കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 76
രചന: റിൻസി പ്രിൻസ്
എനിക്കൊന്ന് വേദനിച്ചാൽ എന്നെക്കാൾ കൂടുതൽ നോവുന്നത് സുധിയേട്ടനാ… അങ്ങനെയുള്ള മനുഷ്യനെ ഉപേക്ഷിച്ച് ഞാൻ എങ്ങോട്ടാ വരുന്നത്…? കണ്ടനാൾ മുതൽ ഇന്ന് വരെ എന്നെ സ്നേഹം കൊണ്ട് മൂടിയിട്ടുള്ള അദ്ദേഹത്തെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഈശ്വരൻ പോലും എന്നോട് പൊറുക്കില്ല… മറ്റാരെയും ഞാൻ നോക്കുന്നില്ല, സുധിയേട്ടൻ എന്നെ എങ്ങനെ കരുതുന്നു എന്ന് മാത്രമേ നോക്കുന്നുള്ളൂ… പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
” ഞാനും സുധിയെ മാത്രമേ നോക്കുന്നുള്ളൂ, മറ്റൊന്നും നോക്കുന്നില്ല പക്ഷേ എന്റെ മോൾ അവിടെ കിടന്ന് കഷ്ടപ്പെടുന്നു എന്ന് അറിയുമ്പോൾ എനിക്ക് ഇവിടെ സമാധാനത്തോടെ ഇരിക്കാൻ പറ്റുമോ…?
മാധവി പറഞ്ഞു…
” അത്രയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ല അമ്മേ…
അവൾ അമ്മയെ ആശ്വസിപ്പിച്ചിരുന്നു, ബസ്സിലേക്ക് കയറിയതും ഉടൻ തന്നെ സുധി ഫോൺ ചെയ്തിരുന്നു, ബസ്സിൽ ആണെന്ന് അറിഞ്ഞപ്പോൾ വാട്സാപ്പിൽ മെസ്സേജ് അയക്കാം എന്ന് പറഞ്ഞ് അവൻ ഫോൺ വെച്ചു. അതിനുശേഷം ഒരു നീണ്ട ലിസ്റ്റ് തന്നെയാണ് അവന് അവൾക്ക് അയച്ചുകൊടുത്തത്.. ഏത്തക്കയും ഹോർലിക്സും പാലും ഫ്രൂട്ട്സും അടക്കം നല്ല ഒരു ലിസ്റ്റ് തന്നെ സുധി അവൾക്കായി അയച്ചുകൊടുത്തു….ഇതെല്ലാം വാങ്ങിക്കൊണ്ട് വീട്ടിൽ പോകണമെന്നും വീട്ടിൽ ചെന്നശേഷം ഇതിന്റെയെല്ലാം ഫോട്ടോ വാട്സാപ്പിൽ തനിക്ക് അയച്ചുതരണം എന്നുമാണ് അവൻ പറഞ്ഞത്… താൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ വാങ്ങില്ല എന്ന് അവന് അറിയാമായിരുന്നു… അതുകൊണ്ടാണ് അത്തരം ഒരു നിബന്ധന കൂടി അവൻ വച്ചത്. അത് അവൾക്കും നന്നായി അറിയാമായിരുന്നു,
” എനിക്ക് അത്രയ്ക്ക് ക്ഷീണം ഒന്നുമില്ല സുധിയേട്ടാ കുറച്ചുദിവസം ഉറങ്ങിയാൽ അതൊക്കെ മാറും…
അവനെ ആശ്വസിപ്പിക്കാൻ അവൾ ശ്രമിച്ചു..
” അങ്ങനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല നീ ഏതായാലും കുറച്ചുദിവസം നന്നായിട്ട് ആഹാരം ഒക്കെ കഴിച്ച് റസ്റ്റ് എടുക്കാൻ നോക്ക്, ഇല്ലെങ്കിൽ ശരിയാവില്ല, ഞാൻ പറഞ്ഞതുപോലെ ചെയ്യ് കാശ് വല്ലതും വേണോ…?
” ഒന്നും വേണ്ട എന്റെ കയ്യിൽ ഉണ്ട്….
” പിന്നെ ഞാൻ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങിക്കോ, പിന്നെ കുറച്ചു ദിവസം വീട്ടി നിൽക്കാൻ പോകുന്നതല്ലേ. വീട്ടിലേക്കും ആവശ്യത്തിനുള്ള എന്തൊക്കെയാണ് വാങ്ങാൻ നോക്ക്… കാശ് തികഞ്ഞില്ലെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഇട്ടു തരാം… അവിടെ ചെന്ന് ഒരു കാര്യത്തിനും അമ്മയെ ബുദ്ധിമുട്ടിക്കാൻ നിൽക്കണ്ട, എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയണം… ഞാൻ ഇവിടെ ആയതുകൊണ്ടാ ഈ സാഹചര്യത്തിൽ തന്നെ അവിടെ നിർതേണ്ടി വരുന്നത്… തനിക്ക് അറിയാമല്ലോ എന്റെ അവസ്ഥ,
അവനിടറി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായിരുന്നു,
” എന്തൊക്കെയാ ഈ പറയുന്നത് സുധിയേട്ടൻ വിചാരിക്കുന്നത് പോലെ എനിക്ക് സുധിയേട്ടന്റെ വീട്ടിൽ അത്ര വലിയ പ്രശ്നമൊന്നുമില്ല സുധിയേട്ടൻ പറഞ്ഞതുകൊണ്ടാ ഞാൻ വീട്ടിലേക്ക് പോകാൻ വേണ്ടി തന്നെ തീരുമാനിച്ചത്… മാത്രമല്ല ഉറക്കം കുറഞ്ഞതുകൊണ്ട് മാത്രമാ എനിക്ക് പ്രശ്നമുണ്ടായത്… അല്ലാതെ എനിക്ക് ആഹാരത്തിന്റെ പ്രശ്നമൊന്നും അവിടെ ഉണ്ടായിരുന്നില്ല…
അവൾ ആശ്വസിപ്പിച്ചു…
” ശരി ശരി… ഇനി അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട, ഞാൻ പറഞ്ഞ കാര്യം തനിക്ക് മനസ്സിലായല്ലോ… എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് താനൊന്നും പറയാത്തതെന്ന് എനിക്ക് നന്നായി അറിയാം… അങ്ങനെയുള്ള തന്നെ ഞാൻ എല്ലാം അറിഞ്ഞിട്ട് വീണ്ടും പൊട്ടൻ കളിച്ചു കളിപ്പിക്കുന്നത് ശരിയല്ല….
സുധി പറഞ്ഞു..
” സുധിയേട്ടൻ വിഷമിക്കേണ്ട സുധിയേട്ടൻ പറയുന്നതുപോലെ ഞാൻ ചെയ്തോളാം…
” അത് മതി തൽക്കാലം കുറച്ചു ദിവസത്തേക്ക് കോളേജിൽ പോകണ്ട, ആരോടെങ്കിലും നോട്ട് അയച്ചു തരാൻ പറ… ക്ഷീണം ഒക്കെ ഒന്ന് മാറി റെഡി ആയതിനു ശേഷം പോയാൽ മതി… ഞാൻ തിരിച്ച് എന്നാ സുധി വരേണ്ടത്…?
” ഞാൻ പറഞ്ഞില്ലേ അതിനെക്കുറിച്ച് ഞാൻ ഒന്ന് ആലോചിക്കട്ടെ അതിനുശേഷം തന്നോട് പറയാം, പിന്നെ വരാം
അവൻ ഓഫ് ലൈൻ ആയപ്പോൾ അവൾക്കൊരു വിങ്ങല് തോന്നിയിരുന്നു… അന്യ നാട്ടിൽ കിടന്ന് തന്നെക്കുറിച്ച് ആലോചിച്ച് ഒരുപാട് ഉരുകുന്നുണ്ടവൻ.. അവൾക്ക് അത് മനസ്സിലാക്കാനും സാധിക്കുന്നുണ്ടായിരുന്നു. തന്റെയും സ്വന്തമമ്മയുടെയും നടുവിൽ കിടന്ന് അവൻ നെട്ടോട്ടമോടുകയാണ്… ആരെയാണ് ഉപേക്ഷിക്കേണ്ടത്.? തന്നെയും അമ്മയെയും ഉപേക്ഷിക്കാൻ വയ്യ. രണ്ടുപേരെയും ചേർത്തുനിർത്താനും സാധിക്കുന്നില്ല. എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിൽ അവൻ വല്ലാത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. സത്യത്തിൽ താൻ അത്രയും അനുഭവിക്കുന്നില്ലന്നും ആ നിമിഷം അവൾക്ക് തോന്നിയിരുന്നു.. തനിക്കിവിടെ ഒന്ന് വിഷമം പറയാൻ അമ്മയെങ്കിലും ഉണ്ട്.. ഒരു വേദന വന്നാൽ ഓടി വരാൻ സ്വന്തമമ്മ ഉണ്ട് എന്നാൽ അവിടെ അവനൊപ്പം ആരാണ് ഉള്ളത്.? ഒരു വിഷമം വന്നാൽ അവൻ ആരോടാണ് പറയുന്നത്. ഒരുപക്ഷേ ഡ്യൂട്ടിക്ക് ഇടയിൽ ആയിരിക്കും പല പ്രശ്നങ്ങളും അറിയുന്നത്. ആ സാഹചര്യത്തിൽ ഒന്ന് ഉള്ളം തുറന്നു സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടാവില്ലേ.? അങ്ങനെയൊന്നു സംസാരിക്കാൻ അടുത്ത് ഒരു സുഹൃത്ത് പോലും ഒരുപക്ഷേ ഒപ്പം ഉണ്ടായിരിക്കില്ല.. പ്രവാസികളുടെ അവസ്ഥ എത്ര ദയനീയമാണെന്ന് ആ നിമിഷം അവൾ ഓർമിക്കുകയായിരുന്നു. വൈകുന്നേരം ഡ്യൂട്ടി എല്ലാം കഴിഞ്ഞ് റൂമിലെത്തി ഒന്നോ രണ്ടോ മിനിറ്റ് സ്വന്തം വീട്ടിലേക്ക് വിളിക്കുന്നതും പ്രിയപ്പെട്ടവരെ കാണുന്നതും മാത്രമാണ് ആ മരുഭൂമിയിൽ അവർക്ക് ലഭിക്കുന്ന ആകെയുള്ള സന്തോഷം… ആ സന്തോഷത്തിന് വേണ്ടിയാണ് അവർ പകൽ മുഴുവൻ കഷ്ടപ്പെടുന്നത്. എന്നാൽ ഓരോ വീടുകളിലേക്കും എത്തുന്ന കോളുകൾക്ക് അപ്പുറത്തെ തലയ്ക്കൽ പറയാനുണ്ടാവുക പരിഭവങ്ങളുടെയും പരാതികളുടെയും കടബാധ്യതകളുടെയും ആവശ്യങ്ങളുടെയും കണക്കുകൾ മാത്രമായിരിക്കും. ഇതിനിടയിൽ സ്വന്തം ജീവിതം ഉരുക്കി കളയുന്ന ആ വ്യക്തി കഴിച്ചോ എന്ന് ചോദിക്കാൻ പോലും പലരും മടിച്ചിട്ടുണ്ടാവും. ആവശ്യങ്ങളുടെ പട്ടിക നിരത്തുമ്പോൾ പലപ്പോഴും അവരുടെ സുഖവിവരങ്ങൾ ചോദിക്കാൻ പലരും മറന്നിട്ടുണ്ടാവും… സ്നേഹത്തോടെയുള്ള അവരുടെ ഒരു വാക്ക് കേൾക്കാൻ ആയിരിക്കും ചിലപ്പോൾ അവർ വിളിക്കുന്നത്, പലപ്പോഴും പലർക്കും അത് ലഭിക്കാറില്ല എന്നതാണ് സത്യം… ഓരോന്നാലോചിച്ച് സ്റ്റോപ്പ് എത്തിയത് അവൾ അറിഞ്ഞില്ല… അമ്മ തട്ടി വിളിച്ചപ്പോഴാണ് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി എന്നത് അവൾ അറിഞ്ഞത്.. അമ്മയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ എത്തി വീട്ടിലേക്ക് നടക്കുമ്പോൾ കൗതുകത്തോടെ ആദ്യമായി കാണുന്നതു പോലെ ആ സ്ഥലമൊക്കെ അവൾ വീക്ഷിച്ചിരുന്നു… അല്ലെങ്കിലും സ്വന്തം നാട്ടിലേക്ക് എത്തുന്ന യാത്രകൾ എപ്പോഴും പുതുമയേറിയതാണ്… പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് അവിടെ നിന്നും പോയ ഒരു പെൺകുട്ടിക്ക്, ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ ആയിരിക്കും എപ്പോഴും അവർ നാട്ടിലേക്ക് തിരികെ വരുന്നത്… ഓരോ സ്ഥലങ്ങളും ആദ്യമായി കാണുന്നതുപോലെ അവൾ നോക്കി, പിന്നെ എന്തോ വലിയ മാറ്റം വന്നതുപോലെ അമ്മയോട് എത്രനാളായി ഇവിടൊക്കെ കണ്ടിട്ട് എന്ന് ഒരു കൗതുകത്തോടെ പറഞ്ഞു… ഇടയ്ക്ക് പലരും കൂശലം ചോദിക്കുകയും ഭർത്താവ് എവിടെ എന്ന് അന്വേഷിക്കുകയും ഒക്കെ ചെയ്തിരുന്നു… എല്ലാവരോടും മറുപടി പറഞ്ഞു വളരെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് നടന്നത്. ഒപ്പം തന്നെ അടുത്ത കണ്ട കടയിൽ കയറി അവൻ പറഞ്ഞ സാധനങ്ങളും വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്നു, വീട്ടിലേക്കു ഒന്നും വേണ്ട എന്ന് അമ്മ പറഞ്ഞുവെങ്കിലും അവൾ അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി… സ്വന്തം നാട്ടിലേക്ക് എത്തിയപ്പോൾ തന്നെ പകുതി ക്ഷീണം ഒക്കെ മാറിയതുപോലെ അവൾക്ക് തോന്നിയിരുന്നു… വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ അനുജത്തിമാരോന്നുമില്ല.. എല്ലാവരും പഠിക്കാനായി പോയി എന്നാണ് അമ്മ പറഞ്ഞത്. ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും സ്വന്തം മുറിയിൽ എത്തി സ്വന്തം കട്ടിലിലേക്ക് കിടന്നപ്പോൾ ഈ ലോകത്തിൽ ഏറ്റവും സമാധാനമുള്ള ഇടം അവിടെയാണെന്ന് അവൾക്ക് തോന്നിയിരുന്നു
“നീ കുറച്ച് നേരം കിടക്ക്. ഞാൻ അപ്പോഴേക്കും നിനക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം, രാവിലെ നീ ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ, കടേന്ന് വാങ്ങാന്നാ കരുതിയത്, പിന്നെ ഓർത്തു കറി വെച്ചിട്ട് പോയത് ആണ്, പെട്ടെന്ന് ചപ്പാത്തിക്ക് മാവ് കുഴച്ച് രണ്ടെണ്ണം ഉണ്ടാക്കി തരാന്ന്, നീ ഒന്ന് കിടക്ക് അപ്പോഴേക്കും ഞാൻ ഉണ്ടാക്കാം. അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോയപ്പോൾ സ്വന്തം അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് ഇത്രയും മുതിർന്ന ഒരു പെൺകുട്ടിയോട് ഇങ്ങനെ പറയാൻ കഴിയുന്നത് എന്ന് ആയിരുന്നു ആ സമയം അവൾ ചിന്തിച്ചത്.. വീട്ടിലെത്തി എന്ന് സുധിയ്ക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. ഒപ്പം സാധനങ്ങളുടെ ഫോട്ടോയും………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…