Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 117

രചന: റിൻസി പ്രിൻസ്

അവരുടെ മുൻപിൽ വച്ച് നിന്റെ സ്വഭാവത്തെ പറ്റി ഞാൻ വിളിച്ചു പറഞ്ഞ നാണക്കേട് എനിക്കല്ല നിനക്ക് തന്നെയാണ്.. അത് ഓർത്തു വച്ചോ…

അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൾ അകത്തേക്ക് പോയപ്പോൾ അവൻ ദേഷ്യത്താൽ വിറക്കുകയായിരുന്നു

അവളിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവൻ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നതല്ല. ആദ്യം തന്നെ അവൻ ചുറ്റുമൊന്നും നോക്കുകയാണ് ചെയ്തത്. ആരും കണ്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവൻ നേരെ ഉമ്മറത്തേക്ക് പോയി, അവിടെ സുഗന്ധി അവനെയും കാത്തിരിക്കുകയാണ്.

“നീ എവിടെ ആരുന്നു.. കുറെ നേരമായല്ലോ,

” ഞാനൊരു ഫോൺ വിളിക്കാൻ വേണ്ടി പോയതാ ചേച്ചി

ഒട്ടും താല്പര്യമില്ലാതെയാണ് അവൻ മറുപടി പറഞ്ഞത്…

ചായകുടിക്കാൻ സതി പറഞ്ഞപ്പോൾ അവൻ അവരുടെ മുഖത്തേക്ക് നോക്കി വേണ്ട എന്ന് പറഞ്ഞു…

” എനിക്ക് കുറച്ച് തിരക്കുണ്ട് ഞാൻ പിന്നെ ഒരിക്കൽ വരാം,

അത്രയും പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു പോയപ്പോൾ സുഗന്ധിയും സതിയും ഒന്നും മനസ്സിലാവാതെ പരസ്പരം മുഖത്തേക്ക് നോക്കി.

” ഇവനെന്താ ഇങ്ങനെ…

സതി അവളോട് ചോദിച്ചു

” ഇവൻ അങ്ങനെ ഇവിടെ വരാറില്ലല്ലോ, ഇപ്പോൾ എന്താണ് ഇടക്കിടയ്ക്ക് ഇങ്ങനെ വരുന്നത്…?

സംശയത്തോടെ സുഗന്ധി സതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…

” സാധാരണ വരാറുണ്ടായിരുന്നില്ല ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്, ന്യൂസ് പിടിക്കാൻ വേണ്ടി ആയിരിക്കും, തള്ള പറഞ്ഞു വിട്ടതാ…

” സുധിഏട്ടന്റെ ജോലി പോയ കാര്യം ഒന്നും അമ്മ പറയേണ്ടിയിരുന്നില്ല. അവർക്ക് സന്തോഷിക്കാൻ ഇനി അതൊരു വക ആകുമല്ലോ,

“അവൻ എല്ലാം അറിഞ്ഞിട്ട് തന്നെയാടി വന്നത്… ന്യൂസ് പിടിക്കാൻ വേണ്ടി വന്നതാ. അതുകൊണ്ടല്ലേ എന്നാ പോകുന്നത് എന്നൊക്കെ ചോദിച്ചത്… നമ്മൾ പറഞ്ഞില്ലെങ്കിലും നാട്ടുകാർക്കൊക്കെ ഈ കാര്യങ്ങൾ അറിയാല്ലോ,

” എങ്കിലും അവനെ ഇതുവരെ വരാതെ ഇടക്കിടെ ഇവിടെ വരുന്നത് എന്താണെന്ന് ഒന്ന് തിരക്കണം…

സംശയത്തോടെ സുഗന്ധി പറഞ്ഞപ്പോൾ അതിൽ കാര്യമുണ്ടെന്ന് സതിക്കും തോന്നി… കുറെ കാലങ്ങളായി പിണക്കത്തിൽ ആയിരുന്നവരാണ്, മാത്രമല്ല അങ്ങനെ ഇങ്ങനെ അവൻ ഇവിടെ വന്നിട്ടില്ല, നല്ല സ്നേഹമുള്ള കാലത്ത് പോലും ഇവിടെ വരുന്ന പതിവ് ഇല്ല. കുടുംബത്തിലെ പരിപാടികളിലോ മറ്റോ കണ്ടാൽ ഒന്ന് ചിരിച്ചെങ്കിൽ ആയി… അല്ലാതെ വലിയ വർത്തമാനമോ കാര്യങ്ങളോ ഒന്നുമില്ല, എന്നാൽ ഇപ്പോൾ ഇടയ്ക്കിടെ അവൻ ഇവിടെ വരികയും വിശേഷങ്ങൾ തിരക്കുകയും ചെയ്യുന്നുണ്ട്. അതിനു പിന്നിലുള്ള കാരണമെന്താണെന്ന് മനസ്സിലാക്കണമെന്ന് അവർക്കും തോന്നിയിരുന്നു..

അന്ന് എന്തുകൊണ്ട് മുറിക്ക് പുറത്തിറങ്ങാൻ മീരയ്ക്ക് തോന്നിയില്ല, കുറെ സമയം ആയിട്ടും അവൾ മുറിക്കുള്ളിൽ കയറിയിരിക്കുന്നത് കണ്ട് സുഗന്ധിയാണ് അവളെ കുറിച്ച് സതിയോട് അന്വേഷിച്ചത്.

” ആർക്കറിയാം ഞാൻ ആ ജന്തുവിന്റെ ഒരു കാര്യവും തിരക്കാറില്ല, മുറിക്കകത്ത് കയറി ഇരിക്കുകയായിരിക്കും, ഇനി പാമ്പ് മാളത്തിൽ നിന്ന് ഇറങ്ങി വരുന്നത് പോലെ അവൻ വരുന്ന സമയമാകുമ്പോൾ ഇറങ്ങിവരും. അന്നേരം ഒരിക്കലുമില്ലാത്ത ഒരു ജോലിയും, അവനെ കാണിക്കാൻ വേണ്ടി, നമ്മളൊക്കെ ഇരുത്തി ജോലി ചെയ്യിപ്പിക്കുകയാണെന്ന്…

” അർജുൻ വന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് അവള് മുറിയിലേക്ക് കയറി പോകുന്നത് കണ്ടത്… പിന്നെ ഇറങ്ങി വന്നിട്ടേയില്ല, എന്തായിരിക്കും കാരണം…?

സുഗന്ധി ചോദിച്ചപ്പോൾ സതിയ്ക്ക് ഒന്നും മനസ്സിലായില്ല. അവർ ആ കാര്യത്തിന് വലിയൊരു ഊന്നൽ നൽകിയിരുന്നില്ല എന്നതാണ് സത്യം.. എന്നാൽ സുഗന്ധിയുടെ മനസ്സിൽ അതൊരു സംശയം ആയി തന്നെ അവശേഷിച്ചു.

ഒരു രണ്ടുമണിയോടെ അടുപ്പിച്ചാണ് സുധി വീട്ടിലേക്ക് തിരിച്ചെത്തിയത്, സാധാരണ അവൻ വരുമ്പോൾ ഒന്നുകിൽ അടുക്കളയിൽ അല്ലെങ്കിൽ ഉമ്മറത്തു അവളെ കാണാവുന്നതാണ്, എന്തെങ്കിലും ജോലികൾ ചെയ്തുകൊണ്ട് നിൽക്കുന്നത് പതിവാണ്. എന്നാൽ ഇന്ന് അവിടെ എങ്ങും കണ്ടില്ല. അവൾ എവിടെയെന്ന് ആരോടും ചോദിക്കാനുള്ള ധൈര്യവും അവന് ഉണ്ടായില്ല. ചോദിച്ചാലും പരിഹാസരൂപേണെയുള്ള മറുപടി അല്ലാതെ വ്യക്തമായ ഒരു മറുപടി ലഭിക്കില്ല എന്നുള്ളത് കൊണ്ട് തന്നെ അവൻ നേരെ മുറിയിലേക്ക് ചെന്നപ്പോൾ കട്ടിലിൽ പുറം തിരിഞ്ഞു കിടക്കുകയാണ് അവൾ. സാധാരണ ഈ സമയത്ത് ഒരു കിടപ്പില്ല. അതുകൊണ്ടു തന്നെ അവന് ആധി കയറി. അവൾക്കിനി എന്തെങ്കിലും പനിയോ വയാഴ്കയോ ആണെന്ന് ഓർത്താണ് അവൻ അവൾക്ക് അരികിലേക്ക് ഇരുന്ന് തോളിൽ പിടിച്ചത്, അവൾ തിരിഞ്ഞു നോക്കിയതും കരഞ്ഞു ചുവന്ന മുഖമാണ് കാണാൻ സാധിക്കുന്നത്. കണ്ണുകളൊക്കെ കലങ്ങി വല്ലാതെ വേദനിച്ചിരിക്കുന്നു, ഒരു വേള അവന്റെ ഹൃദയം പൊടിഞ്ഞു പോയി… എന്താണ് അവൾക്ക് സംഭവിച്ചത്.? ഇത്രമാത്രം വേദനിക്കാനും വേണ്ടി എന്താണ് താൻ ഇവിടെ ഇല്ലാതെ പോയ സമയങ്ങളിൽ അവൾക്ക് ഉണ്ടായത്.? അമ്മയോ സുഗന്ധിയോ എന്തെങ്കിലും പറഞ്ഞ് അവളെ വേദനിപ്പിച്ചത് ആയിരിക്കുമെന്ന് അവന് തോന്നിയിരുന്നു.

” എന്തുപറ്റി തനിക്ക്? താൻ എന്തിനാ കരഞ്ഞത്..?

ആവലാതിയോടെ അവളുടെ അഴിഞ്ഞു കിടന്ന തലമുടി ഇഴകളിൽ തഴുകി അത് പിന്നോട്ട് മാടി ഒതുക്കി വച്ചുകൊണ്ട് അവൻ ചോദിച്ചു…

ഇനിയും അവനോട് ഒന്നും ഒളിച്ചുവയ്ക്കാൻ അവൾക്കും കഴിയില്ലായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. കുറച്ച് സമയം ഒന്നും പറയാതെ അവനെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു.. കാര്യം എന്താണെന്ന് ആ നിമിഷം സുധി ചോദിച്ചില്ല. അവൾ കരഞ്ഞു തീർക്കട്ടെ എന്ന് അവൻ കരുതി. അത്രത്തോളം അവളെ വേദന അലട്ടുന്നുണ്ടെന്ന് അവനു മനസ്സിലാക്കാൻ സാധിച്ചിരുന്നു. കഴിവതും വേദനകൾ ഒന്നും തന്നെ അറിയിക്കാതിരിക്കുന്നവളാണ്. ഇതിപ്പോൾ താങ്ങാവുന്നതിലും അധികമായതുകൊണ്ടാണ് അവൾ തന്റെ നെഞ്ചിൽ അഭയം പ്രാപിച്ചത്. അത് നന്നായി അവന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ തലമുടികളിൽ അവൻ തഴുകിക്കൊണ്ടിരുന്നു. അവൾക്ക് ഒരു ആശ്വാസം എന്നതുപോലെ കുറച്ചു കഴിഞ്ഞ് എന്താണെന്ന് അവൻ വീണ്ടും ചോദിച്ചപ്പോൾ വിങ്ങലോടെ ഏങ്ങല്ലടിയുടെ ആവരണത്തോടെയും അർജുൻ വന്നതും നടന്നതുമായ കാര്യങ്ങൾ എല്ലാം അവനോട് അവൾ പറഞ്ഞു. എല്ലാം കേട്ടപ്പോൾ അവന് ദേഷ്യമാണ് വന്നത്..

ഇത്രയും തരംതാണ ഒരുവനെ ആണോ വീട്ടിൽ കയറ്റിയത് എന്ന് ആ നിമിഷം അവൻ ചിന്തിച്ചു. തന്റെ ഭാര്യയാണ് അവൾ എന്ന് അവന് അറിയാം അതുകൊണ്ടു തന്നെയാണ് അടിക്കടി അവൻ വീട്ടിലേക്ക് വരുന്നത് എന്ന് വ്യക്തമായി തന്നെ സുധിയ്ക്ക് അറിയാമായിരുന്നു… മീരേ കാണുക എന്നതാണ് അവന്റെ ഉദ്ദേശം എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവന്റെ വരവിനെ എതിർക്കാതിരുന്നത്. അത് തനിക്കൊരു ദോഷവും ചെയ്യില്ല എന്നതുകൊണ്ട് മാത്രമല്ല അവന്റെ വരവ് കൊണ്ട് മീരയിൽ ഒരു മാറ്റങ്ങളും ഉണ്ടാക്കാൻ സാധിക്കില്ല എന്നതുകൊണ്ടും കൂടിയാണ്. എന്നാൽ ഇനി ഇതിങ്ങനെ വിട്ടുകൊടുക്കാൻ സാധിക്കില്ല. തന്റെ വീട്ടിൽ വന്നു തന്റെ പെണ്ണിനോട് അനാവശ്യം പറഞ്ഞവനോട് ക്ഷമിക്കാൻ സുധി തയ്യാറായിരുന്നില്ല. മീരയോടൊന്നും പറയാതെ അവൻ മുറിക്ക് പുറത്തിറങ്ങി. ഒരുവേള മീരയ്ക്ക് ഒരു ഭയം തോന്നി.. അവൾ പിന്നാലെ ഓടിച്ചെന്നപ്പോഴേക്കും അവൻ ഉമ്മറത്ത് എത്തി,ബൈക്ക് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button