Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 66

രചന: റിൻസി പ്രിൻസ്

ഇനി ഒരാഴ്ച കൂടി ഞാൻ ഇവിടെ ഉണ്ടല്ലോ.. നമ്മുടെ നല്ല നിമിഷങ്ങൾ മാത്രം ചിന്തിച്ചിരിക്കാൻ നോക്ക്…

അതും പറഞ്ഞു അവൻ അവളെ തന്നോട് ചേർത്തുപിടിച്ചു, അവന്റെ കരവലയങ്ങളിൽ അമർന്ന് അവന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങുമ്പോഴും ഈ മുറിയിൽ അവൻ ഇല്ലാതെ നാളകൾ വരുമെന്നും അങ്ങനെ ഉറങ്ങേണ്ടി വരുന്ന നാളുകളെ എങ്ങനെ തരണം ചെയ്യുമെന്നും ആയിരുന്നു അവൾ ചിന്തിച്ചത് മുഴുവൻ ..

പിറ്റേദിവസം തന്നെ സുധിയും മീരയും ഒരുമിച്ച് മീര പഠിക്കുന്ന കോളേജിലേക്ക് പോയിരുന്നു.. മീര തന്റെ സുഹൃത്തുക്കളെ ഒക്കെ തന്നെ അവന് പരിചയപ്പെടുത്തി കൊടുക്കാനും മറന്നില്ല… ഒരു സെമസ്റ്ററിനുള്ള ഫീസ് അടച്ച് മീരയ്ക്ക് പോകാനുള്ള കോളേജ് ബസ്സും അറേഞ്ച് ചെയ്താണ് സുധി കോളേജിൽ നിന്നും മടങ്ങിയത്, തിരികെ പോകും വരെ മീരയുടെ വീട്ടിൽ കയറാനും ഇരുവരും മറന്നില്ല… മീരയുടെ വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ അപ്രതീക്ഷിതമായിരുന്നുവെങ്കിൽ പോലും മരുമകനെ സൽകരിക്കാൻ മാധവിക്കു വലിയ താല്പര്യമായിരുന്നു… എന്നാൽ രണ്ടുപേരും ചായ മാത്രം കുടിച്ച് അവിടെ നിന്നും ഇറങ്ങിയിരുന്നു, ഇതിനിടയിൽ മാധവിയോട് സുധി താൻ പോകുന്ന ഡേറ്റിനെക്കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു… അതിനു മുൻപ് എല്ലാവരും വീട്ടിലേക്ക് ഇറങ്ങണമെന്ന് കൂടി പറഞ്ഞ് ഏൽപ്പിച്ചാണ് അവൻ മടങ്ങിയത്…

തിരികെ പോകും വഴി മീര എതിർത്തുവെങ്കിലും അവൾക്ക് കോളേജിൽ കൊണ്ടുപോകുവാനായി രണ്ടുമൂന്ന് സാരി കൂടി വാങ്ങിയാണ് സുധി വീട്ടിലേക്ക് മടങ്ങിയത്, പിന്നീട് ഒരു വലിയ തിരക്കായിരുന്നു സുധി പോകുന്നതിനു മുന്നോടിയായി ബന്ധുക്കളിൽ പലരും വീട്ടിൽ വരികയും ചെയ്തിരുന്നു, ഇതിനിടയിൽ സുഗന്ധിയും ഭർത്താവും എത്തി… സുധിക്ക് കൊണ്ടുപോകാനുള്ള കുറച്ച് സാധനങ്ങളൊക്കെ സുഗന്ധിയാണ് കൊണ്ടുവന്നത്… പോരാത്തത് ഒക്കെ സതി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്, ഒന്നിലും അവർ മീരയെ കൂട്ടിയില്ല, അവൾ ചെല്ലുമ്പോൾ ഓരോ കാരണം പറഞ്ഞു ഒഴിവാക്കും അവന്റെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചു മനസ്സിലാക്കി അവന് എന്താണ് വേണ്ടത് എന്ന് അറിഞ്ഞുകൊണ്ട് എല്ലാം ഉണ്ടാക്കാൻ തയ്യാറായി മീര നിന്നുവെങ്കിലും അടുക്കള സതി കീഴടക്കി,

ഇതിനിടയിലാണ് മാധവിയും മക്കളും വീട്ടിലേക്ക് എത്തിയത്, ഒരു സഞ്ചിയിൽ കുറച്ച് സാധനങ്ങൾ സുധിയ്ക്ക് കൊണ്ടുപോകാനായി മാധവിയും ഉണ്ടാക്കിക്കൊണ്ട് വന്നിരുന്നു.. എന്നാൽ മാധവിയെയോ അനുജത്തിമാരെയോ സതി ഗൗനിക്കുന്നു പോലുമില്ല എന്നത് മീരയിൽ വല്ലാത്ത വേദന നിറച്ചിരുന്നു.. മാധവിയും മക്കളും വന്നപ്പോൾ തന്നെ സുധി അവരെ സൽക്കരിക്കാൻ വലിയ താല്പര്യത്തോടെ നിൽക്കുകയാണ്, ചന്തയിൽ പോയി ഇറച്ചിയും മീനും ഒക്കെ വാങ്ങുകയും ഇഷ്ടപ്പെട്ടതൊക്കെ ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്… ഇതിനിടയിൽ അനിയത്തിമാരെയും വിളിച്ചുകൊണ്ട് പോയി തുണി എടുക്കുവാനും പോകാൻ സുധി ശ്രമിച്ചു, മീര തടഞ്ഞുവെങ്കിലും അവന് അവരെയും കൊണ്ടുപോയി എല്ലാവർക്കും വസ്ത്രം ഒക്കെ വാങ്ങി കൊടുത്തിരുന്നു. ഇതൊന്നും തന്നെ സതിയ്ക്ക് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.. സതി തന്നോട് ഇങ്ങോട്ടൊന്നും മിണ്ടിയില്ലെങ്കിലും തന്റെ മകളുടെ ഭാവിയോർത്ത് മാധവി സതിയുടെ അരികിലായി അടുക്കളയിലേക്ക് ചെന്നിരുന്നു…

” എന്തെങ്കിലും സഹായിക്കണോ ചേച്ചി..? അവർക്ക് തന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലന്ന് മനസ്സിലാക്കിയിട്ട് പോലും മാധവി ചോദിച്ചു…

” ഓ എന്തോ സഹായിക്കാൻ ആണ്, അല്ലെങ്കിലും ഇവിടെ നിന്നും ഉണ്ടാക്കിക്കൊണ്ടൊന്നും പോകത്തില്ല, അവൻ മിക്കപ്പോഴും പുറത്തുനിന്ന് വാങ്ങിച്ചു കൊണ്ട് പോകുന്നത്.. പിന്നെ അവൻ അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല, ഇനിയിപ്പോൾ ഇഷ്ടങ്ങൾ വല്ലോം ഉണ്ടെങ്കിലും കല്യാണമൊക്കെ കഴിഞ്ഞില്ലേ ഭാര്യ ഉണ്ടാക്കി കൊടുക്കട്ടെ….

സതി പറഞ്ഞപ്പോൾ തന്റെ മകളെ ഉദ്ദേശിച്ചാണ് അവരത് പറഞ്ഞത് എന്ന് മനസ്സിലായി എങ്കിലും ഒന്ന് ചിരിച്ചു കാണിച്ചിരുന്നു മാധവി,

” അത് പിന്നെ അങ്ങനെയല്ലേ വേണ്ടത്…? കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ ഇഷ്ടങ്ങൾ എന്താണെന്ന് മനസ്സിലാക്കി ഉണ്ടാക്കി കൊടുക്കുകയും ചെയ്യേണ്ടത് ഭാര്യയല്ലേ..?

സതിയുടെ മറുപടിക്ക് അനുകൂലം എന്ന നിലയിലാണ് മാധവി മറുപടി പറഞ്ഞത് എന്നാൽ അത് അവർക്ക് ഇഷ്ടമായില്ല,

” എന്നിട്ട് ഭാര്യ ഒന്നും ഉണ്ടാക്കിക്കൊണ്ടു കൊടുത്തില്ലല്ലോ… എന്റെ മോള് ആണ് ഇപ്പോഴും അവന് ഇഷ്ടപ്പെട്ടത് എല്ലാം ഉണ്ടാക്കി കൊണ്ടുവന്നിരിക്കുന്നത്.. എന്റെ കൊച്ചിന് ആണെങ്കിൽ തീരെ വയ്യ, എന്നിട്ടും അവന് ഇഷ്ടപ്പെട്ടതെല്ലാം അവൾ ഇന്നലെയും മിനിഞ്ഞാന്നും ആയിട്ട് ഒറ്റയ്ക്ക് നിന്നുണ്ടാക്കി, ഞാൻ കുറ്റം പറയുകയാണെന്ന് മാധവി കരുതരുത്, മീരയ്ക്ക് ഒന്നും വെച്ചുണ്ടാക്കാൻ അറിയില്ല, ഇനി എന്തെങ്കിലും ഉണ്ടാക്കിയാലോ വായി വെക്കാൻ കൊള്ളില്ല..! ഞാൻ പിന്നെ കൊച്ചു പെണ്ണല്ലേ ഒന്നും പറയാത്തത്, പിന്നെ എനിക്ക് ആരോഗ്യമുള്ള കാലത്തോളം ഞാൻ എല്ലാം ചെയ്യും, അവളെ കൊണ്ട് ഞാൻ ഒരു ജോലി ചെയ്യിപ്പിക്കുന്നു പോലുമില്ല, രണ്ടുമൂന്നു വട്ടം എന്തോ ഒന്നുണ്ടാക്കി സുധി പോലും അത് കഴിച്ചില്ല സതി പറഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്ന് മാധവിക്കും അറിയില്ലായിരുന്നു,

” ഇവിടുത്തെ രീതിയിൽ അല്ലല്ലോ അവിടെ ഉണ്ടാക്കുന്നത്, അവിടെ കൂട്ടാൻ ഒക്കെ ഒരുപാട് വ്യത്യാസമ ചേച്ചി… പിന്നെ ചേച്ചിയുടെ ഒന്നും അത്രയും കൈപ്പുണ്യം അവൾക്ക് കാണത്തില്ല, കൂടെ നിർത്തി പതുക്കെയെല്ലാം പഠിപ്പിച്ചു കൊടുത്താൽ മതി,

വെറുതെ ഒരു പ്രശ്നം ഉണ്ടാകേണ്ട എന്ന് കരുതി മാധവി അങ്ങനെ പറഞ്ഞപ്പോൾ സതിക്കും ആ വർത്തമാനം ഇഷ്ടമായിരുന്നു…

” ഞാന് കുറച്ച് സാധനങ്ങൾ ഒക്കെ ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്.. സുധിക്ക് കൊടുത്തുവിടാൻ,

മാധവി ഉത്സാഹത്തോടെ പറഞ്ഞു

” എല്ലാംകൂടി എങ്ങനെ കൊണ്ടുപോകാ, ആകെ മുപ്പതോ നാല്പതോ കിലോ കൊണ്ടുപോകാൻ പറ്റത്തൊള്ളൂ.. അതു കൊടുത്തു വിടുവാണെങ്കിൽ പിന്നെ സുഗന്ധി കൊണ്ടുവന്നത് കൊടുത്തുവിടാൻ പറ്റത്തില്ല, അത് ഇവിടെ ഇരിക്കട്ടെ, പിള്ളേര് കഴിച്ചോളും അല്ലേൽ മാധവിയുടെ മോള് തന്നെ കഴിച്ചോളും

കൂടുതൽ അവരോടൊന്നും സംസാരിക്കു ശരിയല്ലെന്ന് തോന്നിയത് കൊണ്ട് അതിനു മറുപടി പറയാൻ മാധവിക്ക് തോന്നിയില്ല… പെട്ടി അടുക്കിയപ്പോൾ സുധി താൻ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം പെട്ടിയിലേക്ക് എടുത്തുവച്ചത് കണ്ട് അവരുടെ മനസ്സ് നിറഞ്ഞിരുന്നു. ഒരു ദിവസം അവിടെ നിൽക്കുവാൻ സുധി നിർബന്ധിച്ചങ്കിലും സതിയുടെയും സുഗന്ധിയുടെയും മുഖഭാവം കണ്ടു ആ ക്ഷണം മാധവി നിരസിച്ചിരുന്നു, കുറച്ച് അധികം വൈകിയാണ് ആ വീട്ടിൽ നിന്നും അവർ ഇറങ്ങിയത് എങ്കിലും അവിടെ താങ്ങാൻ അവർക്ക് തോന്നിയിരുന്നില്ല.. മീരയ്ക്കും വല്ലാത്ത വേദനയായിരുന്നു ഈ സംഭവം സമ്മാനിച്ചിരുന്നത്, കഴിഞ്ഞദിവസം രമ്യയുടെ വീട്ടുകാർ വന്നപ്പോൾ അവരെ സൽക്കരിക്കുവാൻ വലിയ താല്പര്യം കാണിച്ച സതിയുടെ മുഖമാണ് ഒരു നിമിഷം അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത്. തന്റെ വീട്ടിൽ നിന്നും അമ്മയും സഹോദരങ്ങളും വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് പോലും ഒരു മാറ്റവും അവരിൽ കണ്ടിരുന്നില്ല, മാത്രമല്ല തീരെ വയ്യ എന്നു പറഞ്ഞ് അവർ വന്നപ്പോൾ മുതൽ അവർ മുറിക്കകത്ത് കയറി കിടക്കുന്നതും മീര ശ്രദ്ധിച്ചിരുന്നു..

വിനോദിന്റെ കാറിലാണ് അവരെ തിരികെ വീട്ടിലേക്ക് എത്തിച്ചിരുന്നത്…. പോകും വഴി മാധവി വേണ്ടെന്ന് പറഞ്ഞെങ്കിലും കുറച്ചു തുക സുധി മാധവിയുടെ കൈകളിൽ കൊടുത്തിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും തന്നോട് പറയണമെന്ന് പറഞ്ഞു ഏൽപ്പിക്കാനും അവൻ മറന്നില്ല…

അന്ന് രാത്രി പ്രണയവേഴ്ചയുടെ നിമിഷങ്ങളിൽ പൂർണ്ണത കൈവരിക്കാതെ രസിച്ചരട് പൊട്ടി അവളിൽ നിന്നും അവൻ അകന്നു മാറിയപ്പോൾ അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു…

” ഞാൻ നാളെ പോവല്ലേ കഴിഞ്ഞ ആഴ്ച ആയിരുന്നില്ലേ തന്റെ പിരീഡ്സ്…. എന്റെ ശ്രെദ്ധ കുറവുകൊണ്ട് എന്തെങ്കിലും പറ്റിയാൽ താൻ ഇവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ, ഞാൻ ഇനി വരാനും ഒരു വർഷം എടുക്കും, തന്റെ പഠിത്തം മടങ്ങിപ്പോകും ഈ വർഷം കഴിയട്ടെ, എന്റെ ഒരു നിമിഷത്തെ ആശ്രദ്ധകൊണ്ട് തന്റെ ഭാവി പോകരുത്…

അവൻ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് പിന്നീടാണ് മനസ്സിലാക്കിയെടുക്കാൻ സാധിച്ചത്,

” അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല സുധിയേട്ടാ… അതൊക്കെ ദൈവം തരുന്നതല്ലേ
,ഏതായാലും അമ്മ ഇത്രയും ബുദ്ധിമുട്ടി പഠിപ്പിച്ചത് അല്ലെ…? ഒരു വർഷം കൂടെ കഴിഞ്ഞിട്ട് മതി, അതുവരെ ഞാൻ എന്റെ കൊച്ചിനെ ഒന്ന് സ്നേഹിക്കട്ടെ, അത് കഴിഞ്ഞ് സ്വന്തം കൊച്ചിനെ സ്നേഹിക്കാം…

ചിരിയോടെ പറഞ്ഞവന് അവളെ ചേർത്ത് പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടിയപ്പോഴും അവളുടെ മനസ്സിൽ നിറയെ വേദനയായിരുന്നു, നാളെ ഈ സമയം താൻ ഒറ്റയ്ക്ക് ഈ മുറിയിൽ അവന്റെ ഓർമ്മകളെ താലോലിച്ചു കഴിയണമല്ലോ എന്ന വേദന…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button