കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 112
രചന: റിൻസി പ്രിൻസ്
പിന്നെ ഈ പ്രശ്നങ്ങളൊക്കെ കാരണം മീരയും ആകെ അപ്സെറ്റ് ആയിരിക്കും. നീ അവളെ വിഷമിപ്പിക്കല്ലേ പഠിക്കുന്ന കൊച്ചാ.. ഒന്നോ രണ്ടോ മാസം കൂടിയേ ഉള്ളൂ അവളുടെ ക്ലാസ് കഴിയാൻ, അതിന് മുടങ്ങാതെ നീ അവളെ പറഞ്ഞുവിടണം. അവൾക്കും കൂടി ഒരു ജോലി കിട്ടിയാൽ നിനക്ക് വളരെയധികം ഉപകാരമായിരിക്കും…
വിനോദ് പറഞ്ഞപ്പോൾ സമ്മതത്തോടെ അവൻ തലയാട്ടി
വിനോദിനോടൊപ്പം വർക്ക് ഷോപ്പിൽ പോയി ജോലിയുടെ കാര്യവും ശരിയാക്കി വൈകുന്നേരം ആയപ്പോഴാണ് സുധി എത്തിയത്… ഉമ്മർത്തു തന്നെ ഉണ്ടായിരുന്നു സതി. അരികിൽ ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ട് രമ്യയും. തന്നെ കണ്ടതും രമ്യ ഒന്ന് പുഞ്ചിരിച്ചു, തിരിച്ചു പുഞ്ചിരിക്കാതിരിക്കാൻ തോന്നിയില്ല അവന്.. ഒരു പുഞ്ചിരി അവൾക്ക് നൽകി സുധി മുറിയിലേക്ക് ചെന്ന് കുറച്ചുനേരം കിടന്നിരുന്നു…
അടുക്കളയിലെ ജോലികളൊക്കെ ഒതുക്കി മീര വന്നപ്പോഴും അവൻ അതേ കിടപ്പ് കിടക്കുകയാണ്.
” അവൾ അവന്റെ മുഖത്തേക്ക് നോക്കി… നല്ല ക്ഷീണമുണ്ട്,
അലിവോടെ അവന്റെ മുഖത്ത് ഒന്ന് തഴുകി മീര അതിനുശേഷം അവനെ വിളിച്ചുണർത്തി, കണ്ണുകൾ തുറന്ന് അവൻ പെട്ടെന്ന് എവിടെയാണെന്ന് മനസ്സിലാവാതെ അവളെ നോക്കി.. ഒരു നിമിഷത്തിന് ശേഷമാണ് അവന് സ്ഥലകാലബോധം തിരികെ കിട്ടിയത്… അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
” മണി പത്തായി, സുധിയേട്ടൻ നല്ല ഉറക്കം ആയിരുന്നു… പോയി കുളിച്ചിട്ട് വാ , ഭക്ഷണം കഴിച്ചു കിടക്കാം..
അതും പറഞ്ഞ് മീര അവളുടെ മേശയുടെ അരികിലേക്ക് പോയപ്പോൾ, ചെറുചിരിയോടെ അവനും തോർത്തെടുത്ത് കുളിക്കാനായി പോയിരുന്നു.. അവൻ കുളിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും അവൾ ഭക്ഷണം എടുത്ത് വയ്ക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയിരുന്നു…
അവിടെ സതി മറ്റുള്ളവർ ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ കഴുകുന്ന തിരക്കിലാണ്… മീരയെ കണ്ടിട്ടും അവർ ഒന്നും തന്നെ മിണ്ടിയില്ല. എല്ലാവരും കഴിച്ചു കഴിഞ്ഞ് കഴിക്കാം എന്നായിരുന്നു മീര കരുതിയത്, സുധിയ്ക്ക് എല്ലാവരുടെയും മുമ്പിൽ ഇരിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് അവൾക്ക് തോന്നി.. അതുകൊണ്ടാണ് അവൻ ഉറങ്ങുന്നുവെങ്കിൽ ഉറങ്ങട്ടെ എന്ന് അവൾ കരുതിയിരുന്നത്.. സതി മിണ്ടാത്തത് കൊണ്ട് തന്നെ അവൾ അങ്ങോട്ട് മിണ്ടാൻ നിന്നില്ല, തനിക്കും സുധിയ്ക്കും ഉള്ള ചോറ് പ്ലേറ്റിൽ വിളമ്പി, കൂട്ടാൻ എടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് സതി അരികിലേക്ക് വന്നുകൊണ്ട് മീരയോട് പറയുന്നത്,
” ആ ചിക്കൻ കറി എടുക്കണ്ട. ശ്രീജിത്ത് വൈകിട്ട് വരുമ്പോൾ കൊടുക്കാൻ ഒന്നുമില്ല,
ഇത്രയും പ്രശ്നങ്ങൾ നടന്നത് കൊണ്ട് തന്നെ അന്ന് വൈകിട്ട് പ്രത്യേകിച്ച് ഒന്നും വെച്ചിരുന്നില്ല. ആകെ ഉണ്ടായിരുന്നത് മോരും ചിക്കൻ കറിയും മാത്രമാണ്, അത് എടുക്കേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്.. അവൾക്ക് വല്ലായ്മ തോന്നി. സുധിക്ക് താൻ മറ്റെന്ത് ഭക്ഷണം കൊടുക്കും,
” എനിക്ക് വേണ്ടെ അമ്മേ സുധിയേട്ടന് ഉള്ളത് മാത്രം മതി,
. അവൾ പറഞ്ഞു
” അതല്ലേ പറഞ്ഞത് ആർക്കും എടുക്കേണ്ട എന്ന്, നിന്റെ സുധിയേട്ടൻ ഒന്ന് രണ്ട് മാസമായിട്ട് ഇവിടെ ചെലവിന് പൈസ തന്നിട്ടില്ല.. ഇത് ശ്രീജിത്ത് തന്ന പൈസയ്ക്ക് വാങ്ങിയത് ആണ്.. എന്നിട്ട് അവന് ഒരു തുള്ളി പോലും വയ്ക്കാതെ നിങ്ങൾ എടുത്തോണ്ട് പോയാൽ എങ്ങനെ ശരിയാകുന്നത്..
അവരുടെ ആ വർത്തമാനം കേട്ടപ്പോൾ അവൾക്ക് വല്ലായ്മയാണ് തോന്നിയത്. എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്.? കഴിഞ്ഞ കുറെ വർഷങ്ങളായി വീട്ടിലെ ചിലവ് നടത്തുന്നത് സുധിയേട്ടനാണ്. ഒരു മാസമായി അവന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഒരു സാധനങ്ങളും വാങ്ങുന്നുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഈ പ്രശ്നങ്ങൾക്കിടയിൽ ഈ മാസത്തെ സാധനങ്ങൾ വാങ്ങാനുള്ള പണം എടുക്കാൻ മറന്നു പോയിരുന്നു. അപ്പോഴേക്കും കണക്ക് പറച്ചിൽ തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും രണ്ട് ദിവസമായി അമ്മ ഇത് പറയുന്നുണ്ട്. ഇന്നലെ ശ്രീജിത്ത് ആയിരം രൂപ സാധനങ്ങൾ വാങ്ങാനായി കൊടുത്തത് കണ്ടതുമാണ്, അതിന് ഒന്നും തന്നെ തികയില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു. സുധിയേട്ടനോട് പറഞ്ഞു ബാങ്കിൽ നിന്നും ക്യാഷ് എടുക്കാൻ നിൽക്കുന്ന സമയത്താണ് വിചാരണ ചെയ്യാൻ ആളുകൾ രാവിലെ എത്തിയത്. അതിനിടയിൽ പണം എടുക്കുന്ന കാര്യം മറന്നു പോയി, ഒരു വട്ടം പണം കൊടുക്കാൻ സാധിക്കാതെ വന്നപ്പോഴേക്കും ഇങ്ങനെ സതി കണക്കു പറയുന്നത് എന്താണെന്ന് അവൾ ചിന്തിച്ചു.
” അമ്മ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.? എപ്പോഴും ഇവിടുത്തെ ചെലവിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് സുധിയേട്ടൻ അല്ലേ.?പിന്നെ എന്തുകൊണ്ടാണ് ഈ പ്രാവശ്യം സുധിയേട്ടന് സാധനങ്ങൾ വാങ്ങാൻ പറ്റാഞ്ഞത് എന്ന് അമ്മയ്ക്കും അറിയാല്ലോ, ജോലിയില്ലാതെ എങ്ങനെയാ അമ്മേ സുധിയേട്ടൻ ഇതൊക്കെ വാങ്ങുന്നത്. എങ്കിലും കുറച്ചു പണം ബാങ്കിൽ ഉണ്ടായിരുന്നു, അത് നാളെയോ മറ്റോ എടുക്കാൻ ഇരിക്കുകയായിരുന്നു. സുധിയേട്ടൻ ഒരു ദിവസം പണം തന്നില്ലെന്നും പറഞ്ഞ് ഇങ്ങനെയൊക്കെ പറയുന്നത് ശരിയല്ല.
അവൾക്ക് അത്രയും പറയാതിരിക്കാൻ തോന്നാതിരുന്നില്ല.
” നീയും ഭർത്താവിനെ പോലെ കണക്ക് പറയാൻ തുടങ്ങുകയാണോ..? അവൻ പഠിപ്പിച്ചു വിട്ടതായിരിക്കും, അല്ല അങ്ങനെയല്ല അവനെ പലതും പഠിപ്പിക്കുന്നത് നീയാണല്ലോ, അല്ലേ നീ എന്താണെന്ന് വെച്ചാൽ ചെയ്യ് നീയും അവനും കൂടിയാണല്ലോ ഇവിടുത്തെ കാര്യങ്ങളെല്ലാം ഭരിക്കുന്നത്. എന്റെ കുഞ്ഞിന് ഞാനൊരു പച്ചമുളക് ഉടച്ചു കൊടുത്തോളാം..
ചിക്കൻ കറിയുടെ പാത്രം അവൾക്ക് നേരെ നീക്കി വച്ചുകൊണ്ട് ദേഷ്യത്തോടെ സതി പറഞ്ഞു..
സതി അകത്തേക്ക് കയറി പോയിരുന്നു… ഒരു ഭിത്തിയുടെ മറവിൽ നിന്നുകൊണ്ട് സുധി ഇത് കേൾക്കുന്നുണ്ടായിരുന്നു,
അവന്റെ ഹൃദയം മുറിഞ്ഞു പോയിരുന്നു… സ്വന്തം അമ്മയാണ് ഇങ്ങനെ വ്യത്യാസം കാണിക്കുന്നത്, അവന് സഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല മീര ഒന്നും പറയാൻ നിന്നില്ല.. അവൾ പെട്ടെന്ന് തന്നെ ഫ്രിഡ്ജിൽ നിന്നും കുറച്ച് തക്കാളി എടുത്ത് അത് ചമ്മന്തിയാക്കി എടുത്തു. ഒപ്പം തന്നെ ഫ്രിഡ്ജിൽ നിന്ന് രണ്ടു മുട്ടയും എടുത്ത് പെട്ടെന്ന് തോരൻ ആക്കി. അച്ചാറിന്റെ ബാക്കിയായ ഒരു കഷണം കണ്ണിമാങ്ങ കിടപ്പുണ്ട്, അതും അവന്റെ പ്ലേറ്റിലേക്ക് വിളമ്പി. ശേഷം അവന് ഭക്ഷണവുമായി അവൾ ഡൈനിങ് ടേബിളിൽ എത്തിയിരുന്നു. അവൻ അവിടെ ഇരിപ്പുണ്ടെന്ന് കണ്ടതും അവൾക്ക് ഞെട്ടൽ അനുഭവപ്പെട്ടു, കുറച്ചു മുൻപ് അടുക്കളയിൽ നടന്ന സംഭാഷണം അവൻ കേട്ടിട്ടുണ്ടാവുമോ എന്നാണ് അവൾ ചിന്തിച്ചത്. എങ്കിലും മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവൾ അവന് അരികിലായി പ്ലേറ്റ് വെച്ചു…
പ്ലേറ്റിലെ വിഭവങ്ങൾ കണ്ടപ്പോൾ അവൻ അവളെ നോക്കി കുറച്ചു മുൻപ് അടുക്കളയിലെ സംസാരങ്ങൾ കേട്ടതുകൊണ്ട് അത് അവൾ ഇപ്പോൾ ഉണ്ടാക്കിയതാണെന്ന് അവന് മനസ്സിലായി…
” ഇന്ന് സമയമില്ലാത്തതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല സുധിയേട്ടാ… അതുകൊണ്ട് കൂട്ടാൻ ഒക്കെ വളരെ കുറവാണ്.
ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി ഒന്നും സംഭവിക്കാതെ പോലെ അവള് പറഞ്ഞു.. അവൻ അവളെ തന്നെ തുറിച്ചു നോക്കി..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…