Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 79

രചന: റിൻസി പ്രിൻസ്

കുളികഴിഞ്ഞ് അവൾ തിരികെ വന്നപ്പോൾ ഹാളിൽ ആരുടെയൊക്കെയോ സംസാരം കേൾക്കാം, പരിചിതമായത് സുധിയുടെയും മാധവിയുടെയും ആയിരുന്നു….. ഒപ്പം മറ്റൊരു പുരുഷ ശബ്ദം കൂടി കേൾക്കാം, അതും പരിചിതമാണ് എന്നാൽ വ്യക്തമല്ല.. വിനോദ് ആയിരിക്കുമെന്നാണ് അവൾ കരുതിയത്, കുളി കഴിഞ്ഞ് ഹോളിലേക്ക് കടന്നതും ഹോളിൽ ഇരിക്കുന്ന വ്യക്തിയെ കണ്ട് അവൾ ഞെട്ടി പോയിരുന്നു.

അജു….!

അറിയാതെ അവളുടെ നാവ് മന്ത്രിച്ചു

ആ നിമിഷം അവനെ അവിടെ കണ്ടത് അവൾ ഞെട്ടിപ്പോയിരുന്നു… അവൻ എന്താണ് ഇവിടെ നാളുകൾക്ക് ശേഷം വീണ്ടും ഒരു കൂടി കാഴ്ച..! അത് തന്റെ ഹൃദയത്തെ പൂർണമായും തകർക്കാൻ കെൽപ്പുള്ളതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു. വിസ്മൃതിയിലാണ്ട് പോയ പല സ്മൃതികളും ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. ഓർമ്മകളുടെ ജ്വാലയ്ക്ക് അഗ്നിയേക്കാൾ തീക്ഷ്ണത കൂടുതലായിരിക്കുമല്ലോ, ഒരിക്കൽ ഹൃദയത്തുടിപ്പുകളുടെ ഗ്രാഫിൽ ഉയർന്നുനിന്ന ഒരാൾ, ഇന്ന് ആരുമല്ലാതെ അപരിചിതനെ പോലെ എത്ര വിചിത്രമാണ് ജീവിതം അവൾ ചിന്തിച്ചു.

“താൻ റെഡിയായിട്ട് വന്നോ..?

സുധി മീരയുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോഴാണ് അവൾ ഭൂതകാലത്തിലേക്ക് തിരികെ എത്തിയത്

പെട്ടെന്ന് ആ ഭാഗത്തേക്ക് നോക്കിയ അജുവിന്റെ മുഖത്തും ഞെട്ടൽ പ്രകടമായിരുന്നു…

അവൻ അമ്പരപ്പോടെ അറിയാതെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു പോയിരുന്നു..

” എടാ ചേട്ടത്തിയമ്മയാണെന്ന് പറഞ്ഞ് ഇത്ര വലിയ ബഹുമാനം ഒന്നും ആവശ്യമില്ല

ഒരു കുസൃതിയോടെ സുധി പറഞ്ഞപ്പോൾ അവൻ ചിരിച്ചു എന്ന് വരുത്തുകയാണ് ചെയ്തത്… ഈ ഭാഗത്തേക്ക് വരണമെന്ന് സുധിയേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓർമ്മവന്നത് മീരയുടെ മുഖമാണ്. ഈ ഭാഗത്ത് എവിടെയോ ആണ് അവളുടെ വീട് എന്ന് അറിയാമായിരുന്നു. വ്യക്തമായി എവിടെയാണെന്ന് ഇതുവരെയും അറിയില്ലായിരുന്നു. ഈ പരിസരങ്ങളിലൊക്കെ അവളെ കൊണ്ടുവന്ന ആ ഓർമ്മകൾ ഒക്കെ ഇവിടേക്ക് വന്നപ്പോൾ മനസ്സിലേക്ക് ഇരച്ചു വന്നിരുന്നു. മാത്രമല്ല കുറച്ചുകാലങ്ങളായി അവളെക്കുറിച്ച് മാത്രമാണ് ആലോചിച്ചിരുന്നത്. വിവാഹമൊക്കെ കഴിഞ്ഞിട്ടുണ്ടാവും എന്ന് ഊഹിച്ചിരുന്നു എന്നാൽ തന്റെ കുടുംബത്തിലേക്ക് തന്നെയാണ് അവൾ ഭാര്യയായി വന്നിട്ടുണ്ടാവുന്നത് എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ട് ഉണ്ടായിരുന്നില്ല. ആ ഞെട്ടൽ അർജുന്റെ മുഖത്ത് പ്രകടമായിരുന്നു.

“മീരയുടെ ആത്മാവ് ഉറങ്ങുന്നത് കൃഷ്ണന്റെ ഹൃദയത്തിനുള്ളിലാണ്” ഒരിക്കൽ എന്ന് അവൾ എഴുതിത്തന്ന ഓട്ടോഗ്രാഫിന്റെ വരികൾ അവന്റെ മനസ്സിൽ വന്നു. ഒരു ചെറുപുഞ്ചിരിയിൽ എന്നും തന്റെ പ്രണയം ഒളിപ്പിച്ചവൾ. ആ പഴയ പ്രസരിപ്പ് നിറഞ്ഞ മീരയെ അവന് ഓർമ്മ വന്നു. നമ്മൾ പോലും അറിയാതെ നമ്മൾ കുരുങ്ങിപ്പോകുന്ന ചില നിമിഷങ്ങൾ, അത്തരമൊരു നിമിഷത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോകുന്നത് എന്ന് അവനു തോന്നി. കാലങ്ങൾക്കിപ്പുറം ഓർമ്മകളുടെ ഒരു ഓർമ്മപ്പെടുത്തലുമായി ഏറെ പ്രിയപ്പെട്ട പരിചിതയായ ഒരു അപരിചിതയായി മുൻപിൽ നിൽക്കുന്നു.

പെട്ടെന്ന് അവനെ അവിടെ കണ്ടതും സുധിയുടെ വെളിപ്പെടുത്തലും കൂടിയായപ്പോൾ തല ചുറ്റുന്നത് പോലെ തോന്നിയിരുന്നു മീരയ്ക്ക്. ഒരു വിധത്തിലാണ് അവൾ അവിടെ പിടിച്ചുനിന്നത്..

” തനിക്ക് ഇവനെ അറിയില്ല അല്ലേ? ഇതാണ് നമ്മുടെ അർജുൻ. ഞാൻ തന്നോട് പറഞ്ഞിട്ടില്ലേ ചെറിയച്ഛന് ഒരു മോനുണ്ടെന്ന്. നമ്മുടെ കല്യാണസമയത്ത് ഒന്നും ഇവന് ഇവിടെ ഉണ്ടായിരുന്നില്ല, എന്തൊ ഒരു ജോലിയുമായി തിരക്കിൽ ആയിരുന്നു. ആള് ബിടെക് കഴിഞ്ഞതാ ഇപ്പൊ ബാംഗ്ലൂർ ജോലി ചെയ്യുന്നു… ഞാൻ വിനോദിനെ വിളിച്ച സമയത്ത് ഇവനും ചെറിയമ്മയുമൊക്കെ വീട്ടിലുണ്ടായിരുന്നു. അപ്പൊ അവനാ പറഞ്ഞത് ഞാൻ വണ്ടി എടുത്തുകൊണ്ട് വരാം സുധിയേട്ടാന്ന്, വിനോദ് വരാൻ കുറച്ചു കൂടി സമയം എടുക്കും എന്ന് പറഞ്ഞു. താൻ ആദ്യമായിട്ടല്ലേ ഇവനെ കാണുന്നത്, എടാ ഇനി പരിചയപ്പെടുത്തിയില്ല എന്ന് പറയല്ലേ ഇതാണ് എന്റെ ശ്രീമതി മീര…

അവളെ തന്നോട് ചേർത്തുനിർത്തിക്കൊണ്ട് സുധി പറഞ്ഞപ്പോൾ എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മീരയും അർജുനും. അവന്റെ കൈകൾ അവളുടെ തോളിൽ അമർന്നപ്പോൾ അർജുന് അസ്വസ്ഥത തോന്നി.

പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരികെ വരാൻ മീര ശ്രദ്ധിച്ചിരുന്നു. എന്നാൽ അർജുന് മീരയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല… ഒരുകാലത്ത് അവളെ താൻ ഒരുപാട് സ്നേഹിച്ചതാണ്, തിരിച്ചു പ്രാണൻ നൽകി അവളും ഒരു കടലോളം സ്നേഹം ഉള്ളിലൊളിപ്പിച്ച വരാണ് ഇന്ന് മൂകമായ മൗനത്തിന്റെ പിടിയിലമർന്ന് നിൽക്കുന്നത്. വിധി മനുഷ്യ ജീവിതങ്ങളോട് കാണിക്കുന്നത് വല്ലാത്ത ക്രൂരത തന്നെയാണ് ചിലപ്പോഴൊക്കെ…

വീട്ടിൽ അച്ഛനും അമ്മയും സമ്മതിക്കാത്തത് കൊണ്ടാണ് അവളെ ഉപേക്ഷിച്ചത്.. അവളിൽ നിന്നും മറഞ്ഞു പോകാൻ വേണ്ടിയായിരുന്നു ഈ നാട്ടിൽ നിന്ന് തന്നെ താൻ വണ്ടി കയറിയത്. എങ്കിൽ പോലും അവളുടെ ഓർമ്മകളിൽ നിന്നും ഇന്ന് തനിക്കൊരു മുക്തി ഉണ്ടായിട്ടില്ല. ബാംഗ്ലൂരിൽ എത്രയോ മോഡേൺ ആയ പെൺകുട്ടികളെ കണ്ടിരിക്കുന്നു അവരോട് ഒന്നും സംസാരിച്ചിട്ട് ഇന്നുവരെയും മീര തന്നോട് കാണിച്ച പ്രണയത്തിന്റെ ആത്മാർത്ഥത തനിക്ക് ലഭിച്ചിട്ടില്ല. ഹൃദയം തുറന്ന് തന്നെ സ്നേഹിച്ചവളായിരുന്നു അവളെ ഉപേക്ഷിച്ചത് ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു എന്ന് താൻ മനസ്സിലാക്കിയ ദിനങ്ങൾ ആണ് കടന്നുപോയത്. ഇനി ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ചിരുന്നു. തിരികെ നാട്ടിലേക്ക് വരുമ്പോഴും പ്രാർത്ഥന അതായിരുന്നു. സുമംഗലിയായി തന്റെ മുൻപിൽ അവളെ കാണരുത് എന്ന്. എന്നാൽ എന്താണ് താൻ നടക്കരുത് എന്ന് ആഗ്രഹിച്ചത് അത് ഏറ്റവും ഭീകരമായ രീതിയിൽ തനിക്ക് മുൻപിൽ സംഭവിച്ചിരിക്കുകയാണ്. സുധിയേട്ടന്റെ ഭാര്യയായി തന്റെ കുടുംബത്തിൽ തന്നെ അവൾ. ഒരിക്കലും ജീവിതത്തിൽ അവളിൽ നിന്നും അകന്നു പോകാൻ സാധിക്കാതെ താൻ അവളിലേക്ക് തന്നെ വീണ്ടും തളക്കപ്പെടുകയാണ് എന്ന് അവന് തോന്നിയിരുന്നു… തിര പോലെ അവളിൽ നിന്നും ഓടി അകന്നാലും വിധി കടലുപോലെ അവളിലേക്ക് വലിച്ച് അടിപ്പിക്കുന്നു. ഇനിയൊരു വിവാഹം പോലും ചിലപ്പോൾ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിൽ ഒരു തീരുമാനമെടുത്തിരുന്നു. കാരണം മീരയുടെ അത്രയും തന്നെ ഉള്ളൂ തുറന്ന് സ്നേഹിച്ച ഒരുവളയെയും പിന്നീട് കണ്ടെത്താൻ സാധിച്ചില്ല എന്നതുതന്നെ… അമ്മയുടെ നിർബന്ധത്തിന് ആണ് തിരികെ വന്നത്. ഫോൺ വിളിച്ചപ്പോൾ ഒരൊറ്റ കാര്യമാണ് അമ്മയോട് പറഞ്ഞത്. ഉടനെ വിവാഹത്തിന് നിർബന്ധിച്ചില്ലെങ്കിൽ മാത്രം താൻ നാട്ടിലേക്ക് വരുമെന്ന്. ഒറ്റ മകനല്ലേ കുറെ കാലമായി തന്നെ കാണാതിരുന്നതുകൊണ്ടു തന്നെ തന്റെ ആ നിബന്ധനയ്ക്ക് അമ്മ വഴങ്ങുകയായിരുന്നു.

” നീയെന്താടാ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നത്

മീരയുടെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുന്ന അർജുന്റെ മുഖത്തേക്ക് നോക്കി സുധി ചോദിച്ചു

” അല്ല എവിടെയോ കണ്ടതുപോലെ ഒരു ഓർമ്മ…. അതുകൊണ്ട് നോക്കി നിന്നതാ.

അർജുൻ പെട്ടെന്ന് പറഞ്ഞിരുന്നു

” ആണോ

സുധി ചോദിച്ചു

” ഒരാളെപ്പോലെ ഈ ലോകത്ത് ഏഴു പേരുണ്ടെന്നല്ലേ പറയുന്നത്, അതുകൊണ്ടാവും അങ്ങനെ തോന്നിയത്. എന്റെ ഓർമ്മകളിൽ ഒന്നും ഇങ്ങനെ ഒരു മുഖമില്ല….!

മറുപടി പറഞ്ഞത് മീരയായിരുന്നു. ആ മറുപടി വളരെയധികം ഉറച്ചതാണെന്ന് അവനും തോന്നിയിരുന്നു… തനിക്ക് വേണ്ടി കാച്ചി കുറുക്കി എടുത്ത മറുപടി പോലെ. തന്നെ കണ്ട പതർച്ച ഇപ്പോൾ അവളുടെ മുഖത്തില്ല. എന്തൊക്കെയോ ഉറപ്പിച്ച മട്ടാണ്…

” മോൻ ചായ കുടിച്ചില്ലല്ലോ

മാധവി അർജുന്റെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ ചിരിയോടെ അവൻ അവിടെ കൊണ്ടുവന്നു വെച്ചിരുന്ന ചായ എടുത്തിരുന്നു. മനസ്സിനെയും ശരീരത്തെയും ഒരുപോലെ വെപ്രാളം കടന്നുപിടിച്ചത് കൊണ്ട് പരവേശം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ കയ്യിൽ കിട്ടിയ ചായ ഒറ്റ വലിക്ക് തന്നെ അവൻ അകത്താക്കി.

“ഞാൻ വണ്ടി തിരിച്ചിടാം സുധിയേട്ടാ…

അതും പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങിയിരുന്നു,

ശേഷം വണ്ടിക്ക് അകത്തേക്ക് പോയിരുന്ന തലമുടിയിൽ കൊരുത്തു വലിച്ചു… അവൻ ഒരിക്കൽ ബ്ലോക്ക് ചെയ്ത അവളുടെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും അൺബ്ലോക്ക് ചെയ്ത് അവൻ ഒരു തിരച്ചിൽ നടത്തി. അതിൽ സുധിയ്‌ക്കൊപ്പം വിവാഹിതയായി നിൽക്കുന്ന അവളുടെ ചിത്രം അവൻ കണ്ടു. സുധിയുടെ ഫേസ്ബുക്ക് അക്കൗണ്ട് നോക്കിയപ്പോൾ അത് എന്നോ ഒരിക്കൽ ഉപയോഗിച്ചതാണ്. പിന്നീട് ഓപ്പൺ ചെയ്തിട്ട് പോലുമില്ല… അവസാനമായി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് പോലും നാലു വർഷങ്ങൾക്കു മുൻപാണ്. അവൻ ഇപ്പോൾ ആ അക്കൗണ്ട് ഉപയോഗിക്കുന്നില്ല എന്ന് അവന് മനസ്സിലായി.. അതുകൊണ്ടാണ് ഈ വിവരം താൻ അറിയാതെ പോയത്. വല്ലാത്തൊരു നഷ്ടബോധവും കുറ്റബോധവും ഒക്കെ അവനെ അലട്ടാൻ തുടങ്ങി.. ഒരുപക്ഷേ അവൾ തന്റെ കൺവെട്ടത്ത് ആയിരുന്നില്ലെങ്കിൽ ഇത്രത്തോളം താൻ വേദനിക്കുമായിരുന്നില്ല. ഇത് തന്റെ കൺമുമ്പിൽ അവളെക്കാൾ 10 വയസ്സോളം കൂടുതലുള്ള ഒരാളുടെ ഭാര്യയായി, പൂർണ്ണ മനസ്സോടെ ആയിരിക്കുമോ അവൾ ഈ വിവാഹത്തിന് സമ്മതം പറഞ്ഞിട്ടുണ്ടാവുക? അവർ തമ്മിൽ നല്ല സ്നേഹത്തിൽ ആയിരിക്കുമോ.? അവർ ജീവിതം തുടങ്ങിയിട്ടുണ്ടാകുമോ.? ചിന്തകൾ കാട് കയറിയപ്പോൾ അവന് ഭ്രാന്ത് പിടിക്കാൻ തുടങ്ങി. ഒരിക്കൽ തനിക്ക് മാത്രം എന്ന് അഹങ്കാരത്തോടെ ചിന്തിച്ചിരുന്ന അവളുടെ ശരീരം സുധി സ്വന്തമാക്കിയിട്ടുണ്ടാവുമോ ആ ചോദ്യം അവന്റെ മനസ്സിനെ വല്ലാത്ത ഒരു ഭ്രാന്തമായ അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button