Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 128

രചന: റിൻസി പ്രിൻസ്

ഇല്ല മോനെ കുട്ടികൾ അവിടെ ഒറ്റയ്ക്കല്ലേ, വൈകുന്നേരം തന്നെ ചെല്ലണം.

” ആ കാര്യം ഞാൻ അങ്ങ് മറന്നു പോയി… നിങ്ങൾ എല്ലാവരും കൂടി ഇവിടെ വന്ന് രണ്ടുമൂന്നു ദിവസം താമസിക്ക്, അങ്ങനെ ഇതുവരെ താമസിച്ചിട്ടില്ലല്ലോ മീരയ്ക്കും അതൊരു കൂട്ടാവില്ലേ..?

” നോക്കട്ടെ
മാധവി പറഞ്ഞു സന്തോഷത്തോടെ മീര അവരെ കൂട്ടിക്കൊണ്ട് പോയി

മൂന്നുപേരും ഒരുമിച്ചിരുന്ന് ആണ് ഭക്ഷണം കഴിച്ചത്. വീട്ടിൽ വച്ച് ചെറുതായി എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും ഒരു വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്ന തരത്തിലേക്ക് തന്റെ മകൾ വളർന്നുവന്നത് മാധവിക്കും വലിയൊരു അത്ഭുതമായിരുന്നു.

അവൾ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിച്ച് രുചിയോട് കൂടി സുധി കഴിക്കുന്നത് കണ്ടപ്പോൾ അവർക്ക് കുറച്ചുകൂടി സന്തോഷം തോന്നിയിരുന്നു. ഭക്ഷണം കഴിഞ്ഞ സുധി തിരികെ പോയിരുന്നു,

അമ്മ ഇറങ്ങാൻ നേരം വിളിച്ചാൽ മതിയെന്നും അപ്പോൾ വന്നു ബസ്റ്റോപ്പിൽ കൊണ്ടുവിടാം എന്നും പറഞ്ഞാണ് സുധി പോയത്. വീണ്ടും കുറെ വിശേഷങ്ങൾ ഒക്കെ മാധവിയും മീരയും ഒരുമിച്ച് പറഞ്ഞു. വീട് മുഴുവൻ മാധവിയേ കൊണ്ട് പോയി കാണിക്കുകയൊക്കെ ചെയ്തിരുന്നു മീര. ആ വീട് മാധവിക്കും വളരെയധികം ഇഷ്ടപ്പെട്ടു. വീട്ടിൽ നിന്ന് ആരും വന്നില്ലെന്ന് ഒക്കെ മാധവി ചോദിച്ചപ്പോൾ ആരെയും കുറ്റപ്പെടുത്താതെ സംസാരിക്കാൻ മീര പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. കാരണം സുധി തനിക്ക് പ്രിയപ്പെട്ടവനാണ് അവന്റെ പ്രിയപ്പെട്ടവരാണ് ആ വീട്ടിൽ താമസിക്കുന്നവരൊക്കെ.. അവർ ആരുടെയും മുമ്പിൽ കൊച്ച് ആകുന്നത് തനിക്ക് ഇഷ്ടമല്ല. അത് തന്റെ അമ്മയുടെ മുൻപിൽ ആണെങ്കിൽ പോലും. അത്രത്തോളം സ്നേഹിക്കുന്നുണ്ട് താൻ സുധിയേ

വൈകുന്നേരം പോകാൻ സമയം ആയപ്പോൾ തന്നെ മീര സുധിയെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ചായ കുടിക്കുന്ന സമയമായതുകൊണ്ട് അവൻ വരുമ്പോൾ ചായ കൂടി കൊടുക്കാം എന്ന് കരുതി അവനായി അവൾ ചായ ഇട്ടു വച്ചു. അപ്പോഴേക്കും പ്രതീക്ഷിച്ചത് പോലെ സുധി വന്നിരുന്നു. കയ്യിൽ ഒരു എണ്ണ പലഹാരത്തിന്റെ കവർ ഉണ്ട്. അത് അമ്മ ഉള്ളതുകൊണ്ട് പ്രത്യേകമായി കൊണ്ടുവന്നതാണെന്ന് അവൾക്ക് മനസ്സിലായി. മൂന്നുപേരും ഒരുമിച്ചിരുന്ന ചായ കുടിച്ചു. മകളോടും മരുമകളോടടും യാത്ര പറഞ്ഞു മാധവി അവിടെ നിന്നും പോയപ്പോൾ ഒരു വേദനയ്ക്ക് മീരയ്ക്ക് തോന്നിയിരുന്നു. അല്ലെങ്കിലും അമ്മമാര് വന്നു പോയി കഴിയുമ്പോൾ പെണ്മക്കളുടെ വേദന ഇത്തിരി കൂടുതലാണല്ലോ

ദിവസങ്ങൾ ആരെയും കാത്തുനിൽക്കാതെ പോയിക്കൊണ്ടിരുന്നു. ചെറുതാണ് എങ്കിലും സുധിയ്ക്ക് ഒരു വരുമാനമുള്ളതുകൊണ്ട് വീട്ടിലെ കാര്യങ്ങളൊക്കെ നന്നായി തന്നെ നടന്നു.. ബാങ്കിൽ കിടക്കുന്ന പണം തൊടാതെ തന്നെ കാര്യങ്ങൾ നടക്കണം എന്നത് മീരയ്ക്ക് നിർബന്ധമായിരുന്നു. ചിലവുകൾ ചുരുക്കാൻ വേണ്ടി അവൾ പല കാര്യങ്ങളും ചെയ്തു. ആ സ്ഥലവുമായി ഇടപഴകി കഴിഞ്ഞപ്പോൾ അവിടെയുള്ള കുറച്ച് അധികം കുട്ടികൾക്ക് അവൾ ട്യൂഷൻ എടുക്കാൻ തുടങ്ങി. അതിരാവിലെയും വൈകുന്നേരവും ആയി രണ്ടു ബാച്ച് കുട്ടികളെയാണ് അവൾ ട്യൂഷൻ എടുത്ത് പഠിപ്പിക്കുന്നത്.. തെറ്റല്ലാത്ത രീതിയിലുള്ള ഒരു തുക ട്യൂഷനിലൂടെ അവൾക്ക് കിട്ടാൻ തുടങ്ങി. ആ പണം ആണ് വീട്ട് ചെലവിന് ഉപയോഗിക്കുന്നത്. സുധിയുടെ പണത്തിൽ നിന്നും വാടക പോയിട്ടുള്ള ബാക്കി പണം മുഴുവൻ അവൾ ചിട്ടിയോ മറ്റോ കൂടി മാറ്റിവയ്ക്കുകയാണ് ചെയ്യാറുള്ളത്. ഇതിനിടയിൽ മീരയുടെ മനസ്സിൽ ഒരു വലിയ മോഹം കൂടി വളരുന്നുണ്ടായിരുന്നു. തന്റെയും സുധിയുടെയും ചോരയിൽ ഉള്ള ഒരു കുഞ്ഞ്..! പക്ഷേ ജീവിതവും സാഹചര്യവും അതിന് അനുകൂലമല്ല. അതുകൊണ്ടാണ് അവൾ അതിനു മുൻകൈ എടുക്കാതിരുന്നത്. ഇപ്പോൾ ഒരു കുഞ്ഞായാൽ തങ്ങൾക്ക് മുൻപോട്ടുള്ള ജീവിതം ഇത്തിരി ബുദ്ധിമുട്ടായിരിക്കും എന്ന് അവൾക്ക് തോന്നി. ഒരിക്കൽ ഈ മോഹത്തെക്കുറിച്ച് സുധിയോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞതും അതുതന്നെയായിരുന്നു. കുറച്ചുകൂടി സാമ്പത്തിക ഭദ്രത കൈവന്നതിനു ശേഷം അതിനെക്കുറിച്ച് ചിന്തിച്ചാൽ പോരെ എന്ന്. ഓരോ പിഎസ്‌സി പരീക്ഷകളും എഴുതുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് റിസൾട്ട് നോക്കിക്കൊണ്ട് അവൾ ഇരിക്കുന്നത്..എന്നാൽ പലപ്പോഴും പ്രതീക്ഷയ്ക്ക് വിപരീതമായാണ് സംഭവിക്കുന്നത്..ഇതിനിടയിൽ ഒരു സ്കൂളിൽ അവൾക്ക് കയറുവാനുള്ള സാധ്യത ലഭിച്ചു.. പക്ഷേ 5 ലക്ഷം രൂപയാണ് അവിടെ കൊടുക്കേണ്ടത്.. ഗവൺമെന്റ് സ്കൂൾ പോലുമല്ല.. ബാങ്കിൽ കിടക്കുന്നതിൽ നിന്നും 5 ലക്ഷം രൂപ കൊടുക്കാമെന്നും സ്ഥിരമായി ഒരു ജോലി ആകുമല്ലോ എന്നും സുധി പറഞ്ഞപ്പോൾ തനിക്ക് തന്റെ കഴിവിൽ വിശ്വാസമുണ്ട് കുറച്ചുകൂടി കാത്തിരുന്ന് താൻ ജോലി വാങ്ങിക്കൊള്ളാം എന്നായിരുന്നു മീരയുടെ മറുപടി.

ഇതിനോടകം തന്നെ അവൾക്ക് ഒരുപാട് കുട്ടികളെ ട്യൂഷന് കിട്ടിയിരുന്നു.. അതുകൊണ്ടു തന്നെ ഒരു പ്രൈവറ്റ് സ്കൂളിൽ കിട്ടുന്നത്ര വരുമാനം അവൾ വാങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. ഭാര്യയുടെ ഓരോ പ്രവർത്തികളും അവനിൽ ബഹുമാനവും സ്നേഹവും അവളോട് വളർത്തുകയായിരുന്നു ചെയ്തത്. ചെറിയ സ്ഥലത്ത് അവൾ പച്ചക്കറികൾ നട്ടുപിടിപ്പിച്ച് വീട്ടിലേക്കുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാൻ തുടങ്ങി. അതുകൊണ്ട് പച്ചക്കറികൾ വാങ്ങേണ്ട ആവശ്യമില്ല. വരവും ചിലവും കണ്ടറിഞ്ഞ് അവൾ ചെലവാക്കാൻ തുടങ്ങിയത് സുധിയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. ചെറിയ കടങ്ങളൊക്കെ അവൻ വീട്ടിൽ തുടങ്ങി. ചെറുതുംവലുതും ആയ ചിട്ടികൾ അടിച്ചു ബാങ്ക് ബാലൻസ് ചെറുതായി കൂടി. സുധിയോട് പറഞ്ഞതുപോലെ തന്നെ ആറുമാസത്തിനുള്ളിൽ ഒരു ചെറിയ സ്കൂളിൽ ടെമ്പററി വേക്കൻസി ആയി മീരയ്ക്ക് ജോലി കിട്ടി. അപ്പോഴും അവൾ ട്യൂഷൻ ഉപേക്ഷിച്ചിട്ടില്ല.. രാവിലെയും വൈകുന്നേരവും ഉള്ള കുട്ടികളുടെ ട്യൂഷൻ തന്നെയായിരുന്നു അവളുടെ പ്രധാന വരുമാന മാർഗം. ടെമ്പററിയായുള്ള ജോലി സ്ഥിരപ്പെടുത്തുവാൻ കുറച്ചു പണം കൊടുത്താൽ മതി എന്ന് ആരോ പറഞ്ഞു.

അതിനു വേണ്ടി സുധിയോടെ മീര സംസാരിക്കാൻ ഇരിക്കുകയായിരുന്നു. തന്റെ സ്വർണം പണയം വെച്ച് ആ ജോലി സ്ഥിരപ്പെടുത്തുന്നതായിരിക്കും നല്ലത് എന്ന് അവൾ പറഞ്ഞപ്പോൾ ബാങ്കിൽ നിന്നും പണം എടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് സുധിയ്‌ക്കും തോന്നിയിരുന്നു.. അങ്ങനെ ഉണ്ടായിരുന്നതിൽ കുറച്ച് അധികം സ്വർണം പണയം വെച്ച് ആ ജോലി സ്ഥിരപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ജോലി സ്ഥിരം ആയതോടെ വല്ലാത്തൊരു ആത്മവിശ്വാസം മീരയ്ക്കും കൈ വന്നിരുന്നു. ഇനി കാത്തിരിക്കുന്നത് ഒരു നല്ല കാലമാണെന്ന് തോന്നി. അധികം വൈകാതെ ഒരു വർഷത്തിനുള്ളിൽ തന്നെ കാനഡയിൽ നിന്നും സൂപ്പർമാർക്കറ്റിന്റെ ആളുകളും തിരിച്ചെത്തി.

വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നുവെങ്കിലും ഒരിക്കൽ കൂടി അയാളെ പോയി കാണാമെന്ന് സുധി തീരുമാനിച്ചു. വിനോദ് തന്നെയാണ് പോയി കാണാം എന്ന് പറഞ്ഞത്. ഭാര്യയുടെ രോഗം ഒക്കെ ഇത്തിരി കുറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഇനി അയാൾ ആ സൂപ്പർമാർക്കറ്റ് വിൽക്കുമോ എന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല..എങ്കിലും ഒന്ന് പോയി കാണാം എന്ന് രണ്ടുപേരും തീരുമാനിച്ചു. അയാളെ കാണാൻ സുധി പോയ നിമിഷം മുതൽ പ്രാർത്ഥനയിൽ ആയിരുന്നു മീര. തന്റെ ഭർത്താവിനെ അപമാനിച്ചവർക്കുള്ള ഒരു മറുപടി ആയി കൂടിയാണ് അവൾ ആ സൂപ്പർമാർക്കറ്റിനെ കണ്ടത്. പലരോടും ഉള്ള ഒരു വാശി പോലെയാണ് ആ ബാങ്കിലുള്ള പണം തൊടാതിരുന്നത് പോലും. സുധിയേട്ടൻ ബിസിനസ് ചെയ്തിട്ട് രക്ഷപ്പെടണം എന്ന് അവൾ അത്രത്തോളം ആഗ്രഹിക്കുന്നുണ്ടായിരുന്നു.

” വളരെ അത്യാവശ്യമായതുകൊണ്ട് ഞങ്ങൾ അന്ന് തന്നെ കാനഡയ്ക്ക് പോയത്. ഞങ്ങൾക്ക് വേണ്ടി ഇത്രയും നാളും സുധി വെയിറ്റ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല.

സൂപ്പർ മാർക്കറ്റിന്റെ ഓണർ അങ്ങനെ പറഞ്ഞപ്പോൾ തന്നെ അവന് മനസ്സിലായിരുന്നു അയാൾ അതിൽ നിന്നും ഒഴിയാൻ തുടങ്ങുകയാണെന്ന്.

” നമ്മൾ തമ്മിൽ ഒരു വാക്കുണ്ടായിരുന്നല്ലോ. അതിന്റെ പുറത്ത് ആണ് ഞാൻ കാത്തിരുന്നത്. പിന്നെ രോഗമൊക്കെ ആർക്കുവേണമെങ്കിലും എപ്പോ വേണമെങ്കിലും വരാവുന്ന കാര്യങ്ങൾ അല്ലേ.? സാറിന്റെ ഇപ്പോഴത്തെ തീരുമാനം അതാണ് എനിക്ക് അറിയേണ്ടത്.

അയാളുടെ മറുപടിക്ക് വേണ്ടി സുധി കാത്തു നിന്നു ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!