കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 46
Aug 14, 2024, 22:16 IST

രചന: റിൻസി പ്രിൻസ്
അവൻ ചോദിച്ചപ്പോൾ മറുപടി എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അവൾക്ക്. പിന്നെ ഒന്നും മിണ്ടാതെ അതേ കിടപ്പിൽ തിരിഞ്ഞ് അവന്റെ വയറിൽ കൈകൾ കൊണ്ട് അവൾ ചുറ്റി പിടിച്ചു. സുധീയിൽ ഒരു പുഞ്ചിരി ഇടം നേടി. അവൻ തന്റെ ഇടം കയ്യിലേക്ക് അവളുടെ തല ചേർത്തുവെച്ചു. അവൾ തന്റെ വലംകൈയ്യാൽ അവന്റെ വയറിനെയും ചുറ്റിപ്പിടിച്ചു. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നും ഇരുവർക്കും ഇടയിൽ ഉണ്ടായില്ല. അവളുടെ ആ ചേർത്ത് പിടിക്കലിൽ ഉണ്ടായിരുന്നു അവനുള്ള മറുപടി.. ഏതൊ ഒരു അമ്പലത്തിലെ ഗാനം കേട്ടു കൊണ്ടായിരുന്നു മീര ഉറക്കമുണർന്നത്. മുറിയിലെ വെന്റേഷനിൽ നിന്നും ചെറുതായി വെളിച്ചം മുറിയിലേക്ക് എത്തുന്നുണ്ട്. രാത്രിയിൽ തന്നെ കിടത്തിയത് പോലെ തന്നെ കൈ തണ്ടയിൽ തന്നെ കിടത്തി സുരക്ഷിതമായി വലയം ചെയ്ത് ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്ന സുധിയെ കണ്ടപ്പോൾ അവൾക്ക് ചിരി വന്നുപോയിരുന്നു, ഒപ്പം നാണവും, അവനെ ഉണർത്താതെ മെല്ലെ അവൻ തീർത്ത ആ സ്നേഹ വലയത്തിൽ നിന്നും എഴുന്നേറ്റ് അവൾ ഡെസ്കിൽ വെച്ചിരുന്ന മൊബൈൽ ഫോൺ ഓൺ ആക്കി നോക്കി, സമയം 6:04 ഓടെ അടുത്തിട്ടുണ്ട്, പൊതുവേ വീട്ടിൽ 5:45 ആകുമ്പോൾ ഉണരുന്നതാണ്. ഇന്നലത്തെ ക്ഷീണം കൊണ്ടും അലച്ചിൽ കൊണ്ടും ആണ് ഉറങ്ങാൻ വൈകിയത്. അതുകൊണ്ടാവും ഇത്രയും താമസിച്ചത് എന്ന് അവൾക്ക് തോന്നിയിരുന്നു. അവനെ ഉണർത്താതെ തന്നെ ബാത്റൂം തുറന്ന് അകത്തേക്ക് കയറി. വിസ്തരിച്ചു ഒന്ന് കുളിച്ചു. കുളികഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോഴേക്കും സുധി ഉണർന്നിട്ടുണ്ട്. ഉണർന്നുവെന്ന് മാത്രമല്ല ആളെഴുന്നേറ്റ് ബെഡ്ഷീറ്റ് ഒക്കെ ഭംഗിയായി വിരിച്ചിട്ടുണ്ട്. ഒപ്പം തന്നെ ജനലുകൾ ഒക്കെ തുറന്ന് കർട്ടൻ ഒക്കെ നീക്കിയിട്ടിട്ടുണ്ട്. താൻ വരുന്നതിനു മുൻപേ ശ്രുതി മുറിയിൽ നിന്ന് പോയി എന്നാണ് അവൾ കരുതിയത്. എന്നാൽ ബാത്റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കസേരയിൽ ഇരുന്ന മൊബൈൽ നോക്കുന്നവനെ അവൾ കണ്ടത്. ആശ്വാസത്തിന്റെ ഒരു നിറച്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞിരുന്നു. " ആഹാ താൻ രാവിലെ കുളിയൊക്കെ കഴിഞ്ഞൊ...? മൊബൈൽ ഫോൺ ലോക്ക് ചെയ്ത മേശപ്പുറത്തേക്ക് വച്ചുകൊണ്ട് അവൻ ചോദിച്ചു. " ഇവിടുത്തെ ആദ്യത്തെ ദിവസം അല്ലേ കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങാമെന്ന് കരുതി... "അപ്പോൾ ദിവസവും രാവിലെ കുളിക്കുന്ന ശീലം ഉണ്ടോ അതോ.... ചിരിയോടെ അവൻ ചോദിച്ചു, " സത്യം പറഞ്ഞാൽ ഇല്ല. രാവിലെ കുളിക്കുന്നത് അത്ര ശീലമില്ലാത്ത കാര്യാ. ഞാൻ പറഞ്ഞില്ലേ എനിക്ക് തണുപ്പിന്റെ ചെറിയ പ്രശ്നമുണ്ട്. അതുകൊണ്ട് രാവിലെ എപ്പോൾ കുളിച്ചാലും തലയിൽ നീരിറങ്ങും.. പിന്നെ നീളൻ മുടി ആയതുകൊണ്ട് പെട്ടെന്നുണങ്ങില്ല. തല കഴുകുന്നത് രണ്ടുദിവസം കൂടുമ്പഴാ, എന്നും വൈകുന്നേരം ദേഹം കഴുകി ഉറങ്ങാറ് ആണ് പതിവ്... അവൾ പറഞ്ഞു... " ചുരുക്കത്തിൽ കുളിയില്ലെന്ന് സാരം, ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചു പോയിരുന്നു.. " കുളി എന്ന് തലമുടി അടക്കം കഴുകണമെന്നല്ല നമ്മുടെ ശരീരം വൃത്തിയാക്കണം എന്നേയുള്ളൂ, അതുകൊണ്ട് തലയില്ലെങ്കിലും കുഴപ്പമൊന്നുമില്ല, കൊച്ചു പിള്ളേരെ പോലെ വാദിക്കുന്നവളെ അവൻ ചിരിയോടെ നോക്കി നിന്നു... " എങ്കിൽ ഞാൻ ഒന്ന് പല്ലു തേച്ചിട്ട് വരാം, അതും പറഞ്ഞ് അവൻ ബാത്റൂമിലേക്ക് കയറിയിരുന്നു.. തലയിൽ നിന്നും തോർത്ത് മാറ്റി നന്നായി ഒന്ന് തലമുടി മുൻപോട്ടിട്ട് തോർത്തിയിരുന്നു അവൾ, അത് കഴിഞ്ഞ് മുടിയിൽ വെറുതെ കുളിപ്പിന്നൽ ഇട്ടു. അപ്പോഴേക്കും ഫോൺ ബെല്ലടിച്ചിരുന്നു, നോക്കിയപ്പോൾ വീട്ടിൽ നിന്നാണ്... ഒരു പ്രത്യേക സന്തോഷത്തോടെ എടുത്തു, താൻ ഉണർന്നോ എന്നറിയാനാണ് അമ്മ വിളിച്ചത്. വീട്ടിൽ ആണെങ്കിൽ ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ ഏഴുമണിവരെ കിടന്നുറങ്ങുന്നത് പതിവാണ്, ഇവിടെ അങ്ങനെ പാടില്ലെന്ന് അമ്മ ആദ്യമേ പറഞ്ഞിരുന്നു. ഒരു പക്ഷേ താൻ ഉറങ്ങിപ്പോയോ എന്ന് ഭയമായിരിക്കും വിളിച്ചതെന്ന് അവൾക്ക് തോന്നി.. പെട്ടെന്ന് തന്നെ അമ്മ ഫോൺ വയ്ക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും പല്ലുതേപൊക്കെ കഴിഞ്ഞ് സുധിയും പുറത്തേക്ക് ഇറങ്ങിയിരുന്നു. അവൾ പെട്ടെന്ന് തന്റെ ബാഗ് തുറന്നു അതിൽ നിന്നും ഒരു സിന്ദൂര ചെപ്പ് എടുത്തു, ഒരു കൗതുകത്തോടെ സുധി അത് നോക്കി നിന്നു.. " അടുത്തുള്ള വീട്ടിലെ ആന്റി കൊണ്ട് തന്നതാ, അവരെ മൂകാംബികയെ പോയപ്പോൾ വാങ്ങിയതാണെന്ന് പറഞ്ഞു... അതുകൊണ്ട് ഞാൻ ഇത് കൂടെ എടുത്തു, സിന്ദൂരച്ചെപ്പ് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. " അത് നന്നായി ഏതായാലും ആദ്യായിട്ട് തൊടുന്നതല്ലേ ഞാൻ തന്നെ തൊട്ടു തരാം.. അവൻ തന്നെ ആ ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ സീമന്തരേഖ ചുവപ്പിച്ചു. കുറച്ചു നേരം രണ്ടാളും ഒന്ന് നോക്കി പോയി... " എങ്കിൽ പിന്നെ ഞാൻ അടുക്കളയിലേക്ക് ഒന്ന് ചെല്ലട്ടെ, സുധിയുടെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു " . നിക്കെടോ, ഇവിടുന്ന് ഇറങ്ങി പോയിക്കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ കാണുന്നത് ചിലപ്പോൾ രാത്രിയിൽ ആയിരിക്കും. ഒരു കല്യാണം കഴിഞ്ഞ് വീട് ആയതുകൊണ്ട് നാട്ടുകാരും വീട്ടുകാരും ഒക്കെ വരും, അതിനിടയിൽ ഞാനും തിരക്കായി പോകും. പിന്നെ തന്നെ ഒന്ന് കാണാൻ എനിക്കും സമയം കിട്ടില്ല അതുകൊണ്ട് കുറച്ചു കഴിഞ്ഞിട്ട് പോയാൽ മതി. ഇന്നലെ തിരക്കും ക്ഷീണവും ഒക്കെ ആയതുകൊണ്ട് തന്നെ നന്നായി ഒന്ന് കാണാൻ പറ്റിയില്ല. എന്റെ ഭാര്യയെ ഞാൻ ഒന്ന് കാണട്ടെ, അവളുടെ തോളിൽ കൈവെച്ചുകൊണ്ട് അവൻ പറഞ്ഞു, ആ നിമിഷം അവളുടെ മുഖത്ത് നാണം ചുവപ്പ് രാശി തീർത്തു.. " ഒരുപാട് ആഗ്രഹിച്ച് കൊതിച്ചു സ്വന്തമാക്കിയതല്ലേ, കണ്ണ് നിറച്ച് ഞാനൊന്ന് കാണട്ടെടോ... അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവൻ പറഞ്ഞു. പിന്നെ അവിടെ നിറഞ്ഞു കിടന്ന് മുടിയെ വകഞ്ഞു മാറ്റി അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി. അവൻ തന്റെ പ്രിയപ്പെട്ടവൾക്ക് നൽകുന്ന ആദ്യ മുദ്രണം. അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.. രണ്ട് കൈകൾ കൊണ്ടും അവൾ അവനെ മുറുകെപ്പുണർന്നു, തിരിച്ച് അവനും അവളെ തന്റെ കരവലയത്തിൽ ആക്കി. രണ്ടുപേർക്കും ചെറിയൊരു ചമ്മൽ തോന്നിയിരുന്നു. എങ്കിലും കണ്ണുകൾ അടച്ച് പരസ്പരം രണ്ടുപേരും ചമ്മലിനെ ദൂരെക്കേറിഞ്ഞു. അവളെ തന്നിൽ നിന്നും അടർത്തി അവളുടെ മുഖത്തേക്ക് ഒരിക്കൽക്കൂടി ഏറെ പ്രണയത്തോടെ അവൻ നോക്കി, അവൾക്ക് പരിചിതമില്ലാത്ത ഒരു ഭാവമായിരുന്നു അപ്പോൾ അവന്. ഒരു കാമുകന്റെ ലാസ്യഭാവം... വിറക്കുന്ന അധരങ്ങളോടെ അവന്റെ ചുണ്ടുകൾ അവളുടെ കവിളിലേക്ക് നീണ്ടു. "സുധിയേട്ടാ... അവളുടെ ആ വിളിയാണ് അവനെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത്, "സമയം ഒരുപാട് ആയി...ഞാൻ ഇത്ര നേരമായിട്ടും അങ്ങോട്ടൊന്നു ചെന്നില്ലല്ലോ അമ്മയൊക്കെ എന്ത് കരുതും... അവൻ ഒന്ന് ചിരിച്ചു... " ശരി ആദ്യത്തെ ദിവസം തന്നെ ഒരു മുഷിപ്പ് വേണ്ട താൻ ചെല്ല്...ഞാനൊന്ന് കുളിച്ചിട്ട് വരാം നമുക്ക് അമ്പലത്തിൽ പോകണ്ടേ, !ശരി. ചിരിയോടെ പോകുന്നവളെ നോക്കി കുറച്ച് സമയം അവൻ അങ്ങനെ തന്നെ നിന്നു.. അത് കഴിഞ്ഞ് തോർത്തും എടുത്ത് കുളിക്കാനായി അകത്തേക്ക് കയറി, അടുക്കളയിലേക്ക് ചെന്നപ്പോൾ അവൾക്ക് അല്പം പരിഭ്രമം തോന്നിയിരുന്നു. സതിയും സുഗന്ധിയും എന്തൊ പറഞ്ഞുകൊണ്ട് ചായ കുടിക്കുകയാണ്. അവളെ കണ്ടപ്പോഴേക്കും രണ്ടുപേരുടെയും മുഖഭാവം മാറുന്നത് അവൾ അറിഞ്ഞു. എങ്കിലും ഒരു ചിരി മുഖത്തണിഞ്ഞിരുന്നു സതി. " ഞങ്ങൾ കരുതി ഉണർന്നില്ലെന്ന്... സതിയാണ് പറഞ്ഞത്,.. " എഴുന്നേൽക്കാൻ കുറച്ചു താമസിച്ചുപോയി. ഇന്നലെ താമസിച്ചല്ലേ കിടന്നത്... പിന്നെ കുളിച്ച് ഇറങ്ങിയപ്പോഴേക്കും നേരം വൈകി, ഒരു ക്ഷമാപണം പോലെ അവൾ പറഞ്ഞു. " വീട്ടിലും ഈ സമയത്താണോ എഴുന്നേൽക്കുന്നത്...? ഒരു ചിരിയോടെയാണ് സുഗന്ധി അത് ചോദിച്ചിരുന്നത് എങ്കിലും തന്നെ ഒന്ന് കുത്തിയതാണ് എന്ന് മീരയ്ക്ക് മനസ്സിലായി. " ക്ലാസ് ഉള്ള ദിവസങ്ങളിൽ ഒക്കെ നേരത്തെ ഉണരും, അവധി ആണെങ്കിൽ ഒരു 7 മണിക്ക് അപ്പുറം പോവില്ല. " ഇവിടെ അമ്മ അഞ്ചുമണിയാവുമ്പോൾ എഴുന്നേൽക്കും, അമ്മയ്ക്ക് അല്ലെങ്കിലേ വയ്യ, അതുകൊണ്ട് ആണ് ഏട്ടനെ ഇത്ര പെട്ടെന്ന് കല്യാണം കഴിപ്പിച്ചത് തന്നെ, രമ്യയുടെ കാര്യം പറയണ്ട, ഒരു ജോലിയും ചെയ്യില്ല. ഓഫീസിൽ ജോലി ഉള്ളതുകൊണ്ട് വീട്ടിലെ ജോലിയും കൂടി ചെയ്യാൻ പറ്റില്ലന്നാണ് പറയുന്നത്. അതുകൊണ്ട് എട്ടുമണി ആയിട്ട് കഴിക്കാൻ സമയത്ത് ഇങ്ങോട്ട് പ്രതീക്ഷിച്ചാൽ മതി. ഞാൻ ഉള്ളപ്പോൾ ഒന്നും അമ്മയെക്കൊണ്ട് ചെയ്യാൻ സമ്മതിപ്പിക്കില്ല. എനിക്ക് പിന്നെ എപ്പോഴും ഇവിടെ വന്ന് നിൽക്കാൻ പറ്റില്ലല്ലോ, രാവിലെ 5 മണിയാവുമ്പോൾ ഞാൻ എഴുന്നേറ്റ് അടുക്കളയിൽ വരും. കണ്ണ് തെറ്റിയാൽ അമ്മ എന്തെങ്കിലും ജോലി ചെയ്യും, ഇന്നലെ തന്നെ കണ്ടില്ലേ ശ്വാസംമുട്ടലാ, അതുകൊണ്ട് ഒന്നും ചെയ്യിപ്പിക്കാൻ പോലും പറ്റില്ല. ഇനിയെല്ലാ കാര്യങ്ങളും ഏടത്തി വേണം നോക്കാൻ.. പ്രായം കൊണ്ട് ഏടത്തി അല്ല പക്ഷെ എനിക്ക് കണക്കിന് ഏട്ടത്തി അല്ലേ, അതുകൊണ്ട് അങ്ങനെ വിളിച്ചേ, അമ്മയെക്കൊണ്ട് അധികം ജോലി ഒന്നും ചെയ്യിപ്പിക്കരുത്. അധികമെന്നല്ല ഒരു ജോലിയും ചെയ്യിക്കരുത്, അമ്മയ്ക്ക് തീരെ വയ്യ.. ഇങ്ങനെ നടക്കുന്നുവെന്നേയുള്ളൂ, സുഗന്ധി പറഞ്ഞു... " എനിക്ക് മനസ്സിലായി ഞാനിനി തൊട്ട് രാവിലെ അഞ്ചുമണി ആകുമ്പോൾ എഴുന്നേറ്റോളാം... അമ്മ ഒരു ജോലിയും ചെയ്യണ്ട, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നോട് പറയാൻ മടിക്കരുത്. എന്നോട് വിരോധം ഒന്നും കാണിക്കരുത്, എനിക്കറിയാം അമ്മയ്ക്ക് ഈ വിവാഹത്തിനോട് താല്പര്യം ഇല്ലായിരുന്നുവെന്ന്, ആ വിരോധം അമ്മ മനസ്സിൽ വയ്ക്കരുത്. ഞാൻ അമ്മേ എന്റെ സ്വന്തം അമ്മയെപ്പോലെയാണ് കരുതുന്നത്. തിരിച്ചു അങ്ങനെ കരുതിയില്ലെങ്കിലും അമ്മ എന്നോട് വിരോധം കാണിക്കരുത്. അവളുടെ തുറന്നുപറച്ചിൽ കെട്ട് സതിയും സുഗന്ധിയും ഞെട്ടി പോയിരുന്നു.........കാത്തിരിക്കൂ.........