Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 136 || അവസാനിച്ചു

രചന: റിൻസി പ്രിൻസ്

അവരാണ് അവളെ വളർത്തിയത്. അതുകൊണ്ടു തന്നെ മൂന്ന് മാസങ്ങൾക്ക് ശേഷം അവരെ വിട്ടു പിരിയുക എന്നു പറയുന്നത് കുഞ്ഞു പെണ്ണിന് ചിന്തിക്കാൻ വയ്യാത്ത സങ്കടമായിരുന്നു. മാധവി ആണെങ്കിൽ അതിലും വലിയ വേദനയിൽ. എങ്ങനെയാണ് കുഞ്ഞിനെ കാണാതെ ഉറങ്ങുന്നത്.? പലപ്പോഴും രാത്രിയിൽ കുഞ്ഞു കരയുമ്പോൾ മീര ഉറങ്ങിക്കോ എന്ന് പറഞ്ഞ് കുഞ്ഞിനെ തന്റെ നെഞ്ചോട് പിടിച്ചായിരുന്നു മാധവി കിടക്കുന്നത് തന്നെ. ആദ്യത്തെ പേരക്കുട്ടിയാണ്.

തിരികെ മീര വീട്ടിലെത്തിയപ്പോഴേക്കും അവൾക്ക് സഹായത്തിന് ഒരു സ്ത്രീയെ കൂടി വയ്ക്കാൻ സുധി തീരുമാനിച്ചിരുന്നു. ആമിന വഴി സുധി ഒരു സ്ത്രീയെ വീട്ടിൽ വയ്ക്കാനായി തിരക്കുന്നുണ്ട് എന്ന വിവരം സതിയും അറിഞ്ഞിരുന്നു. അതോടെ ഇനിയും ഒരു സഹായത്തിനും തന്നെ സുധി വിളിക്കില്ല എന്നത് അവർക്ക് വ്യക്തമായി കഴിഞ്ഞു. അങ്ങോട്ട് ചോദിച്ചാലും അവൻ സമ്മതിക്കാൻ പോകുന്നില്ല. വെറുതെ അവന്റെ മുൻപിൽ നാണം കെടാന്ന് മാത്രമേ ഉള്ളൂ എന്ന് അതോടെ മനസ്സിലായി.

സുധിയോടൊപ്പം ജീവിക്കുക എന്നത് ഇനി വെറും ഒരു സ്വപ്നം മാത്രമാണെന്നും അവർ മനസ്സിലാക്കി. അക്കര നിൽക്കുമ്പോൾ ഇക്കരപ്പച്ച എന്ന് പറഞ്ഞതുപോലെ ആയിരുന്നു തന്റെ കാര്യം. താൻ ശ്രീജിത്തിനെയും സുഗന്ധിയെയും മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്ന് ആ നിമിഷം അവർക്ക് തോന്നി. എന്നാൽ അവർ തന്നെ തിരിച്ച് സ്നേഹിച്ചിട്ടുമില്ല. സുധിയെത്താൻ ഒട്ടും തന്നെ സ്നേഹിച്ചിട്ടില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ അവന്റെ തോളിൽ അവനെടുത്താൽ പൊങ്ങാത്ത അത്രയും ഭാരം വെച്ച് കൊടുക്കുകയും അത് തലയിൽ ചുമക്കാൻ അവനെ നിർബന്ധിക്കുകയാണ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ അവൻ തന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. ഇപ്പോൾ ആ സ്നേഹം താൻ ആഗ്രഹിക്കുന്നുണ്ട് . പക്ഷേ ഇനി അവൻ അത് നൽകാൻ തയ്യാറാകുകയും ഇല്ല. ഇവിടെ നിന്നും ഭക്ഷണത്തിന് കണക്ക് പറഞ്ഞ് അവനെ ഇറക്കിവിട്ട നിമിഷമൊക്കെ ഓർത്ത് സതിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

ഒരിക്കലും അവനോട് അങ്ങനെ ചെയ്യാൻ പാടില്ല എന്ന് അവർ ഓർത്തു. കുറച്ചു കാലങ്ങൾ കൂടി തനിക്ക് ശ്രീജത്തിനൊപ്പം ഈ വീട്ടിൽ താമസിക്കുവാൻ കഴിയും. അത് കഴിഞ്ഞാൽ അവൻ തന്നെ ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ കൊണ്ടുപോയി തള്ളീടും. അതുറപ്പാണ്.! അവന്റെ രീതികൾ കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഇനി തന്റെ വിധി എന്താണോ അതിനെ സ്വീകരിക്കാൻ തയ്യാറായി ജീവിക്കാം എന്നല്ലാതെ മറ്റു മാർഗ്ഗം മുൻപിൽ ഇല്ല.

സുധി ഒരിക്കലും തന്നെ ഇനി പഴയതുപോലെ സ്നേഹിക്കില്ല. ഒരിക്കൽ നഷ്ടപ്പെട്ടുപോയ സ്നേഹം അവൻ ഇനി ഒരിക്കലും തനിക്ക് തിരികെ തരുകയില്ല ആ സത്യം അവർ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

മോളെ കയ്യിലേക്ക് കിട്ടിയതോടെ സുധിക്ക് പിന്നെ അവള് മാത്രമായി ലോകം. “നിധി ” എന്നാണ് അവൻ അവൾക്ക് പേരിട്ടത്. അവൾ ശരിക്കും അവന്റെ നിധി ആയിരുന്നു എന്നു പറയുന്നതാണ് സത്യം. അവൾക്ക് പുറകെയാണ് അവൻ എപ്പോഴും. ഉച്ചയ്ക്ക് ചോറ് കഴിക്കാൻ വന്നാൽ ധൃതിയിൽ പോകുന്നവൻ കുറച്ചുനേരം മോൾക്കൊപ്പം ഇരുന്ന് കളിച്ചതിനു ശേഷമാണ് ഇപ്പോൾ കടയിലേക്ക് പോകുന്നത്.

ഏജൻസി വഴിയാണ് ഒരു സ്ത്രീ വീട്ടിലേക്ക് കുഞ്ഞിനെയും മീരെയേയും നോക്കാൻ വേണ്ടി വന്നത്. മറിയാമ്മ എന്ന് പേരുള്ള 40 വയസോളം പ്രായമുള്ള ആ സ്ത്രീ സ്വന്തം മകളെപ്പോലെ മീരയേ mയും കുഞ്ഞിനെയും നോക്കി. ആഴ്ചയിൽ ഇടയ്ക്ക് പേരക്കുട്ടിയെ കാണാൻ മാധവിയുടെ വിസിറ്റ് ഉണ്ട്. രണ്ടു കുഞ്ഞമ്മമാരും ഇടയ്ക്കിടയ്ക്ക് വന്ന് വീട്ടിൽ നിൽക്കുകയും ചെയ്യും. അതുകൊണ്ട് മീരക്ക് വലിയ പ്രയാസമില്ലായിരുന്നു.

കുഞ്ഞിന് ആറുമാസം ആയതോടെ മറിയാമ്മയുടെ സേവനം മതിയാക്കിയിരുന്നു മീര. പിന്നെ വീണ്ടും ട്യൂഷൻ തുടങ്ങി. അവൾക്കൊരു വയസ്സെങ്കിലും ആയതിനു ശേഷം സ്കൂളിൽ പോയി തുടങ്ങാം എന്നാണ് തീരുമാനിച്ചത്. അതുകൊണ്ടു തന്നെ ലോങ്ങ് ലീവിന് എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു.

പതിയെ പതിയെ സുധിയുടെ ബിസിനസ് പ്രതീക്ഷിച്ചതിലും വലിയ വിജയം കൈവരിക്കാൻ തുടങ്ങി. ചെറിയ ചെറിയ കടങ്ങളെല്ലാം അവൻ വീട്ടി.
. ചിട്ടിയായും സ്വർണമായും സമ്പാദ്യങ്ങൾ ചെറുതായി വർദ്ധിക്കാൻ തുടങ്ങി. തനിക്ക് കിട്ടുന്ന പണം മീര എവിടെയും കളഞ്ഞില്ല. വളരെ സന്തോഷത്തോടെ അവൾ അതും സ്വരുകൂട്ടി. ഒരുപാട് ഒന്നും കാത്തിരിക്കാതെ മോളുടെ ആദ്യത്തെ പിറന്നാൾ എത്തി. പിറന്നാളിന് സുധി വീട്ടിൽ നിന്നും എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടായിരുന്നു.

ഇതിനിടയിൽ ശ്രീലക്ഷ്മി കോഴ്സ് ഒക്കെ പൂർത്തിയാക്കി വീട്ടിലെത്തിയിരുന്നു. അവൾ നാട്ടിലെത്തിയ ഉടനെ തന്നെ സുധിയെ വന്ന് കാണുകയും ഒരാഴ്ച ഓളം അവനോടൊപ്പം വന്നു നിൽക്കുകയും ഒക്കെ ചെയ്തിരുന്നു. ഇടക്കിടയ്ക്ക് അവൾ വന്ന് നിൽക്കുകയും ചെയ്യാറുണ്ട്.

അതിനുശേഷം അവൾക്ക് ചെന്നൈയിൽ ഒരു ജോലി ശരിയായതോടെ അവൾ അവിടേക്ക് പോവുകയായിരുന്നു. മാറി താമസിച്ചത് എന്തുകൊണ്ടും നന്നായി എന്നാണ് സുധിയോട് ശ്രീലക്ഷ്മി പറഞ്ഞത്. സതിക്ക് ആശുപത്രിയിൽ പോകണമെങ്കിലും മറ്റോ ഇപ്പോഴും സുധി സഹായിക്കും. പക്ഷേ ആ പഴയ സ്നേഹം സുധിയ്ക്ക് സതിയോട് ഇല്ല എന്ന് അവർക്ക് അറിയാം. ഒന്നും ചോദിച്ചില്ലെങ്കിലും തന്റെ കയ്യിൽ ഉള്ളതിന്റെ അനുസരിച്ച് ഇടയ്ക്കു എന്തെങ്കിലുമൊക്കെ അവർക്ക് നൽകാൻ മറക്കാറില്ല. മനസാക്ഷിക്കൂത്ത് തോന്നുമെങ്കിലും അത് വാങ്ങാതെ സധിക്കും തരം ഉണ്ടായിരുന്നില്ല. മീരയുടെ സഹോദരങ്ങളുടെ പഠിപ്പിന് സുധിയാണ് ഇപ്പോൾ മുൻകൈ എടുക്കുന്നത്. വേണ്ട എന്ന് മാധവി പറഞ്ഞു എങ്കിലും ഞാൻ അമ്മയുടെ മൂത്ത മകനാണ് എന്ന് കട്ടായം പറഞ്ഞ സുധി ആ കുടുംബത്തെ നന്നായി തന്നെ നോക്കുകയാണ്. ഒരു മകന്റെ കടമയോടെ,..

മാധവിയെ ജോലിക്ക് വിടാൻ സുധിയും മീരയും ഇപ്പോൾ സമ്മതിക്കില്ല. ഇനിയും അമ്മ കഷ്ടപ്പെടേണ്ട എന്നാണ് അവർ പറയുന്നത്. മാധവിക്കു ചിലവിനുള്ള തുക എല്ലാ മാസവും അയച്ചുകൊടുക്കുന്നത് മീരയാണ്. കുട്ടികളുടെ പഠിപ്പിന് സുധിയും. തനിക്ക് ഒന്നുമില്ലാതിരുന്നപ്പോൾ സ്വന്തം കിടപ്പാടം പോലും തരാൻ തയ്യാറായവരാണ്. അവരെ മറക്കാൻ ഒരിക്കലും അവന് കഴിയുമായിരുന്നില്ല. ഒന്നുമില്ലാത്ത സമയത്ത് കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ സ്നേഹിതർ. അങ്ങനെ അല്ലാത്തവർ ഒക്കെ മരീചിക ആണ്.

കടയിരിക്കുന്നതിന്റെ അവിടെ നിന്നും കുറച്ചു മാറി ഒരു 10 സെന്റ് സ്ഥലം സുധി വാങ്ങി. അധികം വൈകാതെ തന്നെ അവിടെ ഒരു വീട് ഉയർന്നു. സതി എല്ലാം അറിയുന്നുണ്ടായിരുന്നു ഒരു ആറുമാസത്തിനുള്ളിൽ ഒരു ഇരുനില വീട് തന്നെ അവിടെ ഉയർന്നു. വലിയ ആഘോഷമായി തന്നെയാണ് സുധി തന്റെ വീടിന്റെ പാലുകാച്ച് നടത്തിയത്…

പൂജ്യത്തിൽ നിന്ന് തുടങ്ങിയതാണ് താനെന്ന ബോധം അവനുള്ളതുകൊണ്ട് വല്ലാത്ത സന്തോഷവും അവന് തോന്നിയിരുന്നു. ആ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ സതിയും എത്തിയിരുന്നു. വീടും അതിനുള്ളിലെ സൗകര്യങ്ങളും ഒക്കെ കണ്ട് അവരുടെ കണ്ണു മഞ്ഞളിച്ചു പോയിരുന്നു. സുധി തന്നെ കൂടെ നിർത്തിയിരുന്നുവെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു. എന്നാൽ ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ അമ്മയെ കൊണ്ട് വിടണോ എന്ന് സുധിയുടെ ചോദ്യം കേട്ട് അവരുടെ ആഗ്രഹം അവർ ഉപേക്ഷിക്കുകയായിരുന്നു.

” താനൊരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം എന്ന് പ്രതിഷേധപൂർവ്വം അവര് പറഞ്ഞു. അവൻ അതിന് മറുത്ത ഒന്നും പറഞ്ഞില്ല. തൊട്ടടുത്തുള്ള ഓട്ടോ ഡ്രൈവറെ വിളിച്ച് സതിക്ക് വേണ്ടി വണ്ടി ഏർപ്പാടാക്കിയിരുന്നു. അതോടെ സുധി പൂർണ്ണമായും തന്നെ അവഗണിച്ചു എന്ന് സാധിക്ക് മനസ്സിലാക്കാൻ സാധിച്ചു.

നാട്ടിലുള്ള പലരും പറഞ്ഞു സുധിയുടെ വളർച്ച സുഗന്ധിയും അറിയുന്നുണ്ടായിരുന്നു. ശേഷം സുധിയോട് ഒട്ടുവാൻ വീണ്ടും സുഗന്ധി തീരുമാനിച്ചിരുന്നു. അതിനായി ഫോൺ വിളിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും ഒക്കെ ചെയ്തു. വീടിന്റെ പാലുകാച്ചിന് വിളിച്ചപ്പോൾ വരികയും ഒരു വലിയ ഗ്രൈൻഡർ സമ്മാനമായി കൊടുക്കുകയും ഒക്കെ ചെയ്തു. അതൊക്കെ അവനോട് വീണ്ടും ഒരുമിക്കുവാൻ വേണ്ടി ഉള്ളതാണെന്ന് സുധിയ്ക്കു നന്നായി അറിയാമായിരുന്നു. എന്തെങ്കിലും ആവശ്യത്തിനല്ലാതെ ഫോൺ വിളിച്ചാൽ പോലും അവൻ സുഗന്ധിയുടെ ഫോൺ എടുക്കാറുണ്ടായിരുന്നില്ല.

എല്ലാവരോടും അകലം സൂക്ഷിക്കാൻ ഇതിനോടകം സുധി പഠിച്ചു കഴിഞ്ഞു. വീടിന്റെ പാലുകാച്ചലിന് എത്തിയ സുഗന്ധി ആ വീട് കണ്ട് ശരിക്കും ഞെട്ടി പോയിരുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി ഒരുക്കിയ ഒരു ആഡംബര ഭവനം തന്നെയായിരുന്നു അത്. ഇതിനുമാത്രം പണം സുധിയുടെ കയ്യിൽ ഉണ്ടായിരുന്നോ എന്ന് അവൾ വെട്ടി തുറന്നു സുധിയോട് ചോദിച്ചു.

” നമ്മൾ ഒന്നുമില്ലാത്തവനാണെന്ന് കാണുമ്പോൾ ആൾക്കാർക്ക് നമ്മളോട് ഒരു വിലയുണ്ടാവില്ല. പ്രത്യേകിച്ച് പൈസ ഇല്ലാത്ത മനുഷ്യരുടെത് ഒരു പ്രത്യേക അവസ്ഥ ആണ്. വീട്ടിലുള്ളവർക്ക് പോലും വില കാണില്ല, എനിക്ക് അത് മനസ്സിലായി അത് കഴിയുമ്പോൾ നമുക്ക് ഒരു വാശി തോന്നും. എന്തെങ്കിലുമൊക്കെ നേടാൻ. അതിന്റെ പ്രതിഫലനമാണ് ഇത്.

ആ ഒരു മറുപടി സുഗന്ധിയ്ക്ക് നൽകുമ്പോൾ അവൻ അനുഭവിച്ച വേദനകൾ മുഴുവൻ ആ മറുപടിയിലുണ്ടായിരുന്നു..

എല്ലാവരും പോയിക്കഴിഞ്ഞ് മീരയേയും മോളെയും ചേർത്ത് പിടിച്ച് അവരുടെ ബെഡ്റൂമിൽ ഇരിക്കുമ്പോൾ മീരയുടെ മടിയിൽ തല വെച്ച് മോള് സ്വപ്നം കിടന്നു. മോള് പെട്ടെന്ന് ഉറങ്ങി പോയിരുന്നു. സുധിയുടെ കണ്ണിൽ നിന്നും കണ്ണുനീരൊഴുകുന്നത് മീര കണ്ടു.

അല്ലെങ്കിലും ഇന്നോളം അവൻ കരയുന്നത് താൻ മാത്രമല്ല കണ്ടിട്ടുള്ളൂ.

” എന്താ ഏട്ടാ…!

ഏറെ സ്നേഹത്തോടെ അവൾ ചോദിച്ചു.

” സന്തോഷം കൊണ്ടാ,
താൻ എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇപ്പോഴും ആർക്കൊക്കെയോ വേണ്ടി ജീവിച്ചേനേ എനിക്ക് വേണ്ടി ജീവിക്കണമെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് താൻ എന്റെ ജീവിതത്തിൽ വന്നതിനു ശേഷം ആണ്. പിന്നെ എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും മനസ്സിലാക്കി ഒരുപാട് പിടിച്ച് ചെലവാക്കിയ തന്റെ കരുതൽ ഒന്നുകൊണ്ട് കൂടി മാത്രം ആണ് നമ്മളിപ്പോൾ ഈ കാണുന്ന നിലയിൽ എത്തിയത്. ഞാൻ ഒരുപാട് വിഷമിച്ചിട്ടുള്ള ഒത്തിരി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത് അങ്ങനെ ഒരു അനുഭവമെങ്കിലും നമ്മുടെ ജീവിതത്തിൽ വേണം. എങ്കിൽ മാത്രമേ നമുക്ക് വാശിയോടെ ജീവിക്കാൻ തോന്നു.

അവളുടെ വയറിൽ ചുറ്റിപിടിച്ചു അവിടെ മുഖം അടുപ്പിച്ചു കിടന്നു സുധി പറഞ്ഞു

” ഏത് കയറ്റത്തിലും ഒരു ഇറക്കമുണ്ട് സുധിയേട്ടാ, അങ്ങനെ കരുതിയാൽ മതി.

മടിയിൽ കിടന്ന മോളെ നീക്കി കിടത്തി അവൾക്ക് ഇരുവശവും രണ്ടുപേരും കിടന്നു.

മൂന്നുപേരും പരസ്പരം പുണർന്ന് സമാധാനപൂർവ്വം ഉറങ്ങി.

ശുഭം..!

ഒരുപാട് കാത്തിരിപ്പിച്ച കഥയാണെന്ന് അറിയാം. ഒരു സാധാരണക്കാരന്റെ ജീവിത കഥ എഴുതാൻ തീരുമാനിക്കുമ്പോൾ അതെ എവിടെ ചെന്ന് നിൽക്കുമെന്ന് എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഇഷ്ടമായെങ്കിൽ എനിക്കായി ഒരു വരി കുറിക്കാൻ മറക്കരുത്.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!