കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 131

രചന: റിൻസി പ്രിൻസ്
പിരീഡ്സ് തെറ്റിയിട്ട് ഒരാഴ്ചയിൽ കൂടുതൽ ആവുന്നു. വെറുതെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം എന്ന് കരുതിയാണ് അവൾ ഒരു പ്രഗ്നൻസി ടെസ്റ്റ് കാർഡ് വാങ്ങിയത്.
“ഇപ്പോൾ നോക്കിയാൽ അറിയാൻ പറ്റുമോ.?
എങ്കിലും ഒന്ന് നോക്കാം എന്ന് വിചാരിച്ച് അവൾ ബാത്റൂമിലേക്ക് പോയി. ടെസ്റ്റ് കാർഡിലെ ചുവന്ന വരകൾ കണ്ട് സന്തോഷത്തോടെ അവൾ വയറിൽ കൈ വെച്ചു പോയിരുന്നു
വിവരമറിഞ്ഞ് സന്തോഷത്തിൽ ഉടനെ തന്നെ അവൾ സുധിയുടെ ഫോണിലേക്ക് വിളിച്ചു.
” സുധിയേട്ടൻ ഒന്ന് പെട്ടെന്ന് ഇവിടെ വരെ വരാമോ..?
അവളുടെ സ്വരം സന്തോഷവും കരച്ചിലും എല്ലാം നിറഞ്ഞ ഒരു അവസ്ഥയിലായിരുന്നു.
അത് കേട്ടതും അവന് എന്തോ ഒരു പേടി തോന്നി. ഇനി അവൾക്ക് എന്തെങ്കിലും വയ്യാഴ്ക വന്നോ
” എന്തുപറ്റി മീര..?എന്താ നിന്റെ സ്വരം വല്ലാതെ ഇരിക്കുന്നത്.?
” അത് സുധിയേട്ടാ., സുധീയേട്ടൻ ഒന്ന് പെട്ടെന്ന് വാ… എനിക്ക് കാണണം,
വാശി പിടിക്കും പോലെ അവൾ പറഞ്ഞപ്പോൾ എന്തോ അത്യാവശ്യകാര്യമാണെന്ന് തോന്നി. അതുകൊണ്ട് തന്നെ കടയിൽ ഉണ്ടായിരുന്ന ഒരു പയ്യനെ കൗണ്ടർ ഏൽപ്പിച്ച് പെട്ടെന്ന് വരാമെന്ന് പറഞ്ഞു അവൻ ഉടനെ തന്നെ വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തു.
വീട്ടിലെത്തുന്നത് വരെ അവന്റെ മനസ്സിലും ആകുലതകൾ ആയിരുന്നു എന്താണ് അവൾക്ക് സംഭവിച്ചത് എന്ന് അറിയാതേ… മുറ്റത്ത് സ്കൂട്ടർ കൊണ്ടുവച്ച് അതിൽ നിന്നും താക്കോൽ ഊരി എടുക്കാൻ പോലും സുധി മറന്നു പോയിരുന്നു. അകത്തേക്കോടുകയായിരുന്നു അവൻ. ആ സമയം തന്നെ മീര വാതിൽ തുറന്ന് ഇറങ്ങി വന്നു.
അവനെ കണ്ടതും ഓടിവന്ന് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവനെ ഇറുകെ കെട്ടിപ്പിടിച്ചു. കാര്യം മനസ്സിലാവാതെ സുധീ നിന്നു. എങ്കിലും അവളെ അവൻ ചേർത്ത് പിടിക്കാൻ മറന്നില്ല. മുറ്റത്ത് നിന്നാണ് ഈ പ്രകടനം എന്ന് ഓർത്തപ്പോൾ അവൻ പെട്ടെന്ന് ചുറ്റും ഒന്നു നോക്കി.
” എന്താ മീര..? എന്തുപറ്റി,
അലിവോടെ അവളുടെ മുടിയിൽ തഴുകികൊണ്ടാണ് അവൻ ചോദിച്ചത്.. അത്രമേൽ സന്തോഷം തോന്നുമ്പോൾ അല്ലെങ്കിൽ വിഷമം തോന്നുമ്പോഴോ മാത്രമാണ് അവൾ ഓടി വന്ന് ഇങ്ങനെ നെഞ്ചിൽ ചാഞ്ഞു നിൽക്കുന്നത്. കുറേസമയം പിന്നെ ഒന്നും മിണ്ടില്ല, അതേ നിൽപ്പ് നിൽക്കും. തന്റെ നെഞ്ചിന്റെ ശ്വാസ താളങ്ങൾ കേട്ടുകൊണ്ട്. അത് അവൾക്ക് വളരെ പ്രിയപ്പെട്ട ഒരു ഇടമാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് അവളെ നെഞ്ചിൽ നിന്നും അകറ്റാൻ അവൻ ശ്രമിച്ചില്ല. പകരം അവളുടെ മുടിയിൽ തഴുകി,
” എന്തുപറ്റി..?
അവൻ അലിവോടെ അവളോട് ചോദിച്ചു..
” അതൊക്കെയുണ്ട്, വാ…
അവൾ അവന്റെ കൈ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി. ശേഷം അവന്റെ കൈകളിലേക്ക് ആ പ്രഗ്നൻസി കിറ്റ് വച്ചുകൊടുത്തു. അതിലെ രണ്ട് ചുവന്ന വരകൾ കണ്ടതും അവൻ സന്തോഷത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകൾ വിടരുന്നതും ആ മുഖത്ത് സന്തോഷം നിറയുന്നതും ഒക്കെ മീരയ്ക്ക് മനസ്സിലാക്കാൻ സാധിച്ചു.
” സത്യമാണോ..? അവൻ അവളുടെ മുഖത്ത് തഴുകികൊണ്ട് ചോദിച്ചു..
അവൾ അതേ എന്ന അർത്ഥത്തിൽ തലകുലുക്കി അവനെ ചേർത്തുപിടിച്ചു. അവൻ അതേപോലെ തന്നെ അവളെ തിരിച്ചു പുണർന്ന് കുറെ സമയം അങ്ങനെ നിന്നു. ഇതിനിടയിൽ അവളുടെ തലയിൽ തഴുകുകയും കവിളിലും മുഖത്തും ഒക്കെ ഉമ്മകൾ കൊണ്ട് മൂടുകയും ചെയ്തിരുന്നു.
തന്റെ ജീവന്റെ അംശം അവളുടെ ഉദരത്തിൽ വളരുന്നു എന്ന സന്തോഷകരമായ അറിവ് വല്ലാത്ത ഒരു ആനന്ദം തന്നെയാണ് അവന് പകർന്നു കൊടുത്തത്. ഒരു പെണ്ണ് തന്റെ ജീവനെ ഉദരത്തിൽ വഹിക്കുമ്പോൾ പുരുഷൻ അതേ തീവ്രതയോടെ ആ ജീവനെ തന്റെ ഹൃദയത്തിലാണ് വഹിക്കുന്നത് എന്ന് തോന്നി. അവൾ പ്രഗ്നന്റ് ആണെന്ന അറിഞ്ഞു നിമിഷം മുതൽ താൻ ഒരു അച്ഛനായി മാറിയെന്ന് അവന് തോന്നി. എത്ര പെട്ടെന്നാണ് അവളോടുള്ള പ്രണയം ഒരു വാത്സല്യത്തിന് വഴി മാറിയത്. ഇപ്പോൾ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവന് വാൽസല്യത്തിനപ്പുറം മറ്റൊരു വികാരങ്ങളും തോന്നുന്നില്ല. എത്ര ഉമ്മ കൊടുത്തിട്ടും അവന് മതിയാവുന്നുണ്ടായിരുന്നില്ല. അവൻ മുട്ടുകുത്തി താഴെയിരുന്ന് അവളുടെ വയറിൽ മൃദുവായ ഒന്ന് ചുംബിച്ചു. തന്റെ പൊന്നോമനയ്ക്ക് താൻ നൽകുന്ന ആദ്യ ചുംബനം.
” നമുക്ക് നാളെത്തന്നെ ഡോക്ടറെ പോയി കാണണം.
സന്തോഷത്തോടെ അവൾ തലകുലുക്കി.
“തന്റെ അമ്മയോട് വിളിച്ചുപറഞ്ഞൊ.?
” ആരോടും പറഞ്ഞില്ല. സുധിയേട്ടൻ അല്ലേ ആദ്യം അറിയേണ്ടത്.. അത് കഴിഞ്ഞല്ലേ മറ്റുള്ളവരൊക്കെ… നാളെ ഹോസ്പിറ്റലിൽ പോയി കൺഫോം ചെയ്തിട്ട് അമ്മയെ വിളിച്ചു പറയാം…
” അതുമതി…
” തനിക്ക് എന്തെങ്കിലും വേണോ.? എന്തെങ്കിലും കഴിക്കാൻ ആഗ്രഹം തോന്നുന്നുണ്ടോ.?
അവന് ആകാംഷ ആയി
” ഈ സുധിയേട്ടന്റെ കാര്യം, അങ്ങനെ ആഗ്രഹമൊന്നും തോന്നാറായിട്ടില്ല. ഇത് തുടക്കമല്ലേ. സുധിയേട്ടൻ അടങ്ങ് ആഗ്രഹങ്ങളൊക്കെ ഞാൻ പറയാം പതിയെ…
” എനിക്ക് ഇതിനെ പറ്റി വലിയ അറിവ് ഒന്നുമില്ല.
അല്പം ചമ്മി അവൻ പറഞ്ഞു.
” അപ്പോൾ ഞാൻ എന്താ രണ്ട് പിള്ളേര് നേരത്തെ പെറ്റ് വളർത്തിയിട്ടുണ്ടോ.?
അവൾ ചിരിയോടെ അവനോട് ചോദിച്ചപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ച് പൊട്ടി ചിരിച്ചിരുന്നു.
പിന്നെന്തോ കടയിലേക്ക് പോകാൻ സുധിയ്ക്ക് തോന്നിയില്ല. അവൻ കടയിൽ വിളിച്ച് ഇനി വരില്ല എന്നും കട അടച്ച് താക്കോല് വീട്ടിൽ കൊണ്ടുവന്ന് ഏൽപ്പിക്കണം എന്നും ആവശ്യപ്പെട്ടു . അന്നു മുഴുവൻ മീരയെ കൊണ്ട് ഒരു ജോലിയും ചെയ്യാൻ സുധി സമ്മതിച്ചില്ല. അടുക്കളയിലെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമെല്ലാം അവൻ തന്നെയാണ് ചെയ്തത്. മീരയുടെ അടുത്ത് കിടക്കാൻ പോലും അവന് ഭയം തോന്നി. അറിയാതെ കാലോ കയ്യോ അവളുടെ വയറിലെങ്ങാനും തട്ടിയാലോ.? തുടക്കം ആണെങ്കിൽ പോലും ആദ്യത്തെ മൂന്നുമാസം നന്നായി ശ്രദ്ധിക്കണമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. തന്റെ കൈയോ കാലോ വല്ലോം മുട്ടി കുഞ്ഞിനെന്തെങ്കിലും പറ്റിയാലോ എന്നുള്ള പേടി കൊണ്ട് ഒരു വശം ചരിഞ്ഞാണ് അവൻ കിടന്നത്. മീരയാവട്ടെ അവൻ അരികിലേക്ക് ചേർന്ന് അവനെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയാണ്.
” നീ നേരെ കിടന്നോ, എനിക്ക് പേടിയാ…
അവസാനം തന്റെ അവസ്ഥ സുധി തുറന്നുപറഞ്ഞു.
മനസ്സിലാവാതെ അവനെ നോക്കി മീര
” എന്റെ കയ്യോ കാലോ നിന്റെ വയറിൽ അമങ്ങിയാൽ കുഞ്ഞിനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാലോ.?
സുധീയത് പറഞ്ഞപ്പോൾ മീര പൊട്ടി ചിരിച്ചു.
” ഈ സുധിയേട്ടന്റെ കാര്യം, ഇപ്പോഴല്ല അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവുന്നത്. വലിയ വയർ വയ്ക്കുമ്പോൾ ആണ്. ഇനിയിപ്പോൾ അങ്ങനെയാണെങ്കിൽ പോലും എനിക്ക് സുധീയേട്ടനെ കെട്ടിപ്പിടിക്കാതെ ഉറങ്ങാൻ പറ്റില്ല.
കൊഞ്ചികൊണ്ട് പറയുന്നവളെ അവഗണിക്കാൻ അവന് തോന്നിയില്ല. അവൻ കൈകൾ നീട്ടിവെച്ച് അവളുടെ തല കൈകൾക്ക് മുകളിലേക്ക് വച്ചു. ശേഷം അവൾ തിരിഞ്ഞ് അവനെ വയറിലൂടെ ചുറ്റിപ്പിടിച്ചു.
ശ്രദ്ധയോടെയാണ് സുധി കിടന്നത്. അവന്റെ ചുണ്ടുകൾ അപ്പോഴും അവളുടെ നെറ്റിയിൽ വിശ്രമം കൊള്ളുകയായിരുന്നു. ആ ചുംബനത്തിന്റെ ചൂടിൽ എപ്പോഴോ അവളും ഉറങ്ങിപ്പോയി. പുലരുവോളം ആ ചുംബന ചൂട് നെറ്റിയിൽ പതിഞ്ഞിരിക്കുന്നത് അവൾക്ക് അറിയാമായിരുന്നു. അതോടൊപ്പം അവളുടെ ചുമലിൽ താളം പിടിക്കുന്ന വാത്സല്യത്തിന്റെ കരങ്ങളും.
💜
രണ്ടുമൂന്നു ദിവസമായി അജയന്റെ ഫോണിൽ ഇടയ്ക്കിടെ ഒരു കോൾ വരുന്നതും അപ്പോൾ തന്നെ അജയൻ പുറത്തേക്കിറങ്ങി പോകുന്നതും ആരും കാണാതെ പതുങ്ങിയ രീതിയിൽ സംസാരിക്കുന്നത് ഒക്കെ കാണുന്നുണ്ടായിരുന്നു സുഗന്ധി. അങ്ങനെയാണ് അജയൻ പോലും അറിയാതെ ഒരു ദിവസം അവന്റെ ഫോൺ നോക്കിയത്. അതിൽ കണ്ട ചാറ്റുകൾ അവളെ ഞെട്ടിക്കുന്നതായിരുന്നു. അജയൻ ഒരു സ്ത്രീയുമായി അടുപ്പത്തിലാണെന്ന് ആ ചാറ്റുകളിൽ നിന്നും തന്നെ അവൾക്കു മനസ്സിലായി. അവരും ഒരു വിവാഹിതയായ സ്ത്രീയാണ്. രണ്ടുപേരും വിവാഹം കഴിക്കാൻ ഒന്നും തീരുമാനിച്ചിട്ടില്ല. ഇങ്ങനെ മുൻപോട്ടു പോകണം എന്നാണ് രണ്ടുപേരുടെയും തീരുമാനം. രണ്ടുപേരും തമ്മിലുള്ള പ്രണയം കിടക്ക പങ്കിടുന്ന നിലയിലേക്ക് വരെ എത്തിയിട്ടുണ്ടെന്ന് ഫോണിൽ കണ്ട ചില ചിത്രങ്ങൾ അവളെ ഓർമിപ്പിച്ചു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾ. രണ്ടു കുട്ടികളാണ് അതിൽ ഒരു പെൺകുട്ടി കൂടിയുണ്ട്. അവളെ ഓർത്ത് എല്ലാം സഹിച്ചു നിൽക്കാം എന്ന് പറഞ്ഞാലും തന്റെ മുൻപിൽ നല്ലപിള്ള കളിക്കുന്നത് കാണുമ്പോൾ ദേഷ്യം വരും.
ഒരിക്കൽ രണ്ടും കൽപ്പിച്ച് അജയനോട് സുഗന്ധി ഈ കാര്യം ചോദിച്ചു. ഒന്ന് പരുങ്ങിയെങ്കിലും സുഗന്ധിയുമായി വഴക്കുണ്ടാക്കുകയാണ് അയാൾ ചെയ്തത്. ബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ പോയി നിൽക്കാൻ പോലും സാധിക്കില്ല അതുകൊണ്ട് എല്ലാം സഹിക്കുക മാത്രമാണ് നിവർത്തിയുള്ളത്. പലപ്പോഴും പലരും അജയന്റെ സ്വഭാവത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോഴും താൻ വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ വിനോദ് തന്നോടു പറഞ്ഞിരുന്നു അജയനെ ശ്രദ്ധിക്കണമെന്നും മീരയെ പോലും അവൻ നല്ല കണ്ണോട് അല്ല നോക്കുന്നത് എന്നും..അപ്പോഴും അത് മീരയുടെ കുറ്റം ആകുമെന്ന് ആണ് താൻ പറഞ്ഞത്. ഇപ്പോൾ അതൊക്കെ ശരിയാണെന്ന് സുഗന്ധിയ്ക്ക് തോന്നുന്നുണ്ടായിരുന്നു …കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…