കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 115
രചന: റിൻസി പ്രിൻസ്
വീടിന്റെ മുറ്റത്തേക്ക് ചെന്ന് കയറിയതും സുധിയുടെ ഫോൺ ബെല്ലടിച്ചിരുന്നു, നോക്കിയപ്പോൾ വിനോദാണ്. അവന്റെ ഇതുവരെയുള്ള സന്തോഷങ്ങളെ തകർക്കാൻ കെൽപ്പുള്ളതായിരുന്നു ആ ഫോൺകോൾ എന്ന് മീര അറിഞ്ഞിരുന്നില്ല
അവന്റെ മുഖത്തെ മങ്ങൽ വ്യക്തമായി തന്നെ മീര ശ്രദ്ധിച്ചിരുന്നു… കുറച്ചു മുൻപ് വരെ വളരെ സന്തോഷപൂർവ്വം ഇരുന്നതാണ് എന്താണ് അവന് സംഭവിച്ചത് എന്ന് അവൾക്ക് ആധിയായി… ഫോൺ കട്ട് ചെയ്തതും അവനെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു,
” എന്തുപറ്റി സുധിയേട്ടാ..?
“വിനോദ് ആണ് വിളിച്ചത് കടയുടെ കാര്യം പറഞ്ഞതാ, കടയുടെ ആളില്ലേ..? അയാള് ഭാര്യയും കൊണ്ട് മക്കളുടെ അടുത്തേക്ക് പോയെന്ന് കാനഡയ്ക്ക് , അവിടെ എന്തോ അവർക്ക് ട്രീറ്റ്മെന്റ് ഉണ്ടെന്ന് അറിഞ്ഞിട്ട് പോയത് ആണ്.. ഇനിയിപ്പോ ട്രീറ്റ്മെന്റ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് പുള്ളി വരും, അപ്പോഴേ കടയുടെ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റു, അവർക്ക് വളരെ അർജന്റായതുകൊണ്ട് പോയതെന്ന് പറഞ്ഞത്…
” അപ്പോൾ ഇനി ഒരു വർഷം കഴിഞ്ഞ് അദ്ദേഹം വരുത്തുള്ളൂ അല്ലേ.?
” അതെ ട്രീറ്റ്മെന്റ് ആയിട്ട് ബന്ധപ്പെട്ട് പോയതല്ലേ,
” ഇനി എന്ത് ചെയ്യും സുധിയേട്ട
” എന്ത് ചെയ്യാനാ ഒരു വർഷം കാത്തിരിക്കാം, മറ്റ് മാർഗ്ഗമൊന്നുമില്ല..
” അതുവരെ നമ്മൾ എന്ത് ചെയ്യും,
“നമുക്ക് ഇപ്പൊ സമയം ശരിയല്ല, അതുകൊണ്ട് ആണ് ചെയ്യുന്ന ഒരു കാര്യങ്ങളും ശരിയാവാത്തത്, ഒരു കാര്യം ചെയ്യാം നമുക്ക് കുറച്ചുനാളും കൂടി വെയിറ്റ് ചെയ്യാം… അദ്ദേഹം പോയിട്ട് വരട്ടെ, ഭാര്യയ്ക്ക് ക്യാൻസർ ആയതുകൊണ്ട് ഈ കട വിൽക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചത്, അവരെ സുഖം പ്രാപിക്കുകയാണെങ്കിൽ അത് തന്നെയല്ലേ ഏറ്റവും വലിയ കാര്യം, ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരികെ വരുന്നതിലും വലുതല്ല മറ്റൊന്നും, അവര് പോയിട്ട് വരട്ടെ, ഒരു വർഷം ഞാൻ എന്തെങ്കിലും ജോലി നോക്കാം.. അല്ലാതെ എന്ത് ചെയ്യാൻ,
നല്ല വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെയാണ് അവൻ സംസാരിച്ചത്.. ഒരു നിമിഷം ഈശ്വരന്മാരോട് പോലും അവൾക്ക് ദേഷ്യം തോന്നിയിരുന്നു,
” എന്തിനാണ് ആരോടും ഒരു ദ്രോഹവും ചെയ്യാത്ത ഈ മനുഷ്യനെ ഇത്രത്തോളം ഈശ്വരന്മാർ ദ്രോഹിക്കുന്നത്.? അതിനുമാത്രം എന്ത് തെറ്റാണ് ഇദ്ദേഹം ചെയ്തത്.? ആരോടും ഇന്നുവരെ ഒന്നും ദ്രോഹമായി ചെയ്തിട്ടില്ല, മറ്റുള്ളവർ വേദനിക്കുന്നതിൽ ഇന്നോളം അദ്ദേഹം വേദനിച്ചിട്ടെ ഉള്ളൂ, എന്നിട്ടും എന്താണ് ഇങ്ങനെ അനുഭവിക്കേണ്ടിവന്നത് എന്ന് അവൾ ആലോചിച്ചിരുന്നു..
അകത്തേക്ക് കയറി ക്ഷീണം മാറുന്നതിനു മുൻപ് വിനോദിനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞ് അവൻ പുറത്തേക്കു ഇറങ്ങി പോയിരുന്നു…
പിറ്റേന്ന് മുതൽ പഠിക്കാൻ പോകേണ്ടതു കൊണ്ട് തുണികളൊക്കെ അലക്കുകയായിരുന്നു മീര, ആ സമയത്താണ് പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം അവൾ കേട്ടത്. നോക്കിയപ്പോൾ സുഗന്ധിയാണ്, തന്നെ കണ്ടിട്ടും ഒന്ന് നോക്കുകപോലും ചെയ്യാതെ അകത്തേക്ക് കയറി അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.. അവൾ ഒന്നും മിണ്ടാതെ വീണ്ടും ജോലികളിൽ മുഴുകിയപ്പോഴാണ് വീണ്ടും ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്, സുധിയാണ് എന്ന് കരുതിയാണ് അവൾ പെട്ടെന്ന് ഓടി ഉമ്മറത്തേക്ക് ചെന്നത്, എന്നാൽ ബൈക്കിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടതും അവൾക്ക് ദേഷ്യവും പരിഭ്രാന്തിയും തോന്നിയിരുന്നു..
” അർജുൻ..
“ആഹാ നീയെന്താടാ പതിവില്ലാതെ ഇങ്ങോട്ട്….
ചോദ്യം ചോദിച്ചത് സുഗന്ധിയാണ് എന്നാൽ അര്‍ജുന്റെ മിഴികൾ തറച്ചത് മീര നിൽക്കുന്നിടത്തേക്ക് ആയിരുന്നു, അവൻ അവൾക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു,
അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ തിരികെ നടന്നു തന്റെ ജോലികൾ ചെയ്തു…
” ഞാൻ ഇതിലെ പോകുമ്പോൾ ഇടയ്ക്ക് ഇവിടെ വരാറുണ്ട്, അല്ലേ വല്യമ്മേ അല്ലെങ്കിൽ ചോദിച്ചുനോക്കൂ
സതിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അതേ എന്ന് അർത്ഥത്തിൽ അവർ തലയാട്ടിയിരുന്നു…
” സുധിയേട്ടൻ കവലയിൽ നിൽക്കുന്നത് കണ്ടിരുന്നു എന്നെ കണ്ടില്ല, സുധിയേട്ടൻ തിരിച്ചു പോകുന്നത് എന്ന് ആണ്
അവൻ സുഗന്ധിയോടായി ചോദിച്ചു…
“അപ്പോൾ നീ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ല അല്ലെ..?
സതിയാണ് മറുപടി പറഞ്ഞത്
” ഇല്ല എന്താ..?
” അവന്റെ ഗൾഫിലെ ജോലിയൊക്കെ പോയി,ഇനി തിരിച്ചു പോകുന്നില്ലെന്നും പറഞ്ഞു ആണ് വന്നിരിക്കുന്നത്..
വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു അത് കേട്ടതും അർജുനിൽ ഉണ്ടായത്..
“അതെന്തു പറ്റി..?
ഉള്ളിലെ പകപ്പ് മാറ്റിവെച്ചുകൊണ്ടാണ് അവൻ ചോദിച്ചത്..
” അവനൊരു കല്യാണം കഴിച്ചല്ലോ, അവൾക്ക് അവനെ കാണാതിരിക്കാൻ വയ്യ, അത്ര തന്നെ അതുകൊണ്ടാവും, അവിടുത്തെ ജോലി ഉപേക്ഷിച്ചു അവനെ വിളിച്ചു വരുത്തിയത്.. എങ്ങനെ ജീവിച്ചത് ആണ് എന്റെ ചെറുക്കൻ എന്നറിയോ, ഇപ്പോൾ ഭിക്ഷക്കാരെക്കാളും കഷ്ടമായി… ഒരു രൂപ പോലും അവന്റെ കയ്യിൽ എടുക്കാനില്ല, അവനെ പറഞ്ഞു കുത്തിതിരിപ്പിച്ച് ഞങ്ങൾക്കെതിരെ ആക്കി വച്ചിരിക്കുകയാ ഇപ്പോൾ, അവന്റെ ജോലിയും കളഞ്ഞു…
സതി പറഞ്ഞപ്പോൾ വീണ്ടും അർജുനിൽ ഞെട്ടൽ ആണ് ഉണ്ടായത്… സുധിയേട്ടനെ കാണാതിരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണോ മീര എന്നാണ് അവനാ നിമിഷം ചിന്തിച്ചത്… അത്രത്തോളം ഇതിനോടകം അവൾ അവനെ സ്നേഹിച്ചു തുടങ്ങിയോ..? സുധി തിരികെ പോയിക്കഴിഞ്ഞ് മീരയെ എങ്ങനെയെങ്കിലും തന്റെ വശത്തേക്ക് കൊണ്ടുവരാം എന്നായിരുന്നു കരുതിയത്, അതിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താൻ. എന്നാണ് സുധി തിരികെ പോകുന്നത് എന്ന് അറിയുവാൻ വേണ്ടിയാണ് ഇന്നിവിടേക്ക് യാത്ര വന്നത് പോലും, എന്നാൽ തന്നെ ഇത്രയും ഞെട്ടിക്കുന്ന ഒരു വാർത്തയായിരിക്കും ഇവിടെ നിന്നും ഉണ്ടാവുന്നത് എന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല..
ആ നിമിഷം അവന് ദേഷ്യം തോന്നിയത് മീരയോടാണ്..
” ഞാൻ നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം
അതും പറഞ്ഞു സതി അകത്തേക്ക് പോയപ്പോൾ സുഗന്ധി അവനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എല്ലാത്തിനും അലസമായി മറുപടി പറയുമ്പോഴും അവന്റെ കണ്ണുകൾ അകത്തേക്ക് ആയിരുന്നു. താൻ വന്നത് കണ്ടതുകൊണ്ട് തന്നെ അവൾ പുറത്തേക്ക് ഇറങ്ങി വരില്ല എന്ന് അവന് ഉറപ്പാണ്. ഇന്ന് തന്നെ മനസ്സിലുള്ള ഉദ്ദേശം അവളോട് പങ്കുവയ്ക്കണം, സുധി ഇനി പോകുന്നില്ലെങ്കിൽ,ഇനി തീരുമാനമെടുക്കേണ്ടത് മീരയാണ്, അതുകൊണ്ട് സുധി പോകുന്നത് വരെ കാത്തിരിക്കാൻ പറ്റില്ല. മീരയേ ഒരു ദിവസമെങ്കിലും തനിക്ക് സ്വന്തമായി ലഭിക്കണം. അത്രത്തോളം താനവളെ സ്നേഹിച്ചതാണ്. മൂന്നാലു വർഷം ഒന്ന് തൊടുക പോലും ചെയ്യാതെ അവളുടെ പിന്നാലെ നടന്നത് അവളെ കല്യാണം കഴിക്കാൻ വേണ്ടി തന്നെയായിരുന്നു. ഇനി അവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ സാധിക്കില്ല, പക്ഷേ ആഗ്രഹം സഫലീകരിക്കാതെ വയ്യ. ഇന്ന് തന്റെ ഉദ്ദേശം മീരയോട് പറഞ്ഞ് ഒരു തീരുമാനം ഉണ്ടാക്കുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…