Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 125

രചന: റിൻസി പ്രിൻസ്

എത്രത്തോളം കാര്യപ്രാപ്തിയിലാണ് അവൾ ഓരോ കാര്യങ്ങളും ചെയ്തിരിക്കുന്നത്. താനെന്തേ ഇങ്ങനെയൊന്നും ചെയ്യാതിരുന്നത്..? ഗൾഫിൽ പോയ കാലം മുതൽ ഒരു 1000 രൂപ വെച്ച് സേവ് ചെയ്തിരുന്നെങ്കിൽ പോലും ഇപ്പോൾ ലക്ഷങ്ങൾ തന്റെ കയ്യിൽ ഉണ്ടായേനെ, ഒരു നിമിഷം അവന് കുറ്റബോധം തോന്നിയിരുന്നു.

ആവിശ്യം ഉള്ള സാധനങ്ങളൊക്കെ വാങ്ങുവാൻ വേണ്ടി സുധിയും മീരയും അന്ന് തന്നെ പോയിരുന്നു. ബാങ്കിൽ നിന്നും കുറച്ച് പണം എടുത്തിരുന്നു എങ്കിലും സർവ്വ കാര്യങ്ങളും മീരക്ക് വിട്ടുകൊടുക്കുകയായിരുന്നു സുധി ചെയ്തത്. കാരണം എല്ലാത്തിനും അല്പം പിശുക്കുന്ന സ്വഭാവം അവൾക്കുണ്ട്. അത് മുൻപോട്ടുള്ള തങ്ങളുടെ ജീവിതത്തെ നല്ല രീതിയിൽ ആക്കാൻ സഹായിക്കും എന്ന് സുധിയ്ക്ക് ഉറപ്പായിരുന്നു.
അതുകൊണ്ടു തന്നെ ആ ഒരു ഭാഗം മീരക്ക് തന്നെ വിട്ടുകൊടുക്കുകയായിരുന്നു സുധി ചെയ്തത്.

ഒരുപാട് പണം ചിലവാക്കാതെ ആവശ്യത്തിനുള്ളത് മാത്രമാണ് മീരം സെലക്ട് ചെയ്തത് ഓരോന്നും. അത് സുധിയിലും വലിയ സന്തോഷം തന്നെയാണ് സൃഷ്ടിച്ചത്. അവൻ ആഗ്രഹിച്ചതും അതുതന്നെയായിരുന്നല്ലോ. അത്യാവശ്യത്തിനുള്ള സാധനങ്ങളൊക്കെ വാങ്ങി വന്നപ്പോഴേക്കും ഉദ്ദേശിച്ചതിലും പണം കുറവായിട്ടാണ് വന്നത്. കട്ടിലും മേശയും മെത്തയുമൊക്കെ മികച്ചതാണ് അവൾ തിരഞ്ഞെടുത്തത്. പക്ഷേ എല്ലാം മിതമായ നിരക്കിൽ ഉള്ളതും. ഒരുപക്ഷേ താനായിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ പണം ആകുമായിരുന്നു എന്ന് തോന്നിയിരുന്നു സുധിയ്ക്ക്.

നിർബന്ധിച്ചു തന്നെ ശ്രീജിത്ത് തന്ന പണം അതേപോലെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷത്തേക്ക് ഫിക്സഡ് ഡിപ്പോസിറ്റ് ഇടുവാനും അവൾ തീരുമാനിച്ചിരുന്നു. അതും ചെയ്തിട്ടാണ് അവൾ തിരികെ വീട്ടിലേക്ക് വന്നത്. രണ്ടുപേരും കൂടി തങ്ങൾക്ക് ആകുന്ന വിധത്തിൽ വീടൊക്കെ ഒന്ന് അറേഞ്ച് ചെയ്തിരുന്നു. അന്ന് ഭക്ഷണം ഒന്നും ഉണ്ടാക്കാൻ പറ്റാത്തതു കൊണ്ട് പുറത്തു നിന്നായിരുന്നു ഭക്ഷണം കഴിച്ചത്. കുറച്ച് സാധനം കൂടി അടുക്കി വയ്ക്കുവാനും ക്രമീകരിക്കുവാനും ഉണ്ടായിരുന്നു. വിനോദ് വിളിച്ച് താൻ വരണോ എന്ന് ചോദിച്ചുവെങ്കിലും വേണ്ട എന്നും തങ്ങൾക്ക് പറ്റുന്നതേയുള്ളൂ എന്നും സുധി അറിയിച്ചു. ആരെയും അധികം ബുദ്ധിമുട്ടിക്കേണ്ട എന്നൊരു അവസ്ഥയിലേക്ക് സുധി എത്തിയിരുന്നു എന്നതാണ് സത്യം. രണ്ടുപേരും നന്നേ മടുത്തിരുന്നു. അത്രത്തോളം കാര്യങ്ങൾ ശരിയാക്കാൻ ഉണ്ടായിരുന്നു. ഇനി ഗ്യാസ് കണക്ഷനും പാലും പത്രവും ഒക്കെ രാവിലെ ശരിയാക്കാം എന്നുള്ള തീരുമാനത്തിലെത്തിയാണ് ഉറങ്ങുവാനായി രണ്ടുപേരും കിടന്നത്. നല്ല ക്ഷീണം ഉള്ളതുകൊണ്ടു തന്നെ കിടന്നപ്പോഴേ രണ്ടുപേരും ഉറങ്ങി പോയിരുന്നു.

*

മീര പോയതിന്റെ ബുദ്ധിമുട്ട് ശരിക്കും അറിഞ്ഞു തുടങ്ങുകയായിരുന്നു സതി. അടുക്കളയിൽ രാവിലെ മുതൽ തുടങ്ങിയ ജോലിയാണ്. ഒരു കൈസഹായത്തിന് ആരുമില്ല. രമ്യയാണെങ്കിൽ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല. ഇതിനിടയിൽ മോളുടെ കാര്യം കൂടി സതിയെ ഏൽപ്പിച്ചിരിക്കുകയാണ് രമ്യ. രാവിലെ മോൾക്ക് ഭക്ഷണം കൊടുക്കാൻ വൈകി എന്നതുകൊണ്ട് രമ്യ രാവിലെ തന്നെ മുഖം കയറ്റിപ്പിടിച്ച് ഇരിക്കുന്നത് സതി കണ്ടു. രമ്യക്കുള്ള പൊതിയും രാവിലത്തെ പ്രാതലും കഴിഞ്ഞപ്പോൾ തന്നെ അവർ ക്ഷീണിച്ചു . ഭക്ഷണം കഴിച്ച് മോൾക്ക് ഒരു ഉമ്മയും കൊടുത്ത് ഉച്ചയ്ക്കും വൈകിട്ടും ഒക്കെ മോൾക്ക് കൊടുക്കേണ്ട ആഹാരത്തിന്റെ ലിസ്റ്റും പറഞ്ഞ് രമ്യ പോയപ്പോൾ സതിയ്ക്ക് ദേഷ്യമാണ് തോന്നിയത്. മീര ഉണ്ടായിരുന്ന സമയത്ത് ഒന്നുമറിയേണ്ടിയിരുന്നില്ല. താൻ ഉണർന്നു വരുമ്പോഴേക്കും ചായയും പ്രാതലും അടക്കം അവൾ തയ്യാറാക്കിയിട്ടുണ്ടാവും. പിന്നെ ചെയ്യാനുള്ളത് കൊച്ചിനെ നോക്കുക എന്നത് മാത്രമാണ്. ആ ജോലി മാത്രമേ ചെയ്യാനുള്ളു. മീര കൊച്ചിന് ഭക്ഷണം കൊടുത്തിട്ടാണ് പോകുന്നത്. രാവിലത്തെ ഭക്ഷണം മീര കൊടുക്കുന്നതുകൊണ്ട് നന്നായി തന്നെ അവൾ കഴിക്കുകയും ചെയ്യും. പിന്നീട് ഉച്ചയ്ക്കത്തെ ആഹാരവും വൈകുന്നേരത്തെ കുറുക്കും മാത്രമാണ് തനിക്ക് കൊടുക്കാനുള്ളത്. അത് കൊടുത്തു കഴിയുമ്പോഴേക്കും അവൾ ഉറങ്ങുകയും ചെയ്യും. വൈകുന്നേരം അവളുടെ കുളിയും മറ്റും ചെയ്യുന്നതും മീര വന്നിട്ടാണ്. അതുകൊണ്ട് പ്രത്യേകിച്ച് ജോലികൾ ഒന്നും തനിക്ക് ഇവിടെ ഉണ്ടായിരുന്നില്ല . വലിയ സന്തോഷത്തോടെ തന്നെ കഴിഞ്ഞു പോവുകയായിരുന്നു. ഉച്ചയ്ക്ക് ഉറങ്ങാനും ഒക്കെ പറ്റുമായിരുന്നു.

ഇപ്പോൾ മീര പോയതോടെ ഒരു മിനിറ്റ് പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് തനിക്ക് എന്ന് സതി ഓർമ്മിച്ചു. എന്താണ് താൻ ചെയ്യുന്നത് ഈ ഒരു അവസ്ഥയിൽ നിന്നും ഇനി എങ്ങനെയാണ് ഒരു മോചനം ലഭിക്കുന്നത്.? രമ്യ ഒരു ജോലിയും ചെയ്യില്ലെന്ന് വന്ന കയറിയ കാലം മുതൽ തന്നെ മനസ്സിലായതാണ്. സ്വന്തമായി ഒരു ജോലിയുണ്ട് എന്നതുകൊണ്ട് തന്നെ പലതവണ അടുക്കളയിലെ ജോലി ചെയ്യാൻ വിളിക്കുമ്പോൾ പറയുന്നത് താൻ ജോലി റിസൈൻ ചെയ്യും എന്നാണ്. അത് കേൾക്കുമ്പോൾ തന്നെ ശ്രീജിത്തിന് ഭയം തോന്നും. രമ്യയുടെ വരുമാനം കൂടി കണ്ടാണ് ശ്രീജിത്ത് മുൻപോട്ടു പോകുന്നത്. അതുകൊണ്ട് അവളെ കൊണ്ട് ഒരു അടുക്കള പണിയും ചെയ്യിപ്പിക്കരുത് എന്ന് ശ്രീജിത്ത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ബാങ്കിലെ ജോലിയും വീട്ടിലെ ജോലിയും കൂടി ചെയ്യാൻ തനിക്ക് സാധിക്കില്ല എന്ന് മുൻപേ പറഞ്ഞിട്ടുള്ളതാണ്. അതല്ല വീട്ടിലെ ജോലി ചെയ്യണമെങ്കിൽ ബാങ്കിലെ ജോലി റിസൈൻ ചെയ്ത് വീട്ടിലിരിക്കാം എന്നാണ് രമ്യയുടെ ഭീഷണി. അതിൽ ശ്രീജിത്ത് വീണുപോയി എന്ന് പറയുന്നതാണ് സത്യം.

ഉടനെ തന്നെ സതി ഫോൺ എടുത്ത് സുഗന്ധിയുടെ ഫോണിലേക്ക് വിളിച്ചു. താല്പര്യമില്ലാതെയാണ് സുഗന്ധി സംസാരിച്ചത്. അതിന് പ്രധാന കാരണം ശ്രീജിത്ത് ഒന്നും സുഗന്ധിയ്ക്ക് നൽകിയില്ല എന്നതു തന്നെയാണ്. കുറച്ചുകൂടി അമ്മ പറഞ്ഞിരുന്നുവെങ്കിൽ തനിക്ക് എന്തെങ്കിലും ശ്രീജിത്ത് തരുമായിരുന്നു എന്നുള്ള ഒരു ചിന്തയും സുഗന്ധിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ സംസാരത്തിൽ ഒരു അകൽച്ചയുണ്ട് എന്ന് സതിക്ക് തോന്നിയിരുന്നു.

” മീര പോയതോടെ ഇവിടെ ഭയങ്കര ജോലിയാടി, നിനക്ക് അറിയാല്ലോ. ഇവിടുത്തെ കെട്ടിലമ്മ ഒരു പണിയും ചെയ്യില്ലെന്ന്. എന്തൊക്കെ പറഞ്ഞാലും മീര ഉള്ളപ്പോൾ അവളെല്ലാം അറിഞ്ഞുകണ്ട് ചെയ്യുമായിരുന്നു. എനിക്ക് കാല് വരെ തിരുമി തരുമായിരുന്നു.. എനിക്കൊരു ശകലം പോലും വയ്യ, ഞാൻ വിചാരിക്കുകയായിരുന്നു രണ്ടുദിവസം നിന്റെ വീട്ടിൽ വന്നു നിന്നാലോ എന്ന്. എനിക്കൊരു റസ്റ്റ് കിട്ടുമല്ലോ.

സതി പറഞ്ഞപ്പോൾ സുഗന്ധി ഞെട്ടിപ്പോയിരുന്നു.

” അതൊന്നും ശരിയാവില്ല അമ്മേ, അമ്മയ്ക്ക് അറിയാലോ ഇവിടെ അജയേട്ടന്റെ അമ്മയുടെ സ്വഭാവം, അമ്മ വന്നാൽ അവർക്ക് അത് ഇഷ്ടപ്പെടില്ല. അത് മാത്രമല്ല ഈ സംഭവത്തിന് ശേഷം അജയേട്ടനും എന്തൊക്കെയോ ഇഷ്ടക്കേട് ഉണ്ട്. ഇവിടുത്തെ അമ്മയ്ക്കും ഉണ്ട്. ഒരു വക അവിടുന്ന് കിട്ടാതെ അമ്മയേ ഇവിടെ കൊണ്ടുവന്ന് നിർത്തുക എന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമാണോ.? അതിനെ പറ്റി ഒന്നും അമ്മ ചിന്തിക്കുക പോലും വേണ്ട. അതൊന്നും നടക്കുന്ന കാര്യമല്ല.

സുഗന്ധി തീർത്തു പറഞ്ഞപ്പോൾ ഞെട്ടിപ്പോയിരുന്നു സതി

മകളിൽ നിന്നും ഇങ്ങനെയൊരു വാക്ക് അവർ പ്രതീക്ഷിച്ചിരുന്നില്ല. തന്റെ അവസ്ഥ പറയുമ്പോൾ തന്നെ ആശ്വസിപ്പിക്കുക എങ്കിലും അവൾ ചെയ്യും എന്നായിരുന്നു കരുതിയത്. എന്നാൽ ആശ്വസിപ്പിക്കുക പോയിട്ട് തന്നെ വിഷമിപ്പിക്കുകയാണ് അവൾ ചെയ്യുന്നത്.

” അത് ശരിയാ അജയന് ആ ഒരു പിണക്കം കാണും. ഏതായാലും കുറച്ചുനാൾ കഴിയട്ടെ അല്ലേ..?

സതി ചോദിച്ചപ്പോൾ സുഗന്ധി ഒന്നും മിണ്ടിയില്ല..

” ഞാൻ എന്നാൽ വയ്ക്കട്ടെ..? എനിക്ക് ഇവിടെ കുറച്ച് ജോലിയുണ്ട്,

അതും പറഞ്ഞ് സുഗന്ധി ഫോൺ വെച്ചപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു സതിയ്ക്ക് മകളുടെ അകൽച്ച അത്രത്തോളം അവരെ വേദനിപ്പിച്ചു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button