Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 74

രചന: റിൻസി പ്രിൻസ്

തലകറങ്ങി വീഴണമെന്നുണ്ടെങ്കിൽ അവൾ എത്ര രാത്രി ഉറക്കം ഒഴിച്ചിട്ടുണ്ടാവും.

സതിയുടെ വാക്കുകൾ കേൾക്കെ വിനോദിന് പോലും ദേഷ്യമാണ് തോന്നിയത് അപ്പോൾ സുധിയുടെ അവസ്ഥ എന്തായിരിക്കും എന്നാണ് അവൻ ആ നിമിഷം ചിന്തിച്ചത്. സുധിയിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടാകാതിരുന്നപ്പോൾ സതിയും ഒന്ന് ഭയന്നിരുന്നു ..

” അവൾക്ക് ബോധം വരുമ്പോൾ എന്നെ ഒന്ന് വിളിക്കാൻ അമ്മ പറ….

അത്രയും പറഞ്ഞ അവൻ ഫോൺ കട്ട് ചെയ്തപ്പോൾ എവിടെയൊക്കെയോ ഒരു ആശ്വാസം സതിക്കും തോന്നിയിരുന്നു… മകനിലും ചെറിയ രീതിയിൽ സംശയത്തിന്റെ തരികൾ വീഴ്ത്താൻ തനിക്ക് സാധിച്ചു എന്നുള്ള ഒരു വിശ്വാസമായിരുന്നു ആ നിമിഷം അവരുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്… എന്നാൽ സുധിയുടെ അടുത്ത പ്രവർത്തി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു വിനോദിൽ….

കുറച്ച് അധികം സമയങ്ങൾക്ക് ശേഷമാണ് മീര കണ്ണു തുറന്നത്. ആ സമയത്ത് തന്നെ സതി അവളുടെ അരികിലേക്ക് ചെന്നിരുന്നു…

” ഞാൻ എവിടെയാ….

മൊത്തത്തിൽ ഒന്ന് നോക്കിയതിനു ശേഷം അവൾ ചോദിച്ചു…

” കൂടുതൽ നീ പൊട്ടുകളിക്കല്ലേ ഇപ്പൊൾ ആശുപത്രിയിലാ… നിന്റെ കള്ളത്തരങ്ങൾ ഒക്കെ സുധി കൈയോടെ കണ്ടുപിടിച്ചു….

അല്പം ഗർവോടെ കൂടെ തന്നെ അവർ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

” കള്ളത്തരമോ അമ്മ എന്തൊക്കെയാ പറയുന്നത്

” രാത്രിയിൽ ഉറക്കം ഒഴിച്ചിരുന്ന നിനക്ക് എന്തുവാ പരിപാടി എന്ന് എനിക്കൊന്ന് അറിയണമല്ലോ… ഇന്ന് തോട്ട് ഞാൻ ഉറങ്ങുന്നില്ല… നീ രാത്രിയിൽ എന്താ ചെയ്യുന്നത് എന്ന് അറിഞ്ഞിട്ടേ ഇനി എനിക്കൊരു സമാധാനമുള്ളു…. ഇവിടുത്തെ ഡോക്ടർമാരൊക്കെ പറഞ്ഞത് നിനക്ക് ഉറക്കമില്ലന്നാ… നീ ഉറക്കമില്ലാത്ത എന്ത് പരിപാടിക്കാ രാത്രി പോകുന്നതെന്ന്. എനിക്കൊന്ന് അറിയണമല്ലോ…

ദേഷ്യത്തോടെ അവർ പറഞ്ഞപ്പോൾ ആ നിമിഷം ഭൂമി പിളർന്ന് താഴെ പോകണം എന്നാണ് അവൾക്ക് തോന്നിയത്… തലകറക്കം ഉറക്കക്കുറവ് കൊണ്ടാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ടാവും. അതിന് മറ്റൊരാർത്ഥമാണ് അമ്മ നൽകിയിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി… ഇതിനോടകം തന്നെ സുധിയോടും അവർ ഇക്കാര്യം പറഞ്ഞിട്ടുണ്ടാകും എന്ന് അവൾക്ക് ഉറപ്പായിരുന്നു… ഒരുപാട് എഴുതുവാനും അസൈൻമെന്റും ഒക്കെ ഉള്ളതു കൊണ്ടാണ് രാത്രിയിൽ പലപ്പോഴും ഉറങ്ങാതിരുന്നത്. അപ്പോഴാണ് അതൊക്കെ ചെയ്യുന്നത്. പകൽ സമയങ്ങളിൽ ജോലി ചെയ്യേണ്ടതുണ്ട്. പലപ്പോഴും പഠനം രാത്രിയിലേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യാറ്. ഇതിനിടയിൽ പഠിക്കാൻ പോയാൽ ഒന്നും തലയിൽ കയറുകയുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് എഴുതാനും വരയ്ക്കാനും ഒക്കെയുണ്ട്. എല്ലാം വരച്ചഴുതി പഠിച്ചു വരുമ്പോൾ സമയം ഏകദേശം ഒരു മണിയോട് അടുത്തിട്ടുണ്ടാകും. ആകെ രണ്ടോ മൂന്നോ മണിക്കൂർ ആണ് ഉറങ്ങുന്നത്. കാലത്തെ നാലു മണിയാകുമ്പോൾ ഉണരുകയും ചെയ്യും. ഇതൊന്നും സുധിയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല… അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്. മാത്രമല്ല ഒരു വർഷം കൂടി കഴിഞ്ഞാൽ ഈ ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നുകൂടി ഓർത്ത്. താൻ ഇത്രയും ബുദ്ധിമുട്ട് സഹിക്കുന്നു എന്നറിഞ്ഞാൽ ഇനി പഠിക്കാൻ പോകണ്ട എന്ന് അവൻ പറഞ്ഞാലോന്ന ഒരു ഭയം കൂടി അതിൽ ഉണ്ടായിരുന്നു… ഈയൊരു കാര്യം കൊണ്ട് താൻ ഇപ്പോൾ മോശക്കാരി ആയിരിക്കുകയാണെന്ന് മീര ചിന്തിച്ചു…. അമ്മ തന്നെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത് ഒക്കെ എന്താണെന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്. ഇതൊക്കെ സുധി അറിഞ്ഞിട്ടുണ്ടാകും, തന്നെക്കുറിച്ച് അവൻ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക.? എപ്പോഴും രാത്രിയിൽ 10 മണിക്ക് ശേഷം സുധിയേട്ടനോട് സംസാരിക്കാൻ തയ്യാറാകാത്ത ആളാണ് താൻ… അങ്ങനെയുള്ള താൻ രാത്രിയിൽ ഉറങ്ങുന്നില്ലന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അമ്മയുടെ ഈ വാക്കുകൾ കൂടി കേട്ടപ്പോൾ സുധിയേട്ടൻ എന്തായിരിക്കും കരുതിയിട്ടുണ്ടാവുക… ആ നിമിഷം അവളുടെ മനസ്സിൽ സുധിയെ കുറിച്ച് മാത്രമുള്ള ചിന്തയാണ് വന്നത്. അവൾ ഉടൻ തന്നെ ഫോൺ എടുത്ത് അവന്റെ നമ്പറിലേക്ക് വിളിച്ചു…. ആദ്യം കോൾ കട്ട് ചെയ്യുകയായിരുന്നു ചെയ്തത്, അത് കണ്ടപ്പോൾ തന്നെ അവൾക്ക് വല്ലാത്ത സങ്കടം വന്നു… മിഴികൾ നിറഞ്ഞു തുടങ്ങിയപ്പോഴാണ് അവന്റെ ഫോൺകോൾ തിരികെ വരുന്നത്…. ഓഡിയോ കോൾ ആണ്… സാധാരണ ഇങ്ങനെ വിളിക്കുന്നത് അല്ല, അവൾ പെട്ടെന്ന് ഫോൺ എടുത്തു…

” മീര താനൊക്കെയാണോ..? എന്തുപറ്റി? എന്താ ഉറക്കം ഇല്ലേ നിനക്ക്.? ഡോക്ടർ പറഞ്ഞു താൻ ഉറങ്ങുന്നില്ലന്ന്.? എന്താ പറ്റിയത്.? എന്താണെങ്കിലും തനിക്ക് എന്നോട് പറയാമായിരുന്നില്ലേമ്?

ഒരു നിമിഷത്തിനുള്ളിൽ ഒരു നൂറു ചോദ്യങ്ങൾ അവന്റെ ശബ്ദത്തിൽ നിറഞ്ഞുനിന്നത് സംശയമായിരുന്നില്ല ആകുലതയായിരുന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് പകുതി ആശ്വാസമാണ് തോന്നിയത്… അല്ലെങ്കിലും തന്നെ എന്നും മനസ്സിലാക്കാൻ അവന് സാധിച്ചിട്ടുണ്ട്… തന്റെ കാര്യത്തിൽ ഒരു വിശദീകരണം അവന് നൽകേണ്ടതായി വന്നിട്ടില്ല… ആശ്വാസം തോന്നിയെങ്കിലും സത്യാവസ്ഥ അവനോട് തുറന്നുപ റയണമെന്ന് അവൾക്ക് തോന്നി… പക്ഷെ സതി അരികിൽ ഇരിക്കുകയാണ് എങ്ങനെയാണ് താൻ പറയുന്നത്. അവരെ കുറ്റപ്പെടുത്തി താൻ സംസാരിച്ചു എന്നല്ലേ ആ നിമിഷം അവർ കരുതുകയുള്ളൂ..

“ഞാൻ പറഞ്ഞത് താൻ കേൾക്കുന്നുണ്ടോ.?

സുധിയിൽ നിന്ന് വീണ്ടും ചോദ്യം ഉയർന്നു…

” ഉവ്വ് സുധിയേട്ടാ എനിക്ക് തീരെ വയ്യ… ഞാൻ വീട്ടിൽ വന്നതിനു ശേഷം സുധിയേട്ടനെ വിളിക്കാം, അപ്പോൾ ഞാൻ സംസാരിക്കാം….

” ആ മതി റസ്റ്റ് എടുത്തോ

അത് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തപ്പോൾ അവൾക്ക് ആശ്വാസം തോന്നി… സതി അവളെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുകയാണ്… അവരോട് കൂടുതൽ വിശദീകരണം നൽകേണ്ട ആവശ്യം ഉണ്ടെന്ന് അവൾക്ക് തോന്നിയില്ല.. വൈകുന്നേരം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയിരുന്നു.. നേരെ മുറിയിലേക്ക് ചെന്ന് കിടക്കുകയാണ് അവൾ ചെയ്തത്… നല്ല ക്ഷീണമുണ്ട് അടുക്കളയിൽ താൻ കയറാത്തതിന് എന്തൊക്കെയോ പറയുന്നുണ്ട് അടുക്കളയിൽ നിന്ന് സതി… കുറച്ചു സമയം അവൾ അതൊന്നും കേട്ടില്ല എന്ന് കരുതി… ശേഷം ഫോണെടുത്ത് സുധിയെ വിളിച്ചു, അവളുടെ കോൾ കാത്തിരുന്നതു പോലെ അവൻ ഫോണെടുത്തു വളരെ സൗമ്യമായി അവളോട് അവൻ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി…. രാത്രിയിലെ പഠന ക്ഷീണം ആണ് അവളെ തളർത്തിയത് എന്ന് അറിഞ്ഞപ്പോൾ അവനാണ് നൊമ്പരപെട്ടത്. താൻ കാരണമാണ് അവൾ ഇപ്പോൾ ആ വീട്ടിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്ന ചിന്ത അവനെയും തളർത്തി കളഞ്ഞിരുന്നു…. ഇനി എന്താണ് അവളോട് പറയേണ്ടത്,

” ഉറക്കവും ആരോഗ്യം കളഞ്ഞിട്ടുള്ള പഠിത്തം ഒന്നും വേണ്ട… ഞാൻ പറഞ്ഞില്ലേ തന്നെ കൊണ്ട് പറ്റുന്ന ജോലികൾ ചെയ്താൽ മതിയെന്ന്… ഈ ജോലികൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടാണ് പഠനത്തിന് പ്രാധാന്യം കുറഞ്ഞു പോകുന്നത്. തൽക്കാലം താൻ നന്നായിട്ട് പഠിക്കാൻ നോക്ക്… ഇനിയും വീട്ടിലെ ജോലികൾ ഒന്നും ചെയ്തു ബുദ്ധിമുട്ടാൻ നിൽക്കണ്ട, അതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും അത് ഞാൻ നോക്കിക്കോളാം, ഇതിനെന്താണ് ഒരു പരിഹാരം കാണാൻ പറ്റുന്നത്.. നോക്കട്ടെ ഞാൻ എന്തു ചെയ്യമെന്ന്…..

അവൻ അത്രയും പറഞ്ഞ ഫോൺ കട്ട് ചെയ്തിരുന്നു… അവന് വിഷമം ആയിട്ടുണ്ടായിട്ടുണ്ടാവും എന്ന് മീരക്ക് ഉറപ്പായിരുന്നു… അന്ന് രാത്രിയിൽ അവൾ ജോലികൾ ഒന്നും ചെയ്തിരുന്നില്ല, അതുകൊണ്ട് തന്നെ അവളെ ആരും ഭക്ഷണം കഴിക്കാനും വിളിച്ചില്ല… അത് അവൾക്ക് വല്ലാത്ത വേദനയാണ് ഉണ്ടാക്കിയത്… ഒരു ദിവസം വയ്യാതെ കിടന്നപ്പോഴാണ് എല്ലാവരുടെയും സ്വഭാവം മനസ്സിലാക്കാൻ സാധിക്കുന്നത്. രമ്യ പോലും തന്നെ ഒന്ന് വിളിച്ചില്ലല്ലോ എന്ന വേദന അവളെ വല്ലാതെ കാർന്നു തിന്നാൻ തുടങ്ങി… ദിവസത്തിൽ പകുതിയിൽ അധികം ദിവസവും താൻ ചിലവഴിക്കുന്നത് രമ്യയുടെ മകൾക്കൊപ്പം ആണ്.. രമ്യ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് കുഞ്ഞിന് വേണ്ടി ചെയ്തു കൊടുക്കുന്നത്… അതൊന്നും ഒരിക്കലും ഒരു മോശം കാര്യമായി താൻ കരുതിയിട്ടും ഇല്ല… തനിക്കൊരു കുഞ്ഞുണ്ടെങ്കിൽ താൻ എങ്ങനെ നോക്കുക അങ്ങനെ മാത്രമേ കരുതിയിട്ടുള്ളൂ.. കുഞ്ഞിന്റെ ഡയപ്പർ മാറുന്ന കാര്യം പോലും രമ്യയ്ക്ക് മടിയാണ്… അക്കാര്യം പോലും താനാണ് ചെയ്യുന്നത്… അവളെ ഉറക്കുന്നതും ഭക്ഷണം കൊടുക്കുന്നത് ഒക്കെ താനാണ്… ഒരു വേലക്കാരിയോടുള്ള സ്നേഹം എങ്കിലും തന്നോട് അവൾക്ക് കാണിക്കാമായിരുന്നില്ലേ എന്നാണ് ആ നിമിഷം മീര ചിന്തിച്ചത്…

സതിയിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല അതുകൊണ്ട് വലിയ വിഷമം തോന്നുന്നില്ല… ഡ്രിപ്പ് ഇട്ടതിനാൽ ക്ഷീണം തോന്നുന്നില്ല. അന്നത്തെ ദിവസം ആഹാരം കഴിക്കാതെയാണ് അവൾ കിടന്നത്… നല്ല ക്ഷീണം ഉള്ളതുകൊണ്ട് ഉറങ്ങിപ്പോയിരുന്നു..പിറ്റേദിവസം കോളേജിൽ പോകണ്ട എന്ന് സുധി തലേന്ന് തന്നെ പറഞ്ഞിരുന്നു…

രാവിലെ 6 30 ആയപ്പോൾ തന്നെ സുധിയുടെ ഫോൺ കോൾ ആണ് അവളെ വിളിച്ചുണർത്തുന്നത്… അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തിരുന്നു..

” എന്താ സുധിയേട്ടാ ഈ രാവിലെ…

” തനിക്ക് അത്യാവശ്യം വേണ്ട ഡ്രസ്സുകളും പിന്നെ പഠിക്കാനുള്ള പുസ്തകങ്ങൾ എല്ലാം എടുത്ത് റെഡിയായിട്ട് ബാഗ് പാക്ക് ചെയ്തോ…

“എന്താ സുധിയേട്ടാ പറയുന്നത്….

” ഞാൻ പറയുന്നത് താൻ ആദ്യം കേൾക്ക്…അതുകഴിഞ്ഞിട്ട് എന്നെ വിളിക്കണം..

അവൻ പറഞ്ഞതുപോലെ അവൾ ബാഗ് പാക്ക് ചെയ്തതിനുശേഷം അവനെ വിളിച്ചു.

” ഇനി താൻ പോയി കുളിച്ച് റെഡിയായിട്ട് നിൽക്ക്..

അവന്റെ ആ നിർദ്ദേശവും അവൾ അനുസരണയോടെ തന്നെ കേട്ടു… ശേഷം അഞ്ചു മിനിറ്റിനു ശേഷം ഡോർബൽ മുഴങ്ങിയിരുന്നു വാതിൽ തുറക്കാനായി ചേന്നപ്പോൾ സതി വാതിൽ തുറന്നു. മുൻപിൽ കണ്ടത് മാധവിയെയാണ്… ഒരു നിമിഷം അമ്മയെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു… ആ സന്തോഷത്തിൽ ഓടിച്ചെന്ന് അവൾ അമ്മയെ കെട്ടിപ്പിടിച്ചു, തന്റെ മകളുടെ കോലം കണ്ട് അക്ഷരാർത്ഥത്തിൽ മാധവി ഞെട്ടി പോയിരുന്നു… അത്രത്തോളം ക്ഷീണിച്ച അവസ്ഥയിലായിരുന്നു ആ സമയത്ത് അവൾ… അതിരാവിലെ മാധവിയെ വീടിനു മുൻപിൽ കണ്ടതിന്റെ അമ്പരപ്പായിരുന്നു സതിയിലും…

സതിയുടെ മുഖത്തേക്ക് പോലും നോക്കാതെ മീരയോടായി മാധവി പറഞ്ഞു

” ഇന്നലെ വൈകുന്നേരം സുധി വിളിച്ചിരുന്നു. രാവിലെയുള്ള ഫസ്റ്റ് ബസ്സിന് വന്ന് നിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം എന്ന് പറഞ്ഞു…

മാധവിയുടെ ആ വാക്കുകൾ ഇടിമിന്നൽ പോലെയാണ് സതിയുടെ ഹൃദയത്തിലേക്ക് പതിഞ്ഞത് ………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button