കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 134
രചന: റിൻസി പ്രിൻസ്
സുഗന്ധിയാണെങ്കിൽ അതിനുശേഷം ആകെപ്പാടെ വിളിച്ചത് പെൻഷൻ വന്ന ഒരു സമയത്താണ്. പെൻഷനിൽ നിന്നും കുറച്ചു തുക കൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ അപ്പോഴത്തെ ദേഷ്യത്തിൽ കൊടുക്കില്ല എന്ന് പറഞ്ഞു. അതോടെ പിന്നീട് ആ ബന്ധം അവസാനിച്ച മട്ടാണ്
എങ്ങനെയും സുധിയുമായുള്ള ആ പഴയ ബന്ധം പൊടിതട്ടി എടുക്കണം എന്ന് സതി തീരുമാനിച്ചിരുന്നു.
ഇല്ലെങ്കിൽ തനിക്കൊരു നിലനിൽപ്പ് ഉണ്ടാവില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു. എന്നാൽ ഈ കാര്യം തനിക്ക് ഒരു വിധത്തിലും മക്കളുടെ മുൻപിൽ അവതരിപ്പിക്കാനും വയ്യ. കാരണം എല്ലാവരുടെയും മുമ്പിൽ വച്ച് ശ്രുതിയെ കുറ്റം പറഞ്ഞവളാണ് താൻ. ആ താൻ തന്നെ എല്ലാവരുടെ മുൻപിൽ വച്ച് വീണ്ടും പുതിയ ചേർത്ത് പിടിക്കുന്നു എന്നും സുധിയെ വീണ്ടും താങ്ങുന്നു എന്നും കണ്ടാൽ അത് തനിക്ക് ക്ഷീണമാണ്.
അതുകൊണ്ട് തന്നെ സുധി അവിടേക്ക് വിളിച്ചു കൊണ്ടുപോയി എന്ന വിധത്തിൽ വേണം ശ്രീജിത്തും രമ്യയുമൊക്കെ അത് അറിയാൻ. അപ്പോഴും അഭിമാനം ഒട്ടും താഴെ പോകാൻ ആഗ്രഹിച്ചിരുന്നില്ല.
വിവരമറിഞ്ഞ് രാവിലെ തന്നെ ശ്രീജിത്തും രമ്യയും ആശുപത്രിയിൽ എത്തിയിരുന്നു. സുധിയ്ക്കും ചെറിയ സമാധാനം തോന്നി. ശ്രീജിത്തും താനും തമ്മിൽ നിലനിന്നിരുന്ന ചെറിയൊരു ശീതസമരം കൂടിയാണ് ഈ ആശുപത്രി സന്ദർശനത്തോടെ അവസാനിച്ചത്. അഭിനന്ദനങ്ങൾ എന്നും പറഞ്ഞ് ശ്രീജിത്ത് സുധിയെ ചേർത്തു പിടിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു തണുപ്പ് വീണത് സുധി അറിഞ്ഞിരുന്നു.
താൻ അച്ഛനായ നിമിഷം അവനെ എല്ലാം മറന്ന് ഓടി വന്നല്ലോ. അത് വലിയൊരു ആശ്വാസമായി അവന് തോന്നിയിരുന്നു. എങ്കിലും ഒരു പരിധിയ്ക്ക് അപ്പുറം ഇനി ബന്ധങ്ങൾക്ക് സ്ഥാനം കൊടുക്കുന്ന രീതി തനിക്കില്ല എന്ന് ഇതിനോട് അകം തന്നെ ജീവിതനുഭവങ്ങൾ അവനെ പഠിപ്പിച്ചിരുന്നു. ശ്രീജത്തിന്റെയും രമ്യയുടെയും പുറകിലേക്ക് അവൻ നോക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം രമ്യയ്ക്ക് മനസ്സിലായി.
” അമ്മയ്ക്ക് കാലു വേദന അതാ വരാതിരുന്നത്… കുഞ്ഞിനെ കുറിച്ച് ഒരുപാട് ചോദിച്ചു. ഫോട്ടോയെടുത്ത് കൊണ്ട് കാണിക്കണം എന്ന് പറഞ്ഞു.
ആ സന്തോഷനിമിഷത്തിൽ അവനെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് രമ്യ അങ്ങനെ ഒരു കള്ളം പറഞ്ഞത്. അവൾ ഫോണിൽ ഒരു ഫോട്ടോ കുഞ്ഞിന്റെ എടുക്കുകയും ചെയ്തു. ഒപ്പം തന്നെ കുഞ്ഞിന് ടർക്കിയും കുഞ്ഞു ഉടുപ്പുകളും ഒക്കെയായാണ് അവൾ വന്നതും.
കുറച്ച് സമയം കുഞ്ഞി പെണ്ണിനെ വാങ്ങി കയ്യിൽ പിടിച്ച് മീരയോടും വിശേഷങ്ങളൊക്കെ ചോദിച്ചതിന് ശേഷമാണ് രമ്യയും ശ്രീജിത്തും പോയത്. കാന്റീനിൽ നിന്നും ഭക്ഷണമോ മറ്റോ വാങ്ങണോ എന്ന് ശ്രീജിത്ത് സുധിയോട് ചോദിച്ചപ്പോൾ അവൻ സ്നേഹപൂർവ്വം നിരസിച്ചിരുന്നു. അവർ ഇറങ്ങിയ പുറകെ തന്നെ അമ്മാവനും അമ്മയും രാവിലത്തെക്കുള്ള പ്രാതലുമായി എത്തിയിരുന്നു. നാലു ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു.
ഡിസ്ചാർജ് ചെയ്തതിന് ശേഷം മീരയ്ക്ക് വീട്ടിലേക്ക് പോകാതെ തരമില്ലായിരുന്നു. നോർമൽ ഡെലിവറിയുടെ ബുദ്ധിമുട്ടുകളും അവളെ അലട്ടുന്നുണ്ടായിരുന്നു. എങ്കിലും സുധിയെ വിട്ട് പിരിയുന്നത് അതൊരു വേദന തന്നെയാണ് അവർക്ക് സമ്മാനിച്ചത്. പക്ഷേ ഈ സാഹചര്യത്തിൽ കുഞ്ഞിനു ആണല്ലോ പ്രാധാന്യം നൽകേണ്ടത്. കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുകയും തേച്ചു കുളിക്കുകയും ഒക്കെ ചെയ്യേണ്ടത് അത്യാവശ്യം ആണ്.
അതുകൊണ്ട് ആശുപത്രിയിൽ നിന്നും നൂറനാട് മീരയുടെ വീട്ടിലേക്ക് പോകാം എന്ന് തീരുമാനിച്ചു. അത് പറഞ്ഞപ്പോൾ തന്നെ മീരയുടെ മുഖം മാറുകയും ചെയ്തിരുന്നു. അപ്പോൾ സുധിയ്ക്ക് കാര്യം മനസ്സിലായി. അവൻ ആരും കാണാതെ അവളുടെ കാതിൽ പറഞ്ഞു
” വിഷമിക്കേണ്ട ഞാൻ എല്ലാ ആഴ്ചയും അങ്ങോട്ട് വരാം. എനിക്ക് കാണാതിരിക്കാൻ പറ്റില്ലല്ലോ..!
അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞവനെ അവൾ ഒന്ന് ചിരിയോടെ നോക്കിയിരുന്നു.
ഈ സമയങ്ങളിലൊക്കെ അവളെ കാണുവാൻ വേണ്ടി സുധി മീരയുടെ വീട്ടിൽ വന്നു പോകുമായിരുന്നു.
അവളെ മാത്രമല്ല കുഞ്ഞി പെണ്ണിനെയും കാണാതെ വയ്യാരുന്നു അവനെ. സുധി ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്ക് വരികയും ഒരു ദിവസം അവിടെ തങ്ങുകയും ചെയ്യുന്നത് അവന്റെ ശീലങ്ങളിൽ ഒന്നായി മാറിയിരുന്നു. ഇതിനിടയിൽ അല്പം തടി വച്ച് തുടങ്ങിയിരുന്നു മീര.
28 കെട്ട് മീരയുടെ വീട്ടിൽ വച്ച് നടത്താനാണ് തീരുമാനിച്ചത്. സുധി വീട്ടിലേക്ക് പോകില്ല എന്ന് നേരത്തെ തീരുമാനിച്ചത് ആയിരുന്നു. അതുകൊണ്ട് ശ്രീജിത്തിനോട് 28 കെട്ടിനെ കുറിച്ച് സതിയോടും ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. താൻ നേരിട്ട് പറയേണ്ട ഒരു കടമയുണ്ടല്ലോ. അതുകൊണ്ടാണ് അവൻ വിളിച്ചത്. എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് സതി അവനോട് സംസാരിച്ചത്..
” എന്റെ പൊന്നു മോനെ…! നീ എന്നെ ഒന്ന് വിളിച്ചില്ലല്ലോ. ഞാൻ ഇത്രയും വിഷമിക്കാനില്ലടാ, ഞാൻ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്റെ അമ്മയല്ലേ.? ഞാൻ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും നിനക്കൊന്നു വിളിച്ച് ചോദിക്കാമായിരുന്നില്ലേ.?
” അമ്മയ്ക്ക് എന്നെ ഇങ്ങോട്ട് വിളിക്കാരുന്നല്ലോ..? എന്റെ ഫോൺ നമ്പർ മാറിയിട്ട് ഒന്നും ഉണ്ടായിരുന്നില്ല.
സുധിയുടെ മറുപടിയിൽ എന്ത് പറയണം എന്ന് അറിയാതെ സതി നിന്നു.
എങ്കിലും അവർ തന്റെ അഭിനയപാഠം പുറത്തെടുത്തിരുന്നു. പഴയപോലെ വാത്സല്യവും സ്നേഹവും തുളുമ്പുന്ന അവരുടെ സംസാരം കേട്ടപ്പോൾ സുധിക്ക് അത് ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.
എന്തൊക്കെ മറന്നാലും താൻ കഴിക്കുന്ന ഭക്ഷണത്തിന് കണക്ക് പറഞ്ഞത് മറക്കാൻ സാധിക്കില്ല. അതാണ് അവന്റെ മനസ്സിൽ പ്രതിധ്വനിയായി നിറഞ്ഞു നിന്നത്.
” എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും അവൻ എന്നെ വിട്ടില്ല. ഇറങ്ങിയേക്കരുത് എന്ന് ആണ് പറഞ്ഞത്.
നേരെ ആ കുറ്റമെല്ലാം ശ്രീജിത്തിന്റെ പുറത്തേക്കുവെച്ച അമ്മയുടെ അഭിനയം കണ്ടപ്പോൾ ഞെട്ടലാണ് അനുഭവപ്പെട്ടത്. ശ്രീജിത്ത് കുഞ്ഞിനെ കാണാൻ വരണ്ട എന്ന് ഒരിക്കലും അമ്മയോട് പറയില്ലെന്ന് തന്നെയാണ് സുധി വിശ്വസിച്ചത്.
പിന്നെ ഇവരുടെയൊക്കെ യഥാർത്ഥ സ്വഭാവം എന്താണ് എന്ന് തനിക്കറിയില്ലല്ലോ. ഒരു പ്രശ്നം വരുമ്പോഴല്ലേ എല്ലാവരുടെയും തനിസ്വഭാവം പുറത്തു വരുന്നത്.
” കുഞ്ഞിന്റെ 28 കെട്ടാണ് തിങ്കളാഴ്ച, 28 കെട്ടിന് അമ്മ വരണം.
അത്രമാത്രം പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു ..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…