Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 110

രചന: റിൻസി പ്രിൻസ്

ഇത് തരാതെ ഞാൻ ഇവിടുന്ന് പോയ ഞാൻ ഒരു ആണല്ല. എനിക്കൊരു കുറ്റബോധം ഇല്ലാതെ എന്റെ ഭാര്യയുടെ മുഖത്ത് നോക്കാൻ പറ്റണം അതിന് ഇത് അത്യാവശ്യമാണ്.

അതും പറഞ്ഞു അവൻ അജയനോട് ഒന്നും പറയാതെ അകത്തേക്ക് നടന്നപ്പോൾ വിളറി വെളുത്തു നിൽക്കുകയായിരുന്നു അജയൻ

അടുക്കളയിൽ നിൽക്കുന്ന സതിയെയും സുഗന്ധിയും ഗൗനിക്കാതെയാണ് സുധി അകത്തേക്ക് കയറി പോയത്. അവന്റെ ആ ഒരു രീതി കണ്ടപ്പോൾ ദേഷ്യമാണ് ഇരുവർക്കും വന്നത്. മീരയോട് ആണ് സതിയ്ക്ക് ദേഷ്യം അപ്പോൾ തോന്നിയത്. അവൾ വന്നതിനുശേഷമാണ് അവൻ ഇങ്ങനെ മാറിയത് എന്നാണ് അവരുടെ വിശ്വാസം.

അകത്തേക്ക് കയറിയതും അവൻ മുറിയിലേക്ക് ചെന്ന് അവിടെ കസേരയിൽ ഇരുന്നിരുന്നു. താൻ വിചാരിച്ചത് പോലെയല്ല ആരും, അത് മനസ്സിലാക്കിയ ഒരു വേദന അവന്റെ മുഖത്ത് ഉണ്ടായിരുന്നു. ഒരിക്കലും ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ശ്രീജിത്തിനെ കുറിച്ച്. അവൻ തന്നെ ഇങ്ങനെയാണ് കരുതിയിരുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ വല്ലാത്തൊരു വേദന വന്നു. അവന്റെ കയ്യിൽ കാശില്ലാത്തതുകൊണ്ടാവും തരാത്തത് എന്നാണ് കരുതിയത്. എന്നാൽ ഒരു മാസത്തിനുള്ളിൽ 10 ലക്ഷം രൂപ ഉണ്ടാക്കാം എന്ന് അവൻ പറഞ്ഞുവെങ്കിൽ അവന്റെ കയ്യിൽ പണമുണ്ട്. തന്റെ പണം അവൻ തരാതിരുന്നത് കാരണം താൻ ആ കട വാങ്ങരുത് എന്ന സ്വാർത്ഥമോഹം തന്നെയാണ്. താൻ എത്രത്തോളം ഇവരെയൊക്കെ സ്നേഹിച്ചിരുന്നു..? പക്ഷേ ഇവർക്കൊക്കെ ഒരു വണ്ടികാളയെയായിരുന്നു ആവിശ്യം. നുകം വലിക്കുവാൻ മാത്രമേ അവർക്ക് തന്നെ ആവശ്യമുണ്ടായിരുന്നുള്ളൂ. തന്റെ ആവശ്യം കഴിഞ്ഞു. ഇനി അവർക്ക് തന്നെ വേണ്ട, നുകം വലിയ്ക്കുന്ന കാളയ്ക്ക് വയ്യാതായാൽ അതിനെ ആർക്കെങ്കിലും അറക്കാൻ കൊടുക്കും അതാണ് ചെയ്യുന്നത്. എന്ന് പറഞ്ഞതുപോലെ താൻ ഇപ്പോൾ ഇവിടെ ആവശ്യമില്ലാത്ത ഒരു വസ്തുവാണ്. എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം എന്നാണ് എല്ലാവരും കരുതുന്നത്. എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് തോളിൽ ഒരു കരസ്പർശം പതിഞ്ഞത്. അത് മീരയായിരിക്കുമെന്ന് അവന് ഉറപ്പായിരുന്നു.

അവളെ കണ്ടതും അവൻ വല്ലാതെ തകർന്നു പോയിരുന്നു. ഒന്നും പറയാതെ അവളെ കെട്ടിപ്പിടിച്ച് അവൻ കുറച്ചു സമയം നിന്നു. അവൾ ഇരു കൈകൾ കൊണ്ട് അവനെ തഴുകുന്നുണ്ടായിരുന്നു. ആ സമയം അവന് അത് ആവശ്യമായിരുന്നു എന്ന് അവൾക്ക് ഉറപ്പായിരുന്നു. ഏറെ ആർദ്രമായി ആണ് അവനെ അവൾ തഴുകിയത്.

” സാരമില്ല സുധിയേട്ടാ വിഷമിക്കേണ്ട.

” വിഷമമല്ല ജീവിതത്തിന് ഇപ്പോൾ ഒരു മരവിപ്പ് ആണ് എനിക്കിപ്പോൾ, എല്ലാവരെയും ഞാൻ ശരിക്കും മനസ്സിലാക്കി.

” എന്നെ കല്യാണം കഴിച്ചത് കൊണ്ടാണോ എല്ലാവരും ഏട്ടനെ കുറ്റപ്പെടുത്തുന്നത്..?

” നിന്നെ കല്യാണം കഴിച്ചതുകൊണ്ട് എനിക്ക് കുറച്ച് സമാധാനം കിട്ടി, എത്രയോ കഥകൾ ഞാൻ കേട്ടിട്ടുണ്ടെന്ന് അറിയോ ഗൾഫിൽ ഇരിക്കുമ്പോൾ. അവിടെയും ഇവിടെയും കൊടുക്കാതെയും ഉണ്ണാതെയും ഉടുക്കാതെയും അയച്ചുകൊടുക്കുന്നതൊക്കെ നാട്ടിൽ തോന്നിയപോലെ ചെലവാക്കി ഭർത്താവിനെ സ്നേഹിക്കാതിരിക്കുന്ന എത്രയോ ഭാര്യമാരെ പറ്റി, ഇതിപ്പോൾ ആരു ഇല്ലാതായാലും എനിക്ക് നീയുണ്ടെന്നത് ഒരു വലിയ ആശ്വാസം തന്നെയല്ലേ.? ഞാൻ ചെയ്ത ഏറ്റവും മികച്ച കാര്യം ഇത് മാത്രമായിരുന്നു. ബാക്കിയെല്ലാ തിരഞ്ഞെടുക്കലിലും ഞാൻ തോറ്റുപോയി. പക്ഷേ എന്റെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചു. അതുമതി…! സത്യമായും നീ ഇപ്പോൾ കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ തകർന്നു പോയേനെ..!

” സുധിയേട്ടൻ ഇങ്ങനെ വിഷമിക്കരുത്, എനിക്കിത് കാണുമ്പോൾ ചങ്ക് പൊട്ടാണ്.. എത്ര ദിവസം ഇങ്ങനെ ഉറക്കമില്ലാതെ അലഞ്ഞുതിരിഞ്ഞു, ഞാനൊരു കാര്യം പറഞ്ഞാൽ സുധിയേട്ടന് വിഷമം തോന്നരുത്. ഒരിക്കലും ഞാനായിട്ട് അത് പറയാൻ പാടില്ല. എങ്കിലും സ്വന്തം ഭർത്താവ് ഇങ്ങനെ മറ്റുള്ളവരുടെ മുൻപിൽ ഒരു തെറ്റും ചെയ്യാതെ കുറ്റപ്പെടുത്തലുകൾ കേട്ട് നിൽക്കുമ്പോൾ അത് ഒരു ഭാര്യയ്ക്കും സഹിക്കാൻ പറ്റില്ല, നമുക്കിവിടന്ന് മാറി താമസിച്ചാലോ ?

മടിച്ചു മടിച്ചാണ് മീര ചോദിച്ചത്

” അതിനെപ്പറ്റി ഞാൻ കുറച്ചു മുമ്പ് പറഞ്ഞത് കേട്ടില്ലേ..? ശ്രീജിത്ത് പൈസ തന്നാൽ അന്ന് തന്നെ നമ്മൾ ഇവിടുന്ന് ഇറങ്ങും. ഇനി അല്ലെങ്കിലും ഇവിടെ നമ്മുടെ ആവശ്യമില്ല..! അതുതന്നെയാണ് അവരും പരോക്ഷമായിട്ട് പറഞ്ഞത്.

” നമ്മൾ എവിടേക്ക് പോകും സുധിയേട്ടാ..?

” ഒരു വാടക വീട് എടുക്കാം, അതൊക്കെ നമുക്ക് അറേഞ്ച് ചെയ്യാം.

“അമ്മ പറഞ്ഞിരുന്നു വീട് ലോൺ വെച്ചിട്ട് സുധിയേട്ടൻ കട തുടങ്ങുന്ന കാര്യം.. അത് പറയാൻ വേണ്ടി ഞാൻ ഇരിക്കുമ്പോഴാണ് എല്ലാവരും കൂടി വന്നത്…

“വളരെ കുറച്ച് നാളത്തെ പരിചയമെ ഉള്ളൂ എങ്കിലും അമ്മയ്ക്ക് അങ്ങനെ പറയാനെങ്കിലും തോന്നിയില്ലേ..? പെറ്റമ്മയ്ക്ക് പോലും തോന്നിയില്ല… ഇനി അതിന്റെ ആവശ്യമില്ലല്ലോ അവൻ പണം തരാം എന്ന് പറഞ്ഞല്ലോ

സുധി പറഞ്ഞു

“ഞാനൊരു കാര്യം പറഞ്ഞാൽ സുധിയേട്ടൻ സമ്മതിക്കാതിരിക്കരുത്

“എന്താ..?

” അമ്മ പറഞ്ഞതുപോലെ നമുക്ക് വീട് ലോൺ വയ്ക്കാം, എന്നിട്ട് ബിസിനസ് തുടങ്ങാം..

” അതിന്റെ ആവശ്യമില്ല ശ്രീജിത്ത് പൈസ തരുമല്ലോ, അപ്പൊൾ പിന്നെ വെറുതെ എന്തിനാ എല്ലാം കൂടി കടമാക്കുന്നത്,

“ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ് സുധിയേട്ടാ ഇത്. ആ പണം അതേപോലെ ബിസിനസിന് വേണ്ടി ചെലവാക്കിയാൽ പിന്നെ നമ്മുടെ കൈയിൽ ഒരു നീക്കിയിരിപ്പ് ഉണ്ടാവില്ല. ലോണ് വയ്ക്കുകയാണെങ്കിൽ അത് അടയ്ക്കാനുള്ള കുറച്ച് സാവകാശം കൂടി കിട്ടും. മാത്രമല്ല നമ്മുടെ കൈയിലും കാശ് കുറച്ചു വേണ്ടേ.? ഈ പൈസ ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി ബാങ്കിൽ ഇടുകയാണെങ്കിൽ നല്ലൊരു തുക പലിശയും കിട്ടും, അഥവാ തുടക്കത്തിൽ ബിസിനസ് ഇത്തിരി മോശമായാലും ഏട്ടന് കടമൊന്നും വരില്ല. എന്താണെങ്കിലും ബിസിനസിന് വേണ്ടി എടുക്കുന്ന ലോൺ ആയതുകൊണ്ട് ഒരു മൂന്നാലു മാസം കഴിഞ്ഞിട്ട് ഈ പൈസ അടച്ചു തുടങ്ങേണ്ടി വരുള്ളൂ. അപ്പോഴേക്കും കടയിൽ നിന്നും ചെറിയ രീതിയിൽ എങ്കിലും എന്തെങ്കിലും കിട്ടിത്തുടങ്ങും. അല്ലാതെ കയ്യിലുള്ള പണം മുഴുവനായിട്ട് എടുത്ത് ബിസിനസിൽ ഇട്ടാൽ ചിലപ്പോൾ നാളെ നമുക്ക് ഒരാവശ്യം വരുമ്പോൾ ഒന്നും ഉണ്ടാവില്ല.

“വീട് മാറണമെങ്കിലും ഒരുപാട് പണം ആവശ്യം വരില്ലേ അതിനാണെങ്കിലും ഈ പണം ചെലവഴിക്കാതിരിക്കാൻ പറ്റുമോ..?

“അതിന് എന്റെ സ്വർണം ഒക്കെ നമുക്ക് എടുക്കാല്ലോ, പുതിയൊരു വാടകവീട് എടുക്കുമ്പോൾ എന്താണെങ്കിലും സെക്യൂരിറ്റി കൊടുക്കണം. പിന്നെ സാധനങ്ങളൊക്കെ വാങ്ങണം അതിനൊക്കെ ആയിട്ട് കുറച്ചു പണം എന്റെ കയ്യിൽ ഇരിപ്പുണ്ട്, എന്റെ അക്കൗണ്ടിൽ ഉണ്ട്. ഏട്ടൻ അയച്ചുതന്ന പൈസയുടെ ഒട്ടുമുക്കാൽ ഭാഗവും ഉണ്ട്. അതുകൊണ്ട് നമുക്ക് വീട് മാറാനും സാധനങ്ങളൊക്കെ വാങ്ങാനും പറ്റും, പിന്നെ ഇങ്ങനെ ചെയ്യുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നുന്നത്.

” എങ്കിലും എവിടെയെങ്കിലും ഒരു പിഴവ് സംഭവിച്ച അമ്മ എത്രയും കഷ്ടപ്പെട്ട നിങ്ങളുടെ വീട്…

സുധി നിർത്തി

” അഥവാ ബിസിനസ്സിൽ എന്തെങ്കിലും നഷ്ടം വരാണെന്ന് തോന്നിയാൽ നമ്മുടെ കയ്യിൽ ഈ പൈസ ഇല്ലേ..? ഇത് എടുത്തു കൊടുക്കാലോ, അതുകൊണ്ട് അങ്ങനെ പേടിക്കണ്ടല്ലോ. അമ്മേതായാലും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ഞാൻ ആലോചിച്ചു നോക്കിയപ്പോൾ ഇതാ നല്ലതെന്ന് ആണ് തോന്നുന്നത്, ബാക്കിയൊക്കെ സുധിയേട്ടന്റെ ഇഷ്ടം, ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. പണം മാത്രം പോരല്ലോ സുധിയേട്ടൻ പറഞ്ഞതുപോലെ അവിടെ ആവശ്യമുള്ള ഓരോ കാര്യങ്ങളും ചെയ്യേണ്ടേ.? ഈ കാശ് മാത്രം കൊണ്ട് തികയില്ല, അന്നേരം ഓടി നടന്നാൽ ലോൺ കിട്ടുകയില്ല, ഇതിപ്പോൾ ഒരു മാസം സാവകാശം ശ്രീജിത്ത് തന്നിട്ടുണ്ടല്ലോ, ആ സമയം കൊണ്ട് ഇതെല്ലാം ശരിയാക്കാവുന്നതേയുള്ളൂ. ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ എന്റെ പഠിത്തവും കഴിയും. പിന്നെ എനിക്കും എവിടെയെങ്കിലും ചെറിയൊരു ജോലിക്ക് ശ്രമിക്കാം. അങ്ങനെയാണെങ്കിൽ നമ്മുടെ കാര്യങ്ങളൊക്കെ നന്നായി നടക്കും,

വളരെ ആലോചിച്ചാണ് മീര ഓരോ കാര്യവും പറയുന്നതെന്ന് സുധിക്ക് തോന്നി.. അങ്ങനെ തന്നെ മുന്നോട്ടു പോകുന്നതായിരിക്കും നല്ലത് എന്ന് അവൻ തോന്നിയിരുന്നു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button