കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 126
രചന: റിൻസി പ്രിൻസ്
സതി ചോദിച്ചപ്പോൾ സുഗന്ധി ഒന്നും മിണ്ടിയില്ല..
” ഞാൻ എന്നാൽ വയ്ക്കട്ടെ..? എനിക്ക് ഇവിടെ കുറച്ച് ജോലിയുണ്ട്,
അതും പറഞ്ഞ് സുഗന്ധി ഫോൺ വെച്ചപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു സതിയ്ക്ക് മകളുടെ അകൽച്ച അത്രത്തോളം അവരെ വേദനിപ്പിച്ചു
മകളുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു പ്രതികരണം അവർ പ്രതീക്ഷിച്ചിരുന്നില്ല. താനിവിടെ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത് എന്ന് പറയുമ്പോൾ അമ്മ ഇനി അവിടെ കിടന്നു ബുദ്ധിമുട്ടേണ്ട ഞാൻ വന്നു കൂട്ടിക്കൊണ്ടു പോരാം എന്ന് അവൾ പറയും എന്നാണ് പ്രതീക്ഷിച്ചത്. അങ്ങനെ പറഞ്ഞില്ല എന്ന് മാത്രമല്ല തന്നെ ശരിക്കും കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു അവളുടെ ഇടപെടൽ എന്നത് വല്ലാതെ തന്നെ അവരെ വേദനിപ്പിച്ചിരുന്നു.
പിറ്റേ ദിവസവും ഇതേ പോലെ ജോലികൾ തുടരേണ്ട അവസ്ഥ വന്നു. രണ്ടുദിവസം കൊണ്ട് അവർ നന്നേ ക്ഷീണിച്ചു എന്ന് പറയുന്നതാണ് സത്യം. രണ്ടും കൽപ്പിച്ച് അന്ന് രാത്രി ശ്രീജിത്തിനോട് സംസാരിക്കുവാൻ തന്നെ അവൾ ഉറപ്പിച്ചു. അതുകൊണ്ടു തന്നെ ശ്രീജിത്ത് വന്നിട്ട് ഉറങ്ങാനാണ് അവർ തീരുമാനിച്ചത്. എത്ര വൈകിയാലും ശ്രീജിത്തിനെ കണ്ടതിനു ശേഷം മാത്രമേ കിടക്കുവെന്ന് അവർ തീരുമാനിച്ചിരുന്നു.
” എടാ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.
വന്നു കയറിയ ഉടനെ അവർ ശ്രീജിത്തിനോട് പറഞ്ഞു..നല്ല ക്ഷീണാവസ്ഥയിൽ ആയിരുന്നു അവൻ. അവരുടെ ആ വർത്തമാനം അവരിൽ ദേഷ്യം ആണ് ഉണ്ടാക്കിയത് എങ്കിലും അത് ഗൗനിക്കാതെ അവൻ അവരെയൊന്ന് നോക്കി.
“..എന്താ..? എന്താണെന്ന് വെച്ചാൽ പറ.. ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി.
” ഇവിടുത്തെ ജോലികൾ എല്ലാം കൂടി എനിക്ക് തന്നെ ചെയ്യാൻ പറ്റത്തില്ല. നിന്റെ ഭാര്യ പിന്നെ ജോലി ചെയ്യില്ല എന്ന് തീർത്ത് പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് ഒരു ജോലിക്കാരിയെ ഇവിടെ വയ്ക്കണം.
“ജോലിക്കാരിയേ വയ്ക്കാനോ.? അമ്മ എന്താ ഈ പറയുന്നത്. ഇതൊക്കെ എളുപ്പമുള്ള കാര്യമാണെന്നാണോ.? ഒരു ജോലിക്കാരിക്ക് മാസം എത്ര രൂപ ശമ്പളം കൊടുക്കണം.
” അങ്ങനെ എപ്പോഴും വേണ്ട. രാവിലെ മുതൽ ഒരു ഉച്ചവരെ എന്നെ ഒന്ന് സഹായിക്കാൻ വേണ്ടി വന്നാൽ മതി.. ബാക്കി കാര്യങ്ങളൊക്കെ ഞാൻ ചെയ്തോളാം. അതിന് വലിയ പൈസയൊന്നും ആവില്ല.
” എങ്കിലും പൈസ കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ. ഇപ്പോൾ ഇവിടുത്തെ ചെലവുകൾ എല്ലാം നോക്കുന്നത് തന്നെ എനിക്ക് നല്ല ഒരു തുക ആവുന്നുണ്ട്. അതിന്റെ കൂടെ ജോലിക്കാരിയ്ക്കും കൂടി ശമ്പളം കൊടുക്കാൻ പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. അമ്മയ്ക്ക് ഇവിടെ എന്താ പണി? ഇവിടുത്തെ ജോലികൾ അല്ലേ? അത് അത്രയ്ക്ക് ഒന്നും ചെയ്യാനില്ലല്ലോ. പിന്നെ എന്തെങ്കിലും അരിയാനോ മറ്റോ ഉണ്ടെങ്കിൽ ഞാൻ രമ്യയോട് പറയാം.
ശ്രീജിത്ത് പറഞ്ഞു
” അവളെ കൊണ്ട് ഒന്നും നടക്കത്തുമില്ല. അവൾ ചെയ്യതുമില്ല. എനിക്ക് ഇവിടുത്തെ ജോലികളെല്ലാം കൂടി തന്നെ ചെയ്യാൻ പറ്റില്ല.
” എന്താണെങ്കിലും ഒരു ജോലിക്കാരിയെ നിർത്തിയേ പറ്റൂ.
സതി പറഞ്ഞു
” അങ്ങനെ ഒരു കാര്യം നടപ്പുള്ളതല്ല. അതിനെപ്പറ്റി അമ്മ മനസ്സിൽ പോലും വിചാരിക്കണ്ട. എന്താണെങ്കിലും അതിന് മാത്രമുള്ള പണമൊന്നും എന്റെ കയ്യിൽ ഇല്ല.
ശ്രീജിത്ത് തീർത്തു പറഞ്ഞു
“ഇത്രനാളും ഇല്ലാത്ത എന്ത് പണിയാ ഇപ്പോൾ ഇവിടെ..?
” എടാ നേരത്തെ മീര ഉള്ളപ്പോൾ അവൾ ആയിരുന്നു ഇവിടുത്തെ ജോലികളൊക്കെ ചെയ്യുന്നത്.
“എന്നാലും സുധിയെട്ടന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോ ഒന്നൊന്നര കൊല്ലല്ലേ ആയുള്ളൂ. അതിനു മുൻപ് ഈ വീട്ടിലെ ജോലികൾ ഒക്കെ ചെയ്തത് അമ്മ ഒറ്റക്കല്ലേ.?
“അന്നത്തെ ആരോഗ്യം ആണോ എനിക്കിപ്പോൾ.? പ്രായമാകുന്നതോറും ആരോഗ്യത്തിനും കുറവ് വരുന്നില്ലേ.?
” അതൊന്നും എനിക്കറിയില്ല. എന്താണെങ്കിലും ജോലിക്കാരിയെ നിർത്തുന്ന കാര്യത്തിനേ കുറിച്ച് അമ്മ ചിന്തിക്കേണ്ട. അത് നടക്കില്ല.
” എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യ്. നിന്റെ കൊച്ചിനെ കൊണ്ടുപോയി നിന്റെ ഭാര്യയുടെ വീട്ടുകാരുടെ അടുത്തോട്ട് കൊടുക്ക്. പിന്നെ കൊച്ചിന്റെ കാര്യമെങ്കിലും എനിക്ക് നോക്കേണ്ടല്ലോ. കൊച്ചിനെ നോട്ടവും വീട്ടിലെ പണിയും എല്ലാം കൂടി എനിക്ക് പറ്റില്ല.
“അമ്മ ഒരു വീട് ആകുമ്പോൾ കുറെ കാര്യങ്ങളൊക്കെ അഡ്ജസ്റ്റ് ചെയ്യണം. ഒന്നല്ലെങ്കിൽ അമ്മ ഭക്ഷണം കഴിക്കുന്നതല്ലേ.? അപ്പോൾ മേലനങ്ങി പണി ചെയ്യാൻ നോക്ക്..
അവന്റെ ആ വാചകം വല്ലാത്തൊരു വിഷമം ആണ് സതിയിൽ ഉണർത്തിയത്.
” ഞാൻ കഴിക്കുന്നതിന് കണക്ക് പറയാണോ നീ ചെയ്യുന്നത്..?
ദേഷ്യത്തോടെ അവര് ചോദിച്ചു.
” ഞാൻ കണക്ക് ഒന്നും പറഞ്ഞതല്ല. മോൾക്ക് ഇപ്പോൾ തന്നെ രണ്ടു വയസ്സായി. ഒരു ആറുമാസം കൂടി കഴിഞ്ഞാൽ അവളെ അംഗൻവാടിയിലും വിടാം. പിന്നെ അവളുടെ ശല്യം ഉണ്ടാവില്ലല്ലോ. പിന്നെ അമ്മയ്ക്ക് ചെയ്യാവുന്ന ജോലികൾ ഒക്കെ തന്നെ ഇവിടെ ഉള്ളൂ. അതിനുവേണ്ടി ഇനി കാശ് മുടക്കി ഒരു ജോലിക്കാരിയെ നിർത്തുക എന്നൊന്നും പറയുന്നത് നടക്കുന്ന കാര്യങ്ങൾ അല്ല.
” എനിക്ക് എത്ര ദിവസമായിട്ട് മുട്ട് വേദനയാണെന്ന് നിന്നോട് പറയുന്നു. ഹോസ്പിറ്റലിൽ പോകാൻ നിനക്ക് കുറച്ചു കാശെങ്കിലും എനിക്ക് തന്നുടെ.?
ദേഷ്യത്തോടെ സതി ചോദിച്ചു
” ഗവൺമെന്റ് ആശുപത്രി ഇഷ്ടംപോലെ ഉണ്ടല്ലോ. അമ്മയ്ക്ക് അവിടെ പോയാൽ എന്താ കുഴപ്പം.? ഒന്നുമല്ലെങ്കിലും പഠിച്ച ഡോക്ടർമാർ അല്ലേ അവിടെ വന്നിരിക്കുന്നത്. അമ്മ നാളെ തന്നെ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് പൊക്കോ. രാവിലെ ആണെങ്കിൽ ഞാൻ എന്റെ വണ്ടിയിൽ കൊണ്ട് വിടാം. അപ്പോൾ പിന്നെ വണ്ടിക്കൂലി ലാഭം ആയല്ലോ.
” ഞാൻ ഗവൺമെന്റ് ആശുപത്രിയിൽ ഒന്നും പോകാറില്ലെന്ന് നിനക്കറിയാലോ. എനിക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ഡോക്ടറെ തന്നെ കണ്ടാലേ അസുഖങ്ങൾക്ക് ഒക്കെ ഒരു കുറവ് വരു
” അങ്ങനെയമ്മ വാശി പിടിച്ചാൽ എങ്ങനെയാ..? ഇങ്ങനെയൊക്കെയുള്ളത് ദുർവാശികൾ ആണ്. ഇതൊക്കെ മാറ്റി പിടിക്കണം. നമ്മുടെ സാഹചര്യം അനുസരിച്ച് നമ്മൾ ജീവിക്കാൻ പഠിക്കണ്ടേ.? പത്തായ്യിരം രൂപ മുടക്കി എല്ലാമാസവും ചെക്കപ്പ് നടത്തുക എന്നൊന്നും പറയുന്നത് നടപടി ഉള്ള കാര്യം അല്ല. തൽക്കാലം അമ്മ നാളെ ഹെൽത്തിൽ പോയിട്ട് അമ്മയ്ക്ക് ആവശ്യമുള്ള ഡോക്ടറെ കാണാൻ നോക്ക്. അല്ലെങ്കിൽ സ്പെഷ്യലിസ്റ്റ് ആയിട്ടുള്ള ഡോക്ടർമാരോക്കെ ഓരോ ദിവസങ്ങളിൽ അവിടെ വരും. അത് എന്നാണെന്ന് ഒന്ന് കണ്ടുപിടിച്ചു വച്ചാൽ മതി. ഇതിപ്പോ അമ്മയ്ക്ക് 3000 രൂപയുടെ ചെക്കപ്പ് 2000 രൂപയുടെ മരുന്ന് ഇതെല്ലാം കൂടി എന്നെ കൊണ്ട് നടക്കില്ല. തൽക്കാലം അമ്മ ഗവൺമെന്റ് ഹോസ്പിറ്റലിലെ മരുന്ന് കഴിച്ചാൽ മതി. ഈ നാട്ടിലെ പാവങ്ങൾ എല്ലാവരും അങ്ങനെയൊക്കെ ആണ് ജീവിക്കുന്നത്. അതേ രീതി തന്നെ അമ്മയും പിന്തുടർന്നാൽ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് നമുക്കൊന്നു നോക്കാം.
അത്രയും പറഞ്ഞു ശ്രീജിത്ത് അകത്തേക്ക് പോയപ്പോൾ സുധിയായിരുന്നുവെങ്കിൽ ഒരിക്കലും തന്നോട് ഇങ്ങനെ ചെയ്യില്ലായിരുന്നു എന്ന് ആ നിമിഷം സതി ഓർത്തു.
തന്നോട് മിണ്ടാതിരുന്ന കാലത്ത് തന്നെ തനിക്ക് ഡോക്ടറെ കാണേണ്ട തീയതിക്ക് ഒരാഴ്ച മുൻപ് അതിനുള്ള പണം മീരയുടെ കയ്യിൽ അവൻ കൊടുക്കാറുണ്ട്. മീര തന്റെ കയ്യിൽ കൊണ്ട് തരികയും ചെയ്യാറുണ്ട്. ഡോക്ടറെ കാണേണ്ട ദിവസം കൃത്യമായി ഓട്ടോ അടക്കമുള്ള കാര്യങ്ങൾ അവൻ വീടിനു മുൻപിൽ സജ്ജീകരിച്ചു വച്ചിരിക്കും. തനിക്ക് ഓട്ടോയിൽ കയറി ഡോക്ടറെ കണ്ട് തിരിച്ചു വരിക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. തന്റെ കാര്യങ്ങളിൽ എല്ലാം അവൻ അതീവ ശ്രദ്ധാലുമായിരുന്നു. പക്ഷേ അത്രത്തോളം താൻ അവനെ സ്നേഹിച്ചിരുന്നില്ല. അവൻ ഇപ്പോൾ ഈ വീട്ടിൽ നിന്നും ഇറങ്ങി പോയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകൾ ഒക്കെ താൻ മനസ്സിലാക്കുന്നത്. തനിക്ക് കാലുവേദനയാണ് എന്ന് പറഞ്ഞിട്ടുള്ള സാഹചര്യങ്ങളിൽ ഒക്കെ അവൻ തന്നെ ഒരുപാട് സഹായിച്ചത് അവർ ഓർത്തു. കുട്ടിക്കാലത്ത് താൻ വെള്ളം കോരുന്നത് കണ്ട് വേദനിച്ച അവൻ അമ്മ അവിടെ ഇരിക്കുവെന്ന് പറഞ്ഞ് കലവും ബക്കറ്റും എല്ലാം എടുത്തുകൊണ്ടുപോയി വെള്ളം കോരി നിറച്ചതൊക്കെ ആ നിമിഷം ഓർത്തു സതി.
ജീവിതത്തിൽ ആദ്യമായി സുധിക്ക് വേണ്ടി അവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉതിർന്ന വീണു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…