടാം കെട്ടുകാരിയെയായിരുന്നു അമ്മ എനിക്ക് വേണ്ടി കണ്ടുപിടിച്ചത്. അമ്മയുടെ ആഗ്രഹം ഞാൻ ഒരിക്കലും വിവാഹം കഴിക്കാതെ ഈ കുടുംബത്തിന് വേണ്ടി കിടന്ന് കഷ്ടപ്പെടണം എന്നായിരുന്നു. ഒരിക്കലെങ്കിലും ഞാൻ കല്യാണം കഴിക്കണമെന്ന അമ്മയായിട്ട് എന്നോട് പറഞ്ഞിട്ടുണ്ടോ..? അമ്മാവൻ എത്രയോ നല്ല ആലോചനകൾ ഇവിടെ കൊണ്ടുവന്നു അപ്പോഴൊന്നും അമ്മയ്ക്ക് താല്പര്യമില്ലെന്ന് പറഞ്ഞ് അത് മുടക്കി. അതൊന്നും ഞാൻ കാര്യമായിട്ട് എടുത്തില്ല. ഞാനൊരു പുരുഷനല്ലേ എന്റെ വിവാഹം നടത്തി തരണമെന്ന് സ്വന്തം അമ്മയോട് അങ്ങോട്ട് പറയാൻ എനിക്ക് ചമ്മലും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടായിരുന്നു.. ഒരിക്കൽ പോലും അമ്മ അത് മനസ്സിലാക്കിയില്ല. അമ്മ എന്റെ കല്യാണം നടത്തുന്ന കാര്യത്തിൽ ഒരു താല്പര്യവും കാണിച്ചില്ലെന്ന് മാത്രമല്ല അത് മുടക്കാൻ ആയിരുന്നു അമ്മയ്ക്ക് നിർബന്ധം..അതൊക്കെ പോട്ടെ കല്യാണം കഴിഞ്ഞപ്പോൾ അമ്മ എന്തൊക്കെ ദ്രോഹങ്ങളാ ഇവളോട് ചെയ്തത്. രമ്യയോട് ആണെങ്കിൽ ചെയ്യുമോ..? ഒരിക്കലും ചെയ്യില്ല, അങ്ങനെ എല്ലാ കാര്യത്തിലും അമ്മയ്ക്ക് വ്യത്യാസങ്ങൾ ആയിരുന്നു.. ഇതൊക്കെ ഞാൻ കണ്ടിട്ടും കാണാത്ത പോലെ നടക്കുകയായിരുന്നു..പക്ഷേ അമ്മ ഓരോ ദിവസവും അത് തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്, ഞാൻ എപ്പോൾ ലീവിന് വന്നാലും ഞാൻ എപ്പോഴാ തിരിച്ചു പോകുന്നത് എന്നായിരുന്നു അമ്മയ്ക്ക് അറിയേണ്ടത്..എനിക്ക് ഇഷ്ടപ്പെട്ട ആഹാരം എന്താണെന്നോ അത് എങ്ങനെ വച്ച് തരണമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. അമ്മയ്ക്ക് പറയാനുള്ളത് സുഗന്ധിയ്ക്കും ശ്രീജിത്തിനും കൊടുക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് മാത്രമായിരുന്നു. ഞാൻ ലീവിന് വരുമ്പോൾ നിനക്കെന്താ ഇഷ്ടമെന്ന് ചോദിക്കാൻ പോലും അമ്മ മെനക്കെട്ടിട്ടില്ല. അപ്പോൾ പോലും അമ്മ ചെയ്തിരുന്നത് ശ്രീജിത്തിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി അവനുള്ള ആഹാരം പാചകം ചെയ്യുന്നത് ആയിരുന്നു. ഞാൻ അമ്മയുടെ മകൻ അല്ലാന്ന് പലവട്ടം എനിക്ക് തോന്നിയിട്ടുണ്ട്..പക്ഷേ ഞാൻ അതൊന്നും പ്രകടിപ്പിച്ചിരുന്നില്ല. കാരണം ഞാൻ കാരണം അമ്മയ്ക്ക് ഒരു ബുദ്ധിമുട്ട് വേണ്ട എന്ന് കരുതി. മാത്രമല്ല കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ആൺകുട്ടികളുടെ കടമയാണെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. പക്ഷേ അമ്മ ഓരോ വട്ടവും എന്നെ ഞെട്ടിക്കായിരുന്നു. എന്റെ അധ്വാനത്തിന്റെ ഫലം കൂടി അമ്മയുടെ മകന് കൊടുത്തിരിക്കുന്നു, ഇനി ഞാൻ എന്ത് ചെയ്യണം എന്ന് ആണ് അമ്മ പറയുന്നത്..?

അവൻ കരച്ചിലിന്റെ വക്കിൽ എത്തിരുന്നു.

” നീ കൊള്ളാലോ ഇത്രയും കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് നീ നടന്നത്..? ഞാനിതൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഓരോരുത്തരു വന്നു കയറിയതിന്റെ മാറ്റങ്ങളൊക്കെ കാണാനുണ്ട്.. പിന്നെ ഇത്രയും കണക്ക് പറയേണ്ട യാതൊരു കാര്യങ്ങളും ഇവിടെ നടന്നിട്ടില്ല. നീ ഗൾഫിൽ പോയി എന്തെങ്കിലുമൊക്കെ ഈ വീടിനു വേണ്ടി ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ നിന്റെ കടമ തന്നെയാ. അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ സ്ഥാനത്ത് നിൽക്കേണ്ടത് നീയാണ്.. അതുകൊണ്ട് നീ അതൊക്കെ ചെയ്തു. അല്ലാതെ അത് വലിയ കാര്യമാക്കി പറയേണ്ട കാര്യമൊന്നുമില്ല. നിന്റെ സ്ഥാനത്ത് ശ്രീജിത്ത് ആയിരുന്നു മൂത്ത മകനെങ്കിൽ അവൻ ചെയ്യുമായിരുന്നു ഈ കാര്യങ്ങളൊക്കെ. ഇതൊക്കെ മൂത്ത ആൺമക്കളുടെ കടമയാണ്. അല്ലാതെ അത് അത്ര വലിയ കാര്യമാക്കി പറയേണ്ട യാതൊരു കാര്യവുമില്ല. പിന്നെ ഇതിനുമാത്രം കണക്ക് പറയാൻ നീ എന്താ ഈ വീടിന് വേണ്ടി ചെയ്തിട്ടുള്ളത്.? സുഗന്ധിയുടെ കല്യാണം നടത്തി ശ്രീജിത്തിനെയും ശ്രീലക്ഷ്മിയെയും പഠിപ്പിച്ചു പിന്നെ പഴയ ഈ വീട് ഒന്ന് പുതുക്കി പണിതു, അല്ലാതെ പുതിയ വീട് വെക്കുക ഒന്നും ചെയ്തില്ലല്ലോ.. ഇതിനാണോ ഈ ആന മറിക്കുന്ന കാര്യങ്ങളൊക്കെ നീ ചെയ്തു എന്ന് പറയുന്നത്.. നിന്റെ 5 ലക്ഷം ഉലുവ എങ്ങനെയാണെങ്കിലും ഞാൻ തിരിച്ചു തരും..

അത്രയും പറഞ്ഞ് അവർ പോയപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു സുധി. ആ പണം നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ അവനെ വേദനിപ്പിച്ചിരുന്നത് അവരുടെ ആ വാക്കുകളായിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button