Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 65

രചന: റിൻസി പ്രിൻസ്

എനിക്ക് എന്റെ മീര മോളെ എന്ത് ഇഷ്ടമാണെന്ന് അറിയോ..?

ഒരു കുസൃതിയോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവൻ ചോദിച്ചപ്പോൾ രണ്ടുപേരും ഒരുപോലെ പൊട്ടിച്ചിരിച്ചിരുന്നു ..

സുധിയുടെ നിർബന്ധത്തിന് ഒരു ജീൻസും ഷർട്ടും അണിഞ്ഞാണ് രണ്ടുപേരും പോകാനായി ഇറങ്ങിയത്….

ബസ്സിലെ ഹീറ്ററിന്റെ ചൂടിൽ നിന്നും എല്ലാരും മണാലിയുടെ തണുപ്പിലേക്ക് ഇറങ്ങി. അപ്പോഴേക്കും സൂര്യൻ മഞ്ഞിന്റെ മറ നീക്കി പുറത്തുവന്നിട്ടുണ്ടായിരുന്നു. സഞ്ചാരികളെയും കൊണ്ടുവന്ന കുറെയേറെ ബസ്സുകൾ സ്റ്റാൻഡിന്റെ പരിസരങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നു. ഇവിടെനിന്ന് 400 മീറ്റർ ദൂരത്തിലാണ് മാൾ റോഡ്. തണുപ്പിന്റെ ആലസ്യവും യാത്രാ ക്ഷീണവും മാറ്റാൻ ഒരു ചെറിയ നടത്തം നല്ലതാണെന്ന് തോന്നി. സ്റ്റാൻഡിലേക്ക് തിരിയുന്ന റോഡ് മുറിച്ചു കടന്ന് കുന്നുകയറി പോകുന്ന ചെറിയ പാതയിലൂടെ മാൾ റോഡിലേക്ക് നടന്നു. കുത്തനെ കയറിപ്പോകുന്ന റോഡിന്റെ വശങ്ങളിലായി തലേ ദിവസം രാത്രി പെയ്ത മഞ്ഞിന്റെ തൂവെള്ള കണങ്ങൾ അങ്ങിങ്ങായി തൂവിക്കിടക്കുന്നു. തണുപ്പ് പതിയെ സിരകളിൽ തൊട്ടു തുടങ്ങി. ആ നിമിഷം സുധി അവളെ ചേർത്ത് പിടിച്ചു… ഹെയർപിൻ വളവുകളും ചെങ്കുത്തായ കയറ്റങ്ങളും ബസ് യാത്ര കഠിനമാക്കിയിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വലതുവശത്തായി ദേവദാരു മരങ്ങൾ നിറഞ്ഞ വൻവിഹാർ ഗാർഡൻന്റെ ഗേറ്റ് കണ്ടു. റോഡിന് മുന്നിൽ തെല്ലകലെയായി ആൾത്തിരക്കുള്ള മാൾ റോഡ് കാണാം, മുന്നോട്ട് പോകുന്തോറും പ്രകൃതി അതിന്റെ മനോഹാരിത കാട്ടി കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മലകൾക്കപ്പുറത്ത് ഉദിച്ചു വരുന്ന സൂര്യൻ മൂടല്‍മഞ്ഞിന്റെ പുതപ്പുമാറ്റി കുന്നുകളിൽ പതിഞ്ഞ സ്വർണനിറം തൂവി.
എല്ലാവരും നന്നായി ആസ്വദിച്ച ഒരു യാത്ര തന്നെയായിരുന്നു അത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ പുതു രുചികൾ അറിയുകയായിരുന്നു മീര… ഇതുവരെ അവൾ കഴിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഭക്ഷണം ഒക്കെയാണ് വാങ്ങിയത്… അവൾ കഴിക്കുന്നത് ഏതാണ് എന്ന് മനസ്സിലാക്കി അതൊക്കെ തന്നെ അവളുടെ പ്ലേറ്റിലേക്ക് അവൻ വിളമ്പി നിരത്തുകയും ചെയ്യുന്നുണ്ടായിരുന്നു… മതിയെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചവളെ പലവുരു അവൻ ഭക്ഷണം കഴിപ്പിച്ചു. യാത്രയൊക്കെ കഴിഞ്ഞ് തിരികെ മുറിയിലേക്ക് എത്തിയപ്പോൾ ക്ഷീണിച്ചു പോയവളെ നെഞ്ചോട് ചേർത്ത് പിടിച്ചു… മണാലിയുടെ കുളിര് നിറഞ്ഞ രാത്രിയിൽ ഒരിക്കൽ കൂടി ഇരുവരും പ്രണയത്താൽ വിയർത്തു.. ഉള്ളിൽ പ്രണയം നിറച്ച് രണ്ടുപേരും ഒരിക്കൽക്കൂടി ഒന്നായി. പിറ്റേദിവസം രാവിലെ ഹോട്ടലിലെ റിസപ്ഷനിൽ നിന്നു തന്നെയാണ് ഭക്ഷണം കഴിച്ചത്, ഈ യാത്ര കൊണ്ട് വിനോദമായും ഭാര്യയായും സുധിയുടെ സുഹൃത്തുമായും സുഹൃത്തിന്റെ ഭാര്യയുമായി ഒക്കെ നല്ലൊരു സൗഹൃദത്തിൽ എത്തിക്കഴിഞ്ഞിരുന്നു… നൂറനാട് എന്ന ഗ്രാമത്തിനപ്പുറത്തേക്ക് മറ്റൊരു ലോകം കണ്ടിട്ടില്ലാത്ത ഒരു പെണ്ണിന് വലിയ അത്ഭുതമായിരുന്നു മണാലിയിലെ കാഴ്ചകളും സുധിയുടെ സ്നേഹവും ഒക്കെ…

മറ്റു ഭാരങ്ങൾ ഒന്നുമില്ലാതെ സുധിയെ കൂടുതൽ അറിഞ്ഞതും അവന്റെ സ്നേഹലാളനകൾ ഏറ്റുവാങ്ങാൻ സാധിച്ചതും ഒക്കെ ഈ ദിവസങ്ങളിൽ ആണെന്ന് അവൾ ഓർത്തു… അത്രത്തോളം പ്രിയപ്പെട്ടതായി ആ ദിവസം അവൾക്ക് മാറിയിരുന്നു.. ഇതിനിടയിൽ ഒരു മകന്റെ കടമ വളരെ ഉത്തരവാദിത്വത്തോടെ സുധി നിർവഹിക്കുന്നുണ്ടായിരുന്നു, ഇടയ്ക്കിടയ്ക്ക് അമ്മയെ വിളിക്കുകയും അസുഖ വിവരങ്ങൾ തിരക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു, അമ്മയുടെ അസുഖം അവന് വലിയൊരു വേദന തന്നെയാണ് സമ്മാനിച്ചതെന്ന് അവൾക്ക് തോന്നിയിരുന്നു…. അങ്ങനെ ഒരു അവസ്ഥയിൽ സതിയെ കണ്ടു പോയതു കൊണ്ടു തന്നെ അവന് മനസ്സറിഞ്ഞ് സന്തോഷിക്കാൻ സാധിച്ചിട്ടില്ല, എന്നാൽ തന്റെ സന്തോഷം തല്ലിക്കെടുത്തേണ്ടന്ന് കരുതി തന്റെ മുൻപിൽ അവൻ സന്തോഷം പലവുരു അഭിനയിച്ചിട്ടുണ്ട് എന്ന് അവൾക്ക് വ്യക്തമായിരുന്നു… എങ്കിലും തനിക്ക് മുൻപിൽ അവൻ നല്ലൊരു ഭർത്താവ് തന്നെയായിരുന്നു, ഈ ദിവസങ്ങളിൽ ഒരിക്കലും അമ്മയുടെ പേര് പറഞ്ഞ് തന്നെ കൂടി വിഷമിപ്പിക്കാതെ ഏറെ സ്നേഹത്തോടെയും പ്രണയത്തോടെയും തന്നെ ചേർത്തുപിടിച്ച ഒരു നല്ല ഭർത്താവ്. ഒരേ നിമിഷം ഒരു ഭർത്താവിന്റെയും മകന്റെയും കടമ വൃത്തിക്ക് ചെയ്യുന്നവനോട് അവൾക്ക് ബഹുമാനം തോന്നിയിരുന്നു….

അല്ലെങ്കിലും ആദ്യം മുതൽ ഈ നിമിഷം വരെ അവനോട് തോന്നിയിട്ടുള്ളത് പ്രണയത്തെക്കാൾ കൂടുതൽ ബഹുമാനമാണ്, അവന്റെ ഓരോ പ്രവർത്തികളിലും ബഹുമാനത്തിൽ കലർന്ന ഒരു ഇഷ്ടമാണ് തനിക്ക് അവനോട് ഉണ്ടായിട്ടുള്ളത്…. തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ വലിയ പ്രതീക്ഷകളുടെ ഭാരം ഒന്നും രണ്ടു പേർക്കും ഉണ്ടായിരുന്നില്ല, എങ്കിലും സതി മുഖം വീർപ്പിച്ച് ഒന്നും ഇരുവരോടും ഇടപെട്ടിരുന്നില്ല… വളരെ സ്നേഹത്തോടെ തന്നെയായിരുന്നു സതിയുടെ ഇടപെടൽ, അത് വലിയ സന്തോഷമായിരുന്നു ഇരുവർക്കും നിറച്ചിരുന്നത്… മെല്ലെ ആ വീടുമായി മീരയും പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നു.. ശ്രീലക്ഷ്മി കൂടി പോയതോടെ അവൾക്ക് ആരും കൂട്ടുകാരില്ലാതെയായി, സുധി വീട്ടിലുള്ളപ്പോഴാണെങ്കിൽ എല്ലാ കാര്യത്തിനും അവൻ ഒപ്പമുണ്ടാകും, തുണി അലക്കുകയാണെങ്കിൽ പോലും തുണി ഉലക്കാനും പിഴിയാനും ഒക്കെയായി അവൻ കൂടെയുണ്ടാകും.. അടുക്കളയിൽ ആണെങ്കിൽ തേങ്ങ ചിരവി തന്നും ഭക്ഷണത്തിന് അരിഞ്ഞ് തന്നും ഒക്കെ ഒരുപാട് സഹായിക്കും.. ഇടയ്ക്കൊക്കെ അതിൽ സതിക്ക് അനിഷ്ടം ഉണ്ടായിരുന്നു പിന്നീട് അത് സുധി ഗൗനിക്കുന്നില്ലന്ന് മനസ്സിലാക്കിയതോടെ അവർ ഒന്നും കാണിക്കാതെയായി… കാലത്തെ അഞ്ചു മണിയാകുമ്പോൾ തന്നെ മീര എഴുന്നേൽക്കും എഴുന്നേൽക്കേണ്ടന്ന് സുധി നിർബന്ധിച്ചാലും ആ സമയത്ത് തന്നെ എഴുന്നേറ്റ് അവൾ കുളിയും പ്രാർത്ഥനയും ഒക്കെ തീർത്തിട്ടുണ്ടാവും, അതുകഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലും.. അപ്പോൾ സതി ഉണർന്നു പോലും ഉണ്ടാവില്ല… കാലത്തേക്കുള്ളതെല്ലാം അടുപ്പിച്ചു വച്ചതിനു ശേഷം ചായ ഇടുമ്പോഴാണ് സതി എഴുന്നേറ്റു വരുന്നത്, രാവിലെ ഇത്രയും ജോലികളൊക്കെ തീരുന്നത് അവർക്കും സന്തോഷമുള്ള കാര്യമാണ്… രമ്യ ആണെങ്കിൽ അടുക്കളയിൽ എത്തി നോക്കില്ല…. ഇപ്പോൾ മീര ഉള്ളോണ്ട് കുഞ്ഞിനെ നോക്കുന്ന ജോലിയും സതി അവളെ ഏൽപ്പിച്ചു… അതുകൊണ്ടു തന്നെ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോകുന്നുണ്ട് എങ്കിലും ഇടയ്ക്കിടെ മീരയെ കുത്തി പറഞ്ഞില്ലെങ്കിൽ സതിയ്ക്ക് സമാധാനമില്ല… കൊണ്ടുവന്ന സ്വർണ്ണത്തിന്റെ പേരിലും മീരയുടെ വീട്ടുകാരുടെ പേരിലും ഒക്കെ ഒളിഞ്ഞും തെളിഞ്ഞ മീരയെ കുത്തിക്കൊണ്ടേയിരുന്നു…

ബന്ധുബലം കുറഞ്ഞവളാണ് മീര എന്ന് ഇടയ്ക്കിടെ അവളെ അവർ ഓർമ്മിപ്പിച്ചുകൊണ്ട് ഇരിക്കുമായിരുന്നു… ഒരു വൈകുന്നേരം അമ്മാവൻ വീട്ടിൽ വന്നപ്പോൾ അമ്മാവനുമായുള്ള സംസാരത്തിനിടയിലാണ് സുധി അടുത്താഴ്ച തിരികെ പോകുന്ന കാര്യം പറഞ്ഞത് മീരയും ശ്രദ്ധിച്ചത്.. അത് കേട്ടതോടെ അവൾക്കും വല്ലാത്തൊരു വേദന തോന്നിയിരുന്നു… വീണ്ടും അവൻ പ്രവാസത്തിലേക്ക് തിരികെ പോയാൽ…താൻ ഇവിടെ ഒറ്റയ്ക്ക്, ഇതൊക്കെ നേരത്തെ പ്രതീക്ഷിച്ചതാണ് ഇനിയും ഒരു അഞ്ചുവർഷം കൂടി അവിടെ നിന്നാലേ ബാക്കി ബുദ്ധിമുട്ടുകളും കടങ്ങളും ഒക്കെ തീരുകയുള്ളൂന്ന് വിവാഹത്തിന് മുൻപ് തന്നെ അവൻ പറഞ്ഞതായിരുന്നു.. എങ്കിലും അവൻ മടങ്ങി പോകുന്നുവെന്ന് അറിയുമ്പോൾ അതൊരു വല്ലാത്ത നൊമ്പരം തന്നെയാണ്..

” അടുത്ത ആഴ്ച തന്റെ ക്ലാസ്സ് തുടങ്ങില്ലേ…?

രാത്രിയിൽ കിടക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നവളുടെ തലമുടിയിഴകളിൽ തഴുകികൊണ്ട് സുധി അത് ചോദിച്ചത്… ഈ നിമിഷം വരെ താനത് മറന്നു പോയി എന്ന് മീര ഓർത്തിരുന്നു,

“ആഹ്… തുടങും സുധിയേട്ട

” താനൊരു കാര്യം ചെയ്യ് ഇവിടുന്ന് രാവിലെ ബസ് ഉണ്ട്, ആ ബസ്സിന് പോയാ മതി.. വൈകുന്നേരം ഒരു അഞ്ചരയൊക്കെ ആകുമ്പോൾ ഇവിടെ എത്തുന്ന തരത്തിൽ അവിടുന്ന് തിരിച്ചും വണ്ടിയുണ്ട്.. തൽക്കാലം ഇവിടുന്ന് പോയി നോക്കാം, തനിക്ക് യാത്ര ബുദ്ധിമുട്ടുണ്ടെങ്കിൽ അന്നേരം നമുക്ക് മറ്റെന്തെങ്കിലും ചെയ്യാം… അടുത്ത ആഴ്ച നമുക്ക് താൻ പഠിക്കുന്ന കോളേജിൽ പോകാം അടുത്ത ടെമിലേക്കുള്ള ഫീസ് അടച്ച് കൂട്ടത്തിൽ തന്റെ വീട്ടിൽ ഒന്ന് കയറിയിട്ട് തിരിച്ചു പോരാം..
ഇനിയിപ്പോൾ എനിക്കും ടിക്കറ്റിന്റെ കാര്യങ്ങൾ ഒക്കെയായിട്ട് നടക്കേണ്ടി വരും, ഇതിനിടയില് ആർക്കെങ്കിലും എന്തെങ്കിലുമൊക്കെ സാധനങ്ങൾ കൊണ്ടു പോകാനും കാണും, അപ്പോൾ അതും പോയി വാങ്ങണം. അതുകൊണ്ട് നാളെ തന്നെ പോയില്ലെങ്കിൽ പിന്നെ എല്ലാത്തിനും സമയം ഉണ്ടാവില്ല,

സുധി പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ അല്ലാതെ നിറഞ്ഞു പോയിരുന്നു… എങ്ങനെ അവൻ പോകുന്നത് താൻ സഹിക്കും എന്നാണ് അവൾ ചിന്തിച്ചത്,

” ഞാൻ പറഞ്ഞത് വല്ലതും നീ കേൾക്കുന്നുണ്ടോ മീരേ…?

അവൻ ഒരിക്കൽ കൂടി അവളോട് ആയി ചോദിച്ചു, അവൾ ഞെട്ടി തരിച്ചത് പോലെ അവനോട് മറുചോദ്യം ചെയ്തു..

” എന്താ… സുധിയേട്ടൻ പറഞ്ഞത്…

” കൊള്ളാം താൻ ഇവിടെയെങ്ങു അല്ലേ…?

” സുധിയെട്ടൻ പോയാൽ അത് ഓർക്കുമ്പോൾ തന്നെ എനിക്ക് വല്ലാത്ത വിഷമം പോലെ..

അവളൊന്നു വിതുമ്പി

” ഇനിയാ മരുഭൂമിയിലേക്കുള്ള യാത്ര കുറച്ചു വേദന നിറഞ്ഞതായിരിക്കുന്നു എനിക്ക് ഉറപ്പാ… പക്ഷേ പോയല്ലേ പറ്റൂ മോളെ…. ഇപ്പോൾ എന്റെ കൊച്ചു തൽക്കാലം വേറൊന്ന് ആലോചിക്കേണ്ട, ഇനി ഒരാഴ്ച കൂടി ഞാൻ ഇവിടെ ഉണ്ടല്ലോ.. നമ്മുടെ നല്ല നിമിഷങ്ങൾ മാത്രം ചിന്തിച്ചിരിക്കാൻ നോക്ക്…

അതും പറഞ്ഞു അവൻ അവളെ തന്നോട് ചേർത്തുപിടിച്ചു, അവന്റെ കരവലയങ്ങളിൽ അമർന്ന് അവന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങുമ്പോഴും ഈ മുറിയിൽ അവൻ ഇല്ലാതെ നാളകൾ വരുമെന്നും അങ്ങനെ ഉറങ്ങേണ്ടി വരുന്ന നാളുകളെ എങ്ങനെ തരണം ചെയ്യുമെന്നും ആയിരുന്നു അവൾ ചിന്തിച്ചത് മുഴുവൻ ……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button