Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 114

രചന: റിൻസി പ്രിൻസ്

എന്റെ സുധിയേട്ടന് എന്ത് സംഭവിച്ചാലും ജീവിതത്തിലും മരണത്തിലും ഞാൻ ഒപ്പമുണ്ടാകും.. നമ്മുടെ വിവാഹം കഴിഞ്ഞതിൽ പിന്നെ എനിക്കുള്ള ഒരൊറ്റ പ്രാർത്ഥന സുധിയേട്ടന്റെ ഒപ്പം തന്നെ മരിക്കാൻ സാധിക്കണമെന്ന് മാത്രം ആണ്. നമ്മളെ ഒരുമിച്ച് അല്ലാതെ ഈ ഭൂമിയിൽ നിന്നും ആരും പിരിക്കരുതേ എന്ന്.. ഇങ്ങനെ വിഷമിക്കരുത് എനിക്കത് സഹിക്കാൻ പറ്റില്ല

പറഞ്ഞപ്പോൾ അവളും കരഞ്ഞു പോയിരുന്നു

“താൻ വിഷമിക്കേണ്ട ഒന്നാമത്തെ പരീക്ഷ അടുത്തിരിക്കുന്ന സമയം, ഈ സമയത്ത് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ചിന്തിച്ച് വിഷമിച്ചാൽ അത് പഠനത്തെ കൂടി ബാധിക്കും, ഇത്രയും കാലം നന്നായി പഠിച്ചിട്ട് അവസാനം കൊണ്ടുവന്ന് കലം ഉടച്ചത് പോലെ ആകും,

അവൻ അവളെ ആശ്വസിപ്പിച്ചു..

” നാളെ വീട്ടിൽ പോയി വന്നു കഴിഞ്ഞാൽ പിറ്റേദിവസം മുതൽ എന്തുവന്നാലും താൻ ക്ലാസിൽ പോണം…

അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. രണ്ടുപേരും പരസ്പരം ആശ്വസിപ്പിച്ചാണ് ഉറങ്ങാൻ കിടന്നത്, അവന്റെ നെഞ്ചിൽ തലചായ്ച്ച് അവന്റെ വയറിന്മേൽ കൈ വെച്ച് ഏറ്റവും സുരക്ഷിതമായാണ് അവൾ ഉറങ്ങിയത്.. അവളുടെ ആ സാന്നിധ്യം അവനും നൽകിയത് വലിയ സന്തോഷം തന്നെയായിരുന്നു, മനസ്സ് അത്രമേൽ വേദനിച്ചതിനാലാണ് രാത്രിയിൽ മുഴുവൻ ദുസ്വപ്നങ്ങൾ കാണുകയായിരുന്നു സുധി.

രാവിലെ ഉണർന്നതും അവളെ കണ്ടിരുന്നില്ല, എഴുന്നേറ്റ് പോയത് എപ്പോഴാണ് എന്ന് പോലും അറിയില്ല. രാത്രി ഏറെ വൈകിയാണ് താൻ ഉറങ്ങിയത്. അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. കണ്ണുകൾ തുറന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 7 മണിയായി,

ഇത്രയും ഉറങ്ങുന്ന പതിവുമില്ല. എന്തൊക്കെയോ ആലോചിച്ചുകൊണ്ട് മുറിയിൽ ഇരിക്കുമ്പോൾ ആണ് കട്ടൻകാപ്പിയുമായി മീര വരുന്നത്.. നോക്കിയപ്പോൾ കുളിയൊക്കെ കഴിഞ്ഞ ലക്ഷണം ഉണ്ട്..

“താൻ ഇത് എപ്പോൾ എഴുന്നേറ്റു.

” എന്നും എഴുന്നേൽക്കുന്ന സമയത്ത് തന്നെ,ഞാൻ നോക്കിയപ്പോൾ സുധിയേട്ടന് നല്ല ഉറക്കം ആയിരുന്നു, അതാ വിളിക്കാതിരുന്നത്.. ഈ കാപ്പി കുടിച്ചിട്ട് കുളിച്ച് വരാൻ നോക്ക്,

” നമുക്ക് വീട്ടിൽ പോകണ്ടേ..? നേരത്തെ പോയാലേ നേരത്തെ വരാൻ പറ്റു, ഞാൻ അമ്മയോടും വിളിച്ച് പറഞ്ഞിട്ടുണ്ട് നമ്മൾ ചെല്ലുന്നത്..

തോർത്തു അഴിച്ചു സിന്ദൂരം നെറുകയിൽ ചാർത്തി കൊണ്ട് അവൾ പറഞ്ഞു

“ഞാൻ വീണ്ടും വീണ്ടും അത് വേണോന്ന് ആലോചിക്കുകയായിരുന്നു…

” ഞാൻ പറഞ്ഞില്ലേ സുധിയേട്ടാ, അതിനി മറ്റണ്ട ആവശ്യം വരുന്നില്ല,

“എന്നാൽ പിന്നെ അങ്ങനെ ചെയ്യാം,

രാവിലെതന്നെ രണ്ടുപേരും നേരെ നൂറനാട് പോകാൻ പുറപ്പെട്ടു.. രണ്ടുപേരും രാവിലെ ഒരുങ്ങി പോകുന്നത് കണ്ടിരുന്നുവെങ്കിലും എവിടേക്കാണ് പോകുന്നത് എന്ന് ചോദിച്ചിരുന്നില്ല സതി. സുധിയുടെ മുഖത്തേക്ക് പോലും നോക്കാൻ അവർ താൽപര്യപ്പെട്ടിരുന്നില്ല എന്നത് അവനെ വേദനിപ്പിച്ചിരുന്നു.. എങ്കിലും ഇത്തരം യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നി… ഉച്ച ആയപ്പോഴാണ് നൂറനാട് എത്തിയത്,

ചെന്നപ്പോൾ മാധവി രണ്ടുപേരെയും പ്രതീക്ഷിച്ചിരിക്കുകയാണ്.. സുധിയെ കണ്ടപ്പോൾ തന്നെ അവർക്ക് വല്ലാത്ത വേദന തോന്നിയിരുന്നു.. അവനാണെന്ന് തന്നെ തോന്നില്ല, അതുപോലെ ക്ഷീണിച്ചു പോയിരിക്കുന്നു. ശരീരത്തിന്റെ ക്ഷീണത്തിന് ഒപ്പം അവന്റെ കവിളിൽ വെള്ളിനൂലിഴകൾ ഇടം പിടിച്ചത് അവർ ശ്രദ്ധിച്ചു…

എത്രത്തോളം സമ്മർദ്ദം അവൻ അനുഭവിക്കുന്നുണ്ട് എന്നതിന്റെ വലിയൊരു തെളിവാണ് ആ നരകൾ എന്ന് അവർക്ക് മനസിലാക്കാൻ സാധിച്ചിരുന്നു. ഏറ്റവും അവസാനം ഇവിടെ വന്നു മടങ്ങുമ്പോൾ പോലും ആ മുഖത്ത് നല്ല ശോഭയുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവിടെ വിഷാദം കൊടികുത്തി വാഴുകയാണ്. അവർക്ക് അവനോട് വല്ലാത്ത ഒരു അലിവ് തോന്നി…

” സുധി എന്താ ഒന്നും മിണ്ടാതിരിക്കുന്നത്..?

വന്നപ്പോൾ മുതൽ മൂകമായി ഇരിക്കുന്നവനെ നോക്കി അവർ ചോദിച്ചപ്പോൾ അവർക്ക് വേണ്ടി ഒരു മങ്ങിയ പുഞ്ചിരി അവൻ സമ്മാനിച്ചിരുന്നു…

” അമ്മ ഇന്ന് ജോലിക്ക് പോയില്ല അല്ലേ..? നിങ്ങൾ വരുന്ന പറയുമ്പോൾ ഞാൻ എങ്ങനെയാ ജോലിക്ക് പോകുന്നത്. നിങ്ങൾക്കെന്തെങ്കിലും തരണ്ടേ സുധിക്ക് ഇഷ്ടപ്പെട്ട കപ്പ വേവിച്ചിട്ടുണ്ട്, പിന്നെ കുറച്ച് ബീഫ് ഉലത്തി വച്ചിട്ടുണ്ട്…

” ഇപ്പൊ അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല അമ്മേ

അവരുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ മീരയ്ക്ക് പരിഭ്രമമായി, ഇന്നലെ നടന്ന സംഭവങ്ങളെപ്പറ്റിയോ മറ്റോ അവൻ പറഞ്ഞാലോ എന്നായിരുന്നു,

” സുധീയേട്ടന് അങ്ങനെയൊക്കെ പറയും അമ്മേ, അമ്മ ഭക്ഷണം എടുക്ക്

അതും പറഞ്ഞു അവൾ അമ്മയ്ക്ക് ഒപ്പം അടുക്കളയിലേക്ക് പോയപ്പോൾ അവൻ ഒന്നും മിണ്ടാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു.. കുറച്ചുനേരം കഴിഞ്ഞപ്പോൾ മീര തിരികെ വന്നു

” സുധിയേട്ടാ നമ്മുടെ വീട്ടിൽ നടന്ന പ്രശ്നങ്ങളെ കുറിച്ചൊന്നും ഞാൻ അമ്മയോട് പറഞ്ഞിട്ടില്ല.. അത് അമ്മ വിഷമിക്കുമെന്ന് ഉള്ളതുകൊണ്ട് മാത്രമല്ല, നമ്മുടെ വീട്ടിൽ നടന്ന സംഭവങ്ങൾ എന്റെ വീട്ടിൽ ആണെങ്കിൽ പോലും പുറത്ത് അറിയേണ്ട എന്നുള്ള ഒന്ന് കൊണ്ടാണ്. സുധിയേട്ടൻ ആയിട്ട് ഇങ്ങനെ വിഷമിച്ചിരുന്ന് എല്ലാം അമ്മയെ കൂടി അറിയിക്കരുത്, സുധിയേട്ടന്റെ വീട്ടുകാരെ പറ്റി അമ്മ മോശമായിട്ട് വിചാരിച്ചാലും എനിക്കാണ് വിഷമം…

അവളുടെ മറുപടിയിൽ സുധി ശരിക്കും അത്ഭുതപ്പെട്ടു പോയിരുന്നു, സാധാരണ കെട്ടിച്ച വീട്ടിലെ എന്ത് പ്രശ്നം ഉണ്ടായാലും അത് സ്വന്തം വീട്ടിലേക്ക് വിളിച്ചു പറയുന്നവരാണ് കൂടുതലാളുകളും, അങ്ങനെയുള്ള ഇടത്താണ് അവൾ തന്നെ കൂടി കാക്കാൻ നോക്കുന്നത്.. അവന് അവളോട് വല്ലാത്തൊരു ബഹുമാനം തോന്നി പോയിരുന്നു…

“സുധിയേട്ടൻ ഇങ്ങനെ വിഷമിച്ചിരുന്നാൽ അതെല്ലാവർക്കും സങ്കടവും, അതുകൊണ്ട് കഴിക്കാൻ നോക്ക്

ഇഷ്ടപ്പെട്ട ആഹാരങ്ങൾ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് നിർബന്ധിച്ച് അവനെ കൊണ്ടു ഭക്ഷണം കഴിപ്പിക്കായിരുന്നു.. എല്ലാം വിളമ്പി കൊടുത്ത് മാധവിയും അവർക്കൊപ്പം ഉണ്ടായിരുന്നു.. ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് മാധവി തന്നെയാണ് വിഷയം തുടങ്ങിയത്,

” മോൻ എത്ര കാലമെന്ന് കണ്ട ഗൾഫിൽ പോയി കിടക്കുന്നത്, ഇവൾ ഇവിടെ,മോൻ അവിടെ ആ ജീവിതം ശരിയാവില്ല. സത്യം പറഞ്ഞാൽ ഒരു ഗൾഫുകാരനെ കൊണ്ട് ഇവളെ കല്യാണം കഴിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല, കൂലിപ്പണി ആണെങ്കിലും വൈകുന്നേരം വീട്ടിലെത്തുന്ന ആളെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന് തന്നെയായിരുന്നു. ഒരുപാട് ആഡംബരം ഒന്നും നമുക്ക് വേണ്ടല്ലോ, സന്തോഷത്തോടെ ജീവിക്കണം അത്രയല്ലേ ഉള്ളൂ, ബിസിനസ് തുടങ്ങണം എന്നൊക്കെ ഇവള് പറഞ്ഞിരുന്നു, നല്ലതാണെങ്കിൽ മോനത് നോക്ക്,എന്തിനാ അന്യ നാട്ടിൽ പോയി കിടന്ന് ജീവിതം കളയുന്നത്, സൂപ്പർ മാർക്കറ്റിന്റെ കാര്യമൊക്കെ എന്നോട് മീര പറഞ്ഞിരുന്നു.. ഈ വീടിന്റെ ആധാരം ഇപ്പോൾ ഇവിടെ ഇരുന്നാൽ എന്താ ബാങ്കിന്റെ ലോക്കറിൽ ഇരുന്നാൽ എന്താ..? ആധാരം കൊണ്ട് മോൻ എങ്കിലും എന്തെങ്കിലും ഉപകാരം ആവട്ടെ, എനിക്ക് സുധിയെ വിശ്വാസം ആണ് അതുകൊണ്ട് മോൻ എത്ര നാളത്തെക്ക് ആണെന്ന് വച്ചാൽ ഈ വീടിനു കിട്ടുന്നത് എത്ര തുകയാണ് എങ്കിലും അത് എടുത്തോ. ഇത് നിന്റെ കൂടി വീടാ അങ്ങനെ ആ കാര്യം ചോദിക്കാൻ ഒരു ഉപേക്ഷ നീ വിചാരിക്കേണ്ട കാര്യമില്ല.. അതിൽ ഒരു അഭിമാനക്കുറവും നീ കരുതണ്ട, എന്റെ മരുമകനായി അല്ല മൂത്ത മകനായ ഞാൻ നിന്നെ കണ്ടിട്ടുള്ളത്..

മാധവിയുടെ ആ വാക്കുകൾ അവന്റെ ഹൃദയത്തിലാണ് പതിഞ്ഞത്.. അങ്ങനെ വളരെ സന്തോഷത്തോടെയാണ് രണ്ടുപേരും തിരികെ വീട്ടിലേക്ക് മടങ്ങിയത് അവന്റെ മുഖത്ത് ഒരു സന്തോഷം വന്നത് മീരയും ശ്രദ്ധിച്ചിരുന്നു..

വീടിന്റെ മുറ്റത്തേക്ക് ചെന്ന് കയറിയതും സുധിയുടെ ഫോൺ ബെല്ലടിച്ചിരുന്നു, നോക്കിയപ്പോൾ വിനോദാണ്. അവന്റെ ഇതുവരെയുള്ള സന്തോഷങ്ങളെ തകർക്കാൻ കെൽപ്പുള്ളതായിരുന്നു ആ ഫോൺകോൾ എന്ന് മീര അറിഞ്ഞിരുന്നില്ല .കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button