കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 78
രചന: റിൻസി പ്രിൻസ്
ചില ഗ്രീറ്റിംഗ് കാർഡുകളും ഇതുപോലെയുള്ള ശില്പങ്ങളും ഒക്കെയാണ് അവയിൽ കൂടുതലും. ഒരു കവറിൽ ആക്കി അമ്മ കാണാതെ വെച്ചതായിരുന്നു അവൾ അതെല്ലാം പുറത്തെടുത്തു. ഒന്നിനും ഒരു കുഴപ്പവുമില്ല ഏറെ ഇഷ്ടത്തോടെ സൂക്ഷിച്ചുവച്ചതാണ് ഒക്കെ… ആ സമ്മാനങ്ങളിലേക്ക് ഒക്കെ നോക്കുമ്പോൾ ഉള്ളിലേക്ക് പഴയ പല ഓർമ്മകളും ഇരച്ചെത്തിയിരുന്നു.. അവൻ തന്റെ പിന്നാലെ നടന്നതും താൻ ഇഷ്ടമാണെന്ന് പറഞ്ഞത് ഒടുവിൽ വീട്ടുകാർക്ക് വേണ്ടി അവൻ തന്നെ വേണ്ടെന്ന് വെച്ചതും അങ്ങനെ ഒരു വലിയ കാലഘട്ടത്തിൽ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് നിറഞ്ഞു വന്നു…
ആ നിമിഷം തന്നെ അവളുടെ മനസ്സിലേക്ക് സുധിയുടെ ചിരിക്കുന്ന മുഖവും തനിക്കും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന അവന്റെ ജീവിതവും ഓർമ്മ വന്നു…. താൻ വേദനിച്ചപ്പോൾ അവന്റെ കണ്ണുകളിൽ കണ്ട വേദനയുടെ ആഴം മാത്രം മതിയായിരുന്നു ആ നിമിഷം കൊണ്ട് തന്നെ അർജുന്റെ ഓർമ്മകളെ അവൾക്ക് മായിച്ചു കളയാൻ… അമ്മ കാണാതെ എല്ലാം കൂടി ഒരു കവറിൽ ആക്കി ശേഷം പുറകിൽ ചവറുകൾ കത്തിക്കുന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി എല്ലാം ഇട്ട് കത്തിക്കുകയായിരുന്നു അവൾ ചെയ്തത്… ഇനി അവനെക്കുറിച്ചുള്ള ചെറിയൊരു ഓർമ്മ പോലും തന്റെ ജീവിതത്തിൽ ഉണ്ടാവരുത്, ഒരു ഓർമ്മ കൊണ്ടുപോലും താൻ ഒരിക്കലും സുധിയെ വഞ്ചിക്കരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.. അവൻ തന്ന സമ്മാനങ്ങൾ എല്ലാം നശിച്ചുവെന്ന് കണ്ടപ്പോൾ അവൾക്ക് ഒരു ആത്മനിർവതി തോന്നിയിരുന്നു. വീണ്ടും അവനെക്കുറിച്ചുള്ള ചിന്ത മനസ്സിലേക്ക് വന്നപ്പോൾ മനപൂർവ്വം അവൾ അതിനെ പിന്തിരിപ്പിച്ച് വിടുകയാണ് ചെയ്തത്…. അതിനായി കൂടുതൽ പഠിക്കുവാനും വീട്ടിലെ ജോലികളിൽ സഹായിക്കുവാനും ഒക്കെ അവൾ തുടങ്ങി,
ഒരാഴ്ചയോളം വീട്ടിൽ നിന്നതിനു ശേഷം ക്ലാസ്സിൽ പോകാൻ തുടങ്ങിയിരുന്നു. വീട്ടിൽ നിന്നും ക്ലാസ്സിൽ പോവുകയും തിരികെ വരുകയും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണെന്ന് അവൾക്ക് മനസ്സിലായി. വീഡിയോ കോളിലും ഫോണിലും ഒക്കെയായി സുധിയും ഒപ്പം ഉണ്ടായിരുന്നു. ഇടക്ക് രണ്ടുമൂന്നുവട്ടം സുധിയുടെ വീട്ടിലേക്ക് വിളിച്ചുവെങ്കിലും സതി അവളോട് സംസാരിക്കാൻ സാധിക്കുന്നില്ല. വല്ലാത്തൊരു വേദനയായിരുന്നു അവളുടെ മനസ്സിൽ നിറച്ചിരുന്നത്.. രണ്ടുവട്ടം ഫോൺ എടുത്തപ്പോഴും അവളെ എന്തൊക്കെയോ പഴി പറയുകയായിരുന്നു അവർ ചെയ്തത്…. തന്നെ സുധിയിൽ നിന്നും അകറ്റി മീര എന്നാണ് ഇടയ്ക്കിടെ അവർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു കുറ്റബോധം അവളിൽ നിറഞ്ഞിരുന്നു, പിന്നീട് സുധി വിളിച്ചപ്പോൾ അവൾ ആ വേദന പങ്കുവെക്കുകയും ചെയ്തു. നാട്ടിൽ വരുന്നത് വരെ അത്തരം കാര്യങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട എന്നും നാട്ടിൽ വന്നതിനുശേഷം എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്നും അവൻ ഉറപ്പു നൽകുകയും ചെയ്തു..
പിന്നീടങ്ങോട്ട് പരീക്ഷയുടെയും പ്രോജക്റ്റിന്റെയും ഒക്കെ സമയമായിരുന്നു, എങ്ങനെയെങ്കിലും ഈ ഒരു കൊല്ലം കൂടി തള്ളി നീക്കിയാൽ പിന്നെ ഒരു ജോലി ലഭിക്കും എന്നായിരുന്നു അവളുടെ പ്രതീക്ഷ. ഒരുപാട് ലക്ഷങ്ങൾ ഒന്നും കൊടുത്ത് സ്കൂളിൽ ഒന്നും കയറാൻ പറ്റിയില്ലെങ്കിലും തന്റെ അടുത്തുള്ള ചെറിയ നഴ്സറി സ്കൂളിൽ എങ്കിലും ഒരു വേക്കൻസി കിട്ടാതിരിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് തിരികെ വന്ന് മുറിയിലേക്ക് കയറിയപ്പോൾ രണ്ട് കൈകൾ തന്നെ ചേർത്തുപിടിക്കുന്നതാണ് അവൾ അറിഞ്ഞത്…. ഒരു നിമിഷം ഭയത്തോടെ നിലവിളിക്കാൻ തുടങ്ങിയപ്പോഴാണ് തനിക്ക് പരിചിതമായ ഗന്ധം നാസികയിലേക്ക് അടിച്ചത്.. ഒരു നിമിഷം ഞെട്ടലോടെ അതിലുപരി പരിഭ്രമത്തോടെ അവൾ തിരിഞ്ഞു നോക്കി. മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ അമ്പരന്നു പോയിരുന്നു. സന്തോഷം കൊണ്ട് കണ്ണുകൾ നിറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്… പെട്ടെന്ന് പരിസരം മറന്ന് അവൾ ആ മുഖം കൈകൾ കൊണ്ട് തഴുകി….
“സുധിയേട്ടൻ…. സുധിയേട്ടൻ എപ്പോഴാ വന്നത്.? ഒന്ന് വിളിച്ചു പോലും പറഞ്ഞില്ലല്ലോ, ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയി കേട്ടോ..ഇന്നലെ വൈകിട്ട് തൊട്ട് ഫോണിൽ കിട്ടാതിരുന്നപ്പോൾ ഞാൻ എന്ത് പേടിച്ചു എന്നറിയോ.? എന്താ പറ്റിയെന്ന് അറിയാതെ,
” തനിക്കൊരു സർപ്രൈസ് തരാൻ വേണ്ടിയല്ലേ ഇന്നലെ ഒന്നും ഞാൻ വിളിക്കാതിരുന്നത്… അല്ലാതെ തന്നെ വിളിക്കാതിരിക്കാൻ എനിക്ക് പറ്റുമോ…? ഏറെ ചിരിയോടെ അവളെ തന്റെ കൈകളിലേക്ക് ചേർത്തുപിടിച്ച് അവൻ ചോദിച്ചു,
മുടി കുറച്ചു കൂടി പോയിട്ടുണ്ട്, എങ്കിലും നന്നായി നിറം വച്ചിട്ടുണ്ട്. ഇത്തിരി തടിച്ചിട്ടുണ്ട് അവന്റെ മാറ്റങ്ങൾ അവൾ ഇങ്ങനെ നോക്കിക്കാണുകയായിരുന്നു…
” എന്താടി പെണ്ണേ ഇങ്ങനെ ആദ്യമായിട്ട് കാണുന്നതുപോലെ നോക്കുന്നത്,
” സുധിയേട്ടൻ വണ്ണം വെച്ചു…
ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവളുടെ ഇരുതോളിലും കൈകൾ വെച്ച് അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ആ കാതോരം അവൻ പറഞ്ഞു,
” ഈ സന്തോഷം കാണാൻ വേണ്ടിയല്ലേ, ഞാൻ പറയാതെ വന്നത്… ഒരു പ്രവാസിക്ക് മാത്രം അനുഭവിക്കാൻ പറ്റുന്ന പ്രവാസികളുടെ മാത്രം സ്വകാര്യമായ ഒരു സന്തോഷമാണ് ഈ സർപ്രൈസ്… പെട്ടെന്ന് നമ്മളെ കാണുമ്പോൾ നമ്മുടെ ഭാര്യക്ക് ഉണ്ടാവുന്ന ഒരു സന്തോഷമുണ്ടല്ലോ, അത് ഇത്തിരി വലുത് തന്നെയാണ്…
അവൾ അവനെ ശക്തമായി ഒന്ന് പുണർന്നു മാറി
” സുധിയേട്ടൻ ഇവിടേക്ക് ആണോ വന്നത് അതോ ഇന്നല തന്നെ വീട്ടിലെത്തിയൊ…?
” അങ്ങനെ ഞാൻ ചെയ്യുമൊ.? ഞാന് എയർപോർട്ടിൽ നിന്ന് നേരെ ഇവിടെക്ക വന്നത്…. ഇനി നമ്മൾ ഒരുമിച്ച് വീട്ടിലേക്ക് പോകും,
” അമ്മ വന്നിട്ടില്ല സുധിയേട്ടാ, മീനു പറഞ്ഞു ഞാൻ വന്നപ്പോൾ മീനു മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവളാ പറഞ്ഞത് തനിക്ക് എക്സാം നടക്കുന്നുണ്ട്, കുറച്ചു നേരത്തെ വരും എന്ന്. അപ്പൊൾ തന്നെ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട്, അമ്മ എന്തൊക്കെ സാധനങ്ങൾ വാങ്ങി കൊണ്ട് വരാൻ തുടങ്ങി. ഞാൻ അപ്പോൾ അമ്മയോട് പറഞ്ഞു. അതിന്റെ ഒന്നും ആവശ്യമില്ല ഞങ്ങൾ ഇപ്പൊ തന്നെ പോകും പിന്നെ രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങോട്ട് വരാമെന്ന്…
” അമ്മേ കാണാതെ പോവാണോ നമ്മൾ…?
അവളുടെ മുഖത്ത് ചെറിയൊരു വേദന നിറഞ്ഞു…
” അങ്ങനെ പോകാൻ പറ്റുമോ ഒന്നുമല്ലെങ്കിലും എന്റെ ഭാര്യയെ സമാധാനത്തോടെ ഇത്രയും ദിവസം എനിക്ക് കാണാൻ പറ്റിയത് അമ്മ ഇത്രയും കഷ്ടപ്പെട്ടതുകൊണ്ടല്ലേ,
സുധി പറഞ്ഞു…
” അമ്മ വന്നു കഴിഞ്ഞാൽ വേഗം നമുക്ക് ഇറങ്ങാം… വേഗം ചെന്ന് വേഷം മാറി റെഡിയാകു,
” ഇവിടുന്ന് വണ്ടി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും അമ്മയോട് ചോദിക്കാമായിരുന്നില്ലേ ഏതെങ്കിലും ഡ്രൈവർമാരുടെ നമ്പർ ഉണ്ടോ എന്ന്…
മീര വേവലാതിയോടെ പറഞ്ഞു…
“അതൊന്നും ഓർത്ത് എന്റെ കൊച്ചു പേടിക്കേണ്ട, ഞാൻ അതൊക്കെ ഏർപ്പാടാക്കിയിട്ടുണ്ട്… വിനോദ് ഇപ്പൊൾ വണ്ടിയും കൊണ്ടുവരും അവന് എന്തോ ഒരു ഓട്ടം ഉണ്ടെന്നാണ് പറഞ്ഞത് അത് കഴിഞ്ഞിട്ട് അവൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്… അപ്പോഴേക്ക് അമ്മയും വരും.
സുധി പറഞ്ഞു…
” എങ്കിൽ ഞാൻ പോയിട്ട് വേഗം റെഡിയായിട്ട് വരാം. ഒരു കുഞ്ഞു കുളി കുളിച്ചിട്ട് ഓടിവരാം.
അവൾ തോർത്തു എടുത്തു ഓടാൻ തുടങ്ങി
” കുളിയൊക്കെ പിന്നെ ആവട്ടെ, ഞാൻ എത്ര നാൾ കൂടിയാ എന്റെ ഭാര്യയെ ഒന്ന് കണ്ടത്..
അവളെ തന്നോട് ചേർത്തു പിടിച്ച് കതക് കാൽ കൊണ്ട് ചേർത്ത് അടച്ചുകൊണ്ട് അവൻ പറഞ്ഞു… അവന്റെ മുഖത്തെ നാണവും മിഴികളിലെ കുസൃതിയും കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായിരുന്നു, അതോടെ അവളുടെ മുഖവും നാണത്താൽ ചുവന്നിരുന്നു. കതക് ചേർത്ത് കുറ്റിയടച്ച് ഇട്ടതും അവൻ അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു, ശേഷം ആ മുഖത്തും കഴുത്തിലും കവിളിലും ഒക്കെ ചുംബനങ്ങളുടെ ഒരു വലിയ മഴ തന്നെ അവൻ പെയ്യിച്ചു… നാണം കൊണ്ട് ചുവന്നവൾ അവനെ അഭിമുഖീകരിക്കാൻ സാധിക്കാതെ തോർത്തും എടുത്ത് കുളിക്കാനായി പോയിരുന്നു….
കുളികഴിഞ്ഞ് അവൾ തിരികെ വന്നപ്പോൾ ഹാളിൽ ആരുടെയൊക്കെയോ സംസാരം കേൾക്കാം, പരിചിതമായത് സുധിയുടെയും മാധവിയുടെയും ആയിരുന്നു….. ഒപ്പം മറ്റൊരു പുരുഷ ശബ്ദം കൂടി കേൾക്കാം, അതും പരിചിതമാണ് എന്നാൽ വ്യക്തമല്ല.. വിനോദ് ആയിരിക്കുമെന്നാണ് അവൾ കരുതിയത്, കുളി കഴിഞ്ഞ് ഹോളിലേക്ക് കടന്നതും ഹോളിൽ ഇരിക്കുന്ന വ്യക്തിയെ കണ്ട് അവൾ ഞെട്ടി പോയിരുന്നു.
അജു….!
അറിയാതെ അവളുടെ നാവ് മന്ത്രിച്ചു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…