കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 118
രചന: റിൻസി പ്രിൻസ്
അവന്റെ വരവ് കൊണ്ട് മീരയിൽ ഒരു മാറ്റങ്ങളും ഉണ്ടാക്കാൻ സാധിക്കില്ല എന്നതുകൊണ്ടും കൂടിയാണ്. എന്നാൽ ഇനി ഇതിങ്ങനെ വിട്ടുകൊടുക്കാൻ സാധിക്കില്ല. തന്റെ വീട്ടിൽ വന്നു തന്റെ പെണ്ണിനോട് അനാവശ്യം പറഞ്ഞവനോട് ക്ഷമിക്കാൻ സുധി തയ്യാറായിരുന്നില്ല. മീരയോടൊന്നും പറയാതെ അവൻ മുറിക്ക് പുറത്തിറങ്ങി. ഒരുവേള മീരയ്ക്ക് ഒരു ഭയം തോന്നി.. അവൾ പിന്നാലെ ഓടിച്ചെന്നപ്പോഴേക്കും അവൻ ഉമ്മറത്ത് എത്തി,ബൈക്ക് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു
എന്തെങ്കിലും ഒന്ന് പറഞ്ഞു തുടങ്ങുന്നതിനു മുൻപേ തന്നെ സുധി പോയപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു. അവൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയാത്ത ഒരു ഭയം.
സുധിയുടെ വണ്ടി നേരെ ചെന്നത് ചെറിയച്ഛന്റെ വീട്ടിനു മുൻപിൽ ആണ്. പതിവില്ലാതെ അവനെ അവിടെ കണ്ടതും അയാൾ വലിയ സന്തോഷത്തോടെ ഇറങ്ങി വന്നു,
” ആരാ ഇത് സുധിയോ..? നിന്നെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ. നീ വന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. ഇങ്ങോട്ട് സാധാരണ വരാറില്ലല്ലോ. അതുകൊണ്ട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“നീ അകത്തേക്ക് വാ കയറിയിരിക്ക്
ചെറിയച്ഛൻ പറഞ്ഞു.
അപ്പോഴേക്കും അകത്തു നിന്നും ചെറിയമ്മയും ഇറങ്ങി വന്നിരുന്നു.
” ഇതാരാ സുധിയോ..? നീ നാട്ടിൽ തിരിച്ചുവന്നുന്നോ.? നിന്റെ ജോലി പോയെന്നോ ഒക്കെ ആരോ പറയുന്നത് കേട്ടു,
അല്പം കൊള്ളിച്ചു അവര് പറഞ്ഞപ്പോൾ അവരെ ചെറിയച്ചൻ രൂക്ഷമായി ഒന്ന് നോക്കിയിരുന്നു. അത് കാണാതെ ഇരിക്കാൻ സുധിയുടെ മുഖത്തേക്ക് നോക്കിയാണ് അവർ സംസാരിച്ചത്.
” അർജുൻ ഇവിടെയുണ്ടോ..?
അവന്റെ ആദ്യത്തെ ചോദ്യം അതായിരുന്നു. അവന്റെ മുഖത്ത് പതിവില്ലാത്ത ഗൗരവവും ദേഷ്യവും ഒക്കെ ചെറിയച്ചൻ ശ്രദ്ധിച്ചിരുന്നു.
“ഉണ്ട് മുറിയിൽ ഉണ്ട് ഞാൻ വിളിക്കാം, എന്തുപറ്റി? നീ എന്താ അവനെ തിരക്കുന്നത്..?
” ഒരു ആവശ്യമുണ്ട്
“ഇങ്ങോട്ട് വിളിക്കൂ
അതും പറഞ്ഞ് ആരോടും ഒന്നും മിണ്ടാതെ അവൻ കസേരയിലേക്ക് ഇരുന്നപ്പോൾ അവന്റെ മട്ടും ഭാവവും ശരിയല്ല എന്ന് ചെറിയച്ഛന് തോന്നിയിരുന്നു.. അതേസമയം അവന്റെ ഈയൊരു രീതികൾ കണ്ട് ദേഷ്യമാണ് ചെറിയമ്മയ്ക്ക് തോന്നിയത്. തന്റെ ഭർത്താവിനോട് മകനെ വിളിക്കാൻ അവൻ കൽപ്പിക്കുന്നത് പോലെയാണ് അവർക്ക് തോന്നിയത്… അതുകൊണ്ടു തന്നെ അവരുടെ മുഖത്ത് നീരസം നിറഞ്ഞിരുന്നു. എന്നാൽ പ്രശ്നമെന്തോ ഗുരുതരമുള്ളതാണെന്ന് മനസ്സിലാക്കിയ ചെറിയച്ഛൻ ഉടനെ തന്നെ അർജുനെ വിളിച്ചിരുന്നു..
അവൻ ഇറങ്ങി വരുമ്പോൾ തന്നെ സുധിയെ കണ്ടു. ഒരു നിമിഷം അർജുൻ ഒന്ന് ഭയന്നു.
മീര അവനോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ എന്ന്. സുധിയുടെ ഇരിപ്പ് കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് അർജുന് തോന്നിയിരുന്നു. അർജുൻ ഇറങ്ങി വന്നതും സംശയപൂർവ്വം സുധിയെ ഒന്ന് നോക്കി. കസേരയിൽ നിന്നും എഴുന്നേറ്റ സുധി നേരെ ചെന്ന് കൈവീശി അവന്റെ രണ്ട് കവിളിലും മാറിമാറി പ്രഹരിച്ചു.
ഒരു നിമിഷം ചെറിയമ്മ വായിൽ കൈവച്ചു പോയിരുന്നു. ചെറിയച്ഛനും നല്ല ദേഷ്യം വന്നു
രൂക്ഷമായി സുധിയുടെ മുഖത്തേക്ക് അയാൾ നോക്കി….
“സുധി നീ എന്ത് ആണ് ഈ ചെയ്യുന്നത്..? ദേഷ്യത്തോടെ തന്നെ അയാൾ ചോദിച്ചു..
” ഈ ചെയ്തത് എന്തിനാണെന്ന് നന്നായിട്ട് ഇവന് അറിയാം. ഇല്ലെങ്കിൽ ഇവൻ എന്നെ തിരിച്ചടിക്കട്ടെ…
അവന്റെ മുഖത്തേക്ക് നോക്കി സുധി അത് പറഞ്ഞപ്പോൾ തല കുമ്പിട്ട് നിൽക്കുകയായിരുന്നു അർജുൻ..
ദേഷ്യത്തോടെ ചെറിയമ്മ സുധിയുടെ നേരെ ചീറി
” എന്റെ വീട്ടിൽ വന്ന് എന്റെ കുഞ്ഞിനെ അടിക്കാൻ നിനക്ക് ആരാടാ അധികാരം തന്നത്.? നീ എന്തിനാ ഇപ്പോൾ എന്റെ മോനെ ഉപദ്രവിച്ചത്..?
” മക്കളെ ചൊല്ലും ചോറും കൊടുത്തു വളർത്തണം എന്നാണ് പറയാറുള്ളത്. നിങ്ങൾ അത് ചെയ്തിട്ടില്ലെന്ന് നല്ല വൃത്തിക്ക് എനിക്ക് മനസ്സിലായി. അല്ലേൽ അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ പറ്റുമായിരുന്നെങ്കിൽ ഇവൻ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു…
” എന്റെ വീട്ടിൽ വന്ന് അതിക്രമം കാണിച്ചതും പോരാ എന്നെയും എന്റെ മക്കളെയും കുറ്റം പറയുകയും കൂടി ചെയ്യുകയാണോ നീ..?
ദേഷ്യത്തോടെ ചെറിയമ്മ ചോദിച്ചു.
” നിങ്ങൾക്കറിയാമോ അറിയില്ലയോ എന്ന് എനിക്കറിയില്ല. ഒരു ഒന്നൊന്നര വർഷത്തിനു മുൻപ് ഇവനൊരു പ്രണയബന്ധം ഉണ്ടായിരുന്നു.
ചെറിയച്ഛനും ചെറിയമ്മയും പരസ്പരം മുഖത്തേക്ക് നോക്കി. അർജുനും ഭയന്നു നിൽക്കുകയാണ്. അവൻ എല്ലാം തുറന്നു പറയാൻ പോവുകയാണ് എന്ന് അർജുൻ മനസ്സിലായി.
” അത് മറ്റാരുമായിരുന്നില്ല ഞാൻ വിവാഹം കഴിച്ച മീരയായിരുന്നു. അവൾ എന്നോട് പറഞ്ഞ വിവരങ്ങൾ അനുസരിച്ച് ഈ ബന്ധത്തെക്കുറിച്ച് അവൻ ഈ വീട്ടിൽ സംസാരിച്ചിട്ടുണ്ട്. മൂന്നു പെൺകുട്ടികൾ മാത്രമുള്ള ഒരു വീട്ടിൽ നിന്നും വിവാഹം കഴിക്കുന്നത് ബാധ്യതയാണെന്ന് പറഞ്ഞു നിങ്ങളാണ് ആ ബന്ധത്തിന് സമ്മതിക്കാതിരുന്നത്.
ആ ദിവസത്തെക്കുറിച്ച് ഒരു നിമിഷം അവർ രണ്ടുപേരും ഓർമിച്ചിരുന്നു. താൻ ഒരാളാണ് ഈ വിവാഹത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് പറഞ്ഞത് എന്ന് ആ നിമിഷം ചെറിയമ്മ ഓർമ്മിച്ചു. അത് മീരയായിരുന്നോ എന്ന് ഒരു നിമിഷം അവർ ഓർത്തു. സുധിയുടെ ഭാര്യയെ കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന് ഒരിക്കൽ അർജുൻ തന്നോട് ചോദിച്ചതിനെക്കുറിച്ചും ആ നിമിഷം അവർ ഓർമ്മിച്ചു. അത്ഭുതത്തോടെ മകന്റെ മുഖത്തേക്ക് ആ മാതാപിതാക്കൾ തുറിച്ച് നോക്കി
” അച്ഛനെയും അമ്മയേയും വേദനിപ്പിച്ച് അവളെ കല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഗുഡ്ബൈ പറഞ്ഞാണ് ഇവൻ പോകുന്നത്. അതുവരെ ഇവന്റെ ഭാഗത്ത് ശരി ഉണ്ടായിരുന്നു. ജനിപ്പിച്ച തന്തയേയും തള്ളയേയും വിഷമിപ്പിച്ച് ഒരു ജീവിതം തുടങ്ങുന്നത് ശരിയായ കാര്യം അല്ലല്ലോ. അതുവരെ ഇവനോട് എനിക്കൊരു ബഹുമാനം ഉണ്ടായിരുന്നു. കാരണം ഇവൻ നിങ്ങളുടെ ഒറ്റ മകനാണ് അപ്പോൾ നിങ്ങളെ വേദനിപ്പിച്ച് ഇവനൊരു ജീവിതം തെരഞ്ഞെടുക്കാൻ പാടില്ല. അതുകഴിഞ്ഞ് ഇവൻ അവളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അല്പം വിഷമത്തോടെയാണെങ്കിലും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൾ എന്നെ കല്യാണം കഴിച്ചു. അവൾ നല്ല കൊച്ചു ആയതുകൊണ്ട് കല്യാണത്തിന് മുമ്പ് തന്നെ എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഒരു വിവാഹത്തിന് അവൾ തയ്യാറല്ലെന്നും പറഞ്ഞു. ഞാൻ തന്നെയാണ് അവൾക്ക് ഒരു വർഷത്തെ കാലാവധി കൊടുത്തത് ഇവനെ മറക്കാൻ അല്ല എന്നെ ഉൾക്കൊള്ളാൻ വേണ്ടി. ആ സാഹചര്യം കൊണ്ട് ഇവനെ മറക്കാൻ അവൾക്ക് സാധിച്ചു. കല്യാണം കഴിഞ്ഞ് അവളുടെ മനസ്സിൽ ഇവൻ ഉണ്ടായിരുന്നില്ല. അവിചാരിതമായിട്ട് ഇവൻ അവളെ കണ്ടു എന്റെ വീട്ടിൽ വച്ച്. അപ്പോൾ അവന്റെ മനസ്സിൽ വീണ്ടും അവളോട് പഴയ പ്രേമം മുളപൊട്ടി. പക്ഷേ കെട്ടി കൂടെ പൊറുപ്പിക്കാൻ അല്ല അപ്പോൾ ഉദ്ദേശം എന്താണെന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ, അത് ചെറിയച്ഛനോട് പറയാൻ എനിക്ക് ഇത്തിരി ബുദ്ധിമുട്ടുണ്ട്. സുധി അത് പറഞ്ഞപ്പോൾ രൂക്ഷമായി ചെറിയച്ഛൻ അർജുന്റെ മുഖത്തേക്ക് നോക്കി…
” ഇപ്പോൾ മോന്റെ അടവുകളൊക്കെ മാറി. ഭീഷണിയുടെ സ്വരം ആയി. രണ്ടുമൂന്നുവട്ടം അവളെ കാണാൻ വേണ്ടി മാത്രം ഇവൻ വീട്ടിൽ വന്നു. അതൊക്കെ അവളെന്നോട് പറഞ്ഞിരുന്നു. എന്നിട്ടും ഞാൻ അതൊക്കെ വലിയ കാര്യമാക്കാതെ വിടുകയായിരുന്നു. അതിന്റെ കാരണം ഇവനാണ് അപ്പുറത്ത് നിൽക്കുന്നത് എന്നതുകൊണ്ട്. വെറുതെ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി. എന്നാൽ ഇന്ന് എല്ലാ പരിധികളും നിങ്ങളുടെ മകൻ ലംഘിച്ചു. അവൻ എന്റെ ഭാര്യയേ കിടപ്പറയിലേക്ക് ക്ഷണിച്ചിരിക്കുന്നു. അവൻ പറഞ്ഞതുപോലെ കേട്ടില്ലെങ്കിൽ എന്റെ വീട്ടിലുള്ള എല്ലാവരോടും അവളും ഇവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുമെന്ന്, അത് പറയാതിരിക്കാൻ ഒരു കണ്ടീഷൻ ഉണ്ട്. എന്നെ തിരിച്ച് ഗൾഫിലേക്ക് വിട്ടതിനു ശേഷം പഴയ പ്രണയം എല്ലാ അർത്ഥത്തിലും ചെറിയച്ഛൻ ശ്രദ്ധിച്ചു കേൾക്കണം “എല്ലാ അർത്ഥത്തിലും” തുടരണം.
സുധി അത് പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും മുൻപിൽ ചെറുതായി പോകുന്നതു പോലെ അർജുന് തോന്നി…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…