കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 120
രചന: റിൻസി പ്രിൻസ്
കുറച്ചു ദിവസമായിട്ട് ടെൻഷനും കാര്യങ്ങളൊക്കെ ആയതുകൊണ്ട് എന്റെ കൊച്ചിനെ വേണ്ടവിധത്തിൽ ഒന്ന് കാണാൻ പറ്റിയില്ല. പ്രശ്നങ്ങളൊക്കെ ഒതുങ്ങട്ടെ. നന്നായെന്ന് കാണുന്നുണ്ട്..
അവളെ ഒന്ന് അടിമുടി നോക്കി മീശ പിരിച്ച് ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ പെട്ടെന്ന് അവളിൽ നാണത്തിന്റെ അലയൊലികൾ മൊട്ടിട്ടിരുന്നു
പിറ്റേദിവസം മുതൽ മീര പഠിക്കാൻ പോകാൻ തുടങ്ങിയിരുന്നു.. വിനോദ് ശരിയാക്കിത്തന്ന ഒരു ചെറിയ ജോലിയുടെ പിറകെ ആയിരുന്നു സുധിയും. ഒരുപാട് മിച്ചം പിടിക്കാൻ ഒന്നും സാധിക്കുന്നുണ്ടായിരുന്നില്ല എങ്കിലും മീരയുടെ ഈ പഠന ചെലവുകളും വീട്ടിലെ ചെയ്യാൻ പറ്റുന്ന രീതിയിലുള്ള സഹായങ്ങളും ഒക്കെയായി സുധി മുൻപോട്ട് പോയിരുന്നു ഇതിനിടയിൽ വീട്ടുകാർക്കിടയിൽ നിന്നും വലിയ തോതിൽ തന്നെ മുറുമുറിപ്പുകൾ ഉയരുന്നുണ്ടായിരുന്നു. സുധിയും സതിയും തമ്മിലുള്ള സംസാരം നന്നേ കുറഞ്ഞു എന്ന് പറയുന്നതാണ് സത്യം. പരസ്പരം കണ്ടാൽ മിണ്ടുക പോലും ചെയ്യാത്ത ഒരു അവസ്ഥയിലേക്ക് ഇരുവരും എത്തിക്കഴിഞ്ഞിരുന്നു. അത് വല്ലാതെ തന്നെ വേദനിപ്പിച്ചിട്ടുണ്ടായിരുന്നു സുധിയേ എങ്കിലും സതിയ്ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെയുള്ള സുഗന്ധിയുടെ വരവ് നിന്നു.
ശ്രീജിത്ത് വീട്ടിൽ അധികമാരോടും മിണ്ടാറില്ല. വീട്ടിലെക്കുള്ള സാധനങ്ങൾ കൊണ്ട് കൊടുക്കുകയല്ലാതെ ചിലവിനുള്ള കാശ് ഒന്നും തന്നെ അവൻ നൽകുകയുമില്ല. വല്ലപ്പോഴും മീനോ ഇറച്ചിയോ വാങ്ങാൻ രമ്യ പണം കൊടുത്താൽ ആയി. വീട്ടിൽ ശരിക്കും ബുദ്ധിമുട്ടുകൾ അറിഞ്ഞു തുടങ്ങുകയായിരുന്നു സതി. സതിയ്ക്ക് ശ്രീജിത്തിനോട് ഒന്നും ചോദിക്കാനും സാധിക്കാത്ത ഒരു അവസ്ഥ.
എങ്കിലും സുധി മീരയുടെ കയ്യിൽ അമ്മയ്ക്കുള്ള കുറച്ചു പണം ഏൽപ്പിക്കുന്നുണ്ടായിരുന്നു. മീര അത് അവർക്ക് കൊടുക്കും. അഭിമാനത്തിന്റെ പേരിലാണെങ്കിലും അത് വാങ്ങാതിരിക്കാൻ അവർക്ക് തോന്നിയിരുന്നില്ല. കാരണം ഇന്നുവരെ അവർക്കുള്ള മരുന്നിന്റെ ചിലവുകളും മറ്റും ശ്രീജിത്ത് ചോദിക്കുകയോ അതിനുള്ള പണം കൊടുക്കുകയോ ചെയ്തില്ല. പണം അങ്ങോട്ട് ചോദിക്കുകയാണെങ്കിൽ തന്നെ ഒരു 100 ദാരിദ്ര്യം കേൾക്കേണ്ട അവസ്ഥയായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. ഇതിനിടയിൽ പലതവണ ശ്രീലക്ഷ്മി വിളിച്ചു. ഹോസ്റ്റലിൽ വലിയ ബുദ്ധിമുട്ടാണ് അവിടെ നിന്നും ഹോസ്റ്റൽ ഫുഡ് ഇല്ല പുറത്ത് നിന്ന് വാങ്ങാൻ പണം തികയുന്നില്ല എന്ന് പറഞ്ഞു.
സുധി എങ്ങനെയൊക്കെയോ കുറച്ചു പണം പലിശയ്ക്ക് എടുത്തതാണ് ശ്രീലക്ഷ്മിക്ക് അയച്ചു കൊടുത്തത്. ശ്രീലക്ഷ്മി വിളിച്ചു എന്ന് പറഞ്ഞിട്ടും ശ്രീജിത്തിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. അവൾക്ക് തുടർന്ന് പഠിക്കുവാനുള്ള പണം താൻ ഉണ്ടാക്കി കൊടുക്കാമെന്നാണ് പറഞ്ഞത് എന്നും അവിടെ അടിച്ചുപൊളിക്കാനുള്ള പണം ഒന്നും കൊടുക്കാൻ തന്റെ കയ്യിൽ ഇല്ല എന്നും പറഞ്ഞ് അവൻ ഒഴിഞ്ഞു. എന്നാൽ സുധിയ്ക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല ഇതൊന്നും. സ്വന്തം മോളെ പോലെ നോക്കിയ കുട്ടിയാണ്. അവൾ വേദനിക്കുന്നു, അവിടെ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു എന്ന് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മീര പോലും അറിയാതെയാണ് കുറച്ചു പണം പലിശയ്ക്ക് എടുത്തു കൊടുത്തത്. അറിഞ്ഞാൽ മീര ഒന്നും പറയില്ലെങ്കിൽ പോലും അത് മീരയോട് പറയാൻ അവന് തോന്നിയില്ല. അവൾക്ക് ഇഷ്ടക്കുറവ് ഒന്നും ഉണ്ടാവില്ല. ശ്രീലക്ഷ്മിയേ അവൾക്കും വലിയ ഇഷ്ടമാണ്. എങ്കിലും തന്റെ കടമയാണ് ചെയ്യുന്നത് അത് പ്രത്യേകിച്ച് അവളോട് പറയേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നിയില്ല. ശ്രീലക്ഷ്മിയോടും പറഞ്ഞിരുന്നു താൻ പണം തന്ന കാര്യം ആരോടും പറയണ്ട എന്ന്. തന്നെ എല്ലാവരും ഇത്രത്തോളം അകറ്റി നിർത്തിയിട്ടും തനിക്ക് അവരോട് ഇപ്പോഴും മായിക്കാൻ കഴിയാത്ത ഒരു ബന്ധമുണ്ട് എന്ന് അവൻ ഓർത്തു..
ഇതിനിടയിൽ വീടിന്റെ അരികിൽ നിന്നും കുറച്ച് മാറി ഒരു വീട് വിനോദ് കൊണ്ട് കാണിച്ചിരുന്നു. ഒരു മുറിയും ഒരു ഡൈനിങ് റൂമും അടുക്കളയും ബാത്റൂമും സിറ്റൗട്ടും ചേർന്ന ഒരു കുഞ്ഞു വീടാണ്. മാസം 5000 രൂപ വാടക. വിനോദിനെ പരിചയമുള്ളതുകൊണ്ടു തന്നെ സെക്യൂരിറ്റി കാശ് ഒന്നും വേണ്ട എന്ന് അവർ പറഞ്ഞു. എങ്കിലും വീട്ടിലെ സാധനങ്ങൾ വാങ്ങണം. എന്ത് ചെയ്യും എന്ന് ആലോചിച്ചിരുന്നപ്പോഴാണ് ബാങ്കിലുള്ള പൈസയെ കുറിച്ച് മീര പറഞ്ഞത്. കുറച്ചു സാധനങ്ങൾ വാങ്ങാമെന്ന് വിചാരിച്ചു. അതോടൊപ്പം അവളുടെ കുറച്ച് ആഭരണങ്ങൾ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാം എന്ന് കൂടി പറഞ്ഞപ്പോൾ അത്യാവശ്യഘട്ടത്തിൽ അതല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന് സുധിയ്ക്കും തോന്നി. കൂടുതൽ കടം ഉണ്ടാക്കുന്നതിലും നല്ലത് അത് തന്നെയാണ്.
ശ്രീജിത്ത് പറഞ്ഞ ഒരു മാസം അവസാനിക്കാറായപ്പോൾ മാത്രം ഒരിക്കൽ അവനെ കണ്ട് നാളെയാണ് പണം തരാമെന്ന് പറഞ്ഞ ദിവസം എന്ന് സുധി ഓർമിപ്പിച്ചു. തനിക്ക് നല്ല ഓർമ്മയുണ്ടെന്ന് പറഞ്ഞ് അവൻ സുധിയെ ഗൗനിക്കാതെ പുറത്തേക്കിറങ്ങിപ്പോയി. അത് സുധിയിൽ വല്ലാത്ത വേദന ഉണ്ടാക്കി.
പണം വാങ്ങുന്ന ദിവസം എന്തുവന്നാലും താനും സുധിയ്ക്ക് ഒപ്പം ഉണ്ടാകുമെന്ന് വിനോദ് പറഞ്ഞു. വെറുതെ പ്രശ്നത്തിന് നിൽക്കരുത് എന്ന് ഒരു താക്കീത് വിനോദിന് നൽകിയിരുന്നു സുധി. എങ്കിലും അവൻ എന്തെങ്കിലും ഒക്കെ ശ്രീജത്തിനേ പറയുമെന്ന് ഉറപ്പായിരുന്നു.
പിറ്റേദിവസം അമ്മാവൻ അടക്കമുള്ളവർ എത്തിയിരുന്നു. സുഗന്ധിയും അജയനും എല്ലാം എത്തിയിട്ടുണ്ട്. മീര ഇന്നലെ തന്നെ സുധിയുടെയും മീരയുടെയും തുണികളും അത്യാവശ്യ സാധനങ്ങളും ഒക്കെ പാക്ക് ചെയ്തു വച്ചിരുന്നു. അതെല്ലാം സുധിയുടെ നിർദ്ദേശപ്രകാരം തന്നെ ചെയ്തതാണ്. പണം വാങ്ങിയാൽ ഒരു നിമിഷം പോലും വീട്ടിൽ നിൽക്കാൻ പാടില്ല എന്ന് സുധി പറഞ്ഞിരുന്നു. കാരണമത്രത്തോളം അവഗണനയാണ് ഒരു മാസത്തോളം താനീ വീട്ടിൽ അനുഭവിച്ചത്. ഒരു മാസം തനിക്ക് ജോലിയില്ലാതെ വന്നപ്പോൾ തന്നോട് ആരും സംസാരിക്കുന്നില്ല തനിക്ക് തരുന്ന ഭക്ഷണത്തിന് കണക്ക് അത്രത്തോളം അവൻ വേദനിച്ചിരുന്നു. അതുകൊണ്ടു തന്നെ എല്ലാം തയ്യാറാക്കിയാണ് വച്ചത്. അവൻ വാങ്ങിയിട്ട കട്ടിലോ കസേരകളോ ഒന്നും തന്നെ ആ വീട്ടിൽ നിന്നും എടുക്കാൻ അവൻ തയ്യാറായില്ല. അങ്ങനെ നോക്കുകയാണെങ്കിൽ വീട്ടിലെ സാധനങ്ങൾ മുഴുവൻ സുധി എടുത്തു കൊണ്ടു പോകേണ്ടി വരും. കാരണം എല്ലാം വാങ്ങിയത് അവനാണ്.
“ഏട്ടന് തരാനുള്ള 10 ലക്ഷം രൂപ ദാ…
സുധിയുടെ അടുത്തേക്ക് 10 ലക്ഷം രൂപ നിറഞ്ഞ ബാഗ് നീക്കിവെച്ചുകൊണ്ട് ശ്രീജിത്ത് പറഞ്ഞു
” ഇനി ഈ മുദ്രപത്രത്തിൽ ഒപ്പിട്ടു തരണം..
” ഒപ്പിടാൻ പറ്റില്ല..!
മറുപടി പറഞ്ഞത് വിനോദാണ്. മനസ്സിലാവാതെ ശ്രീജിത്ത് അവനെ നോക്കി..
“അതു പറയാൻ നിങ്ങളാരാ..?
” ഞാനാരും ആയിക്കൊള്ളട്ടെ, അവന് കുട്ടിക്കാലം മുതലേ ഈ വീടിനു വേണ്ടി കിടന്ന് കഷ്ടപ്പെട്ടത് എനിക്കറിയാം. ഒരു 5 ലക്ഷം രൂപ കൊടുത്ത് നീ അവനെ ഇവിടുന്ന് നൈസായിട്ട് ഒഴിവാക്കുമ്പോൾ അത് അങ്ങനെ നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല. അപ്പൊൾ പിന്നെ ഞാൻ ഇവന്റെ കൂട്ടുകാരനാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം?
“ഇത് ഞങ്ങളുടെ കുടുംബകാര്യമാ. അത് തീരുമാനിക്കാൻ താനാരാ, 5 ലക്ഷം രൂപയല്ല ഞാൻ 10 ലക്ഷം രൂപയാണ് കൊടുത്തത്..
” അതിൽ അഞ്ചുലക്ഷം സുധിയുടെ പൈസയല്ലേ..? പോയിട്ട് നീ കൊടുക്കുന്നത് 5 ലക്ഷം രൂപ മാത്രമാണ്. ഇതുപോല ഒരു 5 ലക്ഷം രൂപ കൂടി കൊടുക്കണം. അങ്ങനെയാണെങ്കിൽ ഇപ്പോൾ തന്നെ ഒപ്പിടും, ഇല്ലെങ്കിൽ പത്രത്തിൽ ഒരു കാലത്തും ഇടില്ല.
വിനോദ് പറഞ്ഞപ്പോൾ ശ്രീജിത്തിന് ദേഷ്യം തോന്നിയിരുന്നു.
” ഇയാളാണോ ഏട്ടന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്..?
ഈ കാര്യത്തിൽ സുധിയേട്ടന് അഭിപ്രായം ഒന്നും പറയാനില്ലേ..?
പ്രതീക്ഷയോടെ ശ്രീജിത്ത് സുധിയുടെ മുഖത്തേക്ക് നോക്കി.. എല്ലാവരും അവന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…