Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 72

രചന: റിൻസി പ്രിൻസ്

ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ നമ്മുടെ സമയം വേസ്റ്റ് ചെയ്താൽ നഷ്ടം ഉണ്ടാകുന്നത് നമുക്ക് തന്നെയാണ്. ഇന്ന് പഠിപ്പിച്ചതൊക്കെ താൻ പിന്നെയും നാളെ പഠിക്കേണ്ട. അതിലും നല്ലത് ഇക്കാര്യം അങ്ങോട്ട് മാറ്റിവച്ച് സുധിയോട് പോയി നല്ല രണ്ടുമൂന്നു റൊമാന്റിക് ഡയലോഗ് ഒക്കെ അടിച്ച് റെഡിയായിട്ട് വേഗം പോകാൻ നോക്ക്….

വണ്ടി കിട്ടത്തില്ലെങ്കിൽ ഞാൻ ആ കല്ലിങ്കിന്റെ അവിടെ 8 മണി വരെ കാണും. തന്നെ ബസ്റ്റോപ്പിലേക്ക് ആക്കിയേക്കാം, വിനോദ് പറഞ്ഞപ്പോൾ അവൾ സമ്മതത്തോടെ തലയാട്ടിയിരുന്നു.

തിരികെ നടക്കുന്ന വഴിയിൽ വിനോദ് പറഞ്ഞ കാര്യത്തെക്കുറിച്ച് തന്നെയാണ് അവൾ ആലോചിച്ചത്… സത്യമാണ് അവൻ പറഞ്ഞതുപോലെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി നമ്മുടെ സമയം എന്തിനാണ് വെറുതെ കളയുന്നത്.? നമ്മൾ തോറ്റുപോയി എന്നതിന്റെ ഒരു വലിയ ലക്ഷണം അല്ലേ അവർക്ക് വേണ്ടി നമ്മൾ സമയം കളയുന്നു എന്ന് പറയുന്നത്. തന്റെ മനസ്സിൽ ഉണങ്ങാത്തൊരു മുറിവ് തന്നെയാണ് അയാൾ സൃഷ്ടിച്ചത് പക്ഷേ അതിൽ തനിക്ക് യാതൊരു കുഴപ്പവുമില്ല കാണിച്ചുകൊടുക്കുകയാണ് വേണ്ടത്.. അവൾ തിരികെ ചെന്നപ്പോൾ സതി മാത്രമേ ഉണർന്നിട്ടുള്ളൂ, അവർ അടുക്കളയിൽ നിന്ന് തൂക്കുകയാണ്. അമ്പലത്തിൽ പോയ അവളെ കണ്ടപ്പോൾ നോക്കുക മാത്രമാണ് സതി ചെയ്തത്.. ഒന്നും സംസാരിക്കാൻ നിന്നില്ല മീര, മുറിയിലേക്ക് ചെന്നതും അവൾ ഫോണിൽ ആദ്യം തന്നെ സുധിയ്ക്ക് ഒരു ഗുഡ് മോണിംഗ് മെസ്സേജ് ആണ് അയച്ചത്.. സുധി വീഡിയോ കോൾ ചെയ്യുമ്പോൾ മാത്രമാണ് അവൾക്ക് ഭയം ഉള്ളത്.. അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഒന്നും മനസ്സിൽ ഒളിപ്പിച്ചുവെക്കാൻ സാധിക്കില്ല. അറിയാതെ താൻ തുറന്നു പറഞ്ഞു പോകും. പക്ഷേ അവൻ നാട്ടിൽ വരുന്നത് വരെയെങ്കിലും ഇക്കാര്യം ഒളിപ്പിച്ചുവെച്ച മതിയാവൂ, അന്യ നാട്ടിൽ കിടന്ന് അവൻ വിഷമിച്ചാൽ മറ്റാർക്കും അല്ല തനിക്ക് തന്നെയാണ് നഷ്ടം ഉണ്ടാവാൻ പോകുന്നതെന്ന് അവൾക്ക് ഉറപ്പായിരുന്നു..

അതുകൊണ്ടു തന്നെ അവൾ അവനോട് അത് പറയില്ലന്ന് തീരുമാനിച്ചു… കോളേജിൽ പോകാനായി പെട്ടെന്ന് തന്നെ ഒരുങ്ങി, അടുക്കളയിൽ എത്തിയപ്പോൾ സതിയെ കണ്ടില്ല. കുളിമുറിയിൽ വെള്ളം വീഴുന്നത് കേട്ടപ്പോൾ അവർ ബാത്റൂമിൽ ആയിരിക്കുമെന്ന് ഊഹിച്ചു. രാവിലത്തേക്ക് ഉള്ളത് മാത്രമാണ് ഉണ്ടാക്കിയത്… ഇന്ന് കോളേജിൽ പോകാത്തതുകൊണ്ട് സമയമുണ്ടല്ലോ എന്ന് കരുതി ഉച്ചയ്ക്ക് ഒന്നും ഉണ്ടാക്കിയില്ല.

പെട്ടെന്ന് കയ്യിൽ കിട്ടിയ പാത്രത്തിൽ നാല് ഇഡലിയും കുറച്ച് സാമ്പാറും എടുത്ത ശേഷം അത് ബാഗിൽ വച്ചു. അതിനു ശേഷം ആരോടും യാത്ര പറയാൻ നിന്നതും ഇല്ല.. ഒരുങ്ങി ഉമ്മറത്തേക്ക് ഇറങ്ങി വന്നപ്പോൾ അജയൻ വാതിൽക്കൽ ഇരിപ്പുണ്ട്… അവളെ കണ്ടതും കാണാത്തതുപോലെ എഴുന്നേറ്റ് തൊടിയിലേക്ക് നടന്നിരുന്നു.. അവനെ കാണും തോറും മുഖത്തേക്ക് കാർക്കിച്ചു തൂപ്പാൻ ആണ് തോന്നുന്നത്… അറപ്പാണ് അവൾക്ക് തോന്നുന്നത്.. അത്രത്തോളം അവനെ ഒറ്റ ദിവസം കൊണ്ട് അവൾ വെറുത്തു പോയിരുന്നു.. ആരോടും യാത്ര പറയാതെ ഗേറ്റ് കടന്ന് നടന്നപ്പോൾ വിനോദിന്റെ വാഹനം ഉണ്ടാകുമെന്ന് പറഞ്ഞത് ഓർത്തിരുന്നു.. വാച്ചിലേക്ക് സമയം നോക്കിയപ്പോൾ താൻ പോകുന്ന സമയം ആയിട്ടേയുള്ളൂ, ആരെയും അധികം ബുദ്ധിമുട്ടിക്കേണ്ട എന്ന് തന്നെ അവൾ തീരുമാനിച്ചിരുന്നു.. ആവശ്യമില്ലാത്ത ബന്ധങ്ങൾ ഉണ്ടാക്കി വയ്ക്കാതിരിക്കുന്നതാണ് നല്ലത്… ഓരോന്നാലോചിച്ച് ബസ്റ്റോപ്പിലേക്ക് എത്തിയത് അവൾ അറിഞ്ഞിരുന്നില്ല, ബസ്റ്റോപ്പിൽ ചെന്നപ്പോൾ ആണ് വിനോദിന്റെ വാഹനം ജംഗ്ഷനിലൂടെ പോയത് അവൾ കണ്ടത്.. ആളൊന്നു ചിരിച്ചു കാണിച്ചിരുന്നു, തിരിച്ചു അവളും..

ബസ്സിലേക്ക് കയറിയതും ഇരിക്കാൻ സീറ്റ് കിട്ടി, ഫോൺ ഓണാക്കി നോക്കിയപ്പോൾ തിരിച്ച് ഗുഡ്മോണിങ് മെസ്സേജ് വന്നിട്ടുണ്ട്, ഒപ്പം തലവേദന കുറഞ്ഞോ എന്ന ഒരു ചോദ്യവും. അത് കണ്ടപ്പോൾ പാവം തോന്നി അവൾക്ക് അവനോട്. താൻ പറയുന്നത് മാത്രം വിശ്വസിക്കാൻ ഉള്ള നിർവാഹമേ അവനുള്ളൂ, എത്രയോ ഭർത്താക്കന്മാർ ആയിരിക്കും ഇങ്ങനെ ഒരു കടലിനപ്പുറം ഭാര്യമാർ പറയുന്നത് മാത്രം വിശ്വസിച്ച് അവിടെ ജീവിക്കുന്നത്. അങ്ങനെയുള്ള ഭർത്താക്കന്മാരെ മുതലെടുക്കുന്നവരും ഉണ്ട്. അപ്പോൾ തന്നെ അവൾ മെസ്സേജ് അയച്ചു, കുറവുണ്ട് എന്നും ബസ്സിലാണ് എന്നും പിന്നീട് കരുതലിന്റെ കുറച്ച് സംഭാഷണങ്ങളായിരുന്നു. രാവിലെ എന്ത് കഴിച്ചു ഉച്ചയ്ക്ക് കൃത്യസമയത്ത് കഴിക്കണം വെള്ളം കുടിക്കണം എന്നിങ്ങനെ തുടങ്ങി അവളുടെ ആരോഗ്യത്തെക്കുറിച്ചായി അവന്റെ സംഭാഷണങ്ങൾ.. ഡ്യൂട്ടിക്ക് പോകാൻ സമയമായപ്പോൾ അവൾക്ക് മെസ്സേജ് അയച്ച് ഉച്ചയ്ക്ക് വിളിക്കാം എന്ന് പറഞ്ഞ് അവൻ ഓഫ് ലൈനായി, ആ നിമിഷം തന്നെ അവളും ഫോൺ ലോക്ക് ചെയ്ത് ബാഗിലേക്ക് വെച്ചിരുന്നു… ആ നിമിഷം അത്രയും അവൾ പിന്നെ ചിന്തിച്ചത് അവനെ കുറിച്ചാണ്. അവനെ കുറിച്ച് ചിന്തിക്കുമ്പോൾ അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ നാമ്പിടുന്നത് പതിവാണ്. ഒരിക്കലും താൻ ഇത്രയും a സ്നേഹിക്കുമെന്ന് വിചാരിക്കാത്ത ഒരാൾ ഇന്ന് തന്റെ പ്രാണന്റെ പ്രാണനായി മാറി. അവനെ ആദ്യമായി കണ്ട നിമിഷം മുതലുള്ള ഓരോ കാര്യങ്ങളും വീണ്ടും അവൾ മനസ്സിൽ നിന്നും ഓർത്തെടുത്തു…

കുളി കഴിഞ്ഞു വന്ന സതി അടുക്കളയിലും മുറിയിലും ഒക്കെയായി മീരയെ പരിശോധിച്ചു എങ്കിലും കാണാൻ സാധിച്ചില്ല. അവൾ ചോറ് വയ്ക്കാതെ പോയതെ കാണെ അവർക്ക് ദേഷ്യം തോന്നിയിരുന്നു… സാധാരണ രാവിലെ അവൾ ചോറൊക്കെ തയ്യാറാക്കുന്നതാണ്. ഇന്ന് അരി ഒന്നും ഇട്ടിട്ടില്ല ഇന്ന് അവൾ പോകില്ല എന്നാണ് കരുതിയത്. രാവിലെ അമ്പലത്തിൽ കൂടി പോയപ്പോൾ അത് ഉറപ്പിച്ചിരുന്നു. എന്നാൽ തന്നോട് ഒരു വാക്ക് പോലും പറയാതെ അവൾ ഇവിടെ നിന്നും ഇറങ്ങി പോയത് അവരെ ചൊടിപ്പിച്ചിരുന്നു.. എന്നാൽ അതിനെ ചൊല്ലി ഒരു വഴക്കുണ്ടാക്കാനുള്ള ധൈര്യവും അവർക്ക് ഉണ്ടായിരുന്നില്ല.

ഉച്ചസമയം ആയപ്പോൾ അവർ വെറുതെ സുധിയുടെ ഫോണിലേക്ക് ഒരു മിസ്കോൾ വിട്ടിരുന്നു. ഫ്രീ ആയിരിക്കുകയാണെങ്കിൽ അവൻ തിരികെ വിളിക്കുന്നത് പതിവാണ്.. പ്രതീക്ഷിച്ചത് പോലെ കുറച്ച് സമയങ്ങൾക്ക് ശേഷം തിരിച്ചു വിളിച്ചു..

” നീ ഇന്ന് ഡ്യൂട്ടിക്ക് പോയില്ലേടാ..?

” പോയി അമ്മേ… ഇന്ന് ഉച്ചയായപ്പോൾ തിരിച്ചു വരാൻ പറ്റി, അമ്മ എന്തെടുക്കുവാ, വെറുതെ വിളിച്ചതാണോ

” അല്ല…! നിനക്ക് ശമ്പളം കിട്ടിയില്ലേ മോനെ..? ഇതിപ്പോൾ പത്താം തീയതി ആയല്ലോ, ഇവിടുത്തെ സാധനങ്ങൾ ഒക്കെ തീർന്നിരിക്കുവാ ഞാൻ വിചാരിച്ചു നിനക്ക് ശമ്പളം കിട്ടിക്കാണില്ലെന്ന്..

അവൻ വല്ലതും കഴിച്ചോ എന്ന് പോലും ചോദിക്കാതെ അക്കാര്യം പറഞ്ഞപ്പോൾ അവന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന സുധിക്ക് തോന്നിയിരുന്നു..

” ശമ്പളം ഇന്ന് കിട്ടിയിട്ടേയുള്ളൂ അമ്മേ, ഞാൻ മീരയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യം, അമ്മ നാളെ അവളോട് സാധനം വാങ്ങാൻ ഉള്ള പൈസ വാങ്ങിക്കോ…

അത് കേട്ടപ്പോൾ സതിക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല.

“ഓഹോ.. ഇനി മുതൽ അപ്പോൾ ഞാൻ മാസാമാസം അവളുടെ മുൻപിൽ കൈ നീട്ടി നിൽക്കണം അല്ലെ.? ശമ്പളം കൂടി നീ അവടെ അക്കൗണ്ടിലോട്ട് ഇട്ടു കൊടുക്കുന്നെങ്കിൽ പിന്നെ ഞാൻ ഈ വീട്ടിൽ നിൽക്കുന്നതിനകത്ത് എന്ത് അർത്ഥമാണ് ഉള്ളത്. ഞാൻ എല്ലാ മാസവും നിന്റെ പെണ്ണുംപിള്ളയുടെ മുമ്പിൽ പോയി കൈ നീട്ടി നിൽക്കണം, എന്റെ ആവശ്യങ്ങൾക്ക്. ഞാൻ പ്രായമായ ഒരു സ്ത്രീയാ, എനിക്കും കാണും പല പല ആവശ്യങ്ങളും ആശുപത്രിയിൽ പോകാനും മരുന്ന് വാങ്ങാൻ ഒക്കെ. അതിനൊക്കെ ഞാൻ നിന്റെ അച്ചിയുടെ പുറകെ നടക്കണമെന്ന് പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടാ, നിനക്ക് ഇനിയിപ്പോ അവളുടെ കയ്യിലൂടെ എനിക്ക് എന്തെങ്കിലും തരാൻ പറ്റത്തൊള്ളുവെങ്കിൽ എനിക്ക് അത് വേണ്ടാന്ന് വെക്കുകയെ തരമുള്ളൂ, എനിക്ക് വേറെ ഉണ്ട് മക്കൾ.

ദേഷ്യത്തോടെ സതി പറഞ്ഞപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു സുധി. അങ്ങനെ അമ്മ ചിന്തിക്കുമെന്ന് അവൻ വിചാരിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞാൽ സാധാരണ ഭാര്യയുടെ അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുക്കേണ്ടതെന്ന് മാത്രമേ അവൻ കരുതിയിരുന്നുള്ളൂ. അതുവരെ തന്റെ ശമ്പളം മുഴുവനും അമ്മയുടെ അക്കൗണ്ടിൽ ആയിരുന്നു ഇട്ടുകൊടുത്തത്..നാട്ടിൽ ചെല്ലുമ്പോൾ അമ്മയുടെ കയ്യിൽ ഒന്നും മിച്ചവും ഇല്ല, ഒരു മാസം അരലക്ഷം രൂപയോളം കൊടുക്കുന്നത് ആണ്, എന്നിട്ടും മിച്ചമില്ല എന്ന് പറയുന്നത് വേദന ആണ്. അതോടെ തീരുമാനിച്ചു ഇനി ഒന്നിച്ചു ശമ്പളം കൊടുക്കുന്നില്ല എന്ന്.

” അമ്മ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്, സാധാരണ ഞാൻ അമ്മയുടെ അക്കൗണ്ടിൽ ആയിരുന്നല്ലോ ഇടുന്നത്. അത് വിനോദ് വന്ന് എടുത്തു തരണം, അമ്മയ്ക്ക് ബുദ്ധിമുട്ടല്ലേ. ഇതാവുമ്പോൾ മീര തന്നെ എടുക്കുമല്ലോ എന്ന് കരുതി.. അമ്മ അങ്ങനെയൊന്നും ചിന്തിക്കേണ്ട വീട്ടു ചെലവിനുള്ള കാശും അമ്മയുടെ ആവശ്യങ്ങൾക്കുള്ളതും ഞാൻ അമ്മയുടെ അക്കൗണ്ട് തന്നെ ഇട്ടേക്കാം, മീരയോട് എടുത്തു തരാനും പറയാം..

സുധി അത് പറഞ്ഞപ്പോൾ അവർക്ക് അല്പം ആശ്വാസമായിരുന്നു കൂടുതൽ സംസാരങ്ങൾക്കൊന്നും മുതിരാതെ അവർ പെട്ടെന്ന് തന്നെ ഫോൺ വച്ചിരുന്നു.

വൈകുന്നേരം മീര വന്നപ്പോൾ അവരുടെ കയ്യിൽ കൃത്യമായി തന്നെ സുധി പറഞ്ഞതുപോലെ അവർക്ക് വേണ്ടി ഒരു മാസം മാറ്റിവെച്ച ഒരു തുകയും വീട്ടുസാധനങ്ങൾ വാങ്ങാനുള്ള ഒരു തുകയും കൊടുത്തിരുന്നു. ആ രണ്ടു തുകയും ഒരുമിച്ച് കണ്ടപ്പോൾ സതിക്ക് വീണ്ടും കലികയറി..

” ഇത്രയല്ലല്ലോ സാധാരണ അവന് അയച്ചു തരാറുള്ളത്. ഇതെന്താ ബാക്കി പൈസ നീ നിന്റെ വീട്ടിൽ എടുത്തു കൊടുത്തോ..?

ആ ചോദ്യം മീരയെ വേദനിപ്പിച്ചു.

” ഞാനൊന്നും ചെയ്തിട്ടില്ല അമ്മേ, എന്നോട് ഈ തുക അമ്മയുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാനാ ആദ്യം സുധിയേട്ടൻ പറഞ്ഞത്. പിന്നെ വിളിച്ചിട്ട് പറഞ്ഞു കാശ് ആയിട്ട് എടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തേക്കാന്. വീട്ടുസാധനങ്ങൾ വാങ്ങാനും പിന്നെ അമ്മയ്ക്ക് ആശുപത്രിയിലോ മറ്റോ പോകാനുള്ള കാശ് ആണെന്ന്, എനിക്കും തന്നു കുറച്ചു കാശ്. എന്റെ ആവശ്യങ്ങൾക്ക് വേണ്ടി. ബാക്കി പൈസ ബാങ്കിൽ തന്നെ ഇടാന പറഞ്ഞത്.. അതിൽ നിന്ന് ഇനി എത്ര രൂപ എടുത്താലും എന്ത് കാര്യത്തിനാണെന്ന് സുധിയേട്ടനോട് പറയണം എന്ന് പറഞ്ഞു.. സുധിയേട്ടന്റെ അനുവാദമില്ലാതെ ആ കാശ് എടുക്കേണ്ട എന്നും പറഞ്ഞു. നാട്ടിൽ വന്നിട്ട് എന്തോ ഒരു ബിസിനസിന് പ്ലാൻ ഉണ്ടെന്നും അതുകൊണ്ട് ഇനി പൈസ ചെലവാക്കുന്നില്ലന്നും എന്നോട് പറഞ്ഞത്..

തനിക്കറിയാവുന്ന കാര്യങ്ങൾ മീര പറഞ്ഞപ്പോൾ അന്തംവിട്ടു നിന്നത് സതിയാണ്. മൂത്ത മകനിൽ നിന്നും പഴയപോലെ വരുമാനം ഇനി ലഭിക്കില്ലന്ന് ഏകദേശം അവർക്ക് ഉറപ്പായി കഴിഞ്ഞിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button