Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 57

രചന: റിൻസി പ്രിൻസ്

തന്റെ നോട്ടത്തിന്റെ അർത്ഥമൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ…!കുറെ നേരമായിട്ട് ചോര ഊറ്റുവാണല്ലോ എന്റെ, ഞാൻ കാണുന്നുണ്ട് കേട്ടോ…!

അവളുടെ കാതോരം പതിയെ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞപ്പോൾ, നാണത്താൽ തുടുത്തു പോയിരുന്നു മീര…

രണ്ടുപേരും രാവിലത്തെ ഭക്ഷണമൊക്കെ കഴിച്ച് ഏറെ സന്തോഷത്തോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.. പോകും മുൻപ് മാധവിയുടെ മുഖത്ത് നിറഞ്ഞുനിന്ന വേദനയുടെ അർത്ഥം മനസ്സിലായിരുന്നു സുധിയ്ക്ക്.

“അമ്മ വിഷമിക്കേണ്ട മീരക്ക് എവിടെ? ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, പിന്നെ അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയാൻ മടിക്കരുത്. ഞാൻ മരുമകൻ അല്ല അമ്മയുടെ മോനാണ്.. അങ്ങനെ മാത്രം കണ്ടാൽ മതി..

സുധി അത് പറഞ്ഞപ്പോൾ അറിയാതെ അവരുടെ മിഴികൾ നിറഞ്ഞിരുന്നു, ഏറെ സന്തോഷത്തോടെ അവർ തലയാട്ടി.. ഒരു ഏട്ടന്റെ അധികാരത്തോടെ മീനുവിനോടും മഞ്ജുവിനോടും പഠിക്കണമെന്നും എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നും ഒക്കെ പറഞ്ഞിട്ടാണ് സുധി ഇറങ്ങിയത്, അവന്റെ ആ സ്നേഹവും കരുതലും കണ്ടപ്പോൾ മീരയിലും ഒരു വല്ലാത്ത സന്തോഷം നിറഞ്ഞിരുന്നു.

വീട്ടിലേക്ക് എത്തുമ്പോൾ തന്നെ രംഗമത്ര പന്തി ആയിരിക്കില്ലെന്ന് സുധിയ്ക്കും മീരയ്ക്കും ഉറപ്പുണ്ടായിരുന്നു, എങ്കിലും രണ്ടുപേരും പരസ്പരം അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.. വീട്ടിൽ വന്നിറങ്ങിയപ്പോൾ തന്നെ ഉമ്മറത്ത് സതി ഇരിപ്പുണ്ടായിരുന്നു, കയ്യിൽ ക്യാബേജുമുണ്ട് അത് പകുതി അരിഞ്ഞു വെച്ചിരിക്കുകയാണ്, അടുത്തു തന്നെ ഇരുന്ന് സുഗന്ധി കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്… സുധിയെ കണ്ടതും മുഖം വീർപ്പിച്ച് ഒന്ന് സതി നോക്കി.. ഒപ്പം തന്നെ മീരയിലും ആ നോട്ടമെത്തി, നിമിഷം കൊണ്ട് തന്നെ അവളുടെ ശരീരത്തിലേക്ക് സതിയുടെ നോട്ടം എത്തി. കയ്യിൽ കിടക്കുന്ന കട്ടിയുള്ള വളയിലാണ് ആദ്യം ദൃഷ്ടി പതിഞ്ഞത്..

” ഞാൻ വിചാരിച്ചു നിങ്ങൾ ഉച്ചയ്ക്ക് അവിടുന്ന് വല്ലതും കഴിച്ചിട്ട് വരുമെന്ന്, അതുകൊണ്ട് ഇവിടെ കാര്യമായിട്ട് ഒന്നും ഉണ്ടാക്കി പോലുമില്ല…

സുധിയോടായി സതി പറഞ്ഞു

” അത് സാരമില്ല ഇവിടെയുള്ളത് എന്തോ അത് കഴിക്കാമല്ലോ, മാത്രമല്ല രണ്ടുമൂന്നു ദിവസമായിട്ട് വിരുന്നിനു പോയി നോൺവെജ് എല്ലാം കൂടെ കഴിച്ച് മടുത്തു.. എന്തെങ്കിലും ലൈറ്റ് ആയിട്ട് കഴിക്കുന്നത് തന്നെയാണ് നല്ലത്… വൈകിട്ട് വിനോദിന്റെ വീട്ടിലുണ്ട് വിരുന്ന്,

അവരുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് തന്നെ അവരെ ഒന്ന് മയപ്പെടുത്താനായി സുധി പറഞ്ഞു..

” നീ ഇന്നലെ ഉറങ്ങിയോടാ..?

” അതെന്താ അമ്മ അങ്ങനെ ചോദിച്ചത്.

“അല്ല ഇവിടെ കറണ്ട് പോയാൽ നെട്ടോട്ടം ഓടുന്ന നീ ഇന്നലെ അവിടെ പോയി എങ്ങനെ കിടന്നുറങ്ങി. കാറ്റില്ലാത്ത കുടിസ്സു പോലുള്ള മുറിയിലെ നീ കിടന്നുറങ്ങിയോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ…

മീരയെ ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവർ പറഞ്ഞപ്പോൾ സുധി തന്നെ അതിന് മറുപടിയും പറഞ്ഞു…

” അവിടെ നല്ല തണുപ്പായിരുന്നു

” ആ ഇനിയിപ്പോൾ കുറച്ച് സൗകര്യങ്ങളൊക്കെ കുറഞ്ഞാലും നിനക്ക് വലിയ ബുദ്ധിമുട്ടൊന്നും കാണില്ലല്ലോ, നീ തന്നെ കണ്ടുപിടിച്ചതല്ലേ.. അതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും പറയത്തില്ല എന്നറിയാം…..

താല്പര്യം ഇല്ലാതെ തന്നെയാണ് സതി അത് പറഞ്ഞത്.. മീരയുടെ മുഖം താണിരുന്നു, സുധിയ്ക്കും വേദന തോന്നി…

” എന്താ അമ്മേ ഇത് വന്ന് കയറിയ ഉടനെ അമ്മ കുറ്റം പറയാണോ…

ഗൗരവത്തിൽ തന്നെയാണ് സുധി ചോദിച്ചത്… ആ സമയം തന്നെ സതി തന്റെ മുഖഭാവം അല്പം മയപ്പെടുത്തിയിരുന്നു,

” ഞാനെന്ത് കുറ്റം പറഞ്ഞു ഇന്നലെ നീ ഉറങ്ങിയിട്ടുണ്ടാവുമോന്ന് ആലോചിച്ച് ഞാൻ ഉറങ്ങിയിട്ടില്ല, അത് പറഞ്ഞെന്നേയുള്ളൂ… അതിൽ എന്ത് കുറ്റം…?

” അമ്മേ നമ്മളിപ്പോൾ ഇങ്ങനെ കിടക്കുന്നെങ്കിലും നമ്മുടെ ഇതിനു മുൻപുള്ള ജീവിതാവസ്ഥ എങ്ങനെയായിരുന്നു എന്ന് അമ്മ ആലോചിച്ചു നോക്ക്, എന്തൊക്കെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്.. ഈ പറയുന്ന ചൂടിലും ഇല്ലായ്മയിലും ഒക്കെ തന്നെ ആയിരുന്നില്ലെ നമ്മുടെ ജീവിതം… അവിടുന്ന് നമ്മൾ ഇങ്ങനെ ആയത് ദൈവത്തിന്റെ കൃപകൊണ്ട് ആണ്.. നമുക്കുള്ള ഒരു കാര്യത്തിലും നമ്മൾ അഹങ്കരിക്കാൻ പാടില്ല…

മീരയുടെ മുൻപിൽ വച്ച് സുധി അങ്ങനെ പറഞ്ഞപ്പോൾ സതിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും ആ ഒരു മുഖഭാവം അവർ കാണിക്കുന്നില്ല..

” നീ ഇത്രമാത്രം പറയാനും വേണ്ടി ഞാൻ ഒന്നും പറഞ്ഞിട്ടില്ല സുധി,

അല്പം ദേഷ്യത്തോടെ തന്നെ സതി പറഞ്ഞു…

” ഈ വള ഏതാ…?

മനസ്സിലുള്ള സംശയം ഒട്ടും തന്നെ ഉള്ളിൽ വയ്ക്കാതെ മീരയോടായി സതി ചോദിച്ചു

” അത് മീരയുടെ അമ്മ മാറി കൊടുത്തത് ആണ്…

സുധിയാണ് മറുപടി പറഞ്ഞത്..

അമ്പരപ്പോടെ മീര സുധിയെ നോക്കിയെങ്കിലും അവൾക്ക് അവൻ മുഖം കൊടുത്തില്ല.

” മാറിക്കൊടുത്തതോ..? അപ്പൊൾ മറ്റേ വളയൊക്കെ എവിടെ…?

” അതു മാറിയിട്ട് അല്ലെ ഇത് വാങ്ങിയത്,

സുധി പറഞ്ഞു.

” അമ്മയുടെ കുടുംബശ്രീയുടെ എന്തോ പൈസ കിട്ടാനുണ്ടായിരുന്നു.. അത് കഴിഞ്ഞ ദിവസം കിട്ടി എന്ന് പറഞ്ഞു, അപ്പൊൾ മോൾക്ക് കാര്യമായിട്ട് ഒന്നും കൊടുക്കാൻ പറ്റിയില്ലന്നും പറഞ്ഞ് ഇന്നലെ അവിടെ ചെന്നപ്പോൾ ഞങ്ങളെയും കൂട്ടിക്കൊണ്ടുപോയി മാറിയതാ, രണ്ടുകൂടി അഞ്ചു പവൻ ഉണ്ട്…

സുധി പറഞ്ഞതും മീരയുടെ അരികിലേക്ക് വന്ന് കയ്യിൽ കിടക്കുന്ന വളയൂരി സതി വാങ്ങി നോക്കിയിരുന്നു.. കയ്യിൽ വെച്ചപ്പോൾ തന്നെ നല്ല കട്ടി അവർക്ക് അനുഭവപ്പെട്ടു, അതോടൊപ്പം 916 എന്ന മുദ്ര കൂടി കണ്ടതോടെ അവർക്ക് സമാധാനമായി… സതിയുടെ മുഖം ഒരല്പം തെളിഞ്ഞത് മീരയും ശ്രദ്ധിച്ചിരുന്നു.. അവൾ അപ്പോഴും അമ്പരപ്പോടെ സുധിയെ തന്നെ നോക്കുകയായിരുന്നു. ഇരു കണ്ണുകളും ചിമ്മി കാണിച്ച് അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

” യാത്ര ചെയ്തു വന്നതല്ലേ നല്ല ക്ഷീണം, ഞങ്ങൾ ഒന്ന് അകത്തേക്ക് കേറട്ടെ.

സുധി പറഞ്ഞു

” അളിയനെന്തിയേടി വീട്ടിലേക്ക് പോയോ…?

കയറുന്ന വഴിക്ക് സുഗന്ധി യോടായി അവൻ ചോദിച്ചു.ഒപ്പം പിള്ളേരുടെ കൈയ്യിലേക്ക് ഒരു പൊതി വച്ചു കൊടുത്തു, അത് അവർക്കുള്ള ചോക്ലേറ്റ്സ് ആണ്..

” ബസ്സിൽ പോയത് ആണ്… വൈകിട്ട് ഇങ്ങോട്ട് വരും ഇവിടുന്ന് നാളെ രാവിലെ പോകാമെന്ന് ഓർത്താ..

സുഗന്ധി പറഞ്ഞപ്പോൾ അതൊന്നു തലയാട്ടി സമ്മതിച്ചതിന് ശേഷം സുധി അകത്തേക്ക് പോയിരുന്നു….. അകത്തേക്ക് പോകണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു മീര

“മീരേ..

അകത്തുനിന്നും സുധി വിളിച്ചപ്പോൾ ഒരു ആശ്വാസം എന്നതുപോലെ അവൾ സുഗന്ധിയേയും സതിയെയും ഒന്നു നോക്കിയതിനു ശേഷം അകത്തേക്ക് നടന്നിരുന്നു.. രണ്ടുപേരും അകത്തേക്ക് പോയി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം സുഗന്ധി സതിയുടെ അരികിലായി വന്നു നിന്നു,

” കണ്ടില്ലേ പുതിയ വളയൊക്കെ എടുത്തുകൊടുത്തത്.. അപ്പോൾ പൈസ ഒക്കെ അവരുടെ കയ്യിൽ ഇഷ്ടം പോലെയുണ്ട്.. ആവശ്യം വന്നാൽ എടുക്കാനും അറിയാം.. ഇനി അത് സ്വർണ്ണം തന്നെയാണോ എന്ന് ആർക്കറിയാം…

” അത് സ്വർണം തന്നെയാ ഞാൻ പിടിച്ചു നോക്കിയതല്ലേ.. നല്ല കട്ടിയുണ്ട് രണ്ടര പവൻ ഉണ്ടെന്ന് തോന്നുന്നു… സുധിയുടെ കൈനീട്ടം പൊലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ, അവനല്ലേ താലിമാല ആദ്യം അഞ്ചു പവന്റെ അങ്ങോട്ട് കൊടുത്തത്..

സതി പറഞ്ഞു

” എല്ലാംകൂടി ഒരു പത്ത് പതിനഞ്ചു പവന്റെ സ്വർണം ഇപ്പോൾ അവടെ കൈയ്യിൽ കാണുമല്ലോ അമ്മേ…

സുഗന്ധി പറഞ്ഞു..

“ആഹ്.. അത്രയും കാണും, ഇനി വീട്ടിലേക്ക് ഒന്നും പോകുമ്പോൾ സ്വർണം ഒന്നും ഇടീപ്പിച്ചു കൊണ്ട് വിടരുത്.. അവിടെ ചെന്ന് വല്ലതും പണയം വച്ചിട്ട് തിരിച്ചുവന്നാൽ നമ്മൾ അറിയില്ലല്ലോ…

സുഗന്ധി പറഞ്ഞു

ആ നിമിഷം സതിയും ആ കാര്യം സമ്മതിച്ചിരുന്നു… അകത്തേക്ക് ചെന്നതും മുറിയടച്ച് ഷർട്ട് ഹാങ്ങറിൽ തൂക്കിയതിനു ശേഷം ഇന്നർ ബനിയനും ഒരു ലുങ്കിയും എടുത്ത് ഉടുത്തിരുന്നു സുധി.

” സുധിയേട്ടൻ എന്തിനാ അമ്മ വാങ്ങി തന്നതാ വള എന്ന് പറഞ്ഞത്… സുധിയേട്ടൻ തന്നെ വാങ്ങി തന്നാണെന്ന് പറഞ്ഞാൽ പോരായിരുന്നോ.

മീര ചോദിച്ചു…

” ആരു വാങ്ങി തന്നാൽ എന്താ,

” എങ്കിലും സുധിയേട്ടൻ ചെയ്ത ഒരു കാര്യത്തിന്റെ ക്രെഡിറ്റ് അമ്മയ്ക്ക് കൊടുത്തില്ലേ…

” എനിക്കങ്ങനെ ക്രെഡിറ്റ് ഒന്നും വേണമെന്ന് യാതൊരു വാശിയുള്ള കൂട്ടത്തിൽ അല്ല, പിന്നെ തന്റെ വീട്ടിൽ നിന്ന് തന്നതാണെന്ന് പറയുന്നത് തന്നെയാണ് നല്ലത്.. അത് ഞാൻ ആദ്യമേ തീരുമാനിച്ചത് ആണ് .

ഏറെ സന്തോഷത്തോടെ അവൾ അവനെ കെട്ടിപ്പിടിച്ചിരുന്നു.. ആ നിമിഷം തന്നെ അവനും അവളെ തിരികെ പുണർന്നു.എന്തോ ഓർത്ത പോലെ മീര അവനിൽ നിന്ന് മാറി..

” ഞാൻ വേഗം ഡ്രസ്സ് മാറിയിട്ട് അടുക്കളയിലേക്ക് ചെല്ലട്ടെ, അമ്മയൊന്നു സഹായിക്കാൻ..

” നമ്മളിപ്പോൾ യാത്ര കഴിഞ്ഞു ഇങ്ങോട്ട് വന്നതല്ലേ ഉള്ളൂ, സഹായിക്കാൻ ഒന്നും പോകാൻ നിൽക്കണ്ട.. വല്ലതും കഴിച്ച് കുറച്ചുനേരം നമുക്ക് സുഖമായിട്ട് കിടന്നുറങ്ങാം. സഹായിക്കൽ ഒക്കെ പിന്നെ ആകാം,

സുധി പറഞ്ഞു..

” അമ്മ എന്ത് കരുതും സുധിയേട്ടാ..

” അമ്മ എന്ത് കരുതാൻ ഒന്നും കരുതാൻ പോകുന്നില്ല, താൻ ആയിട്ട് പുതിയ ശീലങ്ങൾ ഒന്നും അമ്മയെ പഠിപ്പിച്ചു കൊടുക്കാൻ നിൽക്കണ്ട.. അമ്മയല്ല ഞാനാ തന്നെ കല്യാണം കഴിച്ചത് ഞാൻ പറയുന്ന കാര്യം അങ്ങ് കേട്ടാൽ മതി, വേഗം ഡ്രസ്സ് മാറിയിട്ട് കുറച്ചു നേരം വന്നു കിടക്കാൻ നോക്ക്… അവൾ നിസ്സഹായ ആയി പോയിരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button