കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 133
രചന: റിൻസി പ്രിൻസ്
നോർമൽ ഡെലിവറി ആയിരുന്നു കുഴപ്പമൊന്നുമില്ല കുറച്ചു കഴിയുമ്പോൾ മുറിയിലേക്ക് മാറ്റും അപ്പൊ കാണാം,
നേഴ്സിന്റെ ആ വാക്കുകൾ അവനിൽ വലിയ ആശ്വാസം നിറച്ചുവെങ്കിലും അവളെ ഒന്ന് കാണാതെ സമാധാനമാവില്ല എന്ന് അവന് തോന്നി
കുഞ്ഞു ജനിച്ച വിവരം സുധി തന്നെയാണ് വീട്ടിൽ വിളിച്ചു പറഞ്ഞത്. ശ്രീജിത്തിന്റെ നമ്പറിലേക്കാണ് വിളിച്ചത്. അവൻ താൽപര്യമില്ലാതെ ആണ് ഫോണെടുത്തത് എങ്കിലും കുഞ്ഞു ജനിച്ചു എന്ന് അറിഞ്ഞപ്പോൾ പിണക്കം ഒന്നും അവൻ കാണിച്ചില്ല. എന്ത് കുഞ്ഞാണ് എന്നും എപ്പോഴാണ് എന്നു എന്താണ് നേരത്തെ പറയാഞ്ഞത് എന്നൊക്കെ സുധിയോട് ചോദിക്കുകയും ചെയ്തിരുന്നു.
സുധിയിൽ കുറച്ചെങ്കിലും ആശ്വാസം ആ വാക്കുകൾ പകർന്നു എന്ന് പറയുന്നതാണ് സത്യം.
ശ്രീജിത്ത് രമ്യയോട് കാര്യം പറഞ്ഞു. രമ്യ ഉടനെ തന്നെ ഓടി അടുക്കളയിലേക്ക് അമ്മയോട് കാര്യം പറയാൻ. കാര്യം അറിഞ്ഞപ്പോൾ അവരിൽ പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഉണ്ടാവില്ലന്ന് ഉറപ്പായിരുന്നു. എങ്കിലും കാര്യം പറയുക എന്നത് തന്റെ കടമയാണല്ലോ. കാര്യം പറഞ്ഞപ്പോൾ തന്നെ അവരുടെ മുഖത്ത് വലിയ മാറ്റമില്ല എന്നത് അവൾ ശ്രദ്ധിച്ച കാര്യമാണ്. എങ്ങനെയാണ് ഒരു അമ്മയ്ക്ക് മുത്തശ്ശിയായ വിവരം ഇത്രയ്ക്ക് നിസ്സംഗതയോടെ കേൾക്കാൻ സാധിക്കുന്നത് എന്നാണ് ആ നിമിഷം അവൾ ഓർമ്മിച്ചത്.
” കീറിമുറിക്കുകയായിരുന്നോ അതോ പ്രസവം ആയിരുന്നോ.?
താല്പര്യമില്ലാതെ അവർ ചോദിച്ചപ്പോൾ ഈ സാഹചര്യത്തിലും ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഇവർക്ക് കഴിയുന്നില്ലോ എന്നായിരുന്നു രമ്യ വിചാരിച്ചത്..
” നോർമൽ ഡെലിവറി ആയിരുന്നു എന്ന് ആണ് പറഞ്ഞത്.
“ആണോ പെണ്ണോ..?
സതി ചോദിച്ചു
“മോൾ ആണ്
“ആഹ് ആൺകുട്ടികൾ ജനിക്കണം എങ്കിൽ ഭാഗ്യം വേണം.
സതി കളിയാക്കി, അതിന് മറുപടി പറയാൻ രമ്യ നില്കുന്നില്ല. അവരോട് പറഞ്ഞു നേടാൻ പറ്റില്ല എന്ന് അവൾക്ക് അറിയാം
” കുഞ്ഞിന് വെയിറ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നല്ല പെയിൻ എടുത്തിട്ട് ഉണ്ടാവും
രമ്യ ആരോട് എന്നല്ലാതെ പറഞ്ഞു
” ഉണ്ടാവണം പ്രസവ വേദനയുടെ ദുഃഖം അവളൊന്നു മനസ്സിലാക്കണം. എന്റെ ചെറുക്കനെ എന്റെ അടുത്തു നിന്നും അകറ്റിക്കൊണ്ടു പോയതല്ലേ, ഒറ്റയ്ക്ക് പോറുക്കാൻ വേണ്ടി… അതിന് ദൈവം കൊടുത്ത ശിക്ഷയാണ്. ഇങ്ങനെയൊന്നും അല്ലായിരുന്നു വേണ്ടത് കീറി മുറിക്കണമായിരുന്നു.
സ്വന്തം മകന്റെ ഭാര്യയെ കുറിച്ച് എത്ര ക്രൂരമായ സംസാരിക്കാൻ ഇവർക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല എന്ന് ആ നിമിഷം രമ്യയ്ക്ക് തോന്നിയിരുന്നു.
ജീവിതത്തിൽ ഒരിക്കൽ പോലും അവരോട് ബഹുമാനം തോന്നുന്ന ഒരു ഘടകങ്ങളും അവർക്ക് ഉണ്ടായിട്ടില്ല. അത് വീണ്ടും വീണ്ടും അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ആ നിമിഷം രമ്യ വിചാരിച്ചത്.
” കുഞ്ഞിനെ കാണാൻ പോകണ്ടേ? സുധിയേട്ടൻ വിളിച്ചു പറഞ്ഞിട്ട് ചെന്നില്ലെങ്കിൽ മോശമാ…
” എന്തിനാ ഞാൻ പോകുന്നത്.? അവളെ ആശുപത്രിയിലാക്കിയപ്പോൾ എന്നെ വിളിച്ചു പറഞ്ഞില്ലല്ലോ എന്നോട് ഒരു വാക്ക് വിളിച്ചു പറയുക എന്നുള്ള ഒരു മര്യാദ ഇല്ലേ..? അവനത് ചെയ്തോ ഇല്ലല്ലോ, ഇപ്പൊ ഇതാ കൊച്ചു ഉണ്ടായപ്പോൾ ഒരു വഴിപാട് പോലെ വിളിച്ചു പറഞ്ഞിരിക്കുന്നു.
“അങ്ങനെ നോക്കുകയാണെങ്കിൽ മീര പ്രഗ്നന്റ് ആണെന്ന് അറിഞ്ഞിട്ട് എപ്പോഴെങ്കിലും അമ്മയൊന്നു പോയി കണ്ടോ.? സുധിയേട്ടൻ അതും ചിന്തിച്ചു കാണില്ലേ.?
” ഒന്നുമല്ലെങ്കിലും അമ്മയുടെ മോന്റെ ഭാര്യയല്ലേ, ആരോടുമുള്ള പിണക്കം അമ്മ മനസ്സിൽ വെക്കണ്ട. അമ്മ പറഞ്ഞതുപോലെ അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നെങ്കിൽ അമ്മ എന്താണെങ്കിലും പോയി ഒന്ന് കണ്ടേനെ, മീരയോട് എന്തൊക്കെ ദേഷ്യവും പിണക്കവും ഉണ്ടെങ്കിലും അവളുടെ വയറ്റിൽ കിടക്കുന്നത് സുധിയേട്ടന്റെ കുഞ്ഞല്ലേ, അപ്പോൾ അമ്മയ്ക്ക് പോയി കാണായിരുന്നു. ഈ 9 മാസകാലത്തിൽ ഒരിക്കൽ പോലും അമ്മ മീരേ ഒന്ന് പോയി കണ്ടില്ലല്ലോ. പിന്നെ അവര് പ്രസവ വേദനയെടുത്ത് ടെൻഷൻ അടിച്ച് നിൽക്കുമ്പോൾ അമ്മയെ ഓർത്ത് വിളിച്ച് പറയണം എന്ന് പറഞ്ഞാൽ അത് ഒരു ന്യായമായ ഒരു കാര്യം ആണോ.? ഞാൻ എന്താണെങ്കിലും പോയി കാണുന്നുണ്ട്. അമ്മ എന്താ വരാത്തത് എന്ന് ചോദിച്ചാൽ ഞാൻ ഈ കാരണം തന്നെ പറയും.
രമ്യയുടെ മറുപടി വല്ലാത്തൊരു ഞെട്ടൽ തന്നെയാണ് അവരിൽ ഉണ്ടാക്കിയെടുത്തത്.
കുറച്ചുനാളുകളായുള്ള ശ്രീജിത്തിന്റെ ഇടപെടൽ അസഹനീയം ആയിട്ടുണ്ട്. എത്ര തീർത്താലും തീരാത്ത അടുക്കളയിലെ ജോലികളും. അതുകൊണ്ടു തന്നെ സതി മടുത്തു നിൽക്കുകയായിരുന്നു. എങ്ങനെയെങ്കിലും സുധിയുമായി നല്ലൊരു ബന്ധത്തിൽ എത്തിയതിനു ശേഷം സുധിയോട് പറഞ്ഞു സുധിയുടെ ഒപ്പം താമസിക്കണം എന്നാണ് സതി ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അതിനായി എങ്ങനെ സുധിയോട് ഒന്ന് സംസാരിക്കുമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു അവസരം അവർക്ക് കൈ വന്നത്. എന്നാൽ തനിക്ക് സുധിയോടും മീരയോടും ദേഷ്യമാണ് എന്ന് ഇവിടെയുള്ളവർ വിശ്വസിക്കുകയും വേണം
തന്നെ സുധി അവന്റെ ഇഷ്ടപ്രകാരം അങ്ങോട്ടു കൊണ്ടു പോയതായി വേണം വരാൻ. അല്ലാതെ താൻ അങ്ങോട്ട് പോയതായി വരാൻ പാടില്ല. അതുകൊണ്ടാണ് മീരയെക്കുറിച്ച് ഇങ്ങനെ ദേഷ്യത്തോടെ രമ്യയോട് സംസാരിക്കുന്നത്. മീരയ്ക്കും കൂടി ജോലി ആയതോടെ അവരുടെ സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അടുത്ത വീട്ടിലെ ആമിന വഴി സതി അറിഞ്ഞിരുന്നു. എങ്ങനെയെങ്കിലും സുധിയുടെ വീട്ടിൽ പോവുകയാണെങ്കിൽ തനിക്ക് സുഖമായിരിക്കുമെന്ന് അവർ ചിന്തിച്ചിരുന്നു. തന്റെ ആവശ്യങ്ങളെല്ലാം സുധി നടത്തി തരുകയും ചെയ്യും.
വീട്ട് ജോലികളൊക്കെ മീര ചെയ്യുകയും ചെയ്യും. കുഞ്ഞിനെ നോക്കാം എന്ന വ്യാജേനെ സുധിയുടെ കുടുംബത്തിലേക്ക് കയറുകയാണ് ഇനി വേണ്ടത്. അങ്ങനെയാണെങ്കിൽ ശിഷ്ടകാലം ജീവിക്കാം എന്നുള്ള ഒരു തീരുമാനത്തിൽ എത്തിയിരുന്നു. വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഇളയ മകനോടൊപ്പം ഉള്ള ജീവിതം ദുഷ്കരമാണ് എന്ന് അവർ മനസ്സിലാക്കി കഴിഞ്ഞിരുന്നു. കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പോലും അവൻ വാങ്ങിയെടുത്തു. ഇപ്പോൾ പ്ലേറ്റ് ചെയ്ത മാലയാണ് കഴുത്തിൽ ഇട്ടിരിക്കുന്നത്. വളയുടെയും മോതിരത്തിന്റെയും കാര്യം പിന്നെ പറയണ്ട. ബിസിനസ് ആവശ്യങ്ങൾ പറഞ്ഞ് ഇതിനോടകം അവനത് വിറ്റ് കഴിഞ്ഞിരുന്നു.മാല പണയം വച്ചു എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോൾ വർഷം ഒന്നു കഴിഞ്ഞിരിക്കുന്നു ഇതുവരെ മാലയുടെ കാര്യത്തെക്കുറിച്ച് യാതൊന്നും അവൻ പറയുന്നുമില്ല.
സുധി ഗൾഫിൽ പോയതിനു ശേഷം ആദ്യമായാണ് താൻ വരവുമാല ഉപയോഗിക്കുന്നത്. തന്റെ കഴുത്തിൽ മാല ഇല്ലാതിരിക്കാൻ സുധി അനുവദിച്ചിട്ടില്ല എന്ന് അവർ വേദനയോടെ ഓർമിച്ചു. സുഗന്ധിയാണെങ്കിൽ അതിനുശേഷം ആകെപ്പാടെ വിളിച്ചത് പെൻഷൻ വന്ന ഒരു സമയത്താണ്. പെൻഷനിൽ നിന്നും കുറച്ചു തുക കൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ അപ്പോഴത്തെ ദേഷ്യത്തിൽ കൊടുക്കില്ല എന്ന് പറഞ്ഞു. അതോടെ പിന്നീട് ആ ബന്ധം അവസാനിച്ച മട്ടാണ്..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…