Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 48

രചന: റിൻസി പ്രിൻസ്

ഇനിയാണ് നമ്മുടെ ജീവിതം, ഒരുപാട് സ്നേഹിച്ചും വഴക്കിട്ടും, പിന്നെയും സ്നേഹിച്ചും വഴക്കിട്ടും നമുക്കിങ്ങനെ ചേർന്ന് നിന്ന് സ്നേഹിക്കണം, അവളെ തന്റെ രണ്ട് കൈകളാലും അവൻ പുണർന്നു..

“സുധി….

വിളിച്ചുകൊണ്ട് വന്നതും ഈ കാഴ്ച്ച കണ്ടു സതി വല്ലാതെ ആയിപ്പോയിരുന്നു.. ആ നിമിഷം കെട്ടിപ്പുണർന്നു നിൽക്കുന്ന സുധിയെയും മീരയെയും കണ്ടപ്പോൾ ദേഷ്യത്തോടെ ഒപ്പം തന്നെ ജാള്യതയും അവർക്ക് തോന്നിയിരുന്നു.. അവർ പെട്ടന്ന് അവിടെ നിന്നും തിരിഞ്ഞു നിന്നു….സുധിയും ഒരു നിമിഷം വല്ലാതെയായി പോയിരുന്നു. മീര പെട്ടെന്ന് അവനിൽ നിന്നും അകന്നു മാറിയിരുന്നു. അവൾക്കും സതിയുടെ മുഖത്തേക്ക് നോക്കാൻ അല്പം ബുദ്ധിമുട്ട് തോന്നിയിരുന്നു.

” എന്താ അമ്മേ…?

പരിഭ്രാന്തിയോടെ അവൻ ചോദിച്ചു.

” നിന്റെ ചെറിയച്ഛനും ഭാര്യയും വന്നിട്ടുണ്ട് നിങ്ങൾ രണ്ടാളും അങ്ങോട്ട് വാ…

രണ്ടുപേരുടെയും മുഖത്തേക്ക് നോക്കാതെ പറഞ്ഞിട്ട് വേഗം തന്നെ സതി അപ്പുറത്തേക്ക് പോയിരുന്നു, സുധിയും മീരയും പരസ്പരം നോക്കി…

” ആകെ നാണക്കേടായല്ലോ സുധിയേട്ടാ… അമ്മ എന്ത് കരുതി കാണും,

” അതെ മോശമായിപ്പോയി….

കതകടക്കുന്ന കാര്യം ഞാനും ഓർത്തില്ല… സാരമില്ല പുതുമുടിയിൽ ഇതൊക്കെ പതിവല്ലേ..?

ചെറിയൊരു ചമ്മലോടെ സുധി പറഞ്ഞു,

” താൻ ഏതായാലും ഉമ്മറത്തേക്ക് ചെല്ല് അവർക്ക് ഇനി ഒരു മുഷിപ്പ് വേണ്ട. ചെറിയച്ഛനും ചെറിയമ്മയൊന്നും ഈ വീടുമായിട്ട് ഒരു സമയത്ത് വലിയ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, അച്ഛൻ മരിച്ച സമയത്ത് നമ്മളെ സഹായിക്കണമെന്ന് കരുതി മാറി നിന്നാളാണ് ചെറിയച്ഛൻ, ചെറിയമ്മയ്ക്ക് ഇഷ്ടമല്ല അങ്ങനെ ചെറിയച്ഛന്റെ കൂട്ടരോടൊന്നും വലിയ സ്നേഹം കാണിക്കുന്നത്. അതിന്റെ ഒരു ദേഷ്യം അമ്മയ്ക്ക് ഉണ്ട്..ഞാൻ അതൊക്കെ പണ്ടേ മറന്നു.. ഞാൻ ഗൾഫിൽ നിന്നൊക്കെ വന്ന കാലത്ത് ചെറിയച്ഛന്റെ വീട്ടിലേക്ക് ഒന്നും പോകാൻ അമ്മ സമ്മതിക്കില്ല, അമ്മ അങ്ങനെ ഒരു ടൈപ്പ് ആണ്. നമ്മളെ ദ്രോഹിച്ചവരെ ഒന്നും മറക്കില്ലെന്ന അമ്മ പറയുന്നത്. പക്ഷേ ക്ഷമിക്കാൻ പഠിക്കണം എന്നതാണ് എന്റെ പോളിസി. കാരണം ഓരോന്നും നമുക്ക് ഓരോ പാഠങ്ങളാണ്, അതിൽ നിന്നും നമുക്ക് പഠിക്കാൻ ഒരുപാടുണ്ട്. ചിലതൊന്നും നമുക്ക് സിലബസിൽ നിന്നും പഠിക്കാൻ പറ്റില്ലല്ലോ….

ചിരിയോടെ അവൻ പറഞ്ഞപ്പോൾ ഉമ്മറത്തേക്ക് അവളും നടന്നിരുന്നു… അവിടെ ചെറിയച്ഛനും ചെറിയമ്മയും ഇരിപ്പുണ്ട്. അവളെ കണ്ടതും നല്ല തെളിമയോടെ തന്നെ അദ്ദേഹം ഒന്ന് ചിരിച്ചിരുന്നു. എന്നാൽ ചെറിയമ്മ എന്ന് പറയുന്ന സ്ത്രീയുടെ മുഖത്ത് അത്ര തെളിച്ചമില്ലെന്ന് അവൾക്ക് തോന്നി. എങ്കിലും അവൾ രണ്ടുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ചു…

” കുട്ടി എന്ത് ചെയ്യാ..?

ചോദ്യം ചോദിച്ചത് ചെറിയച്ഛൻ ആണ്..

” ഇപ്പോ ബിഎഡ് ലാസ്റ്റ് ഇയർ ആണ്,

” അധ്യാപനം നല്ലൊരു ജോലിയാ, ഇപ്പോഴത്തെ കാലത്തെ കുട്ടികളൊന്നും അത് തെരഞ്ഞെടുക്കില്ല. എല്ലാവർക്കും എൻജിനീയറിങ്ങും മെഡിസിനും ഒക്കെ മതിയല്ലോ,

ചെറിയച്ഛൻ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു കാണിച്ചിരുന്നു…

“ഇന്നത്തെ കാലത്ത് ഈ ടീച്ചർ ആയാൽ എന്തോ കിട്ടുമെന്നാണ്, ഒരു മാസത്തെ ചെലവ് നടക്കാനുള്ള ശമ്പളം പോലും കിട്ടാൻ പോകുന്നില്ല.

പുച്ഛത്തോടെ ചെറിയമ്മ പറഞ്ഞു. അവൾ അതിനും ഒന്നു പുഞ്ചിരിച്ചു.

” മാത്രമല്ല ഇനിയിപ്പോൾ പഠിത്തമൊക്കെ കണക്കായിരിക്കുമല്ലോ, എത്ര നാളു കൂടെ ഉണ്ട് കോഴ്സ് തീരാൻ..?

അവളെ അടിമുടി ഉഴിഞ്ഞവൻ ചോദിച്ചു….

” ഒരു ആറുമാസം കൂടുണ്ട്,

ഏറെ താഴ്മയോടെ തന്നെ അവൾ പറഞ്ഞു…

” ആറുമാസം സതി ഇനിയും വിടുമോ?

ചെറിയച്ഛന്റെ മുഖത്തേക്ക് നോക്കി അല്പം പുച്ഛത്തോടെ അവർ പറഞ്ഞപ്പോൾ അദ്ദേഹം കണ്ണുകൾ കൊണ്ട് നിർത്താൻ അവരോട് ആജ്ഞ കാണിച്ചത് അവൾ കണ്ടിരുന്നു. അപ്പോഴേക്കും സുധീമിങ്ങ് എത്തിയിരുന്നു..

” എന്തുപറ്റി…? പതിവില്ലാതെ രണ്ടുപേരും രാവിലെ തന്നെ, ഞാൻ അങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങണമെന്ന് ഓർത്തിരിക്കുകയായിരുന്നു.

ഒരു അനിഷ്ടവും കാണിക്കാതെ ചെറിയ ചിരിയോടെ ചെറിയച്ഛന്റെ അരികിലിരുന്ന് സുധി പറഞ്ഞു…

” ഇവിടെ വന്നതല്ല സുധി, ഞങ്ങൾ അമ്പലത്തിൽ പോയതാ. അപ്പഴാ ഓർത്തത് കല്യാണം നടന്ന ഒരു വീടല്ലേ ഇവിടെ കൂടി ഒന്ന് കേറിയിട്ട് പോകാമെന്ന്. പിന്നെ ഇന്നലെ പുതുപെണ്ണിനെ ശരിക്കും ഒന്ന് കാണാൻ പറ്റിയില്ലല്ലോ.. മുഖത്തൊക്കെ ചമയങ്ങൾ ആയിരുന്നില്ലേ, ഇന്നത്തെ കാലത്ത് ചമയങ്ങൾ മാറ്റുമ്പോഴാ യഥാർത്ഥ മുഖം കാണാൻ പറ്റുന്നത്. പെണ്ണ് സുന്ദരി ആണോ എന്നറിയാൻ വേണ്ടി കൂടി വന്നതാ,

ചെറിയമ്മയുടെ സംസാരം കേട്ട് ചെറിയച്ഛന് നല്ല അസ്വസ്ഥതയുണ്ടെന്ന് ആ മുഖത്ത് നിന്ന് തന്നെ മീരയ്ക്ക് മനസ്സിലായി. അവൾ എങ്കിലും അതൊന്നും കാര്യമായി എടുത്തില്ല, ചെറുപുഞ്ചിരിയോടെ നിന്നു.

” സൗന്ദര്യം വേണ്ടത് മുഖത്ത് അല്ലെ ചെറിയമ്മേ മനസ്സിനല്ലേ..? മനസ്സിന്റെ സൗന്ദര്യം നഷ്ടമായ പിന്നെ മുഖത്ത് എത്ര ചായം വാരി പൂശിയാലും ഒരു കാര്യവുമില്ല,

ചിരിയോടെയാണെങ്കിലും കുറിക്കുകൊള്ളുന്ന മറുപടിയാണ് സുധി നൽകിയത് എന്ന് അവൾക്ക് തോന്നിയിരുന്നു. അല്ലെങ്കിൽ തന്നെ എവിടെയും താഴാൻ അവൻ തന്നെ അനുവദിക്കാറില്ലല്ലോ,

” ചായ എടുത്തിട്ട് വാ മീരേ…

മീരയോടായി അവൻ പറഞ്ഞപ്പോൾ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചതിനു ശേഷം അവൾ അടുക്കളയിലേക്ക് നടന്നിരുന്നു, അവിടെ സതിയും സുഗന്ധിയും കൂടി കാര്യമായി തന്നെ ചെറിയമ്മയുടെ കുറ്റം പറയുകയാണ്. അത് കേട്ടുകൊണ്ടാണ് അവൾ അകത്തേക്ക് ചെന്നത്. അവളെ കണ്ടതും സതിയുടെ മുഖം ഊതി വീർത്തിരുന്നു..

“ചെറിയമ്മയെ പരിചയപ്പെട്ടോ…?

ചിരിയോടെ സുഗന്ധി ചോദിച്ചു..

” എന്തൊക്കെയോ ചോദിച്ചു, അങ്ങനെ കാര്യായിട്ട് ഒന്നും സംസാരിച്ചില്ല…

മീര പറഞ്ഞു..

” വലിയ അടുപ്പത്തിനൊന്നും പോണ്ടാട്ടോ സുധിയേട്ടൻ ഗൾഫിൽ പോയതിനു ശേഷം നമ്മളോട് ഇങ്ങനെ അടുത്തൊക്കെ ഇടപഴകാൻ തന്നെ വരുന്നത്. അമ്മേടെ കുറ്റം മാത്രേ പറയു, പണ്ടു മുതലേ അമ്മേ കണ്ടുകൂടാ, കല്യാണം കഴിഞ്ഞ് അമ്മ ഇവിടെ വന്ന കാലത്ത് ഈ ചെറിയമ്മ ഒരുപാട് പോര് എടുത്തു. ആദ്യം കല്യാണം കഴിഞ്ഞത് ചെറിയച്ഛന്റെയാ, അമ്മേ രണ്ടാമതാ കൊണ്ടുവരുന്നത്. അമ്മ പറഞ്ഞിട്ടുണ്ട് ഒരുപാട് പോര് എടുത്തെന്നു, അതുകൊണ്ട് തമ്മിൽ തെറ്റിക്കാൻ എന്തെങ്കിലുമൊക്കെ പറഞ്ഞുതരും, വലിയ കൂട്ടിനൊന്നും പോകണ്ട…

സുഗന്ധി ഒരു മുൻകരുതൽ പോലെ പറഞ്ഞപ്പോൾ അവൾ തലയാട്ടിയിരുന്നു..

“സുഗന്ധി….

അപ്പുറത്തുനിന്നും അജയൻ വിളിച്ചപ്പോഴേക്കും ഇപ്പോൾ വരാം എന്ന് പറഞ്ഞ് സുഗന്ധി അപ്പുറത്തേക്ക് പോയിരുന്നു..
ആ സമയം കൊണ്ട് ഫ്ലാസ്കിൽ നിന്നും ചായ പകർന്ന് ട്രേയിലേക്ക് വയ്ക്കുകയായിരുന്നു സതി..

” ഇതുകൊണ്ട് കൊടുക്ക്…

അവൾ അതും എടുത്ത് തിരിയാൻ തുടങ്ങിയപ്പോൾ സതി അവളെ വിളിച്ചു…

” ഒന്ന് നിന്നെ…. ഇത് മുതിർന്ന കുട്ടികളൊക്കെ ഉള്ള വീടാണ്, ശ്രീലക്ഷ്മി ആണെങ്കിലും അതുപോലെ സുഗന്ധിയുടെ മോളാണെങ്കിലും ചെറിയ കുട്ടികൾ ഒന്നുമല്ല. അത്യാവശ്യം പ്രായമുള്ള കുട്ടികൾ തന്നെയാണ്. സുഗന്ധിയുടെ മോൾക്ക് ഇപ്പൊൾ വയസ്സാകുന്നു. എല്ലാം കണ്ടാൽ അവൾക്കും മനസ്സിലാവും. അതുകൊണ്ട് നിങ്ങൾ തമ്മിലുള്ള സ്നേഹപ്രകടനങ്ങളൊക്കെ കതകടച്ചിട്ടതിനു ശേഷമേ ആകാവൂ, ഞാൻ വന്നു കണ്ടതുകൊണ്ട് കുഴപ്പമില്ല. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ…. സുധിക്ക് ഇതൊന്നുമറിയില്ല അല്ലെങ്കിലും ആണുങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങളിൽ ഒന്നും ഒരു ശ്രദ്ധ ഉണ്ടാവില്ല. പെൺകുട്ടികൾ വേണം അത് പറഞ്ഞു കൊടുക്കാൻ. അല്ലാതെ അവർ കയ്യും നീട്ടി വിളിച്ച ഉടനെ ചെന്ന് കെട്ടിപ്പിടിക്കല്ല വേണ്ടത്,

ഒരു താക്കീതോടെ സതി പറഞ്ഞപ്പോൾ കരയാതിരിക്കാൻ മീര ശ്രമിച്ചിരുന്നു…

” കല്യാണം ഇന്നലെ അങ്ങോട്ട് കഴിഞ്ഞല്ലേ ഉള്ളൂ, ഇത്രയ്ക്ക് ധൃതി പിടിക്കേണ്ട കാര്യമൊന്നുമില്ലല്ലോ…

അല്പം ദേഷ്യത്തിൽ തന്നെയാണ് സതി പറഞ്ഞത്…

” അമ്മേ ഞങ്ങൾ അങ്ങനെ അമ്മ വിചാരിക്കുന്ന പോലെ ഒന്നുമല്ല… ഞാൻ എന്തോ പറഞ്ഞു വിഷമിച്ചപ്പോൾ സുധിയേട്ടൻ എന്നെ ഒന്ന് ചേർത്ത് പിടിച്ചുന്നേയുള്ളൂ, അല്ലാതെ മോശം രീതിയിൽ ഒന്നുമല്ല…

” ഏത് രീതിയിലാണെങ്കിലും ഞാൻ ഈ പറഞ്ഞത് മനസ്സിൽ ഉണ്ടാവണം…

അല്പം ദേഷ്യത്തോടെ തന്നെയാണ് സതി പറഞ്ഞത്…

അപ്പോഴേക്കും അകത്തേക്ക് കയറി ചെറിയമ്മ വന്നിരുന്നു

” എന്താ സതി ചേച്ചി കൊച്ചിനെ അങ്ങോട്ടൊന്നും കണ്ടില്ലല്ലോ, മരുമകളെ ഇപ്പോഴേ പിരിയാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയോ..?

അല്പം പുച്ഛത്തോടെ തന്നെയാണ് അവരത് ചോദിച്ചത് എന്ന് സതിക്കും മനസ്സിലായിരുന്നു.

” അമ്പലത്തിൽ പോകാൻ പറയായിരുന്നു…

ഒരു കൃത്രിമ ചിരി നിറച്ചുകൊണ്ട് സതി പറഞ്ഞു…

“കല്യാണം കഴിഞ്ഞു ആദ്യത്തെ ദിവസമായിട്ട് ഇതുവരെ അമ്പലത്തിൽ ഒന്നും പോയില്ലേ..? വൈകിയാണോ എഴുന്നേറ്റത്..?

അവളുടെ മുഖത്തേക്ക് നോക്കി താല്പര്യം ഇല്ലാത്തതുപോലെ അവർ ചോദിച്ചു..

” കുറച്ചു വൈകി എഴുന്നേറ്റപ്പോൾ…

മീര മടിയോട് പറഞ്ഞു…

“സതി ചേച്ചി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാ.. എത്രയും താമസിക്കാമോ അത്രയും താമസിച്ച ഉണരുന്നതൊക്കെ, പിന്നെ വീട്ടിലെ ജോലികൾ ഒന്നും ചെയ്യേണ്ടല്ലോ..

ചെറിയമ്മ പറഞ്ഞ ആ ഒരു വാക്ക് സതിക്കും ഒരുപാട് ഇഷ്ടമായെന്ന് മീരയ്ക്ക് തോന്നിയിരുന്നു.. അത് ആ മുഖത്ത് ഉണ്ടായിരുന്നു… വല്ലാത്തൊരു അവസ്ഥയിൽ പെട്ടതുപോലെയാണ് മീരയ്ക്ക് തോന്നിയത്.. ഒരു ആശ്രയത്തിനു പോലും ആരും ഇല്ല…

….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button