Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 107

രചന: റിൻസി പ്രിൻസ്

സ്വാഭാവികമായും ഏട്ടൻ ആ കട എടുക്കുകയാണെങ്കിൽ ഗുണം ഉണ്ടാവാൻ പോകുന്നത് ഏട്ടനാണ്. തങ്ങളുടെ കച്ചവടം നന്നായി തന്നെ കുറയുകയും ചെയ്യും. കച്ചവടം കുറയുകയാണെങ്കിൽ ഒരുപാട് കടബാധ്യതകൾ വരും. അതുകൊണ്ടു തന്നെ ശ്രീജിത്ത് പറഞ്ഞതു പോലെ ചിന്തിക്കുന്നതാണ് ശരി എന്ന് തോന്നി. അവളുടനെ തന്നെ അച്ഛനെ വിളിച്ച് ശ്രീജിത്ത് പറഞ്ഞ പോലെ തന്നെ പണം സുധിയ്ക്ക് നൽകി എന്ന് ഒരു കള്ളം പറഞ്ഞു..

ഈ സമയം രമ്യയുടെ വാക്ക് പ്രതീക്ഷിച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷയോടെ വിനോദിനോടൊപ്പം മറ്റുകാര്യങ്ങൾക്ക് നടക്കുകയായിരുന്നു സുധി

ഒരു താൽക്കാലിക ആശ്വാസം ശ്രീജിത്തി തോന്നിയിരുന്നു. ഏട്ടനോട് എങ്ങനെയും പറഞ്ഞു നിൽകാം, പക്ഷേ രമ്യയോട് പറഞ്ഞു നിൽക്കുകയാണ് ബുദ്ധിമുട്ട്. കാരണം പൊതുവേ എന്തെങ്കിലും കാര്യങ്ങളിൽ ഒരു തീരുമാനം എടുത്താൽ അവൾ അതിൽ ഉറച്ചു നിൽക്കും. അതിൽ നിന്നും അവളെ മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്. തന്റെ അവസ്ഥകൾ ഏട്ടനോട് പറഞ്ഞാൽ ഏട്ടന് മനസ്സിലാക്കും. മാത്രമല്ല ഏട്ടൻ നാട്ടിൽ നിൽക്കുന്നത് തനിക്കൊട്ടും ഗുണകരമാവില്ല. ഏട്ടൻ നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് വീട്ടിലെ ചിലവുകൾക്കൊന്നും തന്നെ താൻ പണം കൊടുക്കാതിരിക്കുന്നത്. ഏട്ടൻ അയക്കുന്ന പൈസ കൊണ്ടാണ് വീട്ടിലെ ചിലവുകൾ എല്ലാം തന്നെ നടക്കുന്നത്. അതേസമയം നാട്ടിൽ നിൽക്കുമ്പോൾ സ്വാഭാവികമായും താൻ പൈസ കൊടുത്തില്ലേ എന്ന് ഏട്ടൻ ശ്രദ്ധിക്കും. അതുകൊണ്ട് ഏട്ടൻ ഗൾഫിൽ പോകുന്നത് തന്നെയാണ് നല്ലത്, എങ്ങനെയും തിരികെ ഗൾഫിലേക്ക് പറഞ്ഞു വിടണം എന്ന് മാത്രമായിരുന്നു, ആ നിമിഷം ശ്രീജിത്ത് ചിന്തിച്ചിരുന്നത്.

രാവിലെ സുധിയോട് സംസാരിക്കാൻ വയ്യാത്തതുകൊണ്ട് സുധി ഉണരുന്നതിനു മുൻപേ തന്നെ സതി സുഗന്ധിയുടെ വീട്ടിലേക്ക് പോയിരുന്നു. വന്നപ്പോൾ അടുക്കളയിൽ അവരെ കണ്ടില്ല. പിന്നീട് തുണി അലക്കി വിരിക്കുവാൻ പിന്നാമ്പുറത്ത് ഇറങ്ങിയപ്പോഴാണ് മീര അപ്പുറത്തെ വീട്ടിലെ ആമിന പറഞ്ഞു സതി രാവിലെ പോയ വിവരം അറിഞ്ഞത്. ഒരു വാക്ക് വീട്ടിലുള്ളവരോട് പറയുക പോലും ചെയ്യാതെ ഉള്ള അവരുടെ പോക്ക് അവളിൽ അമ്പരപ്പാണ് ഉളവാക്കിയിരുന്നത്. ഇങ്ങനെയൊക്കെ ഒരു വ്യക്തിക്ക് ചെയ്യാൻ സാധിക്കുമോ എന്ന് അവൾ ചിന്തിച്ചു. അല്ലെങ്കിലും വന്ന ദിവസം മുതൽ സതി എന്ന വ്യക്തി മീരക്ക് ഒരു അത്ഭുതമാണ്. താൻ കണ്ടിട്ടുള്ള അമ്മ മക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന വ്യക്തിയാണ്. തന്റെ അമ്മയാണെങ്കിൽ മൂന്നുപേർക്കും ഒരേ പോലെയാണ് സ്നേഹം പകുത്ത് നൽകിയിട്ടുള്ളത്. ഒരു മിഠായി കിട്ടിയാൽ പോലും അത് തങ്ങൾ മൂന്നുപേർക്കുമായി വീതിച്ചു തരികയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ ഒരാൾക്ക് മാറ്റിവച്ച് ഒരാളോട് സ്നേഹം കുറവ് കാണിച്ച് അങ്ങനെ നിന്നിട്ടില്ല. അതുകൊണ്ടു തന്നെ ഈ രീതികളൊക്കെ അവൾക്ക് പുതുമയേറിയതായിരുന്നു.

സുഗന്ധിയോടും ശ്രീജിത്തിനോടും ശ്രീലക്ഷ്മിയോടും കാണിക്കുന്നതിന്റെ പകുതി സ്നേഹം പോലും അവർ സുധിയോട് കാണിക്കാറുണ്ടായിരുന്നില്ല. ഒരു അവസരത്തിൽ സുധി അവരുടെ മകനാണോ എന്ന് പോലും മീരയ്ക്ക് സംശയം തോന്നിയിട്ടുണ്ടായിരുന്നു.

പെട്ടെന്ന് തന്നെ അവൾ പുട്ടിനുള്ള പൊടി നനച്ച് പുട്ട് ഉണ്ടാക്കാൻ തുടങ്ങി. ഒപ്പം തന്നെ രമ്യയുടെ കുഞ്ഞിനുള്ള കുറുക്കും തയ്യാറാക്കി. രമ്യ രാവിലെ പോയതാണ് എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കും എന്ന് പറഞ്ഞാണ് രമ്യ പോയത്. ആ വിശ്വാസത്തിലാണ് സുധി. 10 മണി കഴിഞ്ഞിട്ടും സുധി ഭക്ഷണം കഴിക്കാതിരിക്കുന്നത് കണ്ടപ്പോഴാണ് വീണ്ടുമൊരു കട്ടൻ ചായയുമായി അവൾ സുധിയുടെ അടുത്തേക്ക് ചെന്നത്. അപ്പോൾ അവൻ വല്ലാതെ അസ്വസ്ഥനാണ് അവൾക്ക് തോന്നിയിരുന്നു. ഒരു ദിവസം കൊണ്ട് അവൻ വല്ലാതെ പ്രായം ഏറിയത് പോലെ… മുഖത്ത് നല്ല രീതിയിൽ കുറ്റി താടി വളർന്നിട്ടുണ്ട്. അതിൽ ചിലതൊക്കെ വെള്ളിവരയുടെ ഭാഗമാണ് നരവീഴാനുള്ള പ്രായമൊന്നും അവന് ആയിട്ടില്ല. മനസ്സിൽ നിറഞ്ഞുനിൽക്കുന്ന അസ്വസ്ഥതയും ടെൻഷനുമാണ് ഈ അകാലത്തിലെ അവന് വാർദ്ധക്യം സമ്മാനിച്ചത് എന്ന് അവൾക്ക് തോന്നിയിരുന്നു..

അവന്റെ മുഖത്തെ അസ്വസ്ഥത കണ്ടുകൊണ്ട് അവൾ അവന്റെ അരികിലേക്ക് ചെന്ന് അവന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു,

” എന്താ സുധിയേട്ടാ..? എന്തുപറ്റി,
ആകപ്പാടെ വല്ലാതിരിക്കുന്നല്ലോ

” രമ്യ വിളിച്ചിരുന്നു,

” എന്തായി…

“രമ്യയുടെ അച്ഛനാ കാശു കൊടുക്കാമെന്ന് രമ്യയോട് പറഞ്ഞത്. പുള്ളിക്ക് എന്തോ ഒരു അർജന്റ് പ്രശ്നം വന്നതുകൊണ്ട് ഉടനെ കാശ് തരാൻ പറ്റില്ലന്ന്. ഞാനിപ്പോ ശ്രീജിത്തിനെ വിളിച്ചു അവൻ പറയുന്നത് അവൻ ഒരു ഒന്നൊന്നര മാസം സമയം വേണം, അതിനുള്ളിൽ പൈസ തരാമെന്ന്, ചിട്ടിയോ മറ്റോ കൂടിയിട്ട് അവനെ പൈസ തിരികെ തരാമെന്നും പറയുന്നു. ഞാനിപ്പോ എന്താ ചെയ്യുന്ന വിചാരിക്കുന്നെ

സുധി തല ചൊറിഞ്ഞു

” ഇപ്പൊൾ എന്തെങ്കിലും അഡ്വാൻസ് കൊടുത്താ ഒരുമാസം കഴിഞ്ഞ് ആ കട നമുക്ക് തന്നെ കിട്ടില്ലേ..?

” അങ്ങനെ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്, ഒന്നാമത്തെ കാര്യം അവർക്ക് അത്രയ്ക്ക് അത്യാവശ്യമുള്ളതുകൊണ്ടാ അവരിപ്പോ ഇത് വിൽക്കുന്നത്.? പിന്നെ നമ്മൾ അല്ലെങ്കിൽ മറ്റൊരു പാർട്ടി ഇത് വാങ്ങാൻ വേണ്ടി നിൽക്കുക ആണ്. വിനോദ് പറഞ്ഞതു കൊണ്ട് ഈ കട നമുക്ക് തന്നെ തരാമെന്ന് അവര് പറഞ്ഞതും, പിന്നെ ഒരു മാസം കഴിഞ്ഞ് ശ്രീജിത്തിന്റെ പൈസ ശരിയായില്ല എങ്കിൽ നമ്മൾ കൊടുത്ത അഡ്വാൻസ് വെള്ളത്തിൽ ആയി പോകും.

” ഒരു മാസം കഴിഞ്ഞിട്ട് ശ്രീജിത്ത് കാശ് തരും എന്നല്ലേ പറഞ്ഞത്.?

” അതൊന്നും ഇനി ഞാൻ വിശ്വസിക്കില്ല, ഒരുപാട് ഇങ്ങനെയൊക്കെ എല്ലാവരും പറഞ്ഞിട്ടുള്ളത് വിശ്വസിച്ചവനാ ഞാൻ

“എന്റെ സ്വർണമൊക്കെ വിറ്റാൽ ഇത്രയും പണം കിട്ടുമോ..?

” നിന്റെ സ്വർണവും വിറ്റ് കുറച്ചു പൈസ വിനോധും കൂടി ഉണ്ടാക്കിയാലും തികയില്ല. കാരണം കടം വാങ്ങിയാൽ മാത്രം പോരല്ലോ, അതിനുള്ളിൽ കുറച്ച് കാര്യങ്ങൾ ചെയ്യുകയും കൂടി വേണം, എങ്ങനെ നോക്കിയാലും കുറച്ച് അധികം പൈസ ആകും. മാത്രമല്ല നിന്റെ കയ്യിലുള്ള സ്വർണം ഒന്നും ഇപ്പോൾ നഷ്ടപ്പെടുത്തേണ്ട എന്ന് എന്റെ മനസ്സ് പറയുന്നു, നാളെ എന്തെങ്കിലും ആവശ്യത്തിനുപകരിക്കുമെന്ന്,

” ഇതൊരു ആവശ്യം തന്നെയല്ലേ..? ഈ ആവശ്യത്തിനല്ലേ ആദ്യം ഉപകരിക്കേണ്ടത്..?

” വേണ്ട തൽക്കാലം ആ സ്വർണം എടുക്കണ്ട, ഇത് ചിലപ്പോൾ നമുക്ക് വിധിച്ചതായിരിക്കില്ല. അതുകൊണ്ട് ഇങ്ങനെ തടസ്സങ്ങൾ ഉണ്ടാകുന്നത്. അങ്ങനെ കരുതിയാൽ മതി, പോകുന്നെങ്കിൽ പോകട്ടെ,

“സുധീയേട്ടന് എന്താ ഈ പറയുന്നത്, പോവട്ടെ എന്നോ..?

അമ്പരപ്പോടെ മീര ചോദിച്ചു

“പോവട്ടെ എന്ന് തന്നെയാ പറയുന്നത്, ഞാൻ വിനോദിനെ വിളിച്ചു പറയാൻ പോവാ, നമുക്ക് അത് വേണ്ട അതിനു താല്പര്യമില്ല എന്ന്. ഞാൻ കുറച്ചു കഴിഞ്ഞിട്ട് കവലയിലേക്ക് പോയിട്ട് എനിക്ക് പറ്റുന്ന എന്തെങ്കിലും ജോലി ഉണ്ടോ എന്ന് നോക്കട്ടെ, എല്ലാം നഷ്ടപ്പെട്ടവനെ പോലെയുള്ള അവന്റെ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഹൃദയം വേദനിച്ചിരുന്നു.

മറുപടിയൊന്നും പറയാതെ അവളുടെ കയ്യിൽ നിന്നും കാപ്പിയും വാങ്ങി കുടിച്ച് അവൻ വേഗം തോർത്തും എടുത്തു കുളിക്കാൻ പോയി. കുളി കഴിഞ്ഞ് തിരികെ ഇറങ്ങിയതും ഒന്നും കഴിക്കാതെ അവളോട് യാത്ര പറഞ്ഞു അവൻ പുറത്തേക്ക് പോയിരുന്നു. അവൾക്ക് ഹൃദയം പൊട്ടുന്നത് പോലെ തോന്നി, അവൾ ഫോൺ എടുത്തു അമ്മയെ വിളിച്ചു. ഈ കാര്യങ്ങൾ ഒന്നും വീട്ടിൽ പറയേണ്ടതില്ല എന്ന് അവൾ തീരുമാനിച്ചതായിരുന്നു. തങ്ങൾ അനുഭവിക്കുന്ന വേദന മറ്റുള്ളവരെ കൂടി അറിയിക്കേണ്ടല്ലോ എന്നതായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ഹൃദയം പൊട്ടുന്നുണ്ട്. ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ തനിക്ക് സമാധാനം കിട്ടില്ല. അമ്മയോടെങ്കിലും മനസ്സ് തുറക്കാം എന്ന് കരുതിയാണ് അവൾ ഫോൺ വിളിച്ചത്. വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചതിനു ശേഷം സുധിയെപ്പറ്റിയും ഇപ്പോൾ അവൻ അനുഭവിക്കുന്ന മാനസിക വിഷമത്തെക്കുറിച്ചും ഒക്കെ അവൾ സംസാരിച്ചു. ഒരു നിമിഷം മാധവിയുടെ ഹൃദയത്തിലും വല്ലാത്ത ഒരു വേദന നിറഞ്ഞിരുന്നു. വിവാഹസമയത്ത് ഒരു അമ്മയുടെ നിസ്സഹായത മനസ്സിലാക്കിയവനാണ്. പണമായും പൊന്നായും സഹായം വാഗ്ദാനം ചെയ്തവനാണ്. ഈ വീട്ടിൽ വന്ന് തങ്ങളുടെ അവസ്ഥ കണ്ട നിമിഷം തന്നെ ഒന്നും വേണ്ടെന്ന് പറഞ്ഞവനാണ്. വിവാഹം കഴിഞ്ഞ അന്ന് മുതൽ ഇന്നുവരെ സ്വന്തം അമ്മയെപ്പോലെ തന്നെ കരുതിയവൻ ആണ്. അവനാണ് ഇന്ന് വേദന അനുഭവിക്കുന്നത്. അവർക്ക് അത് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അവർക്ക് അറിയില്ലായിരുന്നു. ഉരല് ചെന്ന് മദളത്തിനോട് പറയുന്നതു പോലെയാണ് അവർക്ക് തോന്നിയത്. എങ്കിലും പെട്ടെന്ന് അവരുടെ മനസ്സിൽ ഒരു പോംവഴി തോന്നി,

” മോളെ നീ അവനോട് പറ ഈ വീടും പുരയിടവും ലോൺ വച്ച് അവന് എത്ര രൂപ ആവശ്യമെന്ന് വച്ചാൽ അത് എടുത്തോളാൻ, അത് പോയാലും കുഴപ്പമില്ല. നിങ്ങളുടെ കാര്യം നടന്നാൽ മതി..! സുധി ഇങ്ങനെ വിഷമിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.

മാധവിയുടെ ആ വാക്കുകൾ അവളുടെ മനസ്സിൽ വീണ്ടും പ്രതീക്ഷയുടെ പൊൻകിരണങ്ങൾ വിടർത്തുകയായിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button