Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 63

രചന: റിൻസി പ്രിൻസ്

ആ സമയത്ത് ശ്രീലക്ഷ്മിയോട് എന്തെന്നില്ലാത്ത ദേഷ്യമാണ് സതിയ്ക്ക് തോന്നിയത്, എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുകയായിരുന്നു സുധി.

” ഞാൻ പോയാൽ എങ്ങനെയാടി ഈ ഒരു അവസ്ഥയിൽ എന്തെങ്കിലും ഒരാവശ്യത്തിന് ആരുമില്ലാതെ വന്നാൽ എന്താ ചെയ്യാ.

സുധി വേദനയോടെ പറഞ്ഞു

“അപ്പോ ഏട്ടൻ ഗൾഫിൽ ആരുന്നെങ്കിലോ…?അങ്ങനെയാണെങ്കില്‍ ഇവിടെയുള്ള ആരെങ്കിലും ആയിരിക്കില്ലേ അമ്മേ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ടാവുക. അങ്ങനെ കരുതിയാൽ മതി. ഏട്ടൻ ഇവിടെ ഉണ്ടായിരുന്നില്ല, ഗൾഫിലായിരുന്നു അതുകൊണ്ട് ഞങ്ങൾ ആരെങ്കിലും അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അങ്ങനെ അങ്ങോട്ട് കരുതി കൊണ്ട് പൊയ്ക്കോ… ഇവിടെ നിന്ന് നിങ്ങളുടെ സന്തോഷം കളയല്ലേ,

ശ്രീലക്ഷ്മി അത് പറഞ്ഞപ്പോഴേക്കും മീരയും അവിടേക്ക് വന്നിരുന്നു, എന്തുപറ്റി അമ്മേ? അവശതയോടെ കിടക്കുന്ന സതിയെ നോക്കി മീര ചോദിച്ചു….

” തീരെ വയ്യ..! മോളെ നെഞ്ചിനൊരു വേദന പോലെ, മാത്രമല്ല ശരീരത്തിന് ആകപ്പാടെ ഒരു ക്ഷീണം… ശരീരത്തിലും എല്ലായിടത്തും വേദന പോലെ..

” എങ്കിൽ ഹോസ്പിറ്റലിൽ പോയാലോ,

മീര പെട്ടെന്ന് സുധിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഒരു നിമിഷം അവനിലും ആശ്വാസം നിറഞ്ഞു നിന്നു… തന്നെ പോലെ തന്നെയാണ് അവളും ചിന്തിക്കുന്നത്, ഒരുപക്ഷേ ഈ സമയത്ത് അവൾ മുഖം ഒന്ന് ചുളിച്ചിരുന്നുവെങ്കിൽ തനിക്ക് സങ്കടം വന്നേനെ… അവളുടെ സന്തോഷത്തിനാണ് അവൾ പ്രാധാന്യം നൽകുന്നത് എന്ന് അപ്പോൾ താൻ ചിന്തിച്ചു പോയേനെ…

” എന്റെ ചേച്ചി അത്രക്കൊന്നും ഇല്ല, ഒരു ചെറിയ നെഞ്ചുവേദന, അത് ഗ്യാസിന്റെ ആയിക്കൂടെ… അതല്ല എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞങ്ങളില്ലേ ഇവിടെ ഹോസ്പിറ്റലിൽ കൊണ്ട് പൊക്കോളാം, ചേച്ചിയും ചേട്ടനും അതോർത്ത് ടെൻഷൻ അടിക്കേണ്ട… നിങ്ങൾ വേഗം പോകാൻ നോക്ക്….

ശ്രീലക്ഷ്മി അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ശ്രീലക്ഷ്മിയുടെ ആ പ്രവർത്തിയിൽ സതിയ്ക്ക് നല്ല ദേഷ്യം തോന്നിയിരുന്നു, അവളെ എഴുന്നേറ്റ് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്.. പക്ഷേ പെട്ടെന്ന് എഴുന്നേൽക്കാനും സാധിക്കില്ലല്ലോ, സുധിയുടെ മുഖം തെളിഞ്ഞിട്ടില്ല എന്ന് കണ്ടതോടെ അവരുടെ ഉള്ളിൽ ഒരു ഗൂഢ സന്തോഷം നിലനിന്നു…

” എന്താ ഇപ്പോ ചെയ്യുന്നത്…? നമ്മൾ പൊയ്ക്കോളാൻ ആണ് ശ്രീ പറയുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാന്നു, അമ്മ ഇങ്ങനെ കിടക്കുന്ന കണ്ടിട്ട് എനിക്ക് പോകാനും തോന്നുന്നില്ല…

സുധി പറഞ്ഞു…

“അമ്മ ഇങ്ങനെ വയ്യാതിരിക്കുമ്പോൾ പോകണ്ടാന്ന് തന്നെയാ എന്റെ അഭിപ്രായം…

മീര പറഞ്ഞു

” ഞാൻ പറയുന്നത് നിങ്ങളൊന്നു മനസ്സിലാക്കു, നിങ്ങളുടെ വർത്തമാനം കേട്ടാൽ തോന്നും എനിക്ക് അമ്മയുമായിട്ട് യാതൊരു ബന്ധവും ഇല്ലെന്ന്, അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഞാനിപ്പോ തന്നെ വിനയേട്ടനെ വിളിക്കാം, എന്നിട്ട് ഞങ്ങൾ ഇപ്പോൾ തന്നെ അമ്മേ ഹോസ്പിറ്റലിൽ കൊണ്ടുപോക്കോളാം., എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിങ്ങൾ എയർപോർട്ടിൽ എത്തുമ്പോഴേക്കും ഞാൻ വിളിച്ചു പറയാം അപ്പോൾ നിങ്ങൾ വന്നാൽ മതി…

ശ്രീലക്ഷ്മി പറഞ്ഞപ്പോൾ അത് ശരിയാണെന്ന് സുധിയ്ക്കും മീരയ്ക്കും തോന്നിയിരുന്നു,

” എങ്കിൽ പിന്നെ നീ വിനയനെ വിളിക്ക്..

സുധി അത് പറഞ്ഞപ്പോൾ സതിയാണ് ശരിക്കും ഞെട്ടിയത്…

” ആശുപത്രിയിൽ ഒന്നും പോകേണ്ട മക്കളെ, അത്രക്കൊന്നും ഇല്ല.. എനിക്ക് ഒന്ന് കിടന്നാൽ മതി, കുറച്ചുനേരം ഉറങ്ങിയാൽ മാറിക്കോളും…

സതി പറഞ്ഞു

” അങ്ങനെ പറഞ്ഞാൽ എങ്ങനെയാ അമ്മ ഒക്കുന്നെ? അമ്മയ്ക്ക് തീരെ വയ്യ എന്നല്ലേ പറഞ്ഞത്, നമുക്ക് ഹോസ്പിറ്റലിൽ പോയി ഈ സി ജി എടുക്കാം എന്താണ് പ്രശ്നം എന്ന് അറിയാം. നമ്മൾ പോകുന്നത് പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയതുകൊണ്ട് പ്രശ്നമൊന്നുമില്ലെങ്കിലും ഹൃദയം തുറന്നു ഒരു ശാസ്ത്രതന്നെ ചെലപ്പോ അവര് എഴുതുന്നുമല്ലേ ഉള്ളൂ, എങ്കിലും ഒരു സർജറി ചെയ്‌തെന്ന് നമുക്ക് സമാധാനിക്കാല്ലോ,

ശ്രീലക്ഷ്മി അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ…. കണ്ണുരുട്ടി അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയിരുന്നു സതി,

” നീ എന്തൊക്കെയാ ശ്രീ പറയുന്നേ… ഇതൊക്കെ കേൾക്കുമ്പോൾ അമ്മയ്ക്ക് ടെൻഷൻ ആവില്ലെ

സുധി അവളെ വഴക്ക് പറഞ്ഞു..

” ഞാൻ വരാൻ പോകുന്ന ഒരു കാര്യത്തിനെ കുറിച്ച് പറഞ്ഞത് ആണ്, എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയണ്ടേ,.

” നിങ്ങൾ പോയിട്ട് വാ, എനിക്ക് കുഴപ്പമൊന്നുമില്ല

സതി പറഞ്ഞു

സുധി മീരയുടെ മുഖത്തേക്ക് നോക്കി അവൾ എന്തും താൻ തീരുമാനിക്കട്ടെ എന്നുള്ള രീതിയിൽ നിൽക്കുകയാണ്, വിനോദിന്റെ കോൾ വന്നപ്പോൾ ശ്രീലക്ഷ്മി തന്നെയാണ് അവനെ നിർബന്ധിച്ചു പോകാനായി വിട്ടത്… പാതി മനസ്സോടെയാണ് രണ്ടുപേരും വിനോദിനൊപ്പം കാറിലേക്ക് കയറിയത്, ഇരുവരും പോയിക്കഴിഞ്ഞപ്പോൾ കുറച്ച് കഴിഞ്ഞ് ശ്രീലക്ഷ്മി സതിയുടെ മുറിയിലേക്ക് ചെന്നു. അവരപ്പോൾ അവിടെ ഉണ്ടായിരുന്നില്ല… കുറച്ചു കഴിഞ്ഞ് അവൾ അടുക്കളയിലേക്ക് ചെന്നപ്പോൾ അവർ അവിടെ നിന്ന് ഫോൺ വിളിക്കുകയാണ്, സുഗന്ധിയാണെന്ന് അവൾക്ക് മനസ്സിലായിരുന്നു, ശ്രീലക്ഷ്മിയെ കണ്ടതും അവർ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..

” അമ്മേടെ നെഞ്ച് വേദന ഇത്ര പെട്ടെന്ന് മാറിയോ…?

അവൾ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

” പെറ്റ തള്ള ചത്താലും നിനക്കൊരു കുഴപ്പമില്ലന്ന് കുറച്ചു മുൻപ് എനിക്ക് മനസ്സിലായി..

ദേഷ്യത്തോടെ സതി പറഞ്ഞു

” എന്തെങ്കിലും യഥാർത്ഥത്തിൽ അസുഖം വരുമ്പോൾ ഞാൻ കാണിച്ചാൽ പോരെ,ഇതൊക്കെ പഴയ നമ്പർ ആണമ്മേ ഈ പഴയ അമ്മമാരുടെ ടിപ്പിക്കൽ നമ്പർ ഒക്കെ ഒന്ന് മാറ്റി പിടിക്ക്… ഇതേ 2023 ആണ്.. ഇപ്പോഴത്തെ അമ്മായിഅമ്മ ഒക്കെ ഹൈടെക് ആണ്… ചേട്ടനും ചേച്ചിയും പൊട്ടന്മാർ ആയതുകൊണ്ട് വിശ്വസിച്ചു… പക്ഷേ അമ്മയുടെ നമ്പർ ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്…

” നമ്പരോ…?

കള്ളം പിടിക്കപ്പെട്ടത് പോലെ അവളുടെ മുഖത്തേക്ക് നോക്കി സതി…

“അവരുടെ യാത്ര മുടക്കാൻ വേണ്ടി അമ്മയിട്ടൊരു നമ്പറല്ലേ ഇത്… പഴയ സിനിമകളും സീരിയലും ഒക്കെ കണ്ട ഈ നമ്പർ വർക്ക് ഔട്ട് ആകുമെന്ന് അമ്മ കരുതിയോ.? ഞാൻ പറഞ്ഞില്ലേ കാലം ഒരുപാട് മാറി..

അത്രയും പറഞ്ഞു ശ്രീലക്ഷ്മി അകത്തേക്ക് പോയപ്പോൾ നന്നേ ദേഷ്യം വന്നിരുന്നു സതിയ്ക്ക്.. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾ സുധിയുടെ ഫോണിലേക്ക് വിളിച്ചു, ആവലാതിയോടെയാണ് അവൻ ഫോണെടുത്തത്..

” എന്താ ശ്രീ..! അമ്മയ്ക്ക് എങ്ങനെയുണ്ട്,

അവൻ ആദ്യം തന്നെ തിരക്കിയത് അതാണ്…

” അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല ഞാൻ പറഞ്ഞില്ലേ ചെറിയ ഗ്യാസിന്റെ പ്രശ്നമായിരുന്നു, അമ്മ ദേ ഇവിടെ പയർ പോലെ ഓടി നടക്കുന്നുണ്ട്.. ചേട്ടൻ ടെൻഷൻ അടിക്കാതെ എൻജോയ് ചെയ്യാൻ നോക്ക്,

“അസുഖം മാറിയോ.? എഴുന്നേറ്റോ

“എഴുന്നേറ്റൂം, അടുക്കളയിൽ നിൽക്കുകയായിരുന്നു.. പിന്നെ ഏട്ടൻ ഇങ്ങനെ ശുദ്ധനാകരുത്, എനിക്ക് അത്ര പറയാനുള്ളൂ… ഏട്ടന് പറ്റിയ ഒരു ഭാര്യയും…

” നീ എന്തൊക്കെയാ പരസ്പര വിരുദ്ധമായിട്ട് പറയുന്നത്..

” എനിക്കൊന്നും മനസ്സിലാവുന്നില്ല,

” ഞാനൊന്നും പറയുന്നില്ല… ഒക്കെ ഞാൻ വന്നിട്ട് ഡീറ്റെയിൽ ആയിട്ട് പറയാം… നിങ്ങളുടെ സന്തോഷം ഒന്നും നശിപ്പിക്കേണ്ട… അവിടുത്തെ ഫോട്ടോസ് വീഡിയോസ് ഒക്കെ അയച്ചു തരാൻ മറക്കണ്ട, അത്രയും പറഞ്ഞ് അവൾ ഫോൺ വെച്ചപ്പോൾ അവന്റെ മറുപടിക്ക് കാത്ത് അപ്പുറത്ത് മീരയും ഉണ്ടായിരുന്നു…

” അമ്മയ്ക്ക് എങ്ങനെ ഉണ്ട്..

“കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞത്, ഇപ്പോൾ അടുക്കളയിലേക്ക് എഴുന്നേറ്റ് പോയെന്ന്… ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞത്…

” സമാധാനമായി ഞാൻ പ്രാർത്ഥിക്കായിരുന്നു, അമ്മയുടെ അസുഖം മാറാൻ…

അവളത് പറഞ്ഞപ്പോൾ ചിരിയോടെ അവൻ അവളുടെ കയ്യിൽ പിടിച്ചു, എയർപോർട്ടിലേക്ക് എത്തിയപ്പോൾ സുധിയുടെ മറ്റൊരു സുഹൃത്തും ഭാര്യയും കൂടി എത്തിരുന്നു. എല്ലാവരും പരിചയപ്പെട്ടു, എയർപോർട്ടിൽ നിന്ന് തന്നെയാണ് ഭക്ഷണവും കഴിച്ചത്, ഫ്ലൈറ്റിലേക്ക് കയറിയപ്പോൾ തന്നെ മീര സുധിയുടെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു, ഫ്ലൈറ്റ് ഉയർന്നപ്പോൾ അവൾക്ക് നന്നേ ഭയം തോന്നി, ആ ഭയത്തിന്റെ തീവ്രത എത്രയാണെന്ന് അവന് മനസ്സിലാക്കാൻ അവളുടെ നീളമുള്ള നഖം അവന്റെ കൈകളിൽ ആഴ്ന്നപ്പോൾ കഴിഞ്ഞിരുന്നു.

ഭുന്തർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെയാണ് ഓരോ കാഴ്ചകളിലേക്കും മീര കണ്ണ് നട്ടത്.ഹിമാലയത്തിന്റെ ഉയരങ്ങളിൽ മഞ്ഞ് പ്രണയിക്കൾക്കായി കുളിര് തൂകി ആ നഗരം അവരെ വരവേറ്റു.
എല്ലാ വേദനകളിൽ നിന്നും
ഒരു താത്കാലിക ഇടവേള എടുത്ത് അവരുടേത് മാത്രമായ ലോകത്തേക്ക് ചേക്കേറാൻ ആ നിമിഷം ഇരുവരും ആഗ്രഹിച്ചിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button