Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 50

രചന: റിൻസി പ്രിൻസ്

കല്യാണം കഴിഞ്ഞ് കണ്ടുപിടിച്ചാൽ എന്താണെന്ന് കരുതിക്കാണും. പിന്നെ സുധി ഇപ്പഴേ അങ്ങോട്ടാണല്ലോ. അതുകൊണ്ട് അവനെ പറ്റിച്ച് എന്തെങ്കിലും പറഞ്ഞു നിൽക്കാമെന്ന് കരുതിക്കാണും. അങ്ങനെ വല്ലതും ആണെങ്കിൽ മാധവി എന്റെ തനിസ്വഭാവം കാണും..

സതി എന്തോ ഉറപ്പിച്ചു എന്നതുപോലെ പറഞ്ഞിരുന്നു..

അമ്പലത്തിലേക്ക് രണ്ടുപേരും ഒരുമിച്ചാണ് പോയത്. മീരയുടെ മുഖത്ത് ഒരു സന്തോഷം ഇല്ല എന്നത് സുധി ശ്രദ്ധിച്ചിരുന്നു. പല കാര്യങ്ങളും പറഞ്ഞ് അവളെ സന്തോഷിപ്പിക്കാൻ അവൻ ശ്രമിക്കുന്നുണ്ട് എങ്കിലും ആ മുഖത്ത് നിറഞ്ഞുനിന്നത് വേദന തന്നെയായിരുന്നു.

“താൻ രാവിലത്തെ വിഷയം കളഞ്ഞില്ലേ..?

അവസാനം അവൻ അവളോട് നേരിട്ട് ചോദിച്ചു.

” ഞാൻ അത് മറന്നു സുധിയേട്ടാ,

” പിന്നെന്താ ഒരു വിഷമം പോലെ…

” ഒന്നുമില്ല വെറുതെ…

ഒരു ചിരിയോടെ അവൾ പറഞ്ഞു. അല്പം ചന്ദനമെടുത്ത് അവളുടെ നെറ്റിയിലേക്ക് തൊട്ടു കൊടുത്തു അവൻ.

” വിഷമിക്കാതിരിക്കടോ…! നമ്മൾ ഇന്ന് തന്റെ വീട്ടിലേക്ക് പോവല്ലേ, തൽക്കാലം അത് മാത്രം ചിന്തിക്കു, ഇന്നലെ അമ്മയും അനിയത്തിമാരും ഒന്നും കണ്ടില്ലല്ലോ. ഇനിയിപ്പോൾ അവരെയൊക്കെ കാണാല്ലോ.

അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അവൾ ഒന്ന് പുഞ്ചിരിച്ചിരുന്നു.

തിരികെ വീട്ടിലേക്ക് പോകാതെ അമ്മാവന്റെ വീട്ടിലേക്കാണ് സുധി കയറിയിരുന്നത്. രാവിലെ പ്രാതൽ കഴിക്കാമെന്ന് അമ്മാവൻ നിർബന്ധിച്ചു. പിന്നെ അവിടെ നിന്നായിരുന്നു പ്രാതൽ കഴിച്ചതും. വലിയ സന്തോഷത്തോടെ തന്നെ അമ്മാവനും അമ്മായിയും സുധിയെയും മീരയെയും വരവേറ്റു. മീരയുടെ മുറുകി നിന്ന് മനസ്സിന് ഒരയിവ് കിട്ടിയിരുന്നു. അമ്മായി സുധിയുടെ കുട്ടിക്കാലത്തെ കുസൃതികളെക്കുറിച്ചും സുധിയുടെ കഷ്ടപ്പാടുകളെ കുറിച്ചും ഒക്കെ അടുക്കളയിൽ നിന്ന് മീരയോട് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അമ്മയുടെ വിവരണത്തിൽ നിന്നും സുധി എത്രത്തോളം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട് എന്നും, എത്രയോ ചെറുപ്പത്തിലെ പ്രവാസം സ്വീകരിച്ചവൻ ആണ് എന്നും മീര മനസ്സിലാക്കി. അവനെക്കുറിച്ച് ഉള്ള കൂടുതൽ അറിവുകളിൽ അവൾക്ക് അവനോടുള്ള ഇഷ്ടം ഇരട്ടിക്കുകയായിരുന്നു.

” സുധിയുടെ അച്ഛൻ അതായത് സതിയുടെ ഭർത്താവ് കുടുംബം നോക്കാൻ പൊതുവേ പുറകോട്ട് ആയിരുന്നു. പിന്നെ കുടിയുടെ കാര്യം പറയണ്ട, കുട്ടിക്കാലത്തെ തന്നെ സുധി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട് മോളെ, അവൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പത്രം വിൽക്കാൻ പോവായിരുന്നു. ആ സമയം തൊട്ട് ഉണ്ട് ചെറിയ സമ്പാദ്യം ഒക്കെ. അച്ഛനുണ്ടെങ്കിലും സുധി തന്നെയാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയത്. സുധി പത്താംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിക്കുന്നത്. പിന്നീട് വല്ലാത്ത ബുദ്ധിമുട്ടിലായി. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് രാത്രിയിൽ കൂട്ടുകാരന്റെ ഓട്ടോയും എടുത്തോണ്ട് സ്റ്റാൻഡിൽ പോകും. അവിടെപ്പോയി ഓട്ടോ ഓടിച്ച് കിട്ടുന്ന പൈസ ഒരു കുടുക്കയിലാക്കിയിടും, ആ കുടിക്കയിലെ പൈസ കൊണ്ടാണ് സുഗന്ധിയെ പഠിപ്പിച്ചത്. തെറ്റില്ലാത്ത രീതിയിൽ അവളെ പഠിപ്പിച്ചു. അവനെക്കൊണ്ട് പറ്റുന്നത് അന്ന് ലാബ് ടെക്നീഷ്യൻ ആവാൻ പഠിപ്പിക്കാനായിരുന്നു. പ്ലസ് ടു കഴിഞ്ഞ് രണ്ടു വർഷത്തെ കോഴ്സിന് വിട്ടു. അവൾക്ക് ജോലി ആവുകയും ചെയ്തു. അത് കഴിഞ്ഞ് ശ്രീജിത്തിനെ ഡിഗ്രിക്ക് വിടാനും എല്ലാത്തിനും കാശ് മുടക്കിയത് സുധി തന്നെയാണ്. പിന്നെ ശ്രീജിത്ത് ഡിഗ്രി ആദ്യത്തെ വർഷം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആണ് സുധി ഗൾഫിലേക്ക് പോകുന്നത്. അന്നത്തെ സമയത്ത് 12000 രൂപയ്ക്ക് അവൻ ഇവിടുന്ന് കയറി പോകുന്നത് പിന്നെ അവിടെ ചെന്ന് ഓവർടൈമും ജോലിയും ഒക്കെ ചെയ്ത് ഈ പിള്ളേരെല്ലാം പഠിപ്പിച്ചതും വീടൊക്കെ ഒന്ന് ശരിയാക്കി പണിതതും സുഗന്ധിയുടെ കല്യാണം നടത്തി കൊടുത്തതും ഒക്കെ സുഗന്ധിയാണ്. സുഗന്ധിയുടെ കല്യാണത്തിന് നല്ല സ്ത്രീധനം കൊടുത്തിരുന്നു. അവര് ചോദിച്ചത് ഭയങ്കര തുക ആയിരുന്നു. പിന്നെ അന്ന് സതി നോക്കിയത് ചെക്കൻ ട്രാൻസ്പോർട്ട് ബസ്സിലെ ഡ്രൈവറാണ്. സർക്കാർ ജോലി ഉണ്ടല്ലോ എന്നതാണ്. അതുകൊണ്ട് അവരെ ചോദിച്ചതിലും തെറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ വിവാഹ ബന്ധം വേണ്ടെന്ന് ഇവിടെ അമ്മാവൻ ആകുന്ന പറഞ്ഞതാ. പക്ഷേ ചെക്കൻ സർക്കാർ ജോലിക്കാരൻ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ സാതിക്ക് അത് തന്നെ മതി. ഇത് സുധിയെ കൊണ്ട് കൂട്ടിയാൽ കൂടില്ലന്നുള്ള ഉറപ്പുള്ളോണ്ടാ അമ്മാവൻ പിന്നെയും പിന്നെയും അത് വേണ്ടെന്ന് പറഞ്ഞത്. അവസാനം എന്തായി പണവും സ്വർണവും സ്ഥലവും ഒക്കെ ചോദിച്ചു. പിന്നെ അമ്മാവൻ ഇടപെട്ട് സ്ഥലം വേണ്ടാന്നുള്ള തീരുമാനത്തിൽ ആക്കിയത്. സുധി ആരുടെ ഒക്കെയോ കൈയ്യിൽ നിന്ന് പണം കടം വാങ്ങിയാണ് സ്ത്രീധനം കൊടുത്തത്.

അമ്മായിൽ നിന്നും സുധിയെക്കുറിച്ച് കൂടുതൽ അറിയും തോറും അവൾക്ക് അവനോട് ബഹുമാനവും സ്നേഹവും ഒക്കെ വർദ്ധിച്ചു വന്നു.

” കുട്ടിയെ കണ്ടില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഈ വട്ടവും സുധി കല്യാണം കഴിക്കില്ലായിരുന്നു. അവന് കുടുംബം എന്നുള്ള ഒറ്റ ചിന്ത മാത്രേ ഉള്ളു മോളെ, ആദ്യമായിട്ട് അവൻ അമ്മാവനോട് ഒരു കാര്യം ആശയോടെ പറയണത്. അത് നിന്റെ കാര്യമായിരുന്നു. അമ്മാവൻ എന്നോട് പറഞ്ഞു ഒരുപാട് വട്ടം പറഞ്ഞുവത്രെ മോളെ തന്നെ കല്യാണം കഴിക്കണമെന്ന്, അതുകൊണ്ട് നിങ്ങളുടെ വീട്ടുകാര് ഒരു വർഷം കാത്തിരിക്കണം എന്ന് പറഞ്ഞിട്ടും സുധി അത് സമ്മതിച്ചത്.

അമ്മായിയിൽ നിന്നും തന്നോടുള്ള അവന്റെ മനസ്സിലെ സ്ഥാനം കൂടി അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. സന്തോഷവും വേദനയും ഒക്കെ ഒരു നിമിഷം അവളിൽ നിറഞ്ഞു. തന്നോട് തന്നെ അവൾക്ക് വെറുപ്പ് തോന്നിയിരുന്നു. അത്രമാത്രം തന്നെ സ്നേഹിച്ച ഒരുവനെ എത്ര നാൾ താനകറ്റി നിർത്തി. അവന്റെ സ്നേഹത്തെ താൻ അവഗണിച്ചു.

” മീരേ നമുക്ക് ഇറങ്ങിയാലോ…? സമയം ഒരുപാടായി

സുധി വാതിൽക്കൽ വന്ന് വിളിച്ചപ്പോഴാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്. അരികിലേക്ക് ചെന്ന് ആ നെഞ്ചിൽ ഒന്ന് ചേർന്ന് നിൽക്കാനാണ് ആ നിമിഷം അവൾക്ക് തോന്നിയത്.

” ഊണ് കഴിച്ചിട്ട് പോയാൽ പോരേ മോനെ,

അമ്മായി ചോദിച്ചു.

” വേണ്ട അമ്മായി, നേരത്തെ അങ്ങ് പോയേക്കാം, ഇയാളുടെ മൂഡ് ഒന്ന് റെഡിയാവട്ടെ എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്.. രാവിലെ അവിടെ ചെറിയമ്മ വന്നിരുന്നു. എന്തോ ചെറിയൊരു ഡയലോഗ് പറഞ്ഞു മീര കമ്പ്ലീറ്റ് മൂഡ് ഓഫ് ആയിപ്പോയി.

സുധി പറഞ്ഞു

” ആണോ മോളെ…! അവരൊന്നും പറയുന്നത് മോള് കാര്യാക്കണ്ട. ചെറിയമ്മ അങ്ങനെ ഒരു കൂട്ടത്തിലാ. ഒരു കാര്യത്തിലും നല്ലത് പറയില്ല. അവരെയൊന്നും നമുക്ക് ശരിയാക്കാൻ പറ്റില്ലല്ലോ. എന്തെങ്കിലും കേൾക്കുക മിണ്ടാണ്ടിരിക്കാ. അത്രയേ ഉള്ളൂ,

അമ്മായി വാത്സല്യത്തോടെ മീരയുടെ മുടിയിൽ തലോടി പറഞ്ഞു.

” എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ…

അമ്മായിയുടെ മുഖത്തേക്ക് നോക്കി സുധി പറഞ്ഞു. അവർ ചെറുചിരിയോടെ തലയാട്ടി. തിരികെയുള്ള യാത്രയിൽ മുഴുവൻ സുധിയെക്കുറിച്ച് തന്നെയായിരുന്നു മീരയുടെ ചിന്ത. വിനോദിന്റെ കാറിൽ ആണ് രണ്ടുപേരും യാത്ര തിരിച്ചത്. ശ്രീലക്ഷ്മിയെ വിളിച്ച് നൂറനാട്ടേക്ക് പോവുകയാണ് എന്ന് സുധി പറഞ്ഞിരുന്നു. അത് അറിഞ്ഞതും സതിക്ക് ദേഷ്യം കയറി. തങ്ങളോട് ഒരു വാക്ക് പറയാതെ അമ്പലത്തിൽ നിന്നും നേരെ സുധി പോയത് സതിയെ ചോടിപ്പിച്ചിരുന്നു.

അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ മീരയുടെ ചിന്തകളിൽ നിറഞ്ഞുനിന്നത് സുധി മാത്രമായിരുന്നു

” താനെന്താടോ ആലോചിക്കുന്നത്…?

ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് സുധി ചോദിച്ചു.

” സുധിയെട്ടനെ കുറിച്ച് അമ്മായി കുറെ കാര്യങ്ങൾ പറഞ്ഞു. ഞാൻ അതൊക്കെ ആലോചിക്കായിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നൊക്കെ.

” കഷ്ടപ്പെടാതെ ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോ..? കഷ്ടപ്പെട്ട് ജീവിക്കുമ്പോൾ ആണ് അതിന്റെ ഒരു സന്തോഷം കിട്ടുന്നത്. അതൊന്നും ഒരു വലിയ കാര്യമായിട്ട് ഞാൻ കണ്ടിട്ടില്ല.

ഒരു ജ്വല്ലറിയുടെ മുൻപിൽ അവൻ വണ്ടി നിർത്തിയപ്പോൾ മനസ്സിലാവാതെ മീര അവന്റെ മുഖത്തേക്ക് നോക്കി.

” താൻ ഇറങ്ങ്,

കാറിന്റെ ഡ്രോയർ തുറന്ന് അതിൽ നിന്നും ഒരു ജുവൽ ബോക്സ് കൂടി അവൻ എടുത്തു. എന്താണ് കാര്യം എന്ന് മനസ്സിലാവാതെ മീര അവന്റെ മുഖത്തേക്ക് നോക്കി.

” ഇറങ്ങടോ…

വീണ്ടും നോക്കുന്നവളുടെ മുഖത്തേക്ക് നോക്കി സുധി പറഞ്ഞു. രണ്ടുപേരും കൂടി ജ്വല്ലറിയുടെ അകത്തേക്ക് കയറി.

” എന്താ സർ വേണ്ടത്..?

സെയിൽസിൽ നിന്നിരുന്ന ഒരു പയ്യൻ സുധിയുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു.

” കുറച്ചു ഗോൾഡ് മാറാന് ആണ്..

അവൻ പറഞ്ഞു,

” അതിനെന്താ സർ വരു?

അയാൾ രണ്ടുപേരെയും വിളിച്ചുകൊണ്ട് നടന്നു.

” ആ വളകൾ എല്ലാം ഊരിക്കെ….

അവൻ മീരയോടായി പറഞ്ഞു. അത്ഭുതത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. പക്ഷേ അവനോട് മറുതൊന്നും പറയാതെ തന്നെ തന്റെ കയ്യിൽ കിടന്നിരുന്ന നാല് വളകൾ ഊരി അവൾ അവന് നീട്ടി.

” ഇത് മാറാൻ ആണ്.

സെയിൽസ്മാന്റെ കൈയിലേക്ക് സുധി വളകൾ കൊടുത്തു.
സെയിൽസ്മാൻ അതിന്റെ വെയിറ്റ് നോക്കി.

” ഇതെല്ലാം കൂടി ഒരു രണ്ട് പവന് അടുപ്പിച്ചു വരുന്നുണ്ട് സാർ…

” ഇതുകൂടി നോക്ക്,

അവൻ തന്റെ ജ്യൂവൽ ബോക്സിൽ നിന്നും ഒരു ചെയിനും രണ്ട് മോതിരങ്ങളും നീക്കിവെച്ചു.

മീര അതിലേക്ക് നോക്കി. കല്യാണത്തിന് അമ്മാവൻ അവന്റെ കയ്യിൽ ഇട്ടു കൊടുത്ത സ്വർണചെയിൻ ആണ്. അവന്റെ കയ്യിൽ കിടക്കുന്നത് ഒരു സിൽവറിന്റെ ചെയിനാണ്. മറ്റ് രണ്ടു മോതിരങ്ങൾ ആരൊക്കെയോ സുഹൃത്തുക്കൾ നൽകിയ സമ്മാനമാണെന്ന് അവൾക്ക് തോന്നിയിരുന്നു.

” ഇത് രണ്ടും കൂടി ഒന്നര പവൻ ഉണ്ട് സർ. എങ്കിൽ രണ്ടര പവൻ വരുന്ന രണ്ടു വള വീതം വേണം…

“ശരി സാർ

” തനിക്കിഷ്ടപ്പെട്ട ഏതെങ്കിലും ഫാഷൻ നോക്കി എടുത്തോ. രണ്ടര പവൻ വരുന്ന രണ്ടു വള.

” അതിന്റെ ആവശ്യമൊന്നുമില്ല സുധിയേട്ടാ…

അവൾ പറഞ്ഞു

” താൻ തൽക്കാലം ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. ഇനിയിപ്പോൾ എന്റെ കൊച്ച് വളയ്ക്ക് കട്ടി ഇല്ലാത്തതു കൊണ്ട് ആരുടെ മുന്നിലും കൊച്ച് ആവാൻ നിൽക്കണ്ട.

ഏറെ സ്നേഹത്തോടെ അവനത് പറഞ്ഞപ്പോൾ അവന്റെ മുഖത്തേക്ക് നോക്കിയ അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button