Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 53

രചന: റിൻസി പ്രിൻസ്

ഇല്ല അമ്മേ..! ഒരിക്കലും ഞാനായിട്ട് സുധിയേട്ടനെ വിഷമിപ്പിക്കില്ല. എന്റെ മുഖം ഒന്ന് വാടിയാൽ സുധിയേട്ടന് സഹിക്കില്ല. പിന്നെ അത് ഒന്ന് തെളിയിപ്പിക്കാനുള്ള തത്രപ്പാടിൽ ആണ് ആള്,

ഏറെ സന്തോഷത്തോടെ പ്രിയപ്പെട്ട ഒരുവനെ കുറിച്ച് അവൾ പറയുന്നത് മാധവിയും കേട്ട് നിന്നു..

“ഈ ചായ കൊണ്ട് നീ മോന് കൊടുക്ക്. ഞാന് പ്രത്യേകം മിൽമയിൽ പോയി വാങ്ങിയത് ആണ്. കട്ടൻ ചായ എങ്ങനെയാ സുധിക്ക് കൊടുക്കുന്നതെന്ന് ഓർത്ത് വാങ്ങിയേ…!

“അയ്യോ സുധീയേട്ടന് കട്ടൻചായ ആണെന്ന് തോന്നുന്നു ഇഷ്ടം, അവിടെ വച്ചിട്ട് രാവിലെ അമ്മ കട്ടൻ ചായ കൊടുത്തത് ആണ്…

“നീ ഏതായാലും ഈ പാൽ ചായ ഒന്ന് കൊണ്ട് കൊടുത്തു നോക്ക്, കട്ടൻ ചായ വേണമെങ്കിൽ വേറെ തിളപ്പിക്കാം.. മീനു…..

നീട്ടി അവര് വിളിച്ചപ്പോഴേക്കും മീനും അകത്തേക്ക് വന്നിരുന്നു..

” വാങ്ങി കൊണ്ടുവന്ന ആ പഫ്സ് ഒക്കെ എടുത്ത് ഈ പ്ലേറ്റിനകത്തോട്ട് ഇട് എന്നിട്ട് അത് ഉമ്മറത്തേക്ക് കൊണ്ടുവാ..

” അമ്മയെന്തിനാ ആവശ്യമില്ലാതെ പലഹാരങ്ങളൊക്കെ വാങ്ങിയത്.

മീര അമ്പരപ്പോടെ ചോദിച്ചു.

” ആവശ്യമില്ലാതെയോ..?നമ്മുടെ വീട്ടിലേക്ക് ആദ്യമായിട്ട് ആണ് സുധി വരുന്നത് അന്തിയുറങ്ങാൻ വേണ്ടി. മാത്രമല്ല ഈ വീട്ടിലെ മൂത്ത മരുമകനാ അവൻ, അപ്പോൾ വരുമ്പോൾ നമ്മളെ കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാം നമ്മൾ ചെയ്തു കൊടുക്കണം. അതൊരു നാട്ടുനടപ്പാ…!

മാധവി പറഞ്ഞു…

“എങ്കിലും പൈസ ഇല്ലാതെ ഇതിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല.. നമ്മുടെ അവസ്ഥകളൊക്കെ സുധീയേട്ടന് അറിയാല്ലോ, കല്യാണസമയത്ത് തന്നെ സുധിയേട്ടൻ അതൊക്കെ കണ്ടറിഞ്ഞ് ചെയ്തിട്ടുള്ളത് അല്ലേ..? പിന്നെയും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.

” ഇതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ മീരേ…! നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യണം. നാളെ ഇവിടെ വന്നിട്ട് മോശമായിപ്പോയി എന്ന് സുധിയ്ക്ക് തോന്നരുത്.

ആ സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ ഉണ്ണിയപ്പവും പൊട്ടിച്ചിട്ടിരുന്നു മാധവി. അതുമായി അവൾ നേരെ ഉമ്മറത്തേക്ക് ചെന്നപ്പോൾ മഞ്ജുവുമായി സുധി ഏകദേശം സെറ്റ് ആയിരുന്നു.

“കട്ടൻ ചായ വേണോ സുധിയേട്ടാ..?

പാൽചായ അവന്റെ കൈകളിലേക്ക് കൊടുത്തുകൊണ്ട് മീര ചോദിച്ചു..

” എനിക്ക് എന്താണെങ്കിലും കുഴപ്പമില്ല.

അത് വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു…

” ഞാൻ മാത്രം ചായ കുടിച്ചോണ്ടിരിക്കുമ്പോൾ എന്തൊരു ബുദ്ധിമുട്ടാണ്. നിങ്ങളെല്ലാവരും ചായ എടുത്തുകൊണ്ടുവാ..? നമുക്ക് ഒരുമിച്ചു കുടിക്കാം,

സുധി പറഞ്ഞപ്പോൾ ചിരിയോടെ മാധവി അകത്തേക്ക് പോയി. വലിയൊരു സ്റ്റീൽ മഗിൽ കുറച്ച് അധികം ചായയും രണ്ടുമൂന്നു ഗ്ലാസുകളുമായാണ് അവർ വന്നത്. എല്ലാവരും ഒരുമിച്ചിരുന്നാണ് ചായ കുടിച്ചതും പലഹാരം കഴിച്ചതും. ഒരു അപരിചിതത്വവും ഇല്ലാതെ പെരുമാറുന്ന സുധിയുടെ സ്വഭാവം എല്ലാവർക്കും ഇഷ്ടമായിരുന്നു.

” സുധി..! മോൻ വേണമെങ്കിൽ കുളിക്ക്, ബാത്റൂമിൽ വെള്ളമൊക്കെ തയ്യാറാക്കി വെച്ചിട്ടുണ്ട്..

മാധവി പറഞ്ഞു

“ഇപ്പോൾ വേണ്ട അമ്മേ…! വൈകിട്ട് മതി. ഇല്ലെങ്കിൽ പിന്നെ കുറച്ചു കഴിയുമ്പോൾ എനിക്ക് വല്ലാതെ ചൂട് എടുക്കും. ഗൾഫിൽ നിന്ന് പരിചയമായതു കൊണ്ട് തന്നെ ചെറിയ ചൂട് പോലും ഇപ്പോൾ താങ്ങാൻ പറ്റില്ല. വീട്ടിൽ ആണെങ്കിൽ ഒരു അഞ്ചാറു വട്ടം കുളിക്കും. ഇവിടെ പിന്നെ കുറച്ച് തണുപ്പുള്ള സ്ഥലമായതുകൊണ്ട് വലിയ പ്രശ്നമില്ല. കിടക്കാൻ നേരത്ത് കുളിച്ചോളാം,

” മോളെ നീ എന്നാ പിന്നെ മോനെ മുറിയൊക്കെ കാണിച്ചുകൊടുക്ക്. വേഷം ഒക്കെ മാറട്ടെ… പാകമാവുമോ എന്നറിയില്ല ഒരു ടീഷർട്ടും മുണ്ടും ഞാൻ വാങ്ങി വച്ചിട്ടുണ്ട്..

മാധവി പറഞ്ഞു

” അത് വേണ്ടായിരുന്നു അമ്മേ… ഞാൻ എടുത്തിട്ടുണ്ടായിരുന്നു മുണ്ടും ബനിയനും ഒക്കെ..

സുധി പറഞ്ഞു..

” മറന്നാലോന്ന് കരുതി ഞാൻ വാങ്ങി വെച്ചതാ.. നോക്ക് പാകമാവുമൊന്ന്

മാധവി പറഞ്ഞപ്പോൾ അവൻ ചിരിയോടെ സമ്മതിച്ചിരുന്നു. മീര തന്നെയാണ് അവന് മുറി കാണിച്ചുകൊടുത്തത്. ഒരുപാട് മാറ്റം ആ മുറിക്ക് വന്നിട്ടുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. ഫൈബറിന്റെ കതകും അതോടൊപ്പം തന്നെ പുതിയ ബെഡ്ഷീറ്റും ഒരു പുതിയ കട്ടിലും അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്. താനും മഞ്ജുവും ഒരുമിച്ച് കിടന്ന് മുറിയാണിത്. ഒരു പഴയ കയർ കട്ടിലിലാണ് രണ്ടുപേരും ഒരുമിച്ച് കിടന്നിരുന്നത്. അതിനുപകരം ഇപ്പോൾ തടിയുടെ ഒരു ഡബിൾകോട്ട് കട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. അതിൽ പുതുതായി വിരിച്ച വെള്ള നിറത്തിലുള്ള ബെഡ്ഷീറ്റും തലയിണ കവറും പുതപ്പും ഒക്കെ കുറച്ചുകൂടി ഭംഗിയോടെ നിൽക്കുന്നു ജനലിൽ ഒരു പിങ്ക് കർട്ടനും സ്ഥാനം പിടിച്ചിട്ടുണ്ട്.

“ഇതാണല്ലേ തന്റെ മുറി..?

മൊത്തത്തിൽ ഒന്ന് നോക്കി ഫാനിന്റെ സ്വിച്ച് ഇട്ടുകൊണ്ട് സുധി പറഞ്ഞു…

“എന്റെയും മഞ്ജുവിന്റെയും മുറിയായിരുന്നു ഇത്….

“ഞാൻ വന്നതുകൊണ്ട് മഞ്ജു ഔട്ടായി അല്ലേ

ചെറുചിരിയോടെ സുധി ചോദിച്ചു..

“ഇപ്പോൾ മഞ്ജുവും മീനും ആയിരിക്കും ഇവിടെ കിടക്കുന്നത്, അമ്മ സാധാരണ അടുക്കളോയോട് ചേർന്നുള്ള ഒരു കുഞ്ഞു മുറിയുണ്ട്, അവിടെ ആണ് കിടക്കാറ്. ഹോളിൽ ഒരു കട്ടിൽ ഉണ്ടായിരുന്നു. അവിടെയായിരുന്നു മീനു കിടക്കുന്നത്. ആ കട്ടില് അമ്മ മാറ്റിയെന്ന് തോന്നുന്നു. ചിലപ്പോൾ അത് അമ്മയുടെ മുറിയിൽ ഇട്ടതാകും, അമ്മ നേരത്തെ കട്ടിലിൽ കിടക്കില്ലായിരുന്നു, ഞങ്ങളോട് പറയുന്നത് തറയിൽ തണുപ്പ് കിട്ടാനാണ് കിടക്കുന്നത് എന്നാണ്. പക്ഷേ എനിക്കറിയാം കട്ടിലൊന്നും ഉണ്ടായിരുന്നില്ല. ഉള്ളതിൽ ഞങ്ങൾ കിടന്നോട്ടെന്ന് വിചാരിച്ചിട്ട് ആണ്. അമ്മയ്ക്ക് വേദനിച്ചാലും സാരമില്ലന്ന് കരുതി അമ്മ തറയിൽ കിടക്കുന്നത്..

“: അമ്മമാർ അല്ലെങ്കിലും അങ്ങനെയല്ലേ…?
ചിരിയോടെ സുധി പറഞ്ഞു

” സുധിയേട്ടന് ബുദ്ധിമുട്ടായിരിക്കും ഇവിടെ അല്ലെ..? വലിയ വീട്ടിലൊക്കെ താമസിച്ചിട്ട് ഇത്രയും ചെറിയൊരു മുറിയില് ഇങ്ങനെ… ശ്വാസം മുട്ടുന്നുണ്ടാവും…

അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു..

ചെറുചിരിയോട് അവളെ ഒന്ന് നോക്കി ഡോറടച്ച് കുറ്റിയിട്ടതിനു ശേഷം ഷർട്ടിന്റെ ബട്ടൺ ഊരി ഷർട്ട് അയയിലേക്ക് ഇട്ടുകൊണ്ട് അവളെ ചേർത്തുപിടിച്ച് അവൻ മറുപടി പറഞ്ഞു.

“‘ അതെന്റെ ഭാര്യ ഗൾഫിൽ ഞാൻ ഉപയോഗിക്കുന്ന മുറി കാണാത്തതുകൊണ്ട് പറയുന്നതാ.. അത് വെച്ച് നോക്കുമ്പോൾ ഇത് സ്വർഗം അല്ലേടോ, ഇതിലും ചെറിയൊരു മുറിയില് ആണ് അവിടെ എട്ടു പത്ത് പേര് ഒരുമിച്ച് കിടക്കുന്നത്. പിന്നെ എനിക്ക് അങ്ങനെ ഒന്നുമില്ല. ഈ ഭൂഗോളത്തിന്റെ എവിടെ ആണെങ്കിലും താൻ ഒപ്പമുണ്ടെങ്കിൽ അതൊക്കെ എനിക്ക് സ്വർഗ്ഗമല്ലേ…?

അവളുടെ നെറ്റിമേൽ നെറ്റിമുട്ടിച്ചുകൊണ്ട് അവൻ പറഞ്ഞു… അവന്റെ ദേഹത്തേക്ക് ചേർന്നുനിന്ന് അവനെ ചുറ്റിപ്പിടിച്ചാണ് അവൾ അതിനു മറുപടി പറഞ്ഞത്..

” എനിക്ക് കുറെ സമയം ആയിട്ട് ഇങ്ങനെ ഇഷ്ടം തോന്നുകയായിരുന്നു…

” അതെന്ത് ഇഷ്ടാ…? കുറെ സമയമായി തോന്നുന്നത്.

അവളെ തിരികെ പുണർന്നുകൊണ്ട് അവൻ ചോദിച്ചു.

” അറിയില്ല ഇങ്ങനെ കെട്ടിപ്പിടിക്കാൻ തോന്നി…! ആദ്യായിട്ടാ എനിക്ക് ഇങ്ങനെ ഒരാളോട് തോന്നുന്നത്..

നാണത്തോടെ അവൾ പറഞ്ഞു

“എങ്കിൽ പിന്നെ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ വഴിയിൽ എവിടെയെങ്കിലും വണ്ടി നിർത്തി തന്നെ കെട്ടിപ്പിടിക്കായിരുന്നില്ലേ…?

അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടവൻ ചോദിച്ചു..

” ഒന്ന് പോ സുധിയേട്ടാ കളിയാക്കാതെ….

അവനിൽ നിന്നും അകന്നു മാറാൻ പോയവളെ അവനൊന്നു കൂടി മുറുക്കി തന്നിലേക്ക് ചേർത്തു…

“‘ ഇങ്ങനെ കെട്ടിപിടിച്ചാൽ മതിയോ…?

അവളെ ഒന്നുകൂടി ഞെരുക്കിക്കൊണ്ട് അവൻ ചോദിച്ചു… ചിരിയോടെ അവനിൽ നിന്നും അകന്നു മാറാൻ തുടങ്ങിയ നിമിഷമാണ് രണ്ടുപേരുടെയും മിഴികൾ പരസ്പരം കോർത്തത്.. വിയർപ്പുതുള്ളികൾ തിങ്ങിയ അവളുടെ അധരങ്ങളിലൂടെ അവന്റെ വിരലുകൾ ഒരു ഓട്ടപ്രദക്ഷണം നടത്തി. പിന്നെ ആ മുഖത്തെ മുഴുവൻ അത് തഴുകി… യാത്ര ക്ഷീണത്തിന്റെ ഫലമായി അവളുടെ മുടി പാറി കിടന്നിരുന്നു. മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെയെല്ലാം അവൻ മെല്ലെ ചെവിയുടെ പുറകിലേക്ക് നീക്കിവെച്ചു. പിന്നെ ആ മുഖം കൈക്കുമ്പിളിൽ എടുത്ത് അവളുടെ അധരങ്ങളിൽ അവൻ തന്റെ അധരങ്ങൾ കൊണ്ട് ഒരു നേർത്ത ചുംബനം നൽകി… ആദ്യമായി അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് പാഞ്ഞു. അവളുടെ നീണ്ട നഖങ്ങൾ അവന്റെ പുറത്ത് ചില ചുവന്നതിണർപ്പുകൾ അവശേഷിപ്പിച്ചു.. കണ്ണുകൾ താനേ കൂമ്പിയടഞ്ഞു. ഒരു സെക്കൻഡ് മാത്രം നീണ്ടുനിന്നൊരു നേർത്ത ചുംബനം.. അവളിൽ നിന്നും അകന്നു മാറിയപ്പോൾ അവനും അവൾക്കും ഒരേപോലെ പരസ്പരം അഭിമുഖീകരിക്കാൻ ഒരു മടി തോന്നിയിരുന്നു.

ആ സമയം തന്നെയാണ് ഡോറിൽ ആരോ കൊട്ടിയത്. അവനെ അഭിമുഖീകരിക്കാതെ ചെറുചിരിയോടെ മുഖമൊന്നു തുടച്ച് മുടി നേരെയാക്കി അവൾ മുറി തുറക്കാനായി പോയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button