Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 124

രചന: റിൻസി പ്രിൻസ്

“ആഹാ മീരവിടെ വിളക്ക് വയ്ക്കൽ ഒക്കെ കഴിഞ്ഞല്ലോ…

ചെറിയ ചിരിയോടെ അകത്തേക്ക് വന്നുകൊണ്ട് വിനോദ് പറഞ്ഞപ്പോൾ

അവളും ഒന്ന് പുഞ്ചിരിച്ചു കാണിച്ചിരുന്നു..

അകത്തേക്ക് വന്ന സുധിയും ആ വെളിച്ചത്തിലേക്ക് നോക്കിയിരുന്നു. അവന്റെ മുഖത്തും തെളിഞ്ഞ ഒരു പുഞ്ചിരി കാണാൻ സാധിച്ചു.

” ഞാൻ ഏതായാലും പോയിട്ട് ഒരു കവർ പാല് വാങ്ങി കൊണ്ടു വരാം. നമുക്ക് പാലുകാച്ച് ഇപ്പത്തന്നെ നടത്തിയേക്കാം

അതും പറഞ്ഞ് വിനോദ് സാധനങ്ങൾ എല്ലാം ഹോളിലേക്ക് വെച്ചിരുന്നു

” അതിന്റെയൊക്കെ ആവശ്യമുണ്ടോടാ ഇത് നമ്മുടെ സ്വന്തം വീട് ഒന്നുമല്ലല്ലോ.

സുധി ചോദിച്ചു

“സ്വന്തം വീട് ഉണ്ടാക്കാൻ ഉള്ള ഒരു ചിന്ത ഏതൊരു മനുഷ്യനും വരുന്നത് വാടകവീട്ടിൽ നിന്ന് ആണ്. അതെപ്പോ നിനക്ക് മനസ്സിലാവില്ല അടുത്തമാസം മുതൽ കൃത്യമായിട്ട് വാടക കൊടുക്കാൻ തുടങ്ങുമ്പോൾ നിനക്ക് തോന്നും ഈ വാടക കൊടുക്കുന്ന പൈസ മതിയല്ലോ നമുക്ക് സ്വന്തമായിട്ട് ഒരു വീട് വയ്ക്കാനെന്ന്. എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്നാണെന്ന്.
ഏതായാലും ഞാൻ പോയി പാൽ വാങ്ങി വരാം നിങ്ങളെ അപ്പോഴേക്കും ഇതെല്ലാം ഒന്ന് അറേഞ്ച് ചെയ്യ്

അതും പറഞ്ഞ് വിനോദ് പുറത്തേക്ക് പോയപ്പോൾ സുധിയെ സഹായിക്കാൻ മീരയും കൂടിയിരുന്നു. എല്ലാ സാധനങ്ങളും ഏകദേശം ഒന്ന് ഒതുക്കിയപ്പോഴേക്കും പാലുമായി വിനോദ് എത്തി.

” അയ്യോ ഗ്യാസ് കണക്ഷനും ഒന്നും ഇല്ലല്ലോ പിന്നെങ്ങനെ പാല് തിളപ്പിക്കും

മീര ചോദിച്ചപ്പോഴാണ് ആ കാര്യത്തെക്കുറിച്ച് എല്ലാവരും ഓർമ്മിച്ചത് തന്നെ

” അത് ശരിയാണല്ലോ

സുധിയും പറഞ്ഞു

“അത് സാരമില്ല പാത്രങ്ങൾ വെല്ലോ നിങ്ങടെ കയ്യിലുണ്ടോ

” ആകെ പാടെ അവിടുന്ന് വന്നപ്പോൾ എടുത്തത് ഞങ്ങളുടെ ഡ്രസ്സ് പിന്നെ സർട്ടിഫിക്കറ്റുകളും മാത്രമാണ് അത് മാത്രം എടുത്താൽ മതി എന്ന് സുധിയേട്ടൻ പ്രത്യേകം പറഞ്ഞിരുന്നു

മീര പറഞ്ഞു

” ഈ വേട്ടാവളിയൻ എന്തെങ്കിലും കാര്യം നല്ല രീതിയിൽ ചെയ്തിട്ടുണ്ടോ.? അത് മീരക്കറിയാമല്ലോ അത്യാവശ്യം വേണ്ട സാധനങ്ങൾ എടുക്കേണ്ടതല്ലേ

സുധി നോക്കി വിനോദ് അത് പറഞ്ഞപ്പോൾ അവൻ പോലും അവൻ പോലും ചിരിച്ചു പോയിരുന്നു

“കുറച്ച് അപ്പുറത്ത് ഒരു സൂപ്പർമാർക്കറ്റ് ഉണ്ട് ഞാൻ ഒന്ന് പോയിട്ട് ഇപ്പൊൾ വരാം

അതും പറഞ്ഞ് മറുപടിക്ക് കാക്കാതെ വിനോദ് പുറത്തേക്കിറങ്ങി

സുധി മീരയെ നോക്കി ഒന്ന് പുഞ്ചിരിച്ചു

അവന്റെ മുഖത്തെ നിരാശ കണ്ടപ്പോൾ തന്നെ അവൻ വല്ലാതെ വേദനയിൽ ആണെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു..

” സുധിയേട്ടന് നല്ല വിഷമം ഉണ്ട് അല്ലേ..?

മീര ചോദിച്ചു

“ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും അതുകൊണ്ട് ഇല്ലെന്നു പറയുന്നില്ല. വിഷമം ഉണ്ട് പക്ഷേ ഇത് ചെയ്യുന്നത് തന്നെയാണ് നല്ലത്. ഇല്ലെങ്കിൽ ഇതിൽ കൂടുതൽ വിഷമിക്കേണ്ടി വരും. അമ്മയോടും ശ്രീജിത്തിനോടും ഒക്കെ എന്റെ മനസ്സിൽ ഇപ്പോഴും ഒരു ഇഷ്ടമുണ്ട്. കുറച്ചുനാൾ കൂടി ആ വീട്ടിൽ നിന്നാൽ ആ ഇഷ്ടം കൂടി പോകും. അമ്മ എനിക്ക് ജന്മം നൽകിയ ആളാണ് ശ്രീജിത്ത്‌ എന്റെ സ്വന്തം രക്തമാണ്. അവരെ വെറുക്കുന്ന ഒരു സാഹചര്യം ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആണ് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. അത് എന്തുകൊണ്ടും നന്നായി. താൻ എന്റെ കാര്യം ഓർത്തു സങ്കടപ്പെടേണ്ട. ഇത് ഒരു രണ്ടുദിവസം കഴിയുമ്പോൾ മാറിക്കോളും. സാധാരണ നാട്ടിൽ നിന്ന് ഗൾഫിൽ ചെല്ലുമ്പോഴും ഇങ്ങനെയാണ്. രണ്ടുമൂന്നു ദിവസം എടുക്കും പുതിയ ചുറ്റുപാടുമായിട്ട് എനിക്കൊന്ന് ഇണങ്ങി വരാൻ. ഒന്നിണങ്ങി കിട്ടിക്കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. പക്ഷേ മുഖത്ത് ഇങ്ങനെ പ്രതിഫലിക്കും. അത് അങ്ങനെ ഒരു ശീലമായിപ്പോയി.

മീര അവന്റെ കൈകളിൽ പിടിച്ചു. ശേഷം ആ കവിളിൽ തഴുകി. വിഷമിക്കേണ്ട എല്ലാം ശരിയാകും, അവൻ ചെറിയ ചിരിയോടെ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തുപിടിച്ചു.

” ശ്രീജിത്ത്‌ തന്ന പൈസ എന്താ ചെയ്യേണ്ടത്.? തന്നോട് കൂടി ചോദിച്ചിട്ട് ഒരു തീരുമാനം എടുക്കാമെന്ന് ആണ് കരുതിയത്. സൂപ്പർമാർക്കറ്റിൽ ആൾക്കാരെ എന്താണെങ്കിലും യുകെയിൽ പോയിരിക്കുക ആണ്. അവിടുന്ന് തിരിച്ചു വരാൻ ഒരു വർഷം എടുക്കും എന്നല്ലേ പറഞ്ഞത്. അത് തന്നെ നോക്കിയിരിക്കണോ അതോ മറ്റൊരു ബിസിനസ് തുടങ്ങണമോന്ന് ഞാനിപ്പോൾ ആലോചിക്കുന്നത്.

” വേറെ ബിസിനസ് ഒന്നും തുടങ്ങാൻ നിൽക്കണ്ട. ആ പണം നമുക്ക് ഇന്ന് തന്നെ പോയി ബാങ്കിൽ ഇടണം. എന്ത് പ്രശ്നം വന്നാലും നമുക്ക് ആ പൈസ തൊടരുത്. നമ്മൾ ഇവിടെ പട്ടിണി കിടന്നാൽ പോലും അതിൽ നിന്ന് ഒരു രൂപ പോലും എടുക്കാൻ പാടില്ല.

മീര പറഞ്ഞു

” അത് നടക്കും തോന്നുന്നില്ല. അതിൽ നിന്ന് കുറച്ചു പൈസ എടുക്കേണ്ടിവരും.

” നമുക്കിവിടെ കുറച്ച് സാധനങ്ങൾ ഒക്കെ വേണ്ടേ? ഒന്നുമില്ല എല്ലാം വാങ്ങി വരുമ്പോൾ ഏകദേശം 50000 രൂപയാകും, ഏറ്റവും കുറച്ച് ആണ് ഞാൻ പറഞ്ഞത്. ഒരു കട്ടില് അലമാര വീട്ടുസാധനങ്ങൾ ഗ്യാസ് രണ്ടുമൂന്ന് കസേരകൾ പാത്രങ്ങൾ അങ്ങനെ ചെറിയ രീതിയിൽ എങ്കിലും….

സുധി പറഞ്ഞു

” തൽക്കാലം അതിനുവേണ്ടിയുള്ള പണം നമുക്ക് ബാങ്കിൽ കിടക്കുന്ന എന്റെ അക്കൗണ്ടിൽ നിന്നെടുക്കാം. എന്റെ കണക്ക് ശരിയാണെങ്കിൽ അത് ഏകദേശം ഒരു രണ്ട് രണ്ടര ലക്ഷം രൂപ അടുപ്പിച്ചു കാണും. 25000 രൂപ വച്ച് തരുന്ന പൈസ ഞാൻ അതിൽ ഇട്ടിട്ടുണ്ടായിരുന്നു. എടിഎം കാർഡും എന്റെയിലായിരുന്നല്ലോ. അതുകൊണ്ട് വേറെ ആരും അത് എടുത്തിട്ടില്ല.

അവളുടെ ആ വെളിപ്പെടുത്തൽ അവനിൽ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. ഇത്രയും രൂപ അവൾ സേവ് ചെയ്തിരുന്നോ. ബാങ്കിൽ കുറച്ച് പൈസ കാണും എന്ന് പറഞ്ഞപ്പോൾ പത്തോ ഇരുപത്തയ്യായിരമോ എന്നാണ് കരുതിയത്.

” അപ്പോൾ തനിക്ക് ആവശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലേ..?

അവൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു

” എനിക്ക് പ്രത്യേകിച്ച് എന്താവശ്യം..? ഒരു 3000 രൂപയുടെ ആവശ്യങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ കഴിച്ചിട്ട് ബാക്കിയുള്ള പണം ബാങ്കിൽ ഇട്ടിട്ടുള്ളത് ആണ്. അതിൽ നിന്ന് നമുക്ക് തൽക്കാലത്തേക്കുള്ള സാധനങ്ങൾക്കുള്ള പണം ഒക്കെ എടുക്കാം. എനിക്ക് പോസ്റ്റ് ഓഫീസിൽ ഒരു ചിട്ടി ഉണ്ടായിരുന്നു. പണ്ട് ഞാൻ പറഞ്ഞത് ഓർക്കുന്നില്ലേ..? അതും ഞാൻ ചെറുതായിട്ട് അടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഒരു 50,000 രൂപയ്ക്ക് അടുത്ത് ആയിക്കാണും. എല്ലാം കൂടി നമ്മുക്ക് ഒരു മൂന്നു രൂപ അടുപ്പിച്ച് കാണും. നമുക്ക് ജീവിക്കാൻ തൽക്കാലം അതുപോരെ..?

അവൾ ചോദിച്ചപ്പോൾ അവൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടിയിരുന്നു.

” തന്നെക്കാൾ ഒരുപാട് ദൂരം അവൾ ചിന്തിച്ചിരുന്നു എന്ന് അവന് തോന്നി.

എത്രത്തോളം കാര്യപ്രാപ്തിയിലാണ് അവൾ ഓരോ കാര്യങ്ങളും ചെയ്തിരിക്കുന്നത്. താനെന്തേ ഇങ്ങനെയൊന്നും ചെയ്യാതിരുന്നത്..? ഗൾഫിൽ പോയ കാലം മുതൽ ഒരു 1000 രൂപ വെച്ച് സേവ് ചെയ്തിരുന്നെങ്കിൽ പോലും ഇപ്പോൾ ലക്ഷങ്ങൾ തന്റെ കയ്യിൽ ഉണ്ടായേനെ, ഒരു നിമിഷം അവന് കുറ്റബോധം തോന്നിയിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button