കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 132

രചന: റിൻസി പ്രിൻസ്
അജയന്റെ സ്വഭാവത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോഴും താൻ വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ വിനോദ് തന്നോടു പറഞ്ഞിരുന്നു അജയനെ ശ്രദ്ധിക്കണമെന്നും മീരയെ പോലും അവൻ നല്ല കണ്ണോട് അല്ല നോക്കുന്നത് എന്നും..അപ്പോഴും അത് മീരയുടെ കുറ്റം ആകുമെന്ന് ആണ് താൻ പറഞ്ഞത്. ഇപ്പോൾ അതൊക്കെ ശരിയാണെന്ന് സുഗന്ധിയ്ക്ക് തോന്നുന്നുണ്ടായിരുന്നു
ആരോടും തന്റെ മാനസികാവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ല എന്നും സുഗന്ധിക്ക് ഉറപ്പായിരുന്നു.
ഒടുവിൽ സഹിക്കാൻ വയ്യെങ്കിൽ ഇറങ്ങിപ്പോകാൻ അജയൻ പറഞ്ഞപ്പോൾ ഇനിയും ഇത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങൾ അറിഞ്ഞാൽ ഇറങ്ങിപ്പോവുകയല്ല പകരം താൻ തന്നെ സുധിയേട്ടനെ പോയി കണ്ട് കാര്യങ്ങൾ പറയും എന്ന് അജയനോട് അവൾ പറഞ്ഞു.
ഒരിക്കൽ തനിക്ക് സുധി നൽകിയിട്ടുള്ള സമ്മാനത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളതുകൊണ്ടു തന്നെ അജയൻ ഒന്നും മിണ്ടിയില്ല.. കാരണം സുധി പ്രത്യക്ഷത്തിൽ വളരെ ശാന്തരാണ് പക്ഷേ ശ്രീജിത്തിനേക്കാൾ ഭയക്കേണ്ടവനാണ് അവൻ എന്ന് വളരെ ചെറിയ സമയം കൊണ്ട് തന്നെ തോന്നിത്തുടങ്ങിയിരുന്നു അജയന്. മാത്രമല്ല സുധിയും സുഗന്ധിയും ഒരുമിച്ചുള്ള ഒരു കൂടി കാണാൻ അത് തനിക്ക് ഒട്ടും നല്ലതല്ല എന്നും അവൻ ഉറപ്പായിരുന്നു.
ഒരുപക്ഷേ സഹോദരിയുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ താൻ സ്വന്തം ഭാര്യയോട് ചെയ്ത കാര്യങ്ങൾ കൂടി സുധി അവളോട് പറയും. മാത്രമല്ല രണ്ടുപേരും കൂടി ഒന്നു ചേർന്ന് തനിക്കെതിരെ നിയമത്തിന്റെ വഴിയിൽ പോകാനുള്ള സാധ്യതയുമുണ്ട്. സുഗന്ധിയെ വിശ്വസിക്കാൻ കഴിയില്ല. പിണങ്ങിയാൽ അവൾ എന്തും ചെയ്യും. തന്റെ ജോലി അടക്കം പോകാനുള്ള സാധ്യതയാണ് അത്.
അതുകൊണ്ടു തന്നെ സുഗന്ധിയുടെ മുൻപിൽ അല്പം താണു കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നി. അതിനാൽ തന്നെ ഇനി ഒരിക്കലും അത് ആവർത്തിക്കില്ല എന്ന് അജയൻ പറഞ്ഞു. ഈ ഒരു സാഹചര്യത്തിൽ സുധിയുണ്ടായിരുന്നുവെങ്കിൽ തന്നെ ചേർത്തു പിടിക്കുമായിരുന്നു എന്ന് സുഗന്ധി ഓർത്തിരുന്നു. ഈ കാര്യം പറഞ്ഞുകൊണ്ട് താൻ ശ്രീജിത്തിന്റെ അടുത്തേക്ക് ചെന്നാൽ അവൻ പ്രത്യേകിച്ച് ഒന്നും ചെയ്യില്ല. എന്നാൽ സുധിയുണ്ടായിരുന്നുങ്കിൽ അജയനെ വിളിച്ച് ഉപദേശിക്കുകയും അല്ലെങ്കിൽ എന്റെ പെങ്ങളെ വിഷമിപ്പിക്കാൻ താനാരാണെന്ന് ചോദിക്കുകയേങ്കിലും ചെയ്തേനെ, നമ്മുക്ക് വേണ്ടി ചോദിക്കാൻ ഒരാളില്ലാതെ വരുമ്പോൾ ആണ് അവരുടെ ബുദ്ധിമുട്ട് നമ്മൾ മനസ്സിലാക്കുന്നത്. സുധി എന്തായിരുന്നു എന്ന് സുഗന്ധിയും തിരിച്ചറിയുകയായിരുന്നു.
പ്രസവകാലം പൊതുവേ വലിയ പ്രശ്നങ്ങളില്ലാതെയാണ് മീരക്ക് മുൻപോട്ടു പോയത്. ആറുമാസക്കാലം അവൾക്ക് സ്കൂളിൽ പോകുവാനും ജോലി ചെയ്യുവാനും ഒക്കെ കഴിയുന്നുണ്ടായിരുന്നു. സ്കൂളിൽ പോവണ്ട എന്നും വീട്ടിലിരിക്കുവാനും ഒക്കെ സുധി നിർബന്ധിച്ചു എങ്കിലും ആരോഗ്യക്കുറവ് ഒന്നുമില്ല എന്നും ഈ സമയത്ത് ഈ ചെറിയ ജോലികൾ ചെയ്യുന്നതാണ് നല്ലത് എന്നും മീര പറഞ്ഞു. ഏഴാം മാസം മീരേ വിളിച്ചു കൊണ്ടു പോകട്ടെ എന്ന് മാധവി ചോദിച്ചപ്പോൾ അതിനെ തടഞ്ഞത് മീര തന്നെയാണ്. സുധിയേട്ടന് ഒറ്റയ്ക്കാക്കി താൻ എങ്ങോട്ടും വരില്ലന്ന് മീര കട്ടായം പറഞ്ഞു. എങ്കിലും അവളുടെ അവസ്ഥകൾ മാനിച്ച് അവിടെ പോയി നിൽക്കാൻ സുധി പറഞ്ഞിരുന്നു. അവൻ ഒറ്റയ്ക്ക് ആകുമെന്ന് ഉറപ്പുള്ളതുകൊണ്ടു തന്നെ അവൾ അതിന് കൂട്ടാക്കിയില്ല. മാത്രമല്ല ഈ സമയത്ത് അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സുധിയുടെ സാന്നിധ്യമായിരുന്നു.
മാർച്ച് ഏപ്രിൽ മാസങ്ങൾ ആയതുകൊണ്ട് തന്നെ മാധവിയും അനുജത്തിമാരും രണ്ടു മൂന്നു മാസം മീരയ്ക്കൊപ്പം വന്ന് നിന്നിരുന്നു. ഇതിനിടയിൽ വിവരമറിഞ്ഞിട്ടും ഒരിക്കൽ പോലും മീരേ കാണാൻ സതിയോ മാറ്റാരുമോ വീട്ടിൽ നിന്ന് വന്നില്ല എന്നത് സുധിയിൽ വേദന ഉണർത്തി. അത് മീരയ്ക്കുമറിയാമായിരുന്നു. എന്തൊക്കെ സംഭവിച്ചാലും അവർ തന്നെ കാണാൻ വരില്ലെന്ന് ഉറപ്പുമായിരുന്നു അവൾക്ക്.
എന്നാൽ മീര ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ വല്ലാത്ത ദേഷ്യം ആണ് സതിയ്ക്ക് തോന്നിയത്. സാധാരണ മകന്റെ ഭാര്യ ഗർഭിണിയാകുമ്പോൾ അമ്മയ്ക്ക് സന്തോഷമാണ് തോന്നേണ്ടത് എന്നാൽ മീരയോടുള്ള വൈരാഗ്യം അവളുടെ കുഞ്ഞിനോട് പോലും ആ നിമിഷം തോന്നിയിരുന്നു അവർക്ക്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മീരേ കാണുവാനായി രമ്യേ എത്തി. ഒരുപാട് കഷ്ടപ്പെട്ടാണ് സുധി താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ച് രമ്യ അവിടേക്ക് വന്നത്. രമ്യയുടെ ഇടപെടൽ സുധിയെ പോലും ഞെട്ടിച്ചുകളഞ്ഞിരുന്നു.
മീരയ്ക്ക് കുറച്ച് സാധനങ്ങളും ഒക്കെയായാണ് രമ്യ എത്തിയത്. കുറച്ച് തടിച്ചു എന്നതിനപ്പുറം വലിയ മാറ്റങ്ങൾ ഒന്നും മീരയ്ക്ക് വന്നിട്ടില്ലെന്ന് പറഞ്ഞു. സുധിയ്ക്കും അവളുടെ സാന്നിധ്യം വലിയ സന്തോഷം നൽകി. എല്ലാദിവസവും സുധിയെയും മീരയേയും കൃത്യമായി വിളിക്കുകയും വിവരങ്ങൾ അറിയുകയും ചെയ്തിരുന്നു ശ്രീലക്ഷ്മി. ആകെ കുടുംബവുമായി ഉള്ള ബന്ധം ശ്രീലക്ഷ്മിയും രമ്യയും അമ്മാവനും മാത്രമാണെന്ന് സുധി ഓർത്തു. അമ്മാവനും അമ്മായിയും ഇടയ്ക്ക് എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊണ്ട് മീരയെ കാണാൻ എത്തും. അവൾക്ക് പ്രിയപ്പെട്ടത് എന്തൊക്കെയാണെന്ന് ചോദിച്ച അമ്മായി അത് ഉണ്ടാക്കിക്കൊണ്ടു വരികയും ചെയ്യും. സാധാരണ ഗർഭിണികൾക്കുള്ളതുപോലെ പ്രത്യേക ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും തന്നെ മീരക്ക് ഉണ്ടായിരുന്നില്ല. ഇടയ്ക്ക് രമ്യ അതിലെ പോകാറുള്ളപ്പോൾ കടയിൽ കയറുകയും സുധിയോടെ സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ശ്രീജത്തിനേക്കാൾ ആത്മാർത്ഥത അവൾക്ക് തന്നോട് ഉണ്ടെന്ന് പലതവണ സുധി ഓർത്തു.
ഇടയ്ക്ക് കുഞ്ഞിനെ അവിടെ കൊണ്ടുവരണമെന്ന് സുധി പറഞ്ഞത് അനുസരിച്ച് ഒരു ദിവസം കുഞ്ഞിനെയും കൊണ്ടാണ് കടയിലേക്ക് രമ്യ വന്നത്. ആ സമയത്ത് മീരയും കടയിൽ ഉണ്ടായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം കുഞ്ഞി പെണ്ണിനെ കണ്ടപ്പോൾ രണ്ടുപേർക്കും സന്തോഷം തോന്നിയിരുന്നു. സുധിയും മീരയും കൂടി വളർത്തിയതാണ് അവളെ. അതുകൊണ്ടുതന്നെ അവൾ ആരെയും മറന്നു പോയിട്ടുണ്ടായിരുന്നില്ല. മീരയെ കണ്ടപ്പോൾ ഓടിവന്ന് അവൾ കെട്ടിപ്പിടിച്ചപ്പോൾ വല്ലാത്ത സന്തോഷമാണ് മീരയ്ക്ക് തോന്നിയത്. രമ്യ പോയിക്കഴിഞ്ഞാൽ അവൾക്ക് കുറുക്ക് കൊടുക്കുന്നതും അവളെ കുളിപ്പിക്കുന്നത് ഒക്കെ മീരയുടെ ജോലിയായിരുന്നു. അവളെ കുറിച്ച് ഓർത്തപ്പോൾ ആയിരുന്നു മീരക്ക് ഏറ്റവും കൂടുതൽ വിഷമം തോന്നിയിരുന്നത്. പുതിയ വീട്ടിലേക്ക് വന്നതിനുശേഷം ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും അവളെ തന്നെയായിരുന്നു.
.. ഒരു ദിവസം രാത്രിയിലാണ് പെട്ടെന്ന് മീരക്ക് വേദന വന്നത്. ആദ്യം അത് കാര്യമാക്കിയില്ല. കാരണം ഗ്യാസ് ഉള്ള ഭക്ഷണവും മറ്റും കഴിക്കുമ്പോൾ ഇടയ്ക്ക് മീരയ്ക്ക് ഉള്ളതാണ് വേദന. എന്നാൽ ഒരു വിധത്തിലും അത് കുറയുന്നില്ലെന്ന് കണ്ടപ്പോൾ തന്നെ മാധവിയ്ക്ക് കാര്യം മനസ്സിലായി.
” ഇനി വെച്ച് താമസിപ്പിക്കേണ്ട മോനെ, വണ്ടി വിളിക്ക്. ഇത് പ്രസവവേദന തന്നെയാണ്.
മാധവി സുധിയോട് പറഞ്ഞപ്പോൾ അവൻ ഭയന്നു പോയി. സമയം ഏതാണ്ട് ഒരു മണിയോടെ അടുത്തിട്ടുണ്ടായിരുന്നു. അവൻ പെട്ടെന്ന് തന്നെ വിനോദിനെ വിളിച്ചു. വളരെ വേഗം വിനോദ് വീട്ടിലെത്തുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോയതും ലേബർ റൂമിലേക്കാണ് അവളെ കയറ്റിയത്. ലേബർ റൂമിന് പുറത്ത് അവൾക്ക് വേണ്ടി കാത്ത് നിൽക്കുമ്പോൾ മീരയുടെ മുഖം മാത്രമായിരുന്നു സുധിയുടെ മനസ്സിൽ നിറയെ. ജീവിതത്തിൽ ഇത്രത്തോളം ടെൻഷൻ അനുഭവിച്ചിട്ടുള്ള ഒരു സമയം ഇല്ലെന്ന് അവൻ ഓർത്തു. അവന്റെ കണ്ണുകൾ ചുവക്കുന്നതും മിഴികൾ ഈറൻ അണിയുന്നതും ഒക്കെ കാണുന്നുണ്ടായിരുന്നു മാധവി.. ഒരേ സമയം വിഷമവും സന്തോഷവും അവർക്ക് തോന്നി. തന്റെ മകളെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ അവൾക്ക് കിട്ടിയല്ലോ എന്നതിൽ വല്ലാത്ത ഒരു ചാരിതാർത്ഥ്യം അവർക്ക് അനുഭവപ്പെട്ടു
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ലേബർ റൂമിന്റെ വാതിൽ തുറക്കപ്പെട്ടു. വെള്ളം നിറത്തിനോട് ഒരു ടർക്കിയിൽ പൊതിഞ്ഞ ഒരു പൈതലുമായി നേഴ്സ് അവർക്ക് മുമ്പിൽ എത്തി
” മീര പ്രസവിച്ചു പെൺകുട്ടിയാ..!
വലിയ സന്തോഷത്തോടെ നേഴ്സിന് അരികിലേക്ക് സുധി ഓടിച്ചെന്ന് കുഞ്ഞിനെ നോക്കി. നേഴ്സ് അവന്റെ കൈയിലേക്ക് കുഞ്ഞിനെ കൊടുക്കാൻ തുടങ്ങിയപ്പോൾ അവൻ ഭയന്ന് മാധവിയെ വിളിച്ചു അവരാണ് കുഞ്ഞിനെ കയ്യിൽ വാങ്ങിയത്. കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവന് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു
” മീര അവൾക്ക് എങ്ങനെയുണ്ട് എനിക്കൊന്നു കാണാമോ
അവൻ നേഴ്സിനോട് ആദ്യം ചോദിച്ചത് അതാണ്.
” നോർമൽ ഡെലിവറി ആയിരുന്നു കുഴപ്പമൊന്നുമില്ല കുറച്ചു കഴിയുമ്പോൾ മുറിയിലേക്ക് മാറ്റും അപ്പൊ കാണാം,
നേഴ്സിന്റെ ആ വാക്കുകൾ അവനിൽ വലിയ ആശ്വാസം നിറച്ചുവെങ്കിലും അവളെ ഒന്ന് കാണാതെ സമാധാനമാവില്ല എന്ന് അവന് തോന്നി…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…