Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 60

രചന: റിൻസി പ്രിൻസ്

അമ്മ ഇങ്ങനെ എല്ലാം കടന്നു ചിന്തിക്കാൻ തുടങ്ങിയ കുറച്ച് കഷ്ടമാണ്… ഞങ്ങൾ നാളെ വൈകിട്ട് മണാലിക്ക് പോവാ അമ്മ ഇന്നലെ പറഞ്ഞില്ലേ ഹണി മൂണിന് കൊണ്ടുപോകുന്ന കാര്യം, അതുകൊണ്ട് ഞാൻ ട്രാവൽ ഏജൻസി വിളിച്ച് അതിനുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കിയിരുന്നു… സുധിയുടെ ആ തുറന്നുപറച്ചിലിൽ സതിയ്ക്കൊപ്പം മീരയും ഞെട്ടി പോയിരുന്നു..

“എവിടേക്ക് പോകുന്നു എന്നാ പറഞ്ഞത്..?

മനസ്സിലാകാതെ അല്പം ദേഷ്യത്തോടെ ഒട്ടും താല്പര്യം ഇല്ലാതെ സതി ചോദിച്ചു..

” മണാലി…

“അത് എവിടാ…?

“കുറച്ചു ദൂരെയാ അമ്മേ… ഞാൻ മാത്രമല്ല വിനോദും വൈഫും ഉണ്ട് പിന്നെ എന്റെ വേറൊരു കൂട്ടുകാരനുണ്ട്, അവരെ തൊടുപുഴയിൽ നിന്ന് വരും… എല്ലാവരും കൂടി ഷെയർ ആയിട്ടാ പോകുന്നത്, അവന്റെ കല്യാണം കഴിഞ്ഞിട്ടും ഒരു വർഷമായിട്ട് ഉള്ളൂ… കല്യാണം കഴിഞ്ഞ് കുറച്ച് ആയപ്പോഴേക്കും അവൻ ഗൾഫിലേക്ക് വന്നു, അതുകഴിഞ്ഞ് പിന്നെ ഈ വട്ടം എന്റെ കൂടെ നാട്ടിലേക്ക് വരുന്നത്… അതുകൊണ്ട് ഞങ്ങൾ മൂന്നുപേരും കൂടി പോകാൻ കരുതുന്നത്…

” കല്യാണം കഴിയുന്നതിനുമുമ്പ് എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങൾക്ക് നീ ആദ്യം എന്നോട് ഒരു അഭിപ്രായം ചോദിക്കുകയായിരുന്നു, ഇപ്പോൾ എല്ലാം നീ തന്നെ തീരുമാനിക്കുക ആണ് അല്ലേ…?

താല്പര്യമില്ലാതെ സതി ചോദിച്ചു.

“അമ്മ തന്നെയല്ലേ പറഞ്ഞത് ഞാൻ എങ്ങും പോകുന്നില്ലെന്ന്, അമ്മ പറഞ്ഞോണ്ട് ആണ് പോകാമെന്ന് കരുതിയത്, അമ്മ പറഞ്ഞപ്പോൾ തോന്നി, മീരയ്ക്കും അങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങൾ ഇല്ലെന്ന്,.

സതി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയിരുന്നു..

താൻ പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സുധിയ്ക്ക് മനസ്സിലായി… അമ്പരപ്പോടെ മീര നിൽക്കുകയാണ്,

” വെറുതെ പറഞ്ഞതല്ലേ…?

വിശ്വസിക്കാനാവാതെ അവൾ ഒന്നും കൂടി ചോദിച്ചു…

” എന്തിന്, ഞാൻ തന്നോട് കുറച്ചു കഴിഞ്ഞ് പറയാൻ വേണ്ടി ഇരുന്നതാ. ഇന്നലെ വൈകിട്ട് ആണ് തീരുമാനിച്ചത്, ഇന്നലെ പിന്നെ ഒന്നും പറയാനുള്ള സാഹചര്യം ആയിരുന്നില്ലല്ലോ…

കുസൃതിയോടെ അവൻ പറഞ്ഞു…

” ഒരുപാട് പൈസ ആവില്ലേ…?
അങ്ങനെയൊന്നുമില്ല ഒരാൾ ഒറ്റയ്ക്ക് അല്ലല്ലോ, രണ്ടുമൂന്ന് ആഴ്ച കൂടി കഴിയുമ്പോൾ ഞാൻ അങ്ങ് പോകും. പിന്നെ ഇങ്ങനെ എവിടെയെങ്കിലും കൊണ്ടുപോകാൻ ആരും ഉണ്ടാവില്ല… പിന്നെ കല്യാണം കഴിഞ്ഞ് ആദ്യ നാളുകൾ ഇതൊക്കെ ആവശ്യമുള്ള കാര്യങ്ങളാണ്, അതിൽ പണം നോക്കിയിട്ട് കാര്യമില്ല, നമ്മളൊക്കെ എപ്പോഴാ ഈ ഭൂമിയിൽ നിന്ന് പോകുന്നത് എന്ന് പറയാൻ പറ്റില്ല, അതുകൊണ്ട് ഈ പൈസയും കെട്ടിപ്പിടിച്ചിരുന്നിട്ട് എന്ത് കിട്ടാനാ…? ഉള്ള സമയത്ത് സന്തോഷമായിരിക്കുക എന്നതാണ് എന്റെ ഒരു പോളിസി, അതുകൊണ്ടാവും എനിക്ക് ഒരു രൂപ പോലും സമ്പാദ്യം ഇല്ലാത്തത്.. താനേതായാലും നമുക്ക് ആവശ്യമുള്ള കുറച്ച് ഡ്രസ്സ് ഒക്കെ എടുത്ത് വയ്ക്കു,

അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി, അകത്തേക്ക് പോയിരുന്നു… ഈ സമയം അടുക്കളയിൽ സുഗന്ധിയോട് സുധിയുടെയും മീരയുടെയും യാത്രയെ കുറിച്ച് പറയുകയായിരുന്നു സതി,

“മണാലിയ്ക്കോ എത്ര രൂപ വേണം എന്ന് അമ്മയ്ക്ക് അറിയാ
മോ അവിടെ വരെ പോയിട്ട് വരണമെങ്കിൽ,അവിടൊക്കെ കൊണ്ടുപോകാൻ ഉള്ള അത്രയും സ്ത്രീധനം ആയിട്ടാണല്ലോ ഇങ്ങോട്ട് കയറി വന്നത്.. ഇത്രയൊക്കെ കൊടുത്തിട്ടും എന്നെ കൊണ്ടുപോയിട്ടുള്ളത് ആകപ്പാടെ ഊട്ടിയിലും മൈസോറിലും മാത്രം.. ഇവിടെ അടുത്തെങ്ങാനും പോയപോരെ മണാലി വരെ അവളെയും കൂട്ടി പോകാൻ എന്തൊരു അഹങ്കാരം ആണ് ഇത്.. പൈസ മൊത്തം പൊടിച്ചിട്ട് തിരിച്ചു വരൊള്ളൂ, അമ്മ നോക്കിക്കോ ടിക്കറ്റ് തന്നെ നല്ലൊരു റേറ്റ് ആവും,

സുഗന്തി കുശുമ്പോടെ പറഞ്ഞു..

” ഞാനെന്തു ചെയ്യാനാടീ, എനിക്ക് പറയാൻ പറ്റുമോ അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ, അത് പൊടിക്കണ്ടെന്നു പറഞ്ഞാൽ കേൾക്കുമോ ഇപ്പോഴാണെങ്കിൽ ഞാൻ ആ പെണ്ണിനെ എന്തെങ്കിലും ഒന്ന് പറഞ്ഞാൽ ഉടനെ അവൻ എന്നോട് തർക്കുത്തരം പറയാൻ തുടങ്ങും… ഒരു വാക്ക് പോലും എനിക്ക് നേരെ പറയാതിരുന്ന ചെറുക്കന് ആണ്, ഇപ്പൊ എന്ത് പറ്റിയെന്ന് ആണ് ഞാൻ ആലോചിക്കുന്നത്.. അതുപോലെ ഒരു മാറ്റം,

സതി പറഞ്ഞു..

“അവൾ എന്തെങ്കിലും കലക്കി കൊടുത്തതാണോ…? വീട്ടിൽ കൊണ്ടുപോയി കൊടുത്തു കാണും, സുധിയേട്ടന്റെ മനസ്സ് മാറ്റാനുള്ള എന്തെങ്കിലും മരുന്ന് ആഹാരത്തിൽ ചേർത്ത് അമ്മയും മോളും കൂടി കൊടുത്തിട്ടുണ്ടാവും,
ഇല്ലാതെ ഇങ്ങനെ മാറുമോ ഒരാളെ..?

സുഗന്ധി പറഞ്ഞു..

“ഞാനേതായാലും ഇനി അവളെ വലുതായിട്ട് ഒന്നും പറയുന്നില്ല,

ഞാനെന്തെങ്കിലും അവളെ പറയുമ്പോഴെ അവന് വാശി കൂടുന്നതെന്ന് തോന്നുന്നു,

സതി അത്രയും പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് മീര അടുക്കളയിലേക്ക് വന്നത്.. ഉള്ളിന്റെ ഉള്ളിൽ ദേഷ്യം ഉണ്ടെങ്കിലും അത് മറച്ചുവെച്ചാണ് അവൾക്ക് മുമ്പിൽ സതി ചിരിച്ചു കാണിച്ചത്,

” എല്ലാം അടുക്കി വെച്ചോ,

സതി മീരയോട് ചോദിച്ചു

“വച്ചു അമ്മേ? പിന്നെ കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടെന്ന് സുധിയേട്ടൻ പറഞ്ഞു..

” ഏതായാലും പോയിട്ട് വാ. ഇപ്പഴേ ഇതൊക്കെ പറ്റൂ, കുറച്ചു കഴിഞ്ഞാൽ പിന്നെ കുട്ടികളും ആയിട്ട് ഭർത്താവിനും ഭാര്യക്കും ഒരുമിച്ചിരിക്കാൻ സമയം കാണുല്ല ….

അവരുടെ ആ മറുപടിയിൽ അമ്പരന്നു പോയത് മീരയാണ് പെട്ടെന്ന് ഇവർക്ക് എന്ത് പറ്റിയെന്ന് അവൾ ചിന്തിച്ചിരുന്നു..

” പിന്നെ ഇങ്ങനെ യാത്രകൾ ഒക്കെ പോകുന്നത് നല്ലതാണ് നമുക്ക് ആവശ്യമാണ് പക്ഷേ ഒരു കാര്യമുണ്ട് ഈ ആണുങ്ങൾക്ക് ഒരു ചിന്ത ഉണ്ടാവില്ല ഇങ്ങനെ പൊടിച്ചു തീർക്കും, നമ്മൾ വേണം ഭാവിയിലേക്ക് എന്തെങ്കിലും കരുതി വയ്ക്കാൻ..

സുഗന്ധി മീരയോട് ആയി പറഞ്ഞു

,”സുധിയേട്ടനെ സംബന്ധിച്ച ഒരു കണക്കുമില്ല, അതുകൊണ്ട് മീര വേണം എല്ലാത്തിനും ഒരു നിയന്ത്രണം വയ്ക്കാൻ… ഞാൻ കുറ്റപ്പെടുത്തിയല്ലാട്ടോ ഇപ്പത്തന്നെ മണാലിക്കൊക്കെ പോണെങ്കിൽ എത്ര രൂപ വേണം. ആ പൈസ ബാങ്കിലിട്ടു വച്ചാൽ നിങ്ങൾക്കെന്തെങ്കിലും ആവശ്യം വരുമ്പോൾ അത് ഉപകരിക്കില്ലേ..? അജേയെട്ടന് ഇങ്ങനെയായിരുന്നു ഒരു കണക്കില്ലാതെ പണം ചെലവഴിക്കും, ഞാനൊരു പരിധി കൂടുതലൊന്നും സമ്മതിക്കില്ല.. പിന്നെ ഞാൻ മീരാന്ന് വിളിച്ചത് നമ്മൾ തമ്മിൽ വലിയ വ്യത്യാസമില്ലാതോണ്ട് ആണ്.. പറഞ്ഞു വരുമ്പോൾ എനിക്ക് പ്രായമുണ്ട്, ഏട്ടത്തിയാണെങ്കിലും പേര് വിളിക്കുന്നതല്ലേ നല്ലത്…

സുഗന്ധിയിൽ വന്ന മാറ്റവും മീര ശ്രദ്ധിച്ചിരുന്നു

” അങ്ങനെ വിളിച്ചാൽ മതി

മീര പറഞ്ഞു

” ഞാൻ സുധീട്ടനോട് പറഞ്ഞതാ ഒരുപാട് പൈസ ചെലവാകും എന്തിനാ ഈ യാത്ര എന്ന്.. സുധിയേട്ടനാ സമ്മതിക്കാത്തത്,

മീര പറഞ്ഞു

” ഇനിയുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ മതി,

താല്പര്യം ഇല്ലാതെയാണെങ്കിലും ചിരിയോടെ സുഗന്ധി പറഞ്ഞു…

രാവിലത്തെക്കുള്ള ഭക്ഷണം സതിയും മീരയും സുഗന്ധിയും ഒരുമിച്ചാണ് ഉണ്ടാക്കിയത്.. മീരയോട് ദേഷ്യം ഉണ്ടെങ്കിലും രണ്ടുപേരും സമർത്ഥമായി അത് ഒളിപ്പിച്ചു, ഇടിയപ്പവും കടലക്കറിയുമായിരുന്നു കാപ്പിക്ക്… എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത്, കഴിക്കുന്നതിന്റെ ഇടയിൽ ഭക്ഷണം മീരയുടെ പ്ലേറ്റിലേക്ക് വിളമ്പി കൊടുക്കുന്ന സുധിയെ ഒരു അസൂയയോടെയാണ് സുഗന്ധിയും നോക്കിയത്, അവർക്ക് എന്തോ ആ കാഴ്ച അത്രത്തോളം സന്തോഷം നൽകുന്നുണ്ടായിരുന്നില്ല. അജയനോട് ഇടയ്ക്ക് എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്നുണ്ട് സുധി… ഇടയ്ക്ക് സുഗന്ധി കണ്ണു കാണിച്ചപ്പോൾ അജയൻ സുധിയുടെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ തുടങ്ങി…

” അളിയാ ഞാന് ഒരു കാര്യം അളിയനോട് പറയണമെന്ന് ഓർത്തിരിക്കുകയായിരുന്നു,

” എന്താ അളിയാ

ഭക്ഷണത്തിൽ നിന്നും ശ്രദ്ധ മാറ്റി സുധി അജയനോട് ചോദിച്ചു..

” ഈ കെഎസ്ആർടിസിയിൽ നിന്ന് ഒന്നും കിട്ടുന്നില്ല, എന്തെങ്കിലും പരിപാടി സ്വന്തം ആയി തുടങ്ങിയാലൊന്നു ആലോചിക്കുന്നുണ്ട്.. കുറച്ചൊക്കെ നമ്മുടെ കൈയിലുണ്ട് കുറച്ച് നമുക്ക് മറിക്കാൻ പറ്റും, എങ്കിലും കുറച്ച് അധികം വേണ്ടിവരും.. അളിയന് എന്തെങ്കിലും ഒന്ന് ചെയ്യാൻ പറ്റുമോ…?

അജയൻ ചോദിച്ചപ്പോൾ സുധി ഗൗരവത്തോടെ അജയനെ നോക്കി…

” എന്തെങ്കിലും എന്ന് പറയുമ്പോൾ..? ഏകദേശം എത്ര അളിയൻ ഉദ്ദേശിക്കുന്നത്…

” ഒരു 5 ലക്ഷം രൂപ,

സുധി ഞെട്ടി പോയിരുന്നു…

” 5 ലക്ഷം രൂപയോ..? അത്രയൊന്നും എന്റെ കയ്യിൽ എടുക്കാനില്ലെന്ന് അളിയൻ അറിയാല്ലോ, പിന്നെ നിങ്ങൾ അടയ്ക്കുവെങ്കിൽ വല്ല ലോണോ വല്ലതും ഞാൻ എടുത്തു തരാം…

സുഗന്ധിയുടെ മുഖം മങ്ങി പോയി…

” വീട് പുതുക്കി പണിതതിന്റെ കുറച്ചു കടം കൂടി ബാക്കിയുണ്ട്, അതോടെ കഴിഞ്ഞ് ഗൾഫിലെ പരിപാടി നിർത്തി ഞാൻ നാട്ടിൽ എന്തെങ്കിലും തുടങ്ങണമെന്ന് വിചാരിക്കുന്നുണ്ട്, അതിനി എങ്ങനെയാണ് എന്ന് ആലോചിച്ചിരിക്കുകയാണ്,

അവന്റെ ആ വെളിപ്പെടുത്തലിൽ സതി ഞെട്ടിപ്പോയിരുന്നു..

” ഇനി രണ്ടുവർഷത്തിൽ കൂടുതൽ ഞാൻ ഇനി അവിടെ നിൽക്കില്ല അതുകൊണ്ട് അത്രയൊന്നും തരാൻ എന്റെ കയ്യിൽ ഉണ്ടാവില്ല, എങ്കിലും എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം…

” കല്യാണം കഴിഞ്ഞിരിക്കുന്ന സമയല്ലേ മീരയുടെ സ്വർണ്ണം ഒക്കെ ഒന്ന് പണയം വെക്കാൻ തന്നാൽ ഏകദേശം അത്രയും രൂപ കിട്ടില്ലേ…?

പെട്ടെന്ന് സുഗന്ധി സുധിയോടായി ചോദിച്ചു.. അവളുടെ ചോദ്യം കേട്ട് സുധി ഞെട്ടിപ്പോയിരുന്നു, ഗൗരവത്തോടെ അവൻ സുഗന്ധിയെ നോക്കി.. മീരയുടെ മുഖത്തേക്കും നോക്കി, എന്തുവേണമെങ്കിലും സുധി തീരുമാനിച്ചോ എന്ന ഭാവമാണ് ആ മുഖത്ത്, സുഗന്ധി ആണെങ്കിൽ പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കുന്നു ഒപ്പം സതിയും………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button