Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 55

രചന: റിൻസി പ്രിൻസ്

വൈകിട്ട് സുധി ഉള്ളതുകൊണ്ടു തന്നെ വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു മാധവി കരുതിയിരുന്നത്. അതിനൊപ്പം തന്നെ കപ്പയും എല്ല് കറിയും, സുധി എല്ലാം ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നിയിരുന്നു. ഗൾഫിലേ കാര്യങ്ങളൊക്കെ അവരോട് പറയുകയും ചെയ്യുന്നുണ്ട് ഇടയ്ക്ക്. അച്ഛൻ മരണപ്പെട്ട കാര്യവും ഗൾഫിൽ എത്തിയതും ഒക്കെ വിശദീകരിച്ച് പറയുന്നുണ്ടായിരുന്നു. എങ്കിലും ഒരുപാട് ഒന്നും സംസാരിക്കുന്ന കൂട്ടത്തിൽ അല്ല അവൻ എന്ന് അവർക്കും തോന്നിയിരുന്നു. സ്ത്രീകൾ മാത്രമുള്ള ഒരു വീട്ടിൽ താമസിക്കുന്നതിന്റെ ബുദ്ധിമുട്ടും അവന്റെ മുഖത്ത് കാണാൻ ഉണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞതേ സ്ത്രീകൾ എല്ലാവരും കൂടി അടുക്കളയിൽ ഒന്നിച്ചുകൂടി.

സുധി ഒറ്റയ്ക്ക് ടീവിക്കു മുൻപിൽ ഇരുന്നു. ഇടയ്ക്ക് ഫോണിൽ സ്ക്രോൾ ചെയ്തു ഫോൺ വിളിച്ചു ഒക്കെ അവൻ സമയം തള്ളി നീക്കി. കുളിക്കാനായി അവൻ എഴുന്നേറ്റപ്പോൾ തോർത്തും സോപ്പും ആയി മീര പുറകെ ചെന്നിരുന്നു. അവൾ കൊടുത്ത തോർത്തും സോപ്പും വാങ്ങികൊണ്ട് അവൻ കുളിമുറി ലക്ഷ്യമാക്കി നടന്നു…

മാധവി വാങ്ങിവെച്ച ടീഷർട്ടും ലുങ്കിയും അണിഞ്ഞ് ആണ് തിരികെ എത്തിയത്. മുറിയിലേക്ക് പോകുന്നതിന് മുൻപ് മീരയുടെ കയ്യിൽ ഒരു ജെഗ് വെള്ളം കൊടുത്തു വിട്ടിരുന്നു മാധവി. മുറിയിലേക്ക് ചെന്നപ്പോൾ ജനലൊക്കെ തുറന്നിട്ട് പുറത്തേക്ക് നോക്കി നിൽക്കുകയാണ് സുധി. അവൾ വെള്ളം മേശപ്പുറത്ത് വെച്ച് കതകടച്ചു, ആ ശബ്ദം കേട്ടുകൊണ്ടാണ് അവൻ തിരിഞ്ഞു നോക്കിയത്..

” ഇവിടെ നല്ല തണുപ്പ് ഉണ്ടല്ലേ..? ജനലൊക്കെ തുറന്നിട്ടാൽ നല്ല കൂളിംഗ്…

അവൻ പറഞ്ഞു….

” ഇവിടെ പൊതുവേ അല്പം തണുപ്പുള്ള സ്ഥലമല്ലേ,അതുകൊണ്ടാവും

” ജനല് തുറന്നിട്ട് കിടന്നാൽ തനിക്ക് പേടിയുണ്ടോ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു..

” എനിക്ക് അങ്ങനെ പേടിയൊന്നുമില്ല, പിന്നെ എന്തെങ്കിലും ഇഴ ജന്തുക്കൾ വരുമൊന്നു ഉള്ള പേടിയുണ്ട്. കുറച്ച് അപ്പുറത്ത് ഒരു പുഴയുണ്ട്. അതുകൊണ്ട് തണുപ്പ് പറ്റി ഏതെങ്കിലും ജീവികൾ വന്നാലോന്നുള്ള പേടിയുള്ളൂ, മുമ്പൊരിക്കൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട്..

” ആണോ എങ്കിൽ അടച്ചേക്കാം..

അതും പറഞ്ഞ് അവൻ ജനൽ അടച്ചിരുന്നു. ശേഷം അവൾകരികിലേക്ക് ചെന്നു, ബനിയൻ ഊരിയതിനു ശേഷം കട്ടിലിലേക്ക് ഇരുന്നുകൊണ്ട് അവളെ അരികിലേക്ക് ഇരിക്കാൻ ക്ഷണിച്ചു..
” നാളെ വൈകുന്നേരം നമുക്ക് പോകാം അല്ലേ…?

അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

” വേണെങ്കിൽ രാവിലെ പോകാം, സുധിയേട്ടന് ഇവിടെ ബോറടിക്കുന്നുണ്ടാവും എന്ന് എനിക്കറിയാം. ഒന്ന് സംസാരിക്കാൻ പോലും ആരും ഇല്ലല്ലോ,

“ബോറൊന്നും അടിക്കുന്നില്ല. എങ്കിലും ഒരാളിയൻ കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് കുറച്ചു മുൻപ് തോന്നിയിരുന്നു.. എന്തെങ്കിലും ഒന്നു മിണ്ടിയും പറഞ്ഞു ഇരിക്കാല്ലോ,

ചെറുചിരിയോടെ സുധി പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചിരുന്നു.

“അമ്മയ്ക്കും ആഗ്രഹം ഉണ്ടായിരുന്നു, ഒരു മോൻ വേണമെന്ന്.

” ഇപ്പോൾ വിഷമം മാറിയില്ലേ അമ്മയ്ക്കൊരു മോനെ കിട്ടിയില്ലേ..? ഞാൻ എന്റെ അമ്മയെപ്പോലെ തന്നെ തന്റെ അമ്മയും കണ്ടിട്ടുള്ളൂ, കല്യാണം കഴിഞ്ഞതിന്റെ പുറമോഡിക്ക് തന്നെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതല്ല കേട്ടോ, എന്നും അങ്ങനെ തന്നെയായിരിക്കും…

അവന്റെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്ന ആത്മാർത്ഥത അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

” എനിക്കറിയാം ചെറുചിരിയോടെ അവൾ പറഞ്ഞു.

” എങ്കിൽ പിന്നെ നമുക്ക് കിടന്നാലോ.?

അവൻ ചോദിച്ചതും സമ്മതത്തോടെ അവൾ തലയാട്ടിയിരുന്നു…

തിരഞ്ഞു കിടന്നവളെ അവൻ വലിച്ച് അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.

” സുധിയേട്ടന് ചൂടായിരിക്കും എന്ന് കരുതിയാണ് ഞാൻ അകന്നു കിടന്നത്..

” എത്ര ചൂടാണെങ്കിലും താൻ അടുത്തുള്ളപ്പോൾ ഇങ്ങനെ ചേർത്ത് പിടിച്ച് കിടക്കുന്നതാ എനിക്കിഷ്ടം..! നമ്മുടെ മരണം വരെ അങ്ങനെ കിടന്നാൽ മതി.

വാത്സല്ല്യത്തോടെ അവളുടെ നെറുകയിൽ തലോടി അവനത് പറഞ്ഞപ്പോൾ അവൾ അവന്റെ വയറിലൂടെ കെട്ടിപ്പിടിച്ചിരുന്നു.

” ഞാൻ പൈങ്കിളി ആവുന്നുണ്ടോ..?

അവളുടെ മൂർധാവിൽ മുത്തിക്കൊണ്ട് അവൻ ചോദിച്ചു..അവൾ ഒന്ന് ചിരിച്ചു പോയിരുന്നു ആ ചോദ്യം കേട്ട്.

” സുധിയെട്ടനെ ഇങ്ങനെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ ഒരു സുരക്ഷിതത്വം തോന്നുന്നുണ്ട്. അച്ഛൻ മരിച്ചതിനു ശേഷം ഇത്രയും സമാധാനത്തോടെയും സന്തോഷത്തോടെയും ഞാനൊരു പുരുഷന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നത് ഈ നിമിഷമാണ്. പെട്ടെന്ന് എനിക്ക് അച്ഛനെ ഓർമ്മ വന്നു…

വാക്കുകൾ ഇടറി മീരയ്ക്ക്

” തന്റെ അച്ഛനായും സഹോദരനായും കൂട്ടുകാരനായും ഭർത്താവായും ഒക്കെ ഞാൻ കൂടെയുണ്ട്… ഒന്നും ഓർത്തു വിഷമിക്കേണ്ട

വാത്സല്യത്തോടെ അവളുടെ തലമുടി ഇഴകളിൽ തഴുകികൊണ്ട് അവൻ പറഞ്ഞു

“ഇന്നിപ്പോൾ അച്ഛന്റെ വാത്സല്യം ആണെങ്കിൽ നാളെ ചിലപ്പോൾ ഒരു കാമുകന്റെ ഭാവം ആയിരിക്കും എനിക്ക്. അപ്പോൾ പരിഭവം ഒന്നും പറഞ്ഞേക്കരുത്…

കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ ആ ഇരുട്ടിലും അവളുടെ മുഖം ചുവന്നു പോയിരുന്നു.

” ലീവ് ഒക്കെ കുറച്ചേ ഉള്ളൂ പരസ്പരം അടുത്തറിയാൻ ഇനിയും കുറച്ചു സമയം കൂടി വേണമെന്നൊന്നും പറഞ്ഞു കളഞ്ഞേക്കല്ലേ, കല്യാണ കാര്യം പോലെ…

” ഒന്ന് പോ സുധിയേട്ടാ

നാണത്തോടെ പറഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിൽ തന്നെ തല ചായ്ച്ചു. ചെറുചിരിയുടെ അവളെ ചേർത്ത് പിടിച്ചാണ് അവൻ കിടന്നത്.. ഏറെ സമാധാനപൂർണമായ ഒരു നിദ്രയായിരുന്നു ഇരുവർക്കും അത്, അതുകൊണ്ടുതന്നെ രാവിലെ ഉണരാൻ രണ്ടുപേരും അല്പം വൈകിയിരുന്നു. ആദ്യം ഉണർന്നത് മീര തന്നെയായിരുന്നു. അവൾ എഴുന്നേറ്റ് പോകാൻ നേരം ഒരിക്കൽ കൂടി അവൻ തന്നോട് ചേർത്തു പിടിച്ച് കിടത്തി

” സമയം ഒരുപാട് ആയി സുധിയേട്ടാ, 7 മണിയായി. ഞാൻ എഴുന്നേൽക്കട്ടെ, അമ്മ എന്ത് കരുതും.

മീര അത് പറഞ്ഞതും ചാടി എഴുന്നേറ്റത് സുധിയാണ്, പെട്ടെന്ന് അവൻ ഫോണിൽ നോക്കിയപ്പോൾ സമയം 7 മണിയായിരിക്കുന്നു. ആറരയ്ക്ക് കൃത്യമായ ഉണർന്നവനാണ്.

” ഞാൻ പറഞ്ഞില്ലേ ഇവിടെ നല്ല തണുപ്പ് അതുകൊണ്ട് ഉറങ്ങിപ്പോയി….

സുധി പറഞ്ഞു

” സുധിയേട്ടൻ കിടന്നോ, കുറച്ചു സമയം കൂടി ഉറങ്ങിക്കോ… ഞാൻ എഴുന്നേറ്റ് ഫ്രഷ് ആവട്ടെ,

” അത് വേണ്ട ഒരു ആറരയ്ക്ക് ശേഷവും കിടക്കുന്നത് സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമല്ല, ഇന്നെന്തോ അങ്ങനെ ഉറങ്ങിപ്പോയി. അതിനി ശീലമാക്കിയാൽ പിന്നെ മാറ്റാൻ പറ്റില്ല

അതും പറഞ്ഞ് അവൻ തന്നെയാണ് ആദ്യം എഴുന്നേറ്റത്.. രണ്ടുപേരും ഒരുമിച്ചാണ് ഫ്രഷ് ആയി ഉമ്മറത്തേക്ക് ഇറങ്ങിയത്,

ഇരുവരെയും കണ്ടത് മീനു അടുക്കളയിലേക്ക് പോയിരുന്നു, രണ്ടുപേർക്കും ഉള്ള ചായയുമായി ആണ് അവൾ തിരികെ വന്നത്. പുറത്തേക്ക് ഇറങ്ങി ആ പരിസരം മുഴുവനും വീക്ഷിക്കുന്നുണ്ടായിരുന്നു അവൾ, അടുക്കളയിലേക്ക് ചെന്ന് എന്തെങ്കിലും സഹായിക്കാം എന്ന് കരുതിയ മീരയെ മാധവി വീണ്ടും സുധിയുടെ അടുത്തേക്ക് തന്നെ വിട്ടു, മീര ചെന്നപ്പോൾ പറമ്പിൽ ഒക്കെ ഇറങ്ങി നടക്കുകയാണ് ആള്, ഇവിടെ രാവിലെ നല്ല മഞ്ഞുണ്ടല്ലോ ചായ ഒന്ന് മോത്തിക്കൊണ്ട് മീരയോടായി അവൻ പറഞ്ഞു.

ചില ദിവസം ഇങ്ങനെ മഞ്ഞു ഉണ്ടാകാറുണ്ട്, രണ്ടുപേരും സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് അപ്പുറത്ത് തുണി അലക്കി വിരിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്.
മീരയെ കണ്ടതും ആ പെൺകുട്ടി ചിരിച്ചുകൊണ്ട് വിളിച്ചു..
” മീര എപ്പോഴാ വന്നത്..?

” ഇന്നലെ വൈകിട്ട്.. ഇന്ന് ക്ലാസ് ഇല്ലേ..

” ഇല്ല അവധിയാ

” പോകും മുൻപ് കാണണേ,

ചിരിയോടെ അവൾ പറഞ്ഞപ്പോൾ മീര തലയാട്ടിയിരുന്നു… ശേഷം സുധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു,

” അത് രമ്യ ഈ കുട്ടിയേ സുധിയെട്ടന് വേണ്ടി ആദ്യം ആലോചിച്ചത്

” ആണോ ശരിക്കും ഒന്ന് കാണാൻ പറ്റിയില്ലല്ലോ,

ഒരു കുസൃതിയോടെ അവൻ അവൾ പോയ വഴിയേ എത്തി നോക്കി കൊണ്ട് പറഞ്ഞു.. ആ നിമിഷം തന്നെ മീരയുടെ നീളമുള്ള നഖങ്ങൾ അവന്റെ രോമാവൃതമായ കൈകളിൽ ആഴ്ന്നിറങ്ങിയിരുന്നു..

” അയ്യടാ അങ്ങനെ കാണണ്ട, എന്നെ അങ്ങ് കണ്ടാ മതി….

കൃത്രിമ ദേഷ്യത്തോടെ അവൾ സുധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“മതിയോ…?

മീശ പിരിച്ച് അവൾക്ക് അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് അവൻ ചോദിച്ചു

” ആഹ് മതി…

അല്പം ദേഷ്യത്തോടെ അവന്റെ മുഖത്ത് നോക്കാതെ അവൾ മറുപടി പറഞ്ഞു…

” എങ്കിൽ ഇന്ന് വീട്ടിൽ ചെന്നിട്ട് നമുക്ക് ശരിക്കും ഒന്ന് കാണണേ…

മേൽ മീശ കടിച്ച് ഒരു കണ്ണുറക്കി പറയുന്നവനെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കിയിരുന്നു. എങ്കിലും ആ നിമിഷം തന്നെ ചുവന്നു പോയിരുന്നു പെണ്ണ്……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button