Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 47

രചന: റിൻസി പ്രിൻസ്

അമ്മയ്ക്ക് ഈ വിവാഹത്തിനോട് താല്പര്യം ഇല്ലായിരുന്നുവെന്ന്, ആ വിരോധം അമ്മ മനസ്സിൽ വയ്ക്കരുത്. ഞാൻ അമ്മേ എന്റെ സ്വന്തം അമ്മയെപ്പോലെയാണ് കരുതുന്നത്. തിരിച്ചു അങ്ങനെ കരുതിയില്ലെങ്കിലും അമ്മ എന്നോട് വിരോധം കാണിക്കരുത്. അവളുടെ തുറന്നുപറച്ചിൽ കെട്ട് സതിയും സുഗന്ധിയും ഞെട്ടി പോയിരുന്നു..

“അല്ലെങ്കിലും നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും അല്ലല്ലോ നടക്കുന്നത്. പിന്നെ മക്കളുടെ വിവാഹം എന്നൊക്കെ പറയുമ്പോൾ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരുപാട് സ്വപ്നങ്ങൾ കാണും. അങ്ങനെയുള്ള ചില സ്വപ്നങ്ങൾ ഒക്കെ എനിക്കുണ്ടായിരുന്നു. എന്നും പറഞ്ഞ് ഞാൻ അതും മനസ്സിൽ വെച്ച് ഒന്നും പെരുമാറുന്ന കൂട്ടത്തിൽ അല്ല,

അവിടെ ഇവിടെയും തൊടാതെ സതി പറഞ്ഞപ്പോൾ അല്പം ആശ്വാസം തോന്നിയിരുന്നു മീരക്ക്.

“ചായ ചൂടാക്കി വെച്ചിട്ടുണ്ട്, അതെടുത്ത് അവനും കൊടുത്തു മോളും കുടിക്ക്..

സതി അങ്ങനെ പറഞ്ഞപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. സതി പറഞ്ഞ പോലെ ഫ്ലാസ്കിൽ നിന്നും രണ്ട് ഗ്ലാസ്സിൽ ആയി ചായ പകർത്തി അവന്റെ അരികിലേക്ക് നടൻ. ശ്രീജിത്തിനോട് വർത്തമാനം പറഞ്ഞുകൊണ്ട് പത്രം നോക്കുകയാണ് സുധി. അവന്റെ കൈയിലേക്ക് ചായ കൊടുത്തതിന് ഒപ്പം ചായ ശ്രീജിത്തിന് നേരെ നീട്ടിയിരുന്നു മീര, ചിരിയോടെ അവനത് വാങ്ങിയിരുന്നു.

“ഏടത്തി അടുക്കളഭരണം ഏറ്റെടുത്തോ…?

ഒരു കുശലാന്വേഷണം പോലെ അവൻ ചോദിച്ചു,

” ഞാനല്ല അമ്മയും ചേച്ചിയും ഇട്ട ചായ ആണ്….

ചിരിയോടെ അവൾ പറഞ്ഞു,

“കുഞ്ഞ് ഉണർന്നോ..?

അവനോട് എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി അവളും ചോദിച്ചു..

” നല്ല ഉറക്കം ആണ്. ഇന്നലെ മുതലേ ആള് നല്ല ക്ഷീണത്തിലായിരുന്നു, അതുകൊണ്ട് ഉറക്കമാ, അവൾക്ക് ഇന്ന് ഓഫീസിൽ പോണം ലീവ് എടുക്കാൻ പറ്റില്ല. അതുകൊണ്ട് കുഞ്ഞിനോട് ഒരു യുദ്ധം തന്നെ കഴിഞ്ഞു രാവിലെ. എല്ലാം കഴിഞ്ഞ് വെളുപ്പിനെയാ കുഞ്ഞ് ഉറങ്ങിയത്. അവളിപ്പോൾ ഓഫീസിൽ പോകാൻ റെഡിയായി കൊണ്ടിരിക്കുകയാണ്. നിങ്ങളെപ്പോഴാ വീട്ടിലേക്ക് പോകുന്നത്…

സുധിയോടായി അവൻ ചോദിച്ചു.

” വൈകുന്നേരം പോകാം, വിനോദിന്റെ വീട്ടിലേക്ക് ഉച്ചയ്ക്ക് പോണം, അവൻ ക്ഷണിച്ചിട്ടുണ്ട്. പിന്നെ പോകുന്ന വഴി അമ്മാവന്റെ വീട്ടിൽ ഒന്ന് കയറണം. ഞാൻ പറഞ്ഞു വിനോദിന്റെ വീട്ടിൽ കയറിയിട്ട് വരാമെന്ന്. അമ്മായിയ്ക്ക് വയ്യാതെ ഇരിക്കുവാ, ഞങ്ങളെ സൽക്കരിക്കാൻ അമ്മാവൻ അമ്മായിയോട് പറയുകയും ചെയ്യും. അതുകൊണ്ട് ഞാൻ വിനോദിന്റെ വീട്ടിൽ കയറിയിട്ട് അങ്ങോട്ട് കയറാമെന്നാണ് കരുതിയത്. പിന്നെ അന്യൻ ഒന്നും അല്ലല്ലോ അമ്മാവന്റെ വീട്ടിലേക്ക് എപ്പോൾ വേണമെങ്കിലും പോകാമല്ലോ. സുധി പറഞ്ഞപ്പോൾ അവന് ഒരു പുഞ്ചിരി സമ്മാനിച്ചവൾ വീണ്ടും അടുക്കളയിലേക്ക് ചെന്നിരുന്നു. അവിടെ സുഗന്ധിയും സതിയും തമ്മിൽ എന്തൊക്കെ സംഭാഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ തന്നെ കാണുമ്പോഴേക്കും രണ്ടുപേരും സ്വിച്ച് ഇട്ടതുപോലെ മൗനം ആകും. എങ്കിലും പഴയതുപോലെ അല്ലെങ്കിലും തനിക്കൊരു പുഞ്ചിരി നൽകാൻ രണ്ടുപേരും മറക്കാറില്ല.

” എന്തെങ്കിലും സഹായിക്കാൻ ഉണ്ടോ അമ്മെ, സുധിയേട്ടൻ പറഞ്ഞു അമ്പലത്തിൽ പോകണമെന്ന്, ഞാൻ റെഡിയാവാനായിട്ട് തുടങ്ങുകയായിരുന്നു. രാവിലത്തേക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് ചെയ്തിട്ട് പോകാമല്ലോന്ന് കരുതി, അങ്ങനെ എന്തെങ്കിലും ഉണ്ടോ…

മടിച്ചു മടിച്ചു അവള് ചോദിച്ചു..

“ഓ… എല്ലാം സുഗന്ധി ചെയ്തു, ഞങ്ങൾ നേരത്തെ എഴുന്നേറ്റായിരുന്നല്ലോ,

ആ മറുപടിയിൽ തന്നെ മീര താമസിച്ചു വന്നതിന്റെ ഇഷ്ടക്കേട് സതിയിൽ ഉണ്ടായിരുന്നു.

“ഇന്നലെ മുഴുവൻ ഒരേ നിൽപ്പും പിന്നെ വിവാഹത്തിന്റെ തിരക്കും കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ന് ഉറങ്ങി പോയത്. നാളെ മുതൽ ഞാൻ നേരത്തെ എഴുന്നേൽക്കും.

ഒരു ക്ഷമ പോലെ അവള് പറഞ്ഞു.

” അതൊന്നും സാരമില്ല മരുമകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കണമെന്ന് ഒന്നും എനിക്ക് ഒരു നിർബന്ധവുമില്ല. എനിക്ക് ആവതുള്ള കാലം വരെ ഞാൻ എല്ലാം ചെയ്യും, പിന്നെ നമ്മുടെ വീട് ആണെന്ന് കണ്ടറിഞ്ഞ് നിങ്ങൾ ചെയ്താൽ അത്രയും സന്തോഷം. അല്ലാതെ ഞാൻ നിർബന്ധിച്ചു ജോലി ചെയ്യണമെന്നോ രാവിലെ എഴുന്നേറ്റ് വരണമെന്നോ ഒന്നും പറയില്ല.

സതിയെ ഒരുതരത്തിലും മനസ്സിലാവുന്നില്ലല്ലോ എന്നായിരുന്നു ആ നിമിഷം മീര ചിന്തിച്ചത്.

” വേഗം ചെന്ന് ഒരുങ്ങ് അമ്പലത്തിൽ പോകണമെങ്കിൽ,

സതി പറഞ്ഞപ്പോൾ തലയാട്ടി അവൾ മുറിയിലേക്ക് കയറിയിരുന്നു,

തലേന്ന് സുധി വാങ്ങിയ പുതിയ ചുരിദാറുകളിൽ ഒലിവ് നിറത്തിലുള്ള യോക്കിൽ ഹാൻഡ് വർക്ക് ചെയ്ത ഒരു സിമ്പിൾ ചുരിദാർ ആണ് അവൾ അമ്പലത്തിലേക്ക് പോകാൻ വേണ്ടി തിരഞ്ഞെടുത്തത്. അത് ബെഡിലേക്ക് വച്ചപ്പോഴാണ് മുറിയിലേക്ക് ചായയുമായി സുധി മുറിയിലേക്ക് എത്തിയത്.

” ചുരിദാർ ആണോ ഇടുന്നത്..?

അവൾ ബെഡിലേക്ക് വെച്ച ചുരിദാറിലേക്ക് നോക്കി അവൻ ചോദിച്ചു,

” ചുരിദാർ സുധീയേട്ടന് ഇഷ്ടമല്ലേ ഇഷ്ടമല്ലേ..?

അവൾ മറുചോദ്യം ചോദിച്ചു..

“എന്റെ ഇഷ്ടം അല്ല തന്റെ കംഫർട്ടബിൾ അല്ലേ പ്രധാനം,
ഞാൻ ചോദിച്ചത് സാധാരണ എല്ലാരും അമ്പലത്തിലൊക്കെ പോകുമ്പോ കല്യാണം കഴിഞ്ഞ് സെറ്റും മുണ്ടും ഒക്കെയാണ് ഉടുക്കാറ്, അങ്ങനെയുള്ള ചടങ്ങുകൾ ഒന്നും ഇല്ലേന്ന് അറിയാൻ വേണ്ടിയാണ്…

” സത്യം പറഞ്ഞാൽ എനിക്ക് അത് ഉടുക്കാൻ ഒന്നും അറിയില്ല സുധിയേട്ടാ, പിന്നെ സെറ്റ് സാരി ഉടുക്കാൻ അറിയാം. ബി എഡ് പഠിക്കുന്നതുകൊണ്ട് ആദ്യം പഠിച്ചത് സാരി ഉടുക്കാൻ ആണ്. പക്ഷെ സെറ്റും മുണ്ടും അറിയില്ല. മാത്രമല്ല ഞാൻ അതൊന്നും വാങ്ങിയിട്ടില്ല, പിന്നെ സാരി എന്ന് പറയാൻ ഇന്നലെ സുധിയേട്ടൻ തന്ന പുടവയുണ്ട്, അത് സെറ്റ് സാരിയാണ്. അത് ഉടുക്കട്ടെ

” ഞാൻ വെറുതെ ചോദിച്ചതാ, ചുരിദാർ തന്നെ മതി. തനിക്ക് ചേരുന്നതും കംഫർട്ടബിളും അതുതന്നെയാണ്. അതുപോട്ടെ രാവിലെ അടുക്കളയിൽ പോയിട്ട് അമ്മ എന്തു പറഞ്ഞു..?

” പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ഞാൻ കരുതി വഴക്ക് പറയുമെന്ന്, പക്ഷേ അമ്മയും സുഗന്ധി ചേച്ചിയും എല്ലാ ജോലികളും ചെയ്ത് തീർത്തിരുന്നു. ഞാൻ പറഞ്ഞു നാളെ മുതൽ ഞാൻ കുറച്ചു നേരത്തെ എഴുന്നേൽക്കാമെന്ന്,

“എഴുനേൽക്കണമെന്ന് അമ്മ പറഞ്ഞൊ..?

ഗൗരവത്തോടെ സുധി ചോദിച്ചു.

” അമ്മയൊന്നും പറഞ്ഞില്ല, ഞാൻ അങ്ങോട്ട് പറഞ്ഞതാണ്, നാളെ മുതൽ നേരത്തെ എഴുന്നേൽക്കാന്ന് അമ്മയ്ക്ക് എന്തെങ്കിലും സഹായം ആകുമല്ലോ,

” അമ്മയെ സഹായിക്കുന്നതൊക്കെ നല്ലതാ, ഒക്കെ തന്റെ ഇഷ്ടം. പക്ഷേ ഒരു കാര്യം ഞാൻ പറയാം ഇവിടെ ജോലി ചെയ്യിപ്പിക്കാൻ വേണ്ടിയല്ല തന്നെ ഞാൻ വിവാഹം കഴിച്ചു കൊണ്ടുവന്നത്, അങ്ങനെ അടുക്കളയിൽ മാത്രം ഒതുങ്ങാൻ നിൽക്കണ്ടട്ടോ,

“നമ്മുടെ വീട്ടിലെ ജോലി ചെയ്യുന്നത് ഒരു കുഴപ്പം ഒന്നുമല്ല

മീര പറഞ്ഞു.

“‘അതുമതി നമ്മുടെ എന്ന ചിന്ത, അത് ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം വലിയ സമാധാനമാണ്.. തന്റെ കാര്യത്തിൽ എനിക്ക് ആ ആശ്വാസം ഉണ്ടല്ലോ,

അവളൊന്നു ചിരിച്ചു..

” എങ്കിൽ പിന്നെ റെഡി ആയിക്കോ, ഇപ്പോഴാ ഓർത്തെ ഞാന് തനിക്ക് വേണ്ടി ഒരുകൂട്ടം വരുമ്പോൾ വാങ്ങി വച്ചിരുന്നു,

അവൻ പെട്ടെന്ന് അലമാര തുറന്ന് അതിൽ നിന്നും ഒരു ജുവൽ ബോക്സ് എടുത്തു. അത് അവളുടെ കൈകളിലേക്ക് കൊടുത്തു.

” ഇതെന്താ ഇത്….

” ഞാൻ പർച്ചേസിനിടയിൽ തനിക്ക് വേണ്ടി ഇഷ്ടപ്പെട്ടു വാങ്ങിയതാ,

അവളത് തുറന്നു നോക്കിയപ്പോൾ വീതി കുറഞ്ഞ സ്വർണ്ണ ചെയിനും അതിന്റെ അരികിലായി ഒരു ഡയമണ്ട് പെന്റന്റും ആയിരുന്നു. അതിനു ചേരുന്ന മോതിരവും കമ്മലും.

” ഇതെന്താ സുധിയേട്ടാ..?

” കണ്ടിട്ട് മനസ്സിലായില്ലേ ചെറിയൊരു ഡയമണ്ട് സെറ്റ് ആണ്, ഡെയിലി യൂസിന് പറ്റുന്നത്.

“വേണ്ടിയിരുന്നില്ല എനിക്ക് വേണ്ടി ഇപ്പോൾ തന്നെ സുധിയേട്ടൻ എത്ര രൂപ ചെലവാക്കി, കല്യാണത്തിനും സ്വർണത്തിനും ഒക്കെയായി, പറഞ്ഞ സ്വർണം പോലും മുഴുവൻ തരാൻ അമ്മയ്ക്ക് പറ്റിയില്ല. സുധിയേട്ടൻ തന്നെ പണം ഉണ്ടാക്കിയല്ലേ, പിന്നെ വിവാഹത്തിന്റെ ചിലവുകൾ, എനിക്കറിയാം നല്ലൊരു തുക തന്നെ ഈയൊരു കാര്യത്തിൽ ചെലവായിട്ടുണ്ടെന്ന്,

“‘ ഇനിയിപ്പോൾ ഞാൻ മറ്റ് ആർക്കുവേണ്ടിയാ ചെലവാക്കുന്നേ..?

അവളുടെ ഇരുതോളുകളിലും കൈവച്ചുകൊണ്ട് അവൻ ചോദിച്ചു,

” എനിക്കിഷ്ടമുള്ളതൊക്കെ ഇന്നുവരെ വാങ്ങിക്കൊടുക്കാൻ അമ്മയും സുഗന്ധിയും ശ്രീലക്ഷ്മിയും ശ്രീജിത്തും ഒക്കെ ഉണ്ടായിട്ടുള്ളൂ, അവർ അല്ലാതെ മറ്റൊരു വികാരവും എനിക്ക് ഇതുവരെ ആരോടും തോന്നിയിട്ടില്ല, തന്നെ കണ്ടുമുട്ടിയതിനു ശേഷം അവർക്ക് അപ്പുറം മറ്റൊരാൾ കൂടി എന്റെ മനസ്സിൽ ഉണ്ടെന്നു തോന്നിത്തുടങ്ങിയത്, അങ്ങനെ ആർക്കും കൊടുത്തും എനിക്ക് ശീലമില്ല, അതുകൊണ്ട് മനസ്സിന് ഇഷ്ടപ്പെട്ട ഒന്ന് കണ്ടപ്പോൾ അത് വാങ്ങി. തനിക്ക് നന്നായി ഇണങ്ങുമെന്ന് തോന്നി,

സുധി പറഞ്ഞു…

” സുധിയെട്ടൻ ഓരോ നിമിഷവും സ്നേഹം കൊണ്ട് എന്നെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്,
അപ്പോഴൊക്കെ എനിക്ക് ഉള്ളിൽ എന്തോ വല്ലാത്തൊരു വേദന തോന്നും,

“എന്തിന്…?

അവളുടെ താടിയിൽ പിടിച്ചുയർത്തി അലിവോടെ അവൻ ചോദിച്ചു,

” ആദ്യമൊക്കെ ഞാൻ സുധിയേട്ടനെ എത്രമാത്രം അവോയ്ഡ് ചെയ്തിട്ടുണ്ട്, ഫോൺ വിളിക്കുമ്പോൾ എടുക്കാൻ പോലും കൂട്ടാക്കാതെ… അപ്പോഴൊക്കെ സുധീയേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടായിരുന്നില്ലേ…? അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് വല്ലാത്ത ഒരു വിഷമം തോന്നും,

അവളത് പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു, അവൻ തന്നെ തന്റെ കൈവിരലുകളാൽ ആ കണ്ണുനീർ തുടച്ചു, എന്നിട്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു, ഒപ്പം അവളുടെ ഇടതു കരം തന്റെ കൈകളാൽ മുറുക്കി തന്റെ നെഞ്ചിലേക്ക് ചേർത്തുവച്ചു. അതിനു മുകളിലേക്ക് കൈകൾ ചേർത്തു..

” കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലെടോ, ഇപ്പൊൾ തന്റെ മനസ്സിൽ എന്നോട് നിറച്ചും സ്നേഹം അല്ലേ? എനിക്ക് അത് മാത്രം മതി..! ഇന്നലെ നമ്മൾ രണ്ടുപേരും ഒരു താലി കൊണ്ട് ഒന്നായ നിമിഷം..! അതിനുശേഷം ഉള്ള കാര്യങ്ങൾ മാത്രം ചിന്തിച്ചാൽ മതി, അതിനുമുമ്പുള്ളതൊക്കെ മറവിയിലേക്ക് വിട്ടേക്ക്.. ഇനിയാണ് നമ്മുടെ ജീവിതം, ഒരുപാട് സ്നേഹിച്ചും വഴക്കിട്ടും, പിന്നെയും സ്നേഹിച്ചും വഴക്കിട്ടും നമുക്കിങ്ങനെ ചേർന്ന് നിന്ന് സ്നേഹിക്കണം,

അവളെ തന്റെ രണ്ട് കൈകളാലും അവൻ പുണർന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button